സംവിധായകനും അഭിനേതാവും തമ്മിലെ തര്‍ക്കത്തില്‍ 'അമ്മ' ഇടപെടുന്നത് അസാധാരണം; 'മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ച്ലര്‍' ചിത്രത്തിന്റെ പ്രൊഡ്യൂസറുടെ പിന്തുണ നടിക്കൊപ്പമായത് ദീപു കരുണാകരനെ വെട്ടിലാക്കും; അനശ്വരാ രാജന്റെ വിശദീകരണം വസ്തുതാപരമെന്ന് വിലയിരുത്തല്‍; ചേമ്പറിനെ 'ഓവര്‍ ടേക്ക്' ചെയ്യാന്‍ താരസംഘടന!

Update: 2025-03-05 04:24 GMT

കൊച്ചി : സംവിധായകന്‍ ദീപു കരുണാകരനെതിരെ 'അമ്മ' സംഘടനയ്ക്ക് പരാതി നല്‍കിയെന്ന് നടി അനശ്വര രാജന്‍ പരാതി നല്‍കിയതിന് പിന്നാലെ സംവിധായകന്റ പ്രസ്താവനയെ തള്ളി 'മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ച്ലര്‍' ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ പ്രകാശ് ഗോപാലനും രംഗത്തു വന്നത് വിവാദത്തെ പുതിയ ട്വിസ്റ്റിലേക്ക് കൊണ്ടു പോകും. വിഷയം ചര്‍ച്ച ചെയ്യാന്‍ ദീപു കരുണാകരനെ അമ്മ നേരിട്ട് വിളിപ്പിച്ചിട്ടുണ്ട്. സാധാരണ നിലയില്‍ അസാധാരണമാണ് അമ്മയുടെ ചര്‍ച്ച. പല വിഷയങ്ങളിലും ഫിലിം ചേമ്പറാണ് ഇത്തരം അനുനയ ചര്‍ച്ചകള്‍ നടത്തുക. എന്നാല്‍ തൊഴില്‍ സംഘടനയല്ലാത്ത അമ്മ ഇവിടെ സംവിധായകനെ വിളിച്ചു വരുത്തുന്നു. നിര്‍മ്മതാവ് കൂടി സംവിധായകനെ തള്ളി പറഞ്ഞ സാഹചര്യത്തില്‍ ഇതിനെ സിനിമാ സംഘടനകള്‍ തല്‍കാലം എതിര്‍ക്കില്ല. സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയെ ദീപു കരുണാകരന്‍ നീരസം അറിയിക്കും. പക്ഷേ ചര്‍ച്ചയുമായി സഹകരിക്കാനുള്ള നിര്‍ദ്ദേശമാകും സംവിധായകന് സംഘടന നല്‍കുക എന്നാണ് സൂചന. നിര്‍മ്മാതാവിന്റെ നിലപാട് എതിരായതാണ് ഇതിന് കാരണം. കേസൊഴിവാക്കാന്‍ അതാണ് നല്ലതെന്ന് സംവിധായകന് ഉപദേശം നല്‍കാനാണ് സാധ്യത. പക്ഷേ ഫിലിം ചേമ്പറിന്റെ അധികരങ്ങളിലേക്ക് അമ്മ കൈവയ്ക്കുന്നത് ശരിയല്ലെന്ന വിമര്‍ശനം സജീവമാണ്. നടി-നടന്മാര്‍ തമ്മിലെ തര്‍ക്കത്തില്‍ അമ്മയ്ക്ക് ഇടപെടാം. എന്നാല്‍ സംവിധായകനും നടിയും തമ്മിലെ തര്‍ക്കത്തില്‍ അമ്മ നേരിട്ട് ഇടപെടുന്നത് അസാധാരണമാണെന്ന വിലയിരുത്തല്‍ സജീവമാണ്. അടുത്ത കാലത്ത് പ്രതിഫലവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ചേമ്പറുമായി അമ്മ ഉടക്കിയിരുന്നു. എന്നാല്‍ ചേമ്പറിന്റെ സമ്മര്‍ദ്ദമാണ് ജയിച്ചത്. ഈ സാഹചര്യത്തില്‍ നടിയുടെ പരാതിയിലെ അമ്മയുടെ നീക്കത്തെ കൗതുകത്തോടെയാണ് സിനിമാ ലോകം കാണുന്നത്.

ദീപു കരുണാകരന്‍ സംവിധാനം ചെയ്ത 'മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ചിലര്‍' സിനിമയുടെ പ്രൊമോഷന് താന്‍ സഹകരിക്കുന്നില്ലെന്ന് അഭിമുഖം നല്‍കിയതിനും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനും എതിരെയാണ് നടിയുടെ പരാതി. അനശ്വരയും ഇന്ദ്രജിത്തും മുഖ്യവേഷത്തില്‍ എത്തുന്ന ചിത്രമാണിത്. നടിയോട് സംവിധായകന്‍ മാപ്പു പറഞ്ഞില്ലെങ്കില്‍ നിയമ നടപടികളിലേക്ക് നടി കടക്കും. അമ്മയും നടിയ്ക്ക് പിന്തുണ നല്‍കും. സംവിധായകന്റെ പരാമര്‍ശങ്ങള്‍ മാനസികമായി വിഷമിപ്പിച്ചു. ചാനലുകളില്‍ തന്നെയും അമ്മയെയും മാനേജരെയും ആക്ഷേപിക്കുന്ന പ്രസ്താവനകളാണ് സംവിധായകന്‍ നടത്തിയത്. കരിയറിനെ ബാധിക്കണമെന്ന ഉദ്ദേശ്യത്തോടെയാണിത്. സഹകരിക്കാത്ത മറ്റ് അഭിനേതാക്കളുടെ പേര് പറയാതെ തന്റെ പേരുമാത്രം പരാമര്‍ശിച്ചത്, പ്രതികരിക്കില്ലെന്ന് കരുതിയാകാം. സ്ത്രീയെന്ന വിക്ടിം കാര്‍ഡ് ഉപയോഗിക്കാന്‍ താല്‍പ്പര്യമില്ല. ഔദ്യോഗികമായി വിഷയത്തെ നേരിടും. അപകീര്‍ത്തിവാര്‍ത്തകള്‍ നല്‍കുന്ന യൂട്യൂബ് ചാനലുകള്‍, വ്‌ലോഗര്‍മാര്‍ എന്നിവര്‍ക്കെതിരെ നിയമപരമായി നീങ്ങുമെന്ന് നടി അറിയിച്ചു.

സിനിമയുടെ ട്രെയിലറും ക്യാരക്ടര്‍ പോസ്റ്ററും ഇന്‍സ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും പങ്കുവച്ചിരുന്നു. അഭിമുഖവും നല്‍കി. റിലീസിന് രണ്ടുദിവസംമുമ്പ് ബന്ധപ്പെട്ടപ്പോള്‍, മാറ്റിവച്ചതായും ചില പ്രശ്നങ്ങള്‍ പരിഹരിക്കാതെ ഉണ്ടാകില്ലെന്നും അറിയിക്കുകയായിരുന്നു. ഇതിനുശേഷം റിലീസ് ചെയ്യുന്നതായി ഔദ്യോഗിക സ്ഥിരീകരണമുണ്ടായില്ല. മുന്‍കൂട്ടി അറിയിച്ചാല്‍ പ്രൊമോഷന് സഹകരിക്കാന്‍ തയ്യാറെന്നും താരം കുറിച്ചു. ഇതിന് പിന്നാലെയാണ് നിര്‍മ്മാതാവും സംവിധായകനെ തള്ളി പറയുന്നത്. അനശ്വര സിനിമയോട് നിസ്സഹകരണം കാണിച്ചിട്ടില്ലെന്ന് പ്രൊഡ്യൂസര്‍ പറഞ്ഞു. സിനിമ റിലീസ് ചെയ്യാന്‍ പോകുന്നതേയുള്ളുവെന്നും ചിത്രീകരണ സമയത്ത് പോലും നടിയുടെ ഭാഗത്ത് നിന്ന് നിസ്സഹകരണം ഉണ്ടായിട്ടില്ലെന്നും ഇദ്ദേഹം വ്യകത്മാക്കി.

'സിനിമ റിലീസ് ചെയ്യാന്‍ പോകുന്നതേയുള്ളു, പ്രമോഷന്‍ നടക്കാന്‍ ഇരിക്കുകയാണ് സിനിമയോട് ചിത്രീകരണ സമയത്ത് ഒന്നും അനശ്വര എന്റെ അറിവില്‍ നിസ്സഹകരണം കാണിച്ചിട്ടില്ല. സിനിമയുടെ പോസ്റ്റര്‍ ഫസ്റ്റ് ലുക്ക് കാര്‍ഡുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇടാന്‍ സാധിക്കാതിരുന്നത് അനശ്വരയുടെ ഇന്‍സ്റ്റഗ്രാം ആ സമയങ്ങളില്‍ മൂന്ന് ദിവസം ടെക്‌നിക്കല്‍ പ്രശ്‌നങ്ങള്‍ നേരിട്ടത് കൊണ്ടാണ് എന്ന അറിയിച്ചിരുന്നതായാണ് എനിക്ക് മനസിലായത്. ദീപുവിന്റെ വ്യക്തിപരമായ കാര്യങ്ങളാണ് ദീപു അഭിപ്രായപ്പെട്ടത്. ഇപ്പോള്‍ ദീപു നടത്തിയ പരാമര്‍ശം അനവസരത്തില്‍ ആയിപോയെന്നാണ് എന്റെ അഭിപ്രായം. ഇത് സിനിമയ്ക്ക് ഗുണം ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല,' പ്രകാശ് പറഞ്ഞു.

'മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ച്ലര്‍' സിനിമയുടെ ചിത്രീകരണ സമയത്ത് സഹകരിച്ച അനശ്വര സിനിമയുടെ പ്രമോഷന് വിളിച്ചപ്പോള്‍ വന്നില്ലെന്നും ഫോണ്‍ എടുത്തില്ലെന്നുമായിരുന്നു സംവിധായകന്‍ ദീപു കരുണാകരന്‍ പറഞ്ഞിരുന്നത്. മറ്റു സിനിമകളുടെ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച നടി ഈ സിനിമയുടെ പോസ്റ്ററുകള്‍ പങ്കുവെക്കാതിരുന്നതിലും ദീപു പ്രതിഷേധം അറിയിച്ചിരുന്നു. പിന്നാലെയാണ് പരാതി നല്‍കിയ നടി എത്തിയത്. സിനിമയുടെ ഭാഗമായി അഭിമുഖം നല്‍കിയിട്ടുണ്ടെന്നും പുതുമുഖവും പെണ്‍കുട്ടിയുമായതിനാല്‍ പ്രതികരിക്കില്ല എന്ന മനോഭാവമാവാം എന്റെ പേര് പറഞ്ഞതിന് പിന്നിലെന്നും അനശ്വര രാജന്‍ പറഞ്ഞു.

Tags:    

Similar News