എം ആര്‍ അജിത്കുമാറിന്റെ ശബരിമല ട്രാക്ടര്‍ യാത്രയില്‍ വീഴ്ച്ചയെന്ന് സംസ്ഥാന പോലീസ് മേധാവി; എഡിജിപി തെറ്റ് ഏറ്റുപറഞ്ഞു; ഒഴിവാക്കേണ്ട കാര്യമായിരുന്നു; സമാനമായ തെറ്റുകള്‍ ഇനി ആവര്‍ത്തിക്കരുതെന്ന താക്കീത് നല്‍കിയെന്ന് റവാഡ ചന്ദ്രശേഖര്‍; വിഷയം ഹൈക്കോടതിയുടെ പരിഗണയിലായതിനാല്‍ എഡിജിപിക്കെതിരെ തല്‍ക്കാലം നടപടികളില്ല
എം ആര്‍ അജിത്കുമാറിന്റെ ശബരിമല ട്രാക്ടര്‍ യാത്രയില്‍ വീഴ്ച്ചയെന്ന്് സംസ്ഥാന പോലീസ് മേധാവി
തിരുവനന്തപുരം: ശബരിമലയിലെ വിവാദ ട്രാക്ടര്‍ യാത്രയില്‍ എഡിജിപി എംആര്‍ അജിത് കുമാറിന് വീഴ്ചയുണ്ടായതായി സംസ്ഥാന പോലീസ് മേധാവിയുടെ അന്വേഷണ റിപ്പോര്‍ട്ടി. ചട്ടം ലംഘിച്ച് ശബരിമല സന്നിധാനത്ത് ട്രാക്ടര്‍ യാത്ര നടത്തിയതായി എഡിജിപി സമ്മതിച്ചു. ഒഴിവാക്കേണ്ട കാര്യമായിരുന്നുവെന്നും സമാന സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നും ഡിജിപി റവാഡ ചന്ദ്രശേഖര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. വിഷയം ഹൈക്കോടതിയുടെ പരിഗണയിലായതിനാല്‍ നടപടിക്ക് ശുപാര്‍ശകളില്ലാതെയാണ് റിപ്പോര്‍ട്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് അജിത്കുമാര്‍ ശബരിമലയിലേക്ക് യാത്ര നടത്തിയത്. പമ്പയില്‍ നിന്ന് സന്നിധാനത്തേക്കും തിരിച്ചുമായിരുന്നു എഡിജിപിയുടെ യാത്ര. പത്തനംതിട്ട എസ്പി വിജി വിനോദ് കുമാറാണ് സൗകര്യം ഒരുക്കിയതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. സംഭവത്തെക്കുറിച്ച് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷിച്ച് ഇന്റലിജന്‍സ് മേധാവി പി വിജയന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പമ്പയില്‍ സിസിടിവി ക്യാമറ പതിയാത്ത സ്ഥലത്തു നിന്ന് ട്രാക്ടറിന്റെ പെട്ടിയില്‍ കയറി ടാര്‍പോളിന്‍ ഷീറ്റിട്ട് മറച്ചായിരുന്നു യാത്ര. ഇതിന്റെ ദൃശ്യങ്ങള്‍ ചില തീര്‍ത്ഥാടകര്‍ മൊബൈലില്‍ പകര്‍ത്തി.
സന്നിധാനത്തേക്ക് സാധനങ്ങള്‍ കൊണ്ടുപോകാന്‍ ഉദ്ദേശിച്ചുള്ളതാണ് ട്രാക്ടറുകള്‍. എന്നാല്‍, അപകടസാധ്യതയും അലക്ഷ്യമായി ഓടിക്കുന്നതും കാരണം 2021-ല്‍ ഹൈക്കോടതി ട്രാക്ടറുകളില്‍ ആളുകള്‍ യാത്ര ചെയ്യുന്നത് നിരോധിച്ചിരുന്നു. ഈ ഉത്തരവ് ലംഘിച്ചാണ് എഡിജിപി അജിത് കുമാര്‍ ട്രാക്ടറില്‍ യാത്ര ചെയ്തത്.
പൊലീസ് ട്രാക്ടറില്‍ മങ്കി ക്യാപ് ധരിച്ച് സഹായികളായ പൊലീസുകാര്‍ക്ക് ഒപ്പമാണ് നവഗ്രഹ പ്രതിഷ്ഠാ പൂജയ്ക്കായി നട തുറന്നിരിക്കെ, 12-ാം തീയതി രാത്രി എം.ആര്‍. അജിത് കുമാര്‍ ട്രാക്ടറില്‍ സന്നിധാനത്ത് എത്തി ദര്‍ശനം നടത്തിയത്. അതേ ട്രാക്ടറില്‍ തന്നെ തിരിച്ച് ഇറങ്ങി. ചരക്കു നീക്കത്തിന് മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവൂവെന്ന കോടതി ഉത്തരവാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ലംഘിച്ചത്. വിഷയം ശ്രദ്ധയില്‍പ്പെട്ട ഹൈക്കോടതി രൂക്ഷ വിമര്‍ശനമാണ് എഡിജിപിക്കെതിരെ നടത്തിയത്.
ഡിജിപിയുടെ പേരിലുള്ള പൊലീസിന്റെ ട്രാക്ടറിലായിരുന്നു എഡിജിപിയുടെ യാത്ര. എന്നാല്‍ അജിത് കുമാറിനെ സംരക്ഷിക്കാന്‍ ഡ്രൈവറെ പ്രതിയാക്കിയാണ് പമ്പ പൊലീസ് കേസെടുത്തത്. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശം അനുസരിച്ച ട്രാക്ടര്‍ ഓടിച്ച പൊലീസ് ഡ്രൈവറെ ബലിയാടാക്കിയതില്‍ സേനയ്ക്ക് ഉള്ളില്‍ അമര്‍ഷം ശക്തമാണ്. സന്നിധാനത്ത് അജിത് കുമാര്‍ ദര്‍ശനം നടത്തിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രത്യേക പരിഗണന ഹരിവരാസന സമയത്ത് എഡിജിപിക്ക് നല്‍കിയെന്ന ആക്ഷേപവുമുണ്ട്.
മാളികപ്പുറം ക്ഷേത്രത്തിന് സമീപം നിര്‍മ്മിച്ച നവഗ്രഹ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാചടങ്ങുമായി ബന്ധപ്പെട്ടാണ് അജിത് കുമാര്‍ ശബരിമലയിലെത്തിയത്. സുരക്ഷ മുന്‍നിറുത്തി ട്രാക്ടറില്‍ ക്ലീനറെപ്പോലും കയറ്റുന്നത് ശിക്ഷാര്‍ഹമാണ്. സന്നിധാനത്തെ സ്പെഷ്യല്‍ കമ്മിഷണര്‍ ആര്‍. ജയകൃഷ്ണന്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധയാണ് പുലര്‍ത്തിയിരുന്നത്. ആളുകളെ കയറ്റിയ ട്രാക്ടറുകളുടെ പെര്‍മിറ്റ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളും അദ്ദേഹം സ്വീകരിച്ചിരുന്നു. എന്നാല്‍ ആരോഗ്യകാരണങ്ങളാല്‍ കഴിഞ്ഞ മാസപൂജയ്ക്കും പ്രതിഷ്ഠാചടങ്ങുകള്‍ക്കും അദ്ദേഹം ശബരിമലയില്‍ എത്തിയിരുന്നില്ല.
ഈ മാസം 12ന് സന്നിധാനത്തേക്ക് പൊലീസിന്റെ ട്രാക്ടറില്‍ പോയ എം.ആര്‍. അജിത്കുമാര്‍ 13ന് രാവിലെ തിരിച്ചിറങ്ങിയതും ട്രാക്ടറില്‍ തന്നെയാണ്. ഇക്കാര്യത്തില്‍ ദേവസ്വം വിജിലന്‍സിനോട് സ്‌പെഷല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് ട്രാക്ടറില്‍ ആളെ കയറ്റാന്‍ പാടില്ലെന്ന ഹൈക്കോടതി ഉത്തരവുളളപ്പോഴാണ് എഡിജിപി അതു ലംഘിച്ച് മലകയറിയത്. ചരക്കുനീക്കത്തിനു മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവു എന്നാണ് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം. മുമ്പും ശബരിമലയിലെത്തുമ്പോള്‍ എഡിജിപി സമാനരീതിയില്‍ യാത്ര ചെയ്തിട്ടുണ്ടെന്നാണ് വിവരം.
പമ്പ-സന്നിധാനം റൂട്ടില്‍ ചരക്കുനീക്കത്തിന് മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവൂ എന്നും ഡ്രൈവറല്ലാതെ മറ്റൊരാളും അതില്‍ ഉണ്ടാകാന്‍ പാടില്ലെന്നും 12 വര്‍ഷം മുമ്പ് ഹൈക്കോടതി വിധിച്ചതാണ്. വൈകീട്ട് ആറുമണിയോടെയാണ് എഡിജിപി പമ്പയിലെത്തിയത്. പമ്പ ഗണപതിക്ഷേത്രത്തില്‍ തൊഴുതശേഷം അദ്ദേഹം സ്വാമി അയ്യപ്പന്‍ റോഡ് വഴി കുറച്ചുദൂരം നടന്നു. ഈ റോഡിനെ മുറിച്ചുകടക്കുന്ന ചെറിയ അരുവി കഴിഞ്ഞ് ഒന്നാംവളവിന് അടുത്തുവെച്ചാണ് പോലീസിന്റെ ഉടമസ്ഥതയിലുള്ള ട്രാക്ടറിലേക്ക് കയറിയത്. ഇവിടെനിന്ന് സന്നിധാനം വരെയുള്ള ഭാഗത്ത് സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കുന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ സിസിടിവിയിലും യാത്രയുണ്ടെന്നാണ് പോലീസ് എഫ് ഐ ആര്‍. സന്നിധാനത്ത് യു ടേണിനു മുമ്പ് ചെരിപ്പുകള്‍ സൂക്ഷിക്കുന്ന സ്ഥലത്ത് ട്രാക്ടര്‍ നിര്‍ത്തി.
അവിടെ എഡിജിപി ഇറങ്ങി. പിന്നീട് നടന്നാണ് പോയത്. യു ടേണ്‍ മുതല്‍ ദേവസ്വംബോര്‍ഡിന്റെ സിസിടിവി ക്യാമറയുണ്ട്. ഞായറാഴ്ച നവഗ്രഹ പ്രതിഷ്ഠാച്ചടങ്ങുകളില്‍ പങ്കെടുത്തശേഷം എഡിജിപി, വൈകീട്ടോടെ ചെരിപ്പ് സൂക്ഷിക്കുന്ന സ്ഥലത്ത് എത്തി ട്രാക്ടറില്‍ പമ്പയിലേക്ക് തിരിച്ചു. സ്വാമി അയ്യപ്പന്‍ റോഡില്‍ ഒന്നാം വളവില്‍ത്തന്നെ വന്നിറങ്ങി പമ്പയിലേക്ക് നടന്നു. അയ്യപ്പന്‍മാരെ കസേരയിലിരുത്തി ചുമത്ത് സന്നിധാനത്തെത്തിക്കുന്ന ഡോളി തൊഴിലാളികളാണ്, ട്രാക്ടറുകളില്‍ യാത്രക്കാരെ കൊണ്ടുപോകുന്നത് 12 വര്‍ഷം മുമ്പ് ഹൈക്കോടതിയില്‍ ഹര്‍ജിയായി എത്തിച്ചത്. പണം വാങ്ങി സ്വാമിമാരെ കൊണ്ടുപോകുന്നത് തങ്ങളുടെ വരുമാനത്തെ ബാധിക്കുന്നു എന്നായിരുന്നു അവരുടെ വാദം.