'സമര നേതൃത്വം അടിക്കടി ആവശ്യങ്ങള്‍ മാറ്റുന്നു; പൊള്ളത്തരം ഓരോ ദിവസം കഴിയുമ്പോഴും പുറത്തുവരുന്നു; പിന്തിരിപ്പന്‍ നിലപാട് സ്വീകരിക്കുന്ന ബി.ജെ.പി പ്രതിനിധികളെ സമരത്തിലേക്ക് സ്വീകരിച്ച് ആനയിക്കുന്നു'; ആശവര്‍ക്കര്‍മാരുടെ സമരത്തിനെതിരെ സി.പി.എം മുഖപത്രം ദേശാഭിമാനി
ആശവര്‍ക്കര്‍മാരുടെ സമരത്തിനെതിരെ സി.പി.എം മുഖപത്രം ദേശാഭിമാനി
കോഴിക്കോട്: ആശാ വര്‍ക്കര്‍മരുടെ സമരം സര്‍ക്കാറിന് തലവേദന തീര്‍ക്കുമ്പോള്‍ ആശമാര്‍ക്കതിരെ വിമര്‍ശനവുമായി സിപിഎം മുഖപത്രമായ ദേശാഭിമാനി രംഗത്ത്. ഒരു മാസം പിന്നിട്ട ആശ വര്‍ക്കര്‍മാരുടെ സമരത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് സിപിഎം മുഖപത്രം ഉന്നയിക്കുന്നത്. സമര നേതൃത്വം അടിക്കടി ആവശ്യങ്ങള്‍ മാറ്റുന്നുവെന്നും സമരത്തിന്റെ പൊള്ളത്തരം ഓരോ ദിവസം കഴിയുമ്പോഴും പുറത്തുവരുന്നുവെന്നും മുഖപ്രസംഗം പറയുന്നു.
ഇത്രയും പിന്തിരിപ്പന്‍ നിലപാട് സ്വീകരിക്കുന്ന ബി.ജെ.പി പ്രതിനിധികളെയാണ് തിരുവനന്തപുരത്ത് ആശമാരുടെ പേരില്‍ നടക്കുന്ന സമരത്തിലേക്ക് സ്വീകരിച്ച് ആനയിക്കുന്നത്. കേന്ദ്രത്തിനാണ് ഉത്തരവാദിത്വം എന്നറിയാമായിരുന്നിട്ടും അതെല്ലാം മറച്ചുവച്ച് സംസ്ഥാന സര്‍ക്കാറിനെതിരെ നടത്തുന്ന സമരത്തിന്റെ പൊള്ളത്തരം ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ വെളിച്ചത്തുവരുന്നു. അടിക്കടി ആവശ്യങ്ങള്‍ മാറ്റുന്ന സമരനേതൃത്വം ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്വം മറച്ചുപിടിക്കാനാണ് ശ്രമിച്ചത്. പാര്‍ലമെന്റിലെ സംഭവ വികാസങ്ങള്‍ ഇവരുടെ ശ്രമം പൊളിച്ചടുക്കി.
തിരുവനന്തപുരം സമരവേദിയില്‍ കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതാക്കള്‍ പിന്തുണയുമായി എത്തിയെങ്കിലും പാര്‍ലമെന്റില്‍ കേന്ദ്ര നിലപാടിലെ വഞ്ചന തുറന്നുകാട്ടപ്പെട്ടു. കഠിനമായി പണിയെടുക്കുന്ന ആശമാര്‍ക്ക് നീതി ഉറപ്പാക്കുകയാണ് വേണ്ടത്. ഈ ദിശയില്‍ ആദ്യം വേണ്ടത് ആശമാരെ സ്ഥിരം തൊഴിലാളികളായി അംഗീകരിക്കുക എന്നതാണ്.
മിനിമം വേതനവും പെന്‍ഷനും ഉറപ്പാക്കാന്‍ ഈ തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണ്. ഇടതുപക്ഷത്തെ കരിവാരിത്തേക്കാന്‍ വഴിയില്‍ കിട്ടുന്ന എന്തും എടുത്ത് ഉപയോഗിക്കുന്നവര്‍ ഇത് മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. കേന്ദ്രനയം തിരുത്താന്‍ യോജിച്ച സമരത്തിന് എല്ലാവരും തയാറാകണമെന്നും മുഖപ്രസംഗം പറയുന്നു.
അതേസമയം അതേസമയം, ആശ വര്‍ക്കര്‍മാര്‍ക്കുള്ള ധനസഹായം ഉയര്‍ത്തണമെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണട്. ഇത് സമരത്തിലുള്ള ആശമര്‍ക്ക് ആശ്വാസം പകരുന്നതാണ്. ആശമാര്‍ താഴേതട്ടില്‍ നടത്തുന്നത് നിര്‍ണ്ണായക സേവനമെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. ആരോഗ്യമന്ത്രാലയ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയാണ് ഈ ശുപാര്‍ശ നല്‍കിയത്. നിലവില്‍ 5000 മുതല്‍ 9000 വരെയാണ് ആശ വര്‍ക്കര്‍ക്ക് ധനസഹായം കിട്ടുന്നത്. ഇത് രണ്ട് നേരത്തെ ഭക്ഷണത്തിന് പോലും തികയില്ലെന്ന് പാര്‍ലമെന്റി കമ്മിറ്റി ചൂണ്ടിക്കാട്ടി.
ആശമാരുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കും ആരോഗ്യപരിപാലനത്തിനും ധനസഹായം തികയുന്നില്ല. ആരോഗ്യ ഗവേഷണ രംഗത്തും ആശമാരെ പ്രയോജനപ്പെടുത്തണം. ഇതിന് അധിക ധനസഹായം ഗവേഷണ ഫണ്ടില്‍ നിന്ന് നല്‍കണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു. രാം ഗോപാല്‍ യാദവ് അധ്യക്ഷനായ കമ്മിറ്റിയുടേതാണ് ശുപാര്‍ശ. കേരളത്തിന് എയിംസ് അനുവദിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.