നാലു ലക്ഷം രൂപ ശമ്പള കുടിശ്ശിക; വൃക്ക രോഗിയായ മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ ചികിത്സക്ക് നിവൃത്തിയില്ലാതെ മരിച്ചു; ചികിത്സാകാര്യം ചൂണ്ടിക്കാട്ടി ദേവസ്വം ബോര്‍ഡ് അധികൃതരെ സമീപിച്ചെങ്കിലും പണം ലഭിച്ചില്ലെന്ന് കുടുംബം; ശബളം നല്‍കേണ്ടത് ക്ഷേത്രമെന്ന് ദേവസ്വം ബോര്‍ഡ്

നാലു ലക്ഷം രൂപ ശമ്പള കുടിശ്ശിക

Update: 2025-08-07 07:54 GMT

പാലക്കാട്: അധ്യാപികയുടെ ശമ്പള കുടിശ്ശിക ലഭിക്കാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ ശമ്പള കുടിശ്ശികയുടെ പേരില്‍ മറ്റൊരു ജീവനും പൊലിഞ്ഞു. ലക്ഷങ്ങള്‍ ശമ്പളക്കുടിശ്ശികയുണ്ടായിരുന്ന മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ ചികിത്സക്ക് നിവൃത്തിയില്ലാതെ മരണത്തിന് കീഴടങ്ങി. പാലക്കാട് പള്ളിക്കുറുപ്പ് മഹാവിഷ്ണു ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരനായിരുന്ന കെ. ചന്ദ്രന്‍(57) ആണ് മരിച്ചത്.

വൃക്കരോഗിയായിരുന്നു ചന്ദ്രന്‍. ഇയാള്‍ക്ക് നാല് ലക്ഷം രൂപയാണ് ശമ്പളകുടിശ്ശികയായി ലഭിക്കാന്‍ ഉണ്ടയിരുന്നത്. ചികിത്സക്കും മറ്റും പണമില്ലാതെ വന്നതോടെ ചന്ദ്രന്‍ ദേവസ്വം ബോര്‍ഡ് അധികൃതരെ സമീപിച്ചിരുന്നു. എന്നാല്‍ അനുകൂലമായ ഒരു നടപടിയും ഉണ്ടായിരുന്നില്ലെന്നാണ് കുടുംബം പറയുന്നത്. അതേസമയം പണം നല്‍കേണ്ടിയിരുന്നത് ക്ഷേത്രം അധികൃതരാണെന്നാണ് ബോര്‍ഡ് പറയുന്നത്.

1996 മുതല്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രത്തില്‍ ജോലി ചെയ്യുകയാണ് ചന്ദ്രന്‍. 2010 മുതല്‍ 2015 വരെ മൂന്നു ലക്ഷം രൂപയാണ് ചന്ദ്രന് കുടിശ്ശിക ഇനത്തില്‍ കിട്ടാനുണ്ടായിരുന്നത്. അതു കൂടാതെ സാങ്കേതിക കാരണങ്ങളാല്‍ പിടിച്ചു വെച്ച ഒരു ലക്ഷം രൂപ വേറെയുമുണ്ട്. എല്ലാം ചേര്‍ത്ത് നാലുലക്ഷം രൂപ വരും. കഴിഞ്ഞ വര്‍ഷം രോഗം മൂര്‍ഛിച്ചതോടെ ചന്ദ്രന്‍ സ്വയം വിരമിക്കലിന് അപേക്ഷ നല്‍കി. എന്നാല്‍ അപേക്ഷ പരിഗണിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.

മലബാര്‍ ദേവസ്വം ബോര്‍ഡില്‍ നിന്ന് ഫണ്ട് ലഭിക്കാത്തത് കൊണ്ടാണ് ശമ്പള കുടിശ്ശിക വന്നതെന്നാണ് ക്ഷേത്രം അധികൃതര്‍ പറയുന്നത്. എന്നാല്‍ ശമ്പള കുടിശ്ശികയില്‍ പങ്കില്ലെന്നും അതിനുള്ള പണം കണ്ടെത്തേണ്ടത് ക്ഷേത്രമാണ് എന്നുമാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം. ചട്ടപ്രകാരം വരുമാനമുള്ള അമ്പലങ്ങള്‍ ജീവനക്കാര്‍ക്ക് സ്വയം ശമ്പളം കണ്ടെത്തണമെന്നാണ്.

അതിനാല്‍ ചന്ദ്രനുള്‍പ്പെടെ ഉള്ള ജീവനക്കാര്‍ ശബളം നല്‍കേണ്ടത് ക്ഷേത്രമാണെന്നുമാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് പറയുന്നത്. പള്ളിക്കുറുപ്പ് മഹാവിഷ്ണു ക്ഷേത്രത്തിന് ചട്ടപ്രകാരം സര്‍ക്കാര്‍ ഗ്രാന്റിന് അര്‍ഹതയില്ലെന്നും ദേവസ്വം ബോര്‍ഡ് പറയുന്നു.

Tags:    

Similar News