ഒറ്റ അസ്ഥികൂടവും കിട്ടാത്തതിനെ തുടര്‍ന്ന് കുഴിക്കല്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതായി കന്നഡ മാധ്യമങ്ങള്‍; നിരവധി തലയോട്ടികളും അസ്ഥികളും കിട്ടിയിട്ടുണ്ടെന്ന് ഇന്ത്യാ ടുഡെയും ന്യൂസ് 18നും; ഒന്നും വെളിപ്പെടുത്താതെ എസ്ഐടി; ധര്‍മ്മസ്ഥലയില്‍ അടിമുടി അവ്യക്തതയും ദുരൂഹതയും
ധര്‍മ്മസ്ഥലയില്‍ അടിമുടി അവ്യക്തതയും ദുരൂഹതയും
ബെംഗളൂരു: ഹോളിവുഡ് സിനിമകളെ പോലും അമ്പരപ്പിക്കുന്ന രീതിയിലായിരുന്നു, കര്‍ണ്ണാടകയിലെ ധര്‍മ്മസ്ഥല ശ്രീ മഞ്ജുനാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍. കൈയും കാലും വെട്ടിയതും മാനംഭംഗം ചെയ്യപ്പെട്ടതുമായ പെണ്‍കുട്ടികളുടെതടക്കം നൂറോളം മൃതദേഹങ്ങള്‍ താന്‍ അടക്കം ചെയ്തുവെന്ന് ക്ഷേത്രത്തിലെ മുന്‍ ശുചീകരണത്തൊഴിലാളി വെളിപ്പെടുത്തിയപ്പോള്‍, ഇന്ത്യ നടുങ്ങി. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ശുചീകരണത്തൊഴിലാളി പറഞ്ഞ് സ്ഥലത്ത് കുഴിക്കലും ആരംഭിച്ചിരുന്നു.
13 പോയിന്റുകളായി വേര്‍തിരിച്ച് നടത്തിയ കുഴിച്ചിലില്‍, നൂറോളം അസ്ഥികളും നിരവധി തലയോട്ടികളും കണ്ടെത്തിയെന്നാണ് ഇന്ത്യാ ടുഡെയും ന്യൂസ് 18നും പറയുന്ന്. ഇത് ആക്ഷന്‍ കമ്മറ്റി ഭാരവാഹികളും ശരിവെക്കുന്നു. എന്നാല്‍ ഒറ്റ അസ്ഥി പോലും കിട്ടിയിട്ടില്ലെന്നും, ഇപ്പോള്‍ കുഴിക്കല്‍ നടക്കുന്ന 13-ാം പോയിന്റില്‍ നിന്നും മൃതദേഹ അവശിഷ്ടങ്ങള്‍ ഒന്നും കിട്ടിയില്ലെങ്കില്‍, തിരച്ചില്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ എസ്ഐടിക്ക് നിര്‍ദേശം നല്‍കിയെന്നുമാണ കന്നഡ മാധ്യമങ്ങള്‍ പറയുന്നത്. ഇതില്‍ ഏതാണ് ശരിയെന്നും ഇനിയും വ്യക്തമല്ല. എസ്്ഐടി ഉദ്യോഗസ്ഥരാവട്ടെ ഒരു കാര്യവും മാധ്യമങ്ങളോട് പ്രതികരിക്കുന്നുമില്ല.
13-ാം പോയിന്റില്‍ നിന്ന് ഒന്നും കിട്ടിയില്ല
സാക്ഷിയുടെ മൊഴി അനുസരിച്ച് ഏറ്റവും കൂടുതല്‍ മൃതദേഹം കിട്ടണ്ടേത് ഇപ്പോള്‍ കുഴിച്ചില്‍ നടക്കുന്ന 13-ാം പോയിന്റില്‍ നിന്നാണ്. എന്നാല്‍ ഇവിടെ നിന്ന് യാതൊന്നും കിട്ടിയിട്ടില്ല എന്നാണ് വിവരം. അതുകൊണ്ടുതന്നെ ഖനനം ഒന്നോ രണ്ടോ ദിവസത്തിനകം തീരുമെന്ന് ഉറപ്പായിട്ടുണ്ട്. സാക്ഷി പറഞ്ഞ പ്രകാരമുള്ള മൃതദേഹ അവശിഷ്ടങ്ങള്‍ കിട്ടിയിട്ടില്ലെങ്കിലും, കുറേയേറെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെടുത്തതായി ആക്ഷന്‍ കമ്മിറ്റി പറയുന്നുണ്ട്.
്മൃതദേഹങ്ങള്‍ കുഴിച്ചിട്ടുവെന്ന് പറയുന്ന നേത്രാവതി നദിക്കര 13 ഭാഗങ്ങളാക്കി തിരിച്ചാണ് പരിശോധന നടത്തുന്നത്. സൈറ്റ് നമ്പര്‍ 6ല്‍ നിന്ന് ഒരു അസ്ഥികൂടം ലഭിച്ചുവെന്ന് ആക്ഷന്‍ കമ്മിറ്റിയും ഇരകളുടെ അഭിഭാഷകനും പറഞ്ഞിരുന്നു. അതിനുശേഷം 11നടുത്തുനിന്നാണ് കൂടുതല്‍ മൃതദേഹ അവശിഷ്ടങ്ങള്‍ കിട്ടുന്നത്. കണ്ടെത്തിയ അസ്ഥികളില്‍ അഞ്ചെണ്ണം പല്ല്, ഒന്ന് താടിയെല്ല്, രണ്ട് തുടയെല്ല്, ബാക്കി ഉള്ളവ പൊട്ടിയ നിലയില്‍ ഉള്ള അസ്ഥിഭാഗങ്ങളാണ്. ബാക്കിയുള്ള ഭാഗങ്ങള്‍ ഏതൊക്കെ എന്ന് തിരിച്ചറിയാന്‍ വിശദമായി ഫോറന്‍സിക് പരിശോധന നടത്തുമെന്നാണ് അന്ന് പറഞ്ഞുകേട്ടിരുന്നത്. പതിനൊന്നാമത്തെ പോയിന്റില്‍ നിന്ന് മാറി നടന്ന തിരിച്ചലിലാണ് ഏറ്റവും കൂടുതല്‍ അസ്ഥികള്‍ കണ്ടെത്തിയത്. ഇങ്ങനെ കാട്ടില്‍ മൂന്ന് മീറ്റര്‍ കുഴിച്ചപ്പേഴാണ് നിരവധി അസ്ഥികൂടങ്ങള്‍ കണ്ടെത്തിയെന്നാണ് പറയുന്നത്. എന്നാല്‍ എസ്ഐടി ഇതൊന്നും സ്ഥിരീകരിച്ചിട്ടില്ല.
ഹെഗ്ഡെക്ക് പിന്തുണയുമായി പാര്‍ട്ടികള്‍
ധര്‍മ്മസ്ഥലയിലെ ധര്‍മ്മാധികാരി ഡോ വീരേന്ദ്ര ഹെഗ്ഡെയെയാണ് ആക്ഷന്‍ കമ്മറ്റി അടക്കമുള്ളവര്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്. എന്നാല്‍ തനിക്ക് സംഭവങ്ങളുമായി ബന്ധമൊന്നുമല്ല എന്ന വീരേന്ദ്ര ഹെഗ്ഡെ പ്രതികരിച്ചത്. വീരേന്ദ്ര ഹെഗ്ഗഡെയ്ക്ക് പിന്തുണയുമായി ഭരണകക്ഷിയായ കോണ്‍ഗ്രസും പ്രതിപക്ഷമായ ബിജെപിയും രംഗത്തുണ്ട്. ധര്‍മസ്ഥലയില്‍ കൊലപാതക പരമ്പര ആരോപണങ്ങളുടെ പിന്നില്‍ കേരള സര്‍ക്കാരാണെന്ന് കുറ്റപ്പെടുത്തിക്കൊണ്ടാണ് കര്‍ണാടക പ്രതിപക്ഷ നേതാവ് ആര്‍ അശോക രംഗത്ത് വന്നത്. ധര്‍മ്മസ്ഥല വിഷയത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ മംഗളൂരുവില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.
1980കള്‍ മുതല്‍ക്കു തന്നെ ധര്‍മ്മസ്ഥലയില്‍ ഇത്തരം കൂട്ട കൊലപാതകങ്ങള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഈ കൊലപാതകങ്ങള്‍ക്കെതിരെ സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധങ്ങള്‍ നാല് പതിറ്റാണ്ടിലധികമായി നടന്നു വരുന്നുണ്ട്. 1987ല്‍ പത്മലത എന്ന 17കാരിയെ ബലാല്‍സംഗം ചെയ്ത് കൊന്ന സംഭവവുമായി ബന്ധപ്പെട്ട് വലിയൊരു പ്രതിഷേധ പ്രകടനം നടന്നു. 2012ല്‍ സൗജന്യ എന്ന പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം കര്‍ണാടകത്തിലാകമാനം പ്രതിഷേധങ്ങളുയര്‍ത്തി. 2003ല്‍ അനന്യ ഭട്ട് എന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ കാണാതായപ്പോഴും സമരങ്ങളും നിവേദനങ്ങളുമെല്ലാം ഉണ്ടായി. എന്നാല്‍, ഈ വിഷയത്തില്‍ പ്രദേശത്തെ ശക്തരായ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ജനങ്ങള്‍ക്ക് പുറംതിരിഞ്ഞ് നില്‍ക്കുന്നതാണ് കാണാനായത്.
ധര്‍മ്മസ്ഥല ആക്ഷന്‍ കമ്മറ്റി അംഗം ജയന്ത് ടി മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ അദ്ദേഹം വിവരിക്കുന്ന നിരവധി സംഭവങ്ങളുണ്ട്. ശ്രീ ധര്‍മ്മസ്ഥല മഞ്ജുനാഥേശ്വര കോളേജിലെ വേദവല്ലി എന്ന ടീച്ചറെ തീ കൊളുത്തി കൊന്ന സംഭവവും അത് കണ്ട അവരുടെ കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവവുമെല്ലാം ഇക്കൂട്ടത്തില്‍ പെടുന്നു. യമുന, പത്മലത തുടങ്ങിയ നിരവധി പേരുകള്‍ക്കൊപ്പം പേരറിയാത്ത നൂറുകണക്കിനാളുകളുടെ ശവപ്പറമ്പാണ് ധര്‍മ്മസ്ഥല എന്നാണ് ജയന്ത് ടി പറയുന്നത്. എത്രപേര്‍ കൊല്ലപ്പെട്ടിരിക്കും എന്ന ചോദ്യത്തിന് ആയിരമോ രണ്ടായിരമോ ഉണ്ടായിരിക്കും എന്ന ജയന്തിന്റെ മറുപടി. പക്ഷേ ഇപ്പോഴും കാണാതായവര്‍ എവിടെ എന്ന് കണ്ടെത്താന്‍ പൊലീസിനായിട്ടില്ല.