'ഞങ്ങള്‍ ധര്‍മ്മസ്ഥലയ്ക്കും ധര്‍മ്മാധികാരിക്കും ഒപ്പം'; ഡോ വീരേന്ദ്ര ഹെഗ്ഗഡെയെ പിന്തുണച്ച് പ്ലക്കാര്‍ഡുകളുമായി നൂറുകണക്കിന് വിശ്വാസികള്‍; മഞ്ജുനാഥ ഭക്തരുടെ കൂട്ടായ്മയില്‍ കര്‍ണ്ണാടകയിലെങ്ങും പ്രതിഷേധങ്ങള്‍; ക്ഷേത്രത്തെയും സനാതന ധര്‍മ്മത്തെയും തകര്‍ക്കാന്‍ നീക്കമെന്ന് വിശ്വാസികള്‍
മഞ്ജുനാഥ ഭക്തരുടെ കൂട്ടായ്മയില്‍ കര്‍ണ്ണാടകയിലെങ്ങും പ്രതിഷേധങ്ങള്‍
ബെംഗളൂരു: കര്‍ണ്ണാടകയിലെ പ്രശസ്തമായ ധര്‍മ്മസ്ഥല ശ്രീ മഞ്ജുനാഥ ക്ഷേത്രത്തിലെ ദുരൂഹമരണങ്ങളില്‍ എസ്ഐടി അന്വേഷണം നടക്കവെ, ക്ഷേത്രത്തിനും ട്രസ്റ്റികള്‍ക്കും പിന്തുണയുമായി കര്‍ണ്ണാടകയിലെങ്ങും ഭക്തജന കൂട്ടായ്മകളുടെ പ്രതിഷേധങ്ങള്‍. ഇത്രയും കാലം നേത്രാവദി നദിക്കരയില്‍ കുഴിച്ചിട്ടും ഒറ്റ മൃതദേഹ അവശിഷ്ടങ്ങള്‍ പോലും കിട്ടിയിട്ടില്ലെന്നും, എസ്ഐടി അന്വേഷണം അവസാനിപ്പിക്കണമെന്നും ഭക്തജന കുട്ടായ്മകള്‍ ആവശ്യപ്പെട്ടു.
പലയിടത്തും ധര്‍മ്മസ്ഥല ധര്‍മ്മാധികാരി ഡോ വീരേന്ദ്രഹെഗ്ഡെയുടെ ചിത്രം ഉയര്‍ത്തിപ്പിടിച്ചും, 'ഞങ്ങള്‍ ധര്‍മ്മസ്ഥലയ്ക്കും ധര്‍മ്മാധികാരിക്കും ഒപ്പം' എന്ന് പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയുമാണ് വിശ്വാസക്കൂട്ടായ്മ നടക്കുന്നത്. ക്ഷേത്രത്തെയും സനാതന ധര്‍മ്മത്തെയും തകര്‍ക്കാന്‍ നീക്കമെന്ന് വിമശനമുണ്ട്. ചിക്കമഗളൂരുവില്‍, താലൂക്ക് ഓഫീസ് മുതല്‍ ആസാദ് പാര്‍ക്ക് വരെ രണ്ട് കിലോമീറ്റര്‍ നീളത്തില്‍ നടന്ന പ്രതിഷേധ മാര്‍ച്ചില്‍ 2,000-ത്തിലധികം ഭക്തര്‍ പങ്കെടുത്തു. ഭക്തിഗാനങ്ങള്‍ ആലപിച്ചും വാദ്യോപകരണങ്ങള്‍ വായിച്ചും നൂറുകണക്കിന് സ്ത്രീകള്‍ റാലിയില്‍ പങ്കുചേര്‍ന്നു.
കൊപ്പലില്‍, ഈശ്വര്‍ പാര്‍ക്കില്‍ നിന്ന് ഡിസി ഓഫീസിലേക്ക് നടന്ന റാലിയില്‍ ആയിരക്കണക്കിന് സ്ത്രീകള്‍ പങ്കെടുത്തു. ക്ഷേത്രത്തെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി മുസ്ലീം സ്ത്രീകളും അതില്‍ പങ്കുചേര്‍ന്നു. ധര്‍മ്മസ്ഥല ഭക്തജന ഫോറം അംഗങ്ങള്‍ സുഭാഷ് സര്‍ക്കിളില്‍ നിന്ന് ഡിസി ഓഫീസിലേക്ക് റാലി നടത്തി, മഞ്ജുനാഥ ക്ഷേത്രത്തെ അപകീര്‍ത്തിപ്പെടുത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് റാലിയില്‍ ആവശ്യമുയര്‍ന്നു.
മൈസൂരുവില്‍, ധര്‍മ്മാധികാരി വീരേന്ദ്ര ഹെഗ്ഗഡെയെ പിന്തുണച്ച് പ്ലക്കാര്‍ഡുകള്‍ പിടിച്ച് ആയിരക്കണക്കിന് സ്ത്രീകള്‍ ഓള്‍ഡ് ഡയറി സര്‍ക്കിളില്‍ നിന്ന് ഡിസി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. എസ്‌ഐടി അന്വേഷണത്തില്‍ സുതാര്യത വേണമെന്നും ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് സംരക്ഷണം നല്‍കണമെന്നും ഭക്തര്‍ ആവശ്യപ്പെട്ടു. കല്‍ബുറഗിയില്‍, ജഗത് സര്‍ക്കിളില്‍ നിന്ന് ഡിസി ഓഫീസിലേക്ക് റാലി നടത്തി. വ്യാജ യൂട്യൂബര്‍മാര്‍ക്കും ധര്‍മ്മസ്ഥലയുടെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തുന്ന വ്യക്തികള്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. എല്ലാ ജില്ലകളിലും, പ്രതിഷേധക്കാര്‍ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ വഴി സര്‍ക്കാരിന് മെമ്മോറാണ്ടങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസും പ്രതിപക്ഷമായ ബിജെപിയും, ധര്‍മ്മസഥല ക്ഷേത്ര ഭരണാധികാരികള്‍ക്ക് ഒപ്പവുമാണ്.
അസ്ഥികള്‍ കിട്ടിയെന്ന് ആക്ഷന്‍ കമ്മറ്റി
എന്നാല്‍ ധര്‍മ്മസഥലയിലെ ദുരൂഹമരണങ്ങള്‍ അന്വേഷിക്കണമെന്ന് പറഞ്ഞ് രംഗത്ത് എത്തിയ, വിവിധ തിരോധാനക്കേസുകളില്‍ പ്രതികരിക്കുന്ന ധര്‍മ്മസ്ഥല ആക്ഷന്‍ കമ്മറ്റി പറയുന്നത്, നേത്രാവദി നദിക്കരയിലെ തിരിച്ചിലില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നാണ്. 13 പോയിന്റുകളായി വേര്‍തിരിച്ച് നടത്തിയ കുഴിച്ചിലില്‍, നൂറോളം അസ്ഥികളും നിരവധി തലയോട്ടികളും കണ്ടെത്തിയെന്നാണ് ഇന്ത്യാ ടുഡെയും ന്യൂസ് 18നും പറയുന്ന്. ഇത് ആക്ഷന്‍ കമ്മറ്റി ഭാരവാഹികളും ശരിവെക്കുന്നു. എന്നാല്‍ ഒറ്റ അസ്ഥിപോലും കിട്ടിയിട്ടില്ലെന്നും, ഇപ്പോള്‍ കുഴിക്കല്‍ നടക്കുന്ന 13-ാം പോയിന്റില്‍നിന്നും മൃതദേഹ അവശിഷ്ടങ്ങള്‍ ഒന്നും കിട്ടിയില്ലെങ്കില്‍, തിരച്ചില്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ എസ്‌ഐടിക്ക് നിര്‍ദേശം നല്‍കിയെന്നുമാണ കന്നഡ മാധ്യമങ്ങള്‍ പറയുന്നത്. ഇതില്‍ ഏതാണ് ശരിയെന്നും ഇനിയും വ്യക്തമല്ല. എസ്്‌ഐടി ഉദ്യോഗസ്ഥരാവട്ടെ ഒരു കാര്യവും മാധ്യമങ്ങളോട് പ്രതികരിക്കുന്നുമില്ല.
മൃതദേഹങ്ങള്‍ കുഴിച്ചിട്ടുവെന്ന് പറയുന്ന നേത്രാവതി നദിക്കയില്‍, 13 ഭാഗങ്ങളാക്കി തിരിച്ചാണ് പരിശോധന നടത്തുന്നത്. സൈറ്റ് നമ്പര്‍ 6ല്‍നിന്ന് ഒരു അസ്ഥികൂടം ലഭിച്ചുവെന്ന് ആക്ഷന്‍ കമ്മറ്റിയും ഇരകളുടെ അഭിഭാഷകനും പറഞ്ഞിരുന്നു. അതിനുശേഷം 11നടുത്തുനിന്നാണ് കൂടതല്‍ മൃതദേഹ അവശിഷ്ടങ്ങള്‍ കിട്ടുന്നത്. കണ്ടെത്തിയ അസ്ഥികളില്‍ അഞ്ചെണ്ണം പല്ല്, ഒന്ന് താടിയെല്ല്, രണ്ട് തുടയെല്ല്, ബാക്കി ഉള്ളവ പൊട്ടിയ നിലയില്‍ ഉള്ള അസ്ഥിഭാഗങ്ങളാണ്. ബാക്കിയുള്ള ഭാഗങ്ങള്‍ ഏതൊക്കെ എന്ന് തിരിച്ചറിയാന്‍ വിശദമായി ഫോറന്‍സിക് പരിശോധന നടത്തുമെന്നാണ് അന്ന് പറഞ്ഞുകേട്ടിരുന്നത്. പതിനൊന്നാമത്തെ പോയിന്റില്‍ നിന്ന് മാറി നടന്ന തിരിച്ചലിലാണ് ഏറ്റവും കൂടുതല്‍ അസ്ഥികള്‍ കണ്ടെത്തിയത്. ഇങ്ങനെ കാട്ടില്‍ മൂന്ന് മീറ്റര്‍ കുഴിച്ചപ്പേഴാണ് നിരവധി അസ്ഥികൂടങ്ങള്‍ കണ്ടെത്തിയെന്നാണ് പറയുന്നത്. എന്നാല്‍ എറ്റവും കൂടുതല്‍ മൃതദേഹങ്ങള്‍ മറവുചെയ്തുവെന്ന് സാക്ഷിപറയുന്ന, 13-ാം പോയിന്റില്‍നിന്ന് ഒരു മൃതദേഹവും കണ്ടെടുത്തിട്ടില്ല.
എന്നാല്‍ എസ്‌ഐടി ഇതൊന്നും സ്ഥിരീകരിച്ചിട്ടില്ല.
ഇപ്പോഴും ധര്‍മ്മസ്ഥലയില്‍ എന്താണ് സംഭവിക്കുന്നത് എന്നതിനെകുറിച്ച് കൃത്യമായ വിവരം കിട്ടിയിട്ടില്ല.