ധര്‍മസ്ഥലത്തെ അധര്‍മങ്ങള്‍ സംവിധാനങ്ങളെയും ഭയപ്പെടുത്തുന്നോ? പ്രത്യേക അന്വേഷണ സംഘത്തില്‍ നിന്ന് ഡി.സി.പി സൗമ്യലത പിന്മാറി; പകരം ഉദ്യോഗസ്ഥയെ ഉള്‍പ്പെടുത്തുമെന്ന് ആഭ്യന്തര മന്ത്രി; 'നേത്രാവതി പുഴയോട് ചേര്‍ന്ന് വനമേഖലയില്‍ ഒട്ടേറെ മൃതദേഹങ്ങള്‍ കുഴിച്ചുമൂടി, അധികവും പെണ്‍കുട്ടികള്‍'; ദൃക്സാക്ഷിയുടെ മൊഴിയുടെ വിശദാംശങ്ങളും പുറത്ത്

ദൃക്സാക്ഷിയുടെ മൊഴിയുടെ വിശദാംശങ്ങളും പുറത്ത്

Update: 2025-07-24 09:35 GMT

മംഗളൂരു: ദക്ഷിണ കന്നടയിലെ ധര്‍മ്മസ്ഥലയില്‍ നടന്ന കൂട്ടക്കൊലയുടെയും ദുരൂഹമായ തിരോധാനങ്ങളുടെയും ഭയപ്പെടുത്തുന്ന വിവരങ്ങള്‍ പുറത്തു രാജ്യം നടുങ്ങുന്ന അവസ്ഥയിലാണ്. കേസിനെ കുറിച്ച് അന്വേഷിക്കുന്നതില്‍ പലര്‍ക്കും താല്‍പ്പര്യക്കുറവും പ്രകടമാണ്. കേസ് അന്വേഷണത്തില്‍ നിന്നും എങ്ങനെ തടിയൂരാം എന്ന ആലോചനയാണ് പല ഉദ്യോസ്ഥരും. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നൂറിലേറെ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങള്‍ നിര്‍ബന്ധത്തിന് വഴങ്ങി കുഴിച്ചുമൂടിയെന്ന ശുചീകരണ ജീവനക്കാരന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) സര്‍ക്കാര്‍ രൂപവത്കരിരുന്നു.

ഇതിന് തൊട്ടുപിന്നാലെ ഡി.ജി.പി പ്രണവ് മൊഹന്തിയെ തലവനാക്കി രൂപീകരിച്ച അന്വേഷണ സംഘത്തില്‍ നിന്ന് സി.എ.ആര്‍ സെന്‍ട്രല്‍ ഡി.സി.പി സൗമ്യ ലത പിന്മാറി. ആഭ്യന്തര മന്ത്രി ജി. പരമേശ്വര പിന്മാറ്റം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു. മറ്റൊരാളെ സംഘത്തില്‍ ഉള്‍പ്പെടുത്തുമെന്നും അറിയിച്ചു. പിന്മാറ്റത്തിനിടയാക്കിയ കാരണം ദുരൂഹമാണ്. ദക്ഷിണ കന്നഡ ജില്ലയിലെ ധര്‍മസ്ഥല പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ (നമ്പര്‍ 39/2025) അന്വേഷണത്തിന് വിവിധ കോണുകളില്‍ നിന്നുയര്‍ന്ന ആവശ്യം പരിഗണിച്ച് ജൂലൈ 20നാണ് സംസ്ഥാന സര്‍ക്കാര്‍ ആഭ്യന്തര സുരക്ഷ വിഭാഗം ഡി.ജി.പി പ്രണവ് മൊഹന്തിയെ തലവനാക്കി എസ്.ഐ.ടി രൂപവത്കരിച്ചത്.

ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉഡുപ്പി, ചിക്കമഗളൂരു ജില്ലകളില്‍ സേവനം ചെയ്യുന്ന പൊലീസ് ഓഫിസര്‍മാരെ കൂടുതല്‍ ഉള്‍പ്പെടുത്തി കര്‍ണാടക പൊലീസ് ഡയറക്ടര്‍ ജനറല്‍ ഡോ. എം.എ. സലീം ബുധനാഴ്ച ഉത്തരവ് പുറപ്പെടുവിച്ചു. മംഗളൂരു ഡി.സി.ആര്‍.ബി എസ്.പി സി.എ സൈമണ്‍, ഉഡുപ്പി ഡി.എസ്.പി എ.സി. ലോകേഷ് (ദക്ഷിണ കന്നഡ ഡി.എസ്.പി മഞ്ജുനാഥ്, സി.സി.ബി ഇന്‍സ്‌പെക്ടര്‍മാരായ മഞ്ജുനാഥ്, ഇ.സി. സമ്പത്ത്, കെ. കുസുമാധര്‍, ഉഡുപ്പി ബൈന്ദൂര്‍ ഇന്‍സ്‌പെക്ടര്‍ മഞ്ജുനാഥ് ഗൗഡ, സി.സി.ബി എസ്.ഐമാരായ കോകില നായക്, വയലറ്റ് ഫെമിന, ശിവശങ്കര്‍, ഉത്തര കന്നഡ സിര്‍സി വനിത സ്റ്റേഷന്‍ എസ്.ഐ രാജ് കുമാര്‍ ഉക്കാലി, അങ്കോള ക്രൈം എസ്.ഐ ആര്‍. സുഹാസ്, മംഗളൂരു മെസ്‌കോം എസ്.ഐ എം.ജെ. വിനോദ്, ഉഡുപ്പി ടൗണ്‍ എ.എസ്.ഐ സുഭാഷ് കാമത്ത്, സര്‍ക്കിള്‍ ഹെഡ് കോണ്‍സ്റ്റബിള്‍മാരായ ഹരീഷ് ബാബു, പ്രകാശ്, നാഗരാജ്, ദേവരാജ് എന്നിവരെയാണ് എസ്.ഐ.ടിയിലേക്ക് പുതുതായി നിയമിച്ചത്. റിക്രൂട്ട്‌മെന്റ് ഡി.ഐ.ജി എം.എന്‍. അനുചേത്, ആഭ്യന്തര സുരക്ഷ വിഭാഗം എസ്.പി ജിതേന്ദ്ര കുമാര്‍ ദയാമ എന്നിവരെയാണ് തുടക്കത്തില്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

അതേസമയം ധര്‍മ്മസ്ഥലയില്‍ നടന്നുവെന്ന് പറയപ്പെടുന്ന കൂട്ടക്കൊലയില്‍ നിര്‍ണായ സാക്ഷിമൊഴിയുടെ കൂടുതല്‍ വിവരങ്ങളും പുറത്തുവന്നു. ധര്‍മ്മസ്ഥലയില്‍ ഒട്ടേറെ മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയെന്നാണ് സാക്ഷിമൊഴി. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒപ്പം പുരുഷന്മാരും കൊല്ലപ്പെട്ടുവെന്നാണ് പോലീസിന് ശുചീകരണ തൊഴിലാളി നല്‍കിയ മൊഴി. പല കൊലപാതകങ്ങളും നേരിട്ട് കണ്ടെന്നും മറവ് ചെയ്തില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇയാളുടെ മൊഴിയില്‍ പറയുന്നു.

നൂറിലധികം മൃതദേഹങ്ങള്‍ നേത്രാവതി പുഴയോട് ചേര്‍ന്ന് വനമേഖലയില്‍ താന്‍ അടക്കം ചെയ്തിട്ടുണ്ടെന്നാണ് ശുചീകരണ തൊഴിലാളി പറയുന്നത്. 1995 മുതല്‍ 2014 വരെയുള്ള കാലത്ത് ഇത്തരത്തില്‍ മൃതദേഹങ്ങള്‍ അടക്കം ചെയ്തിട്ടുണ്ട്. ചിലത് കത്തിച്ചുകളയുകയായിരുന്നുവെന്നാണ് ഇയാള്‍ പറയുന്നത്. കുറ്റബോധം കൊണ്ടാണ് ഇപ്പോള്‍ പരാതിമായി എത്തിയിരിക്കുന്നതെന്നാണ് ഇയാള്‍ മൊഴിയില്‍ പറയുന്നത്. കൊലപാതകങ്ങള്‍ നേരില്‍ കണ്ടതായും മൃതദേഹങ്ങള്‍ അടക്കം ചെയ്തില്ലെങ്കില്‍ കൊല്ലുമെന്ന ഭീഷണിയും ഉണ്ടായിരുന്നുവെന്നും ശുചീകരണ തൊഴിലാളി പറയുന്നു. ഇത്രയും കാലം ചുമന്ന ഓര്‍മകളുടെയും വേദനയുടെയും ഭാരം തനിക്കിനി താങ്ങാനാകില്ലെന്നും ഇയാള്‍ പറയുന്നു. കൊല്ലപ്പെട്ട പുരുഷന്മാരുടെയും ബലാത്സംഗത്തിനിരയായ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും വിവരങ്ങള്‍ എത്രയും പെട്ടെന്ന് അന്വേഷിക്കണമെന്നും ഇയാള്‍ ആവശ്യപ്പെടുന്നു.

കഴിഞ്ഞ 11 വര്‍ഷമായി ജീവഭയം കാരണം ഭാര്യയെയും മക്കളെയുമായി അയല്‍ സംസ്ഥാനത്ത് ഒളിവില്‍ കഴിയുകയാണെന്നും ഇയാള്‍ പറയുന്നു. ധര്‍മ്മസ്ഥലയില്‍ നിന്ന് ഏറെ ദൂരെയാണെങ്കിലും താനും തന്റെ കുടുംബവും എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാമെന്നും ഇയാള്‍ മൊഴിയില്‍ പറയുന്നുണ്ട്. 1995 മുതല്‍ 2014 വരെയുള്ള കാലയളവില്‍ ഒട്ടേറെ മൃതദേഹങ്ങള്‍ താന്‍ പോലീസിനെ അറിയിക്കാതെ സംസ്‌കരിച്ചിട്ടുണ്ടെന്ന് ഇയാള്‍ വെളിപ്പെടുത്തുന്നു. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളുടേതായിരുന്നു ഒട്ടേറെ സ്ത്രീ മൃതദേഹങ്ങള്‍ വസ്ത്രങ്ങളോ അടിവസ്ത്രങ്ങളോ ഇല്ലാതെ കണ്ടെത്തി. ചിലതില്‍ ലൈംഗികാതിക്രമത്തിന്റെയും അക്രമത്തിന്റെയും വ്യക്തമായ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

മൃതദേഹങ്ങള്‍ കണ്ടെത്തിയ പ്രത്യേക സ്ഥലങ്ങളിലേക്ക് ജോലിസ്ഥലത്തെ സൂപ്പര്‍വൈസര്‍മാര്‍ എന്നെ വിളിക്കുമായിരുന്നു. പലപ്പോഴും ഈ മൃതദേഹങ്ങള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെയോ സ്ത്രീകളുടെയോ ആയിരുന്നു. മാത്രവുമല്ല, അവര്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നു. ചില മൃതദേഹങ്ങളില്‍ ആസിഡുമൂലം പൊള്ളലേറ്റ പാടുകള്‍ ഉണ്ടായിരുന്നു. 2010-ല്‍ സൂപ്പര്‍വൈസര്‍മാര്‍ കല്ലേരിയിലെ ഒരു പെട്രോള്‍ പമ്പില്‍നിന്ന് ഏകദേശം 500 മീറ്റര്‍ അകലെയുള്ള ഒരു സ്ഥലത്തേക്ക് എന്നെ അയച്ചു അവിടെ 12-നും 15-നും ഇടയില്‍ പ്രായമുള്ള കൗമാരക്കാരിയുടെ മൃതദേഹം കണ്ടെത്തി. അവള്‍ സ്‌കൂള്‍ യൂണിഫോമില്‍ ആയിരുന്നു. അവളുടെ വസ്ത്രവും അവളുടെ സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ അടക്കം തനിക്ക് കുഴിച്ചിടേണ്ടി വന്നു. അവളുടെ കഴുത്തില്‍ ഒരു ശ്വാസം മുട്ടിയ പാടുണ്ടായിരുന്നു. ഒരു കുഴി കുഴിച്ചാണ് താന്‍ ഇത് ചെയ്തതതെന്നും മൊഴിയിലുണ്ട്.

മാത്രവുമല്ല, 20 വയസ്സുള്ള മറ്റൊരു യുവതിയുടെ മൃതദേഹം ആസിഡി ഒഴിച്ച് കത്തിച്ചിരുന്നു. മൃതദേഹം ഒരു പത്രം കൊണ്ട് മൂടിയിരുന്നു. അവളുടെ മൃതദേഹം കുഴിച്ചിടുന്നതിനു പകരം സൂപ്പര്‍വൈസര്‍മാര്‍ അവളുടെ ഷൂവും മറ്റും വസ്ത്രങ്ങളും ശേഖരിച്ച് കത്തിക്കാന്‍ തന്നോട് ആവശ്യപ്പെട്ടു. ധര്‍മ്മസ്ഥല പ്രദേശത്തെ യാചകരായ പുരുഷന്മാരെ ആസൂത്രിതമായി കൊലപ്പെടുത്തിയ സംഭവങ്ങള്‍ക്കും താന്‍ സാക്ഷിയായിട്ടുണ്ടെന്ന നടുക്കുന്ന വെളിപ്പെടുത്തലാണ് മൊഴിയിലുള്ളത്.

Tags:    

Similar News