'ദീപ ജോസഫ് സൈബര്‍ വെട്ടുകിളി കൂട്ടത്തിന്റെ നേതാവ്, ഇരകളെ വേട്ടയാടുന്നു; സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ഫേസ്ബുക്ക് പോസ്റ്റുകളുടെ ട്രാന്‍സ്ലേഷന്‍ ദീപ വളച്ചൊടിച്ചു; സുപ്രീം കോടതിയില്‍ അഡിഷണല്‍ അഫിഡവിറ്റ് സമര്‍പ്പിച്ച് രാഹുല്‍ കേസിലെ അതിജീവിത; സത്യം ചെരുപ്പിട്ടു വരും വരെ കാത്തിരിക്കാന്‍ ഞാന്‍ തയ്യാറാണെന്ന് ദീപ
ന്യൂഡല്‍ഹി: സുപ്രീംകോടതി അഭിഭാഷക ദീപ ജോസഫിനെതിരെ ആരോപണങ്ങളുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിത. സൈബര്‍ വെട്ടുകിളികൂട്ടത്തിന്റെ നേതാവാണ് ദീപയെന്നും തന്നെയും മറ്റ് ഇരകളെയും ദീപയും സംഘവും നിരന്തരം വേട്ടയാടുന്നുവെന്നുമാണ് പരാതിക്കാരി ആരോപിക്കുന്നത്. സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ഫേസ്ബുക്ക് പോസ്റ്റുകളുടെ ട്രാന്‍സ്ലേഷന്‍ ദീപ വളച്ചൊടിച്ചെന്നും പരാതിക്കാരി ഉന്നയിച്ചു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി അതിജീവിത സുപ്രീം കോടതിയില്‍ അഡിഷണല്‍ അഫിഡവിറ്റ് സമര്‍പ്പിച്ചു.
2021ല്‍ മാത്രം എന്റോള്‍ ചെയ്ത ദീപ 2017 മുതല്‍ സൂപ്രീം കോടതി അഭിഭാഷകയാണെന്നാണ് ഫേസ്ബുക്കില്‍ അവകാശപ്പെടുന്നത്. സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത വക്കാലത്തും അഫിഡവിറ്റും വ്യാജമാണ്. യുക്രെയ്‌നില്‍ നിന്നും ഫയല്‍ ചെയ്ത പെറ്റീഷനിലെ രേഖകള്‍ എംബസി സാക്ഷ്യപ്പെടുത്തിയിട്ടില്ലെന്നും അതിജീവിത സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അഡിഷണല്‍ അഫിഡവിറ്റില്‍ പറയുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡനകേസിലെ അതിജീവിത സുപ്രീം കോടതിയില്‍ തടസ്സഹര്‍ജി നല്‍കിയിരുന്നു. അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന കേസില്‍ അഭിഭാഷകയായ ദീപ ജോസഫിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
അതേസമയം ആരോപണങ്ങള്‍ക്ക് മറുപടിയെന്നോണം ദീപ ജോസഫ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. ഒരപവാദങ്ങള്‍ക്കും വ്യാജ വാര്‍ത്തകള്‍ക്കും എന്റെ നിലപാടില്‍ നിന്നു പിന്തിരിപ്പിക്കാന്‍ കഴിയില്ല. സത്യം ചെരുപ്പിട്ടു വരും വരെ കാത്തിരിക്കാന്‍ ഞാന്‍ തയ്യാറാണെന്ന് ദീപ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു.
അഡ്വ. ദീപ ജോസഫിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
ഒരപവാദങ്ങള്‍ക്കും വ്യാജ വാര്‍ത്തകള്‍ക്കും എന്റെ നിലപാടില്‍ നിന്നു പിന്തിരിപ്പിക്കാന്‍ കഴിയില്ല. സത്യം ചെരുപ്പിട്ടു വരും വരെ കാത്തിരിക്കാന്‍ ഞാന്‍ തയ്യാറാണ്. പല അപവാദങ്ങളും കേട്ടിരിക്കുന്നു.. അപ്പോഴൊക്കെ ചേര്‍ത്തു പിടിച്ചു ഒരു കരിക്കിന്‍ വെള്ളം കൂടി കുടിച്ചു കൂടുതല്‍ ഉഷാറായി ഇരിക്കാന്‍ പറയുന്ന ഒരു കെട്ട്യോന്‍ എനിക്കുണ്ടെന്നതാണ് എന്റെ ഭാഗ്യം.. എല്ലാം അറിയുന്ന ഒരായിരം അല്ല ലക്ഷകണക്കിന് ചങ്കുകള്‍ ഉണ്ടെന്നതാണ് മറ്റൊരു ഭാഗ്യം..നന്മകള്‍ വരുത്തണേ ദുഷ്ടന്റെ കെണിയില്‍ പെടുത്തരുതേ എന്ന് കൂപ്പു കൈയോടെ പ്രാര്‍ത്ഥിക്കുന്ന ഒരായിരം പേരെങ്കിലും എനിക്ക് ഉണ്ട് എന്നതാണ് എന്റെ ബലം...
സത്യത്തിനു കാവലാവാന്‍.. നീതിക്ക് വേണ്ടി നിര്‍ഭയം യുദ്ധ ഭൂമിയായ യുക്രെയിനില്‍ പോയി അനാഥയായ ക്യാന്‍സര്‍ രോഗിയായ അമ്മയുടെ കണ്ണീര്‍ ഒപ്പാന്‍ അവരുടെ യുക്രൈന്‍ ജയിലിലായ മകനെ കൊണ്ട് സംസാരിപ്പിക്കാനും അവന്റെ മോചനം സാധ്യമാക്കാനും വേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞെങ്കില്‍ ഇനിയും പലതും ചെയ്യാന്‍ ബാക്കിയാണെന്നു വിശ്വസിക്കാന്‍ ആണെനിക്കിഷ്ടം...
മാര്‍പ്പാപ്പയെ നേരില്‍ കാണുക, 5 മിനിറ്റോളം സംസാരിക്കാന്‍ സാധിക്കുക, എന്റെ ബുക്ക് ന്റെ കോപ്പി സമ്മാനമായി നല്‍കാന്‍ കഴിയുക ഇതൊക്കെ എന്നെ സംബന്ധിച്ചിടത്തോളം ഈ വ്യാജ വാര്‍ത്തകള്‍ക്കും അപ്പുറത്താണ്. ദീപ എന്തായാലും വ്യാജവാര്‍ത്തകള്‍ കേട്ട് ജീവിതം അവസാനിപ്പിച്ച ദീപക് ആവില്ല.
ഞാന്‍ അണിഞ്ഞിരിക്കുന്ന കറുത്ത കുപ്പായം നീതിയുടേതാണ്.. സത്യത്തിന്റെതാണ്.. നിര്‍ഭയത്തിന്റെതാണ്. അതുകൊണ്ട് തന്നെ സന്തോഷത്തോടെ മുന്നോട്ടു പോകുന്നു.. പിന്നില്‍ നിന്നു കുത്തുന്നവരോടും എന്റെ ജീവന് വേണ്ടി ദാഹിക്കുന്നവരോടും പറയട്ടെ... കാത്തിരിക്കുക സത്യം ചെരിപ്പിട്ട് വരട്ടെ..എല്ലാവരുടെയും ജനനത്തിനും ജീവിതത്തിനും ചില ഉദ്ദേശങ്ങള്‍ ഉണ്ട്.. എന്റെ ലക്ഷ്യം ഞാന്‍ തിരിച്ചറിഞ്ഞു.. അതുകൊണ്ട് തന്നെ മുന്നോട്ട്...
ഇതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കാനുള്ള ഭരണപക്ഷത്തിന്റെ നീക്കത്തെ ശക്തമായി എതിര്‍ത്ത് യുഡിഎഫ് രംഗത്തെത്തി. ഭരണഘടനാ വിരുദ്ധമായ നടപടിയെന്ന് എത്തിക്ക്‌സ് കമ്മിറ്റിയില്‍ പ്രതിപക്ഷ അംഗങ്ങള്‍ നിലപാടെടുത്തു. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ തീരുമാന പ്രകാരമാണ് നിലപാട്. രാഹുലിനെതിരായ പരാതി എത്തിക്ക്‌സ് കമ്മിറ്റി 23ന് വീണ്ടും പരിഗണിക്കും.
ലൈംഗിക ആരോപണങ്ങളിലും നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രക്കേസുകളിലും കുടുങ്ങിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ എം.എല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കാനുള്ള നീക്കം തിങ്കളാഴ്ച ചേര്‍ന്ന യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി പ്രത്യേകം ചര്‍ച്ച ചെയ്യുകയായിരുന്നു. അധികാരപരിധി കടന്നുള്ള എത്തിക്കസ് കമ്മിറ്റിയുടെ നീക്കത്തെ എതിര്‍ക്കണമെന്ന് ഘടകക്ഷികള്‍ നേതാക്കളും നിലപാട് എടുത്തു. ഇതിന് പിന്നാലെ എത്തിക്കസ് കമ്മിറ്റിയില്‍ പങ്കെടുത്ത പ്രതിപക്ഷ അംഗങ്ങളായ റോജി എം. ജോണും യുഎ ലത്തീഫും കീഴ്വഴക്കങ്ങള്‍ ഇല്ലാത്ത ഭരണഘടന വിരുദ്ധമായ നടപടിയാണെന്ന് വിമര്‍ശിച്ചു. കുറ്റാരോപിതന്‍ മാത്രമായ വ്യക്തിയെ അയോഗ്യനാക്കാനാവില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ആദ്യ ആരോപണത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റം. കേസെടുത്തതോടെ സസ്‌പെന്‍ഷന്‍. രണ്ടാം പരാതി പാര്‍ട്ടിക്ക് ലഭിച്ചതോടെ പുറത്താക്കല്‍. അയോഗ്യതയെ എതിര്‍ക്കുമ്പോഴും രാഹുലിനെ പുറത്താക്കിയ നടപടിയിലോ നിലപാടിലോ മാറ്റമുണ്ടാകില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.
