40 ഏക്കര്‍ സ്ഥലത്തില്‍ സമ്മര്‍ദം ചെലുത്തി 20 ഏക്കര്‍ അവിടുത്തെ പ്രധാന കുടുംബക്കാര്‍ 18 ലക്ഷം രൂപക്ക് കൈപ്പറ്റി; ശേഷിച്ച 20 ഏക്കറും കൈമാറണമെന്ന് സമ്മര്‍ദ്ദം; മുത്തച്ഛന്‍ മരിച്ചപ്പോള്‍ ഭീഷണി അച്ഛന് നേരെ; ഗുണ്ടക്കല്ലൂരില്‍ ബൈക്കില്‍ ലോറിയിടിച്ച് ജോയി മരിച്ചു; അനീഷിന്റെ വാക്കുകളിലുള്ളത് കൊലപാതക സാധ്യത തന്നെ; ധര്‍മസ്ഥലയില്‍ സര്‍വ്വത്ര ദുരൂഹത
ധര്‍മസ്ഥല: ധര്‍മസ്ഥലയില്‍ സ്ത്രീകളെ കൊലപ്പെടുത്തി കുഴിച്ചിട്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ, പിതാവിന്റെ ദുരൂഹ മരണവും അന്വേഷിക്കണമെന്ന ആവശ്യം ശക്തം. കെ ജെ ജോയി ധര്‍മസ്ഥലയില്‍ ഏഴുവര്‍ഷം മുമ്പ് വാഹനാപകടത്തില്‍ മരിച്ചിരുന്നു. ഇത് അന്വേഷിക്കണം എന്നതാണ് ഇടുക്കി സ്വദേശി കെ പി അനീഷിന്റെ ആവ്യം. അനീഷിന്റെ അച്ഛനാണ് ജോയി. ധര്‍മസ്ഥല പ്രത്യേക സംഘ (എസ്‌ഐടി) ത്തിന്റെ അന്വേഷണത്തില്‍ ഇക്കാര്യവും ഉള്‍പ്പെടുത്തണം. മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ തളിപ്പറമ്പ് പൊലീസിലും പരാതി നല്‍കി. കര്‍ണാടക ഹൈക്കോടതിയെ സമീപിക്കുമെന്നും പറഞ്ഞു. മുത്തച്ഛന്റെ കാലത്ത് ഇടുക്കിയില്‍നിന്ന് ധര്‍മസ്ഥലയിലേക്ക് കുടിയേറിയതാണ് അനീഷിന്റെ കുടുംബം.
കര്‍ണാടകയിലെ ധര്‍മ്മസ്ഥലയില്‍ മലയാളികളടക്കം നൂറുകണക്കിന് സ്ത്രീകള്‍ കൊലചെയ്യപ്പെട്ടുവെന്ന് ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയ സംഭവത്തില്‍ സമഗ്രാ ന്വേഷണം വേണമെന്നും ഇരകള്‍ക്ക് നീതി ലഭ്യമാക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്. ഏകദേശം 450-ലധികം പേരെ ചിലരുടെ നിര്‍ദ്ദേശപ്രകാരം കുഴിച്ചുമൂടിയിട്ടുണ്ടെന്നും ഇതില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടികളും യുവതികളുമുണ്ടെന്നും ധര്‍മസ്ഥലയിലെ ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്നതാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നിരവധി സ്ത്രീകളെ ലൈംഗീക ചൂഷണത്തിനിരയാക്കി കൊന്നു കുഴിച്ചുമൂടിയ ഭയാനകരമായ സംഭവത്തില്‍ ഭരണകര്‍ത്താക്കളും മാധ്യമങ്ങളും സാംസ്‌കാരിക പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ മൗനം തുടരുകയും ചെയ്യുന്നു. ഇതിനിടെയാണ് അനീഷും വെളിപ്പെടുത്തലുമായി എത്തുന്നത്. ജോയിയുടെ മരണവും ദുരൂഹമാണെന്ന് അനീഷിന്റെ വെളിപ്പെടുത്തലില്‍ വ്യക്തമാണ്.
40 ഏക്കര്‍ സ്ഥലം ധര്‍മസ്ഥലയില്‍ ഉണ്ടായിരുന്നു. സമ്മര്‍ദം ചെലുത്തി അതില്‍ 20 ഏക്കര്‍ അവിടുത്തെ പ്രധാന കുടുംബക്കാര്‍ 18 ലക്ഷം രൂപക്ക് കൈപ്പറ്റി. ശേഷിച്ച 20 ഏക്കറും കൈമാറണമെന്ന് സമ്മര്‍ദമുണ്ടായെങ്കിലും വഴങ്ങിയില്ല. ഇതിന്റെ പേരില്‍ ഭീകര മര്‍ദനവുമുണ്ടായി. മുത്തച്ഛന്റെ മരണശേഷം, അനീഷിന്റെ അച്ഛന്‍ കെ ജെ ജോയിയെ പ്രതിസന്ധിയിലാക്കി. 20 ഏക്കറിന്റെ കൂടി രേഖകള്‍ കൈമാറി 18 ലക്ഷം രൂപ വാങ്ങി സ്ഥലംവിടണം എന്നാവശ്യപ്പെട്ടു. കോടികള്‍ വില വരുന്ന സ്ഥലം കൈമാറില്ല എന്ന് ജോയി ആവര്‍ത്തിച്ചു. സമ്മര്‍ദം തുടര്‍ന്നതോടെ കുടുംബം ബള്‍ത്തങ്ങാടിയിലേക്ക് താമസം മാറി. 2018 ഏപ്രില്‍ അഞ്ചിന് ഗുണ്ടക്കല്ലൂരില്‍ ബൈക്കില്‍ ലോറിയിടിച്ച് ജോയി മരിച്ചു. ഇതിന് പിന്നില്‍ വന്‍ ഗൂഡാലോചനയുണ്ടെന്ന് അനീഷ് പറയുന്നു.
സംഭവം കണ്ട പെണ്‍കുട്ടിയുടെ മൊഴിയും സിസിടിവിയും പ്രകാരം, അത് ബോധപൂര്‍വമായ അപകടമാണെന്ന് അനീഷ് ആരോപിക്കുന്നു. പിന്നില്‍നിന്ന് ഇടിച്ച ലോറിക്ക് രേഖകളൊന്നുമില്ലെന്നും രണ്ടു ദിവസത്തിനകം പൊലീസ് വിട്ടുകൊടുത്തതായും ആരോപിക്കുന്നു. അപകടത്തിന് ഒരാഴ്ച മുമ്പ് സ്ഥലം കൈമാറാന്‍ സമ്മര്‍ദം ചെലുത്തി ഏജന്റുമാര്‍ വന്നിരുന്നതായും അനീഷ് പറഞ്ഞു. ഇപ്പോഴും ധര്‍മസ്ഥലയിലെ സ്ഥലത്തിന്റെ രേഖകള്‍ കൈവശമുണ്ടെങ്കിലും അങ്ങോട്ട് പോകാന്‍ പറ്റാത്തതിനാല്‍ കുടുംബസമേതം തളിപ്പറമ്പിലാണ് താമസമെന്നും അനീഷ് പറയുന്നു. ധര്‍മ്മസ്ഥല കൊലപാതകത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ ശക്തമാണ്.
അതിനിടെ ധര്‍മ്മസ്ഥല വെളിപ്പെടുത്തലില്‍ മുഖ്യസാക്ഷിയുടെ മൊഴി അന്വേഷണ സംഘം ഇന്നും രേഖപ്പെടുത്തും. വിശദമായ പരിശോധനകള്‍ക്ക് ശേഷം മാത്രമേ മൃതദേഹം സംസ്‌കരിച്ചുവെന്ന് പറയുന്ന സ്ഥലത്ത് കുഴിച്ചു പരിശോധന ഉള്‍പ്പെടെ നടത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ. മംഗലാപുരത്ത് പ്രത്യേക അന്വേഷണ സംഘത്തിന്റെ ക്യാമ്പ് ഓഫീസിലെത്തിയാണ് മുഖ്യസാക്ഷിയായ മുന്‍ ശുചീകരണ തൊഴിലാളി മൊഴി നല്‍കിയത്. ശനിയാഴ്ച എട്ടുമണിക്കൂര്‍ നേരം അന്വേഷണസംഘത്തിന് മുന്നില്‍ മൊഴി നല്‍കിയതിന് പിന്നാലെയാണ് ഞായറാഴ്ചയും മൊഴി നല്‍കാനെത്തിയത്. അഭിഭാഷക സംഘത്തിനൊപ്പം ശക്തമായ സുരക്ഷയിലാണ് മുഖ്യസാക്ഷിയെത്തിയത്.
പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ നിര്‍ണായക വിവരങ്ങള്‍ മുഖ്യസാക്ഷി കൈമാറി. ധര്‍മ്മസ്ഥലയില്‍ നാല് കിലോമീറ്റര്‍ ചുറ്റളവില്‍ മൃതദേഹങ്ങള്‍ കുഴിച്ചിട്ടുവെന്നാണ് മൊഴി. ഈ സ്ഥലങ്ങളുടെ കൃത്യമായ വിവരം മുന്‍ ശുചീകരണ തൊഴിലാളി കൈമാറിയിട്ടുണ്ട്. സ്‌കൂള്‍ യൂണിഫോമിലുള്ള വിദ്യാര്‍ഥിനികളെയടക്കം നൂറിലധികം പേരെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്നായിരുന്നു മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തല്‍. മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയെന്ന് അവകാശപ്പെടുന്ന പ്രദേശത്ത് ആദ്യഘട്ടത്തില്‍ മണ്ണിടനിയിലെ ശരീരാവശിഷ്ടങ്ങളുണ്ടോയെന്ന് ശാസ്ത്രീയമായ പരിശോധന നടത്താനാണ് തീരുമാനം. അതിനുശേഷം മാത്രമേ കുഴിച്ചു പരിശോധന ഉള്‍പ്പെടെ നടത്തണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ.
മംഗളൂരുവില്‍ കദ്രി പാര്‍ക്കിന് സമീപമുള്ള ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവിലാണ് അന്വേഷണസംഘത്തിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ബെല്‍ത്തങ്ങാടിയിലും അന്വേഷണസംഘം ക്യാമ്പ് ഓഫീസ് തുറക്കും. ഡിജിപി പ്രണവ് മൊഹന്തിയുടെ നേതൃത്വത്തില്‍ ഫോറന്‍സിക് വിദഗ്ധരടക്കം ഉള്‍പ്പെടുന്ന 20 അംഗ പ്രത്യേക സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്.