തോടുകളുടെ വശങ്ങളിലായുള്ള ചെടികൾ വെട്ടിനശിപ്പിക്കുന്നത് ആപത്ത്; മഴക്കാലത്തെ തൊഴിലുറപ്പ് പ്രവർത്തനങ്ങൾ മണ്ണിന്റെ ബലക്ഷയത്തിന് കാരണമാകുന്നു; വെള്ളത്തിന്റെ ഒഴുക്കിന്റെ ശക്തി മണ്ണിലിടിച്ചിലിന് കാരണമാകുന്നു; പരിസ്ഥിതി പ്രശ്‌നങ്ങൾ ഒഴിവാക്കാൻ തോട് വൃത്തിയാക്കൽ വേനൽക്കാലത്തേക്ക് മാറ്റണമെന്ന് ആവശ്യം

Update: 2025-07-07 11:04 GMT

തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി തോടുകളുടെ ഇരു വശത്തായുള്ള കാട് വൃത്തിയാക്കുന്നത് മണ്ണ് സംരക്ഷണത്തിനെ ബാധിക്കുന്നതായി പരാതി. നെടുമങ്ങാട് താലൂക്കിലെ പാങ്ങോട് പഞ്ചായത്ത് പ്രദേശങ്ങളാണ് പ്രതിസന്ധി നേരിടുന്നതെന്നാണ് കൃഷി വകുപ്പിന് നൽകിയിരിക്കുന്ന പരാതിയിൽ പറയുന്നത്. പൊന്മുടി മലനിരയുടെ താഴ്വരയിലായതിനാൽ മഴ നന്നായി ലഭിക്കുന്ന പ്രദേശമാണിത്. കഴിഞ്ഞ രണ്ട് മാസകാലമായി പ്രദേശങ്ങളിൽ തൊഴിലുറപ്പ് പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇത് തോടുകളുടെ മണ്ണിന്റെ ബലം കുറയ്ക്കുന്നു. വെള്ളത്തിന്റെ ഒഴുക്ക് മണ്ണൊലിപ്പിന് കാരമാകുന്നതായും പരാതിയുണ്ട്. വിഷയത്തിൽ അടിയന്തര നടപടി വേണമെന്നാണ് ആവശ്യം.

മുമ്പ് വേനൽക്കാലത്താണ് തോടുകലും അരുവികളും വൃത്തിയാക്കുന്നതിന് ഭാഗമായി ഇരുവശങ്ങളിലെയും ചെടികളും പുല്ലും നീക്കം ചെയ്യാനായി തൊഴിലുറപ്പ് പ്രവർത്തനങ്ങൾ നടന്നിരുന്നത്. ഇത് പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണമായിരുന്നില്ല. എന്നാൽ ഇത്തവണ മഴക്കാലത്താണ് ഈ പ്രവർത്തി നടക്കുന്നത്. കഴിഞ്ഞ രണ്ട് മാസമായി പാങ്ങോട് പ്രദേശങ്ങളിൽ തൊഴിലുറപ്പ് പ്രവർത്തനങ്ങൾ നടക്കുകയാണ്. 100 തൊഴിൽ ദിവസങ്ങളുടെ ഭാഗമായാണ് ഈ പ്രവർത്തങ്ങൾ നടക്കുന്നത്. എന്നാൽ മഴക്കാലത്ത് നടക്കുന്ന പ്രവർത്തനങ്ങൾ പരിസ്ഥിതി പ്രശ്ങ്ങൾക്ക് കാരണമാകുന്നതായാണ് പരാതിയിൽ പറയുന്നത്.

സാധാരണ ഗതിയിൽ മഴക്കാലമായതിനാൽ മണ്ണിന് ബലം കുറവായിരിക്കും.ഈ അവസ്ഥയിൽ തോടുകളുടെ വശങ്ങളിലായുള്ള ചെടികളും മറ്റും വെട്ടി മാറ്റുന്നത് മണ്ണിന് ബലക്ഷയമുണ്ടാകും. മഴക്കാലമായതോടെ ജലാശയങ്ങളിൽ വെള്ളം കൂടിട്ടുണ്ട്. ഇത് തോടുകളുടെ ഉൾപ്പെടെയുള്ള ഒഴുക്ക് വർധിപ്പിച്ചിട്ടുണ്ട്. ഇത് മണ്ണിടിച്ചിലിന് കാരണമായിട്ടുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. കുതിർന്നിരിക്കുന്ന മണ്ണിനെ പിടിച്ചുനിർത്താൻ ഒരളവിൽ ചെറുസസ്യങ്ങളുടെ വേരുകൾക്ക് സാധിക്കും. ഇവ നശിപ്പിക്കുന്നത് പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്.

വേനൽക്കാലത്ത് നടത്തേണ്ട പ്രവർത്തനങ്ങൾ മഴക്കാലത്ത് നടത്തിയത് പഞ്ചായത്തിന്റെ ഔചിത്യമില്ലായ്മ ആണെന്നാണ് ആരോപണം. മണ്ണിടിഞ്ഞ് വീഴുന്നത് തോടുകളുടെ സംരക്ഷത്തിനെയും കാര്യമായി ബാധിക്കാൻ സാധ്യതയുണ്ട്. ഇതിനാൽ മഴക്കാലത്തെ തൊഴിലുറപ്പ് പ്രവർത്തനങ്ങൾ നിർത്തിവെക്കാനും തൊഴിലാളികൾക്ക് മറ്റ് തൊഴിൽ കണ്ടെത്താൻ അവസരമൊരുക്കുന്നതിനുമായുള്ള നടപടികൾ പഞ്ചായത്ത് സ്വീകരിക്കണമെന്നാണ് കൃഷി വകുപ്പിന് നൽകിയിരിക്കുന്ന പരാതിയിൽ പറയുന്നുന്നത്. 

Tags:    

Similar News