രണ്ടുലക്ഷം രൂപ കിട്ടിയെന്ന് ചിന്നയ്യ സമ്മതിച്ചതായി കന്നഡ മാധ്യമങ്ങള്‍; കൂടുതല്‍ വകുപ്പുകള്‍ ചുമത്തി കേസ് ശക്തമാക്കി എസ്ഐടി; 40 വര്‍ഷം മുമ്പുള്ള തലയോട്ടി എങ്ങനെ കിട്ടിയെന്നും അന്വേഷണം; സുജാത ഭട്ടിന്റെയും മൊഴിയെടുത്തു; ധര്‍മ്മസ്ഥല ഗൂഢാലോചനയില്‍ കൂടുതല്‍ അറസ്റ്റുണ്ടാവും
ധര്‍മ്മസ്ഥല ഗൂഢാലോചനയില്‍ കൂടുതല്‍ അറസ്റ്റുണ്ടാവും
ധര്‍മ്മസ്ഥല: കര്‍ണ്ണാടകയിലെ പ്രശസ്തമായ ധര്‍മ്മസ്ഥല ശ്രീ മഞ്ജുനാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട് വന്ന കൂട്ടസംസ്‌ക്കാര ആരോപണത്തില്‍ സാക്ഷിയായി വന്ന മുന്‍ ശുചീകരണത്തൊഴിലാളി സിഎന്‍ ചിന്നയ്യ പൂര്‍ണ്ണമായും കുരുങ്ങുന്നു. നേരത്തെ വ്യാജ വിവരങ്ങള്‍ നല്‍കിയതിന് അറസ്റ്റിലായ ചിന്നയ്യക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ എസ്ഐടി ചേര്‍ത്തിരിക്കയാണ്.
ആദ്യം ക്രൈം നമ്പര്‍ 39/25 പ്രകാരം രജിസ്റ്റര്‍ ചെയ്തിരുന്ന കേസ് ഇപ്പോള്‍ നിരവധി പുതിയ കുറ്റങ്ങള്‍ ചുമത്തി വികസിപ്പിച്ചിട്ടുണ്ട്. ബിഎന്‍എസ് സെക്ഷന്‍ 336 (തെറ്റായ വിവരങ്ങള്‍ ഉപയോഗിച്ച് പരിഭ്രാന്തി പരത്തല്‍), 230 (പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കല്‍), 231 (ജുഡീഷ്യല്‍ ജോലി തടസ്സപ്പെടുത്തല്‍), 229 (കള്ളസാക്ഷ്യം), 227 (പൊതുസമാധാനം തകര്‍ക്കല്‍), 228 (കോടതിയലക്ഷ്യം ), 240 (തെറ്റായ അവകാശവാദങ്ങള്‍ ഉപയോഗിച്ച് അന്വേഷണം വഴിതിരിച്ചുവിടല്‍), 236 (ഗൂഢാലോചന), 248 (തെറ്റായ പരാതി ഫയല്‍ ചെയ്യല്‍, സമയം പാഴാക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ചിന്നയ്യ ഇപ്പോള്‍ വിചാരണ നേരിടുന്നതെന്ന് കന്നഡ മാധ്യമങ്ങള്‍ പറയുന്നു. ഇത് ചിന്നയ്യയില്‍ ഒതുങ്ങില്ലെന്നും കൂടുതല്‍ അറസ്റ്റുണ്ടാവുമെന്നും കേള്‍ക്കുന്നുണ്ട്.
പണം കിട്ടിയോ എന്ന് പരിശോധിക്കുന്നു
ധര്‍മ്മസ്ഥലയില്‍ ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടേത് എന്ന് പറഞ്ഞ് ചിന്നയ്യ ഹാജരാക്കിയ തലയോട്ടി എവിടെ നിന്ന് കിട്ടിയതാണെന്നാണ് പൊലീസ് ഇപ്പോള്‍ ഗൗരവമായി അന്വേഷിക്കുന്നത്. തലയോട്ടിയിലുണ്ടായിരുന്ന മണ്ണ് ധര്‍മ്മസ്ഥലയിലെ മണ്ണുമായി യോജിക്കുന്നില്ലെന്ന് ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. 40 വര്‍ഷത്തോളം പഴക്കമുള്ള ഈ തലയോട്ടി ഇയാള്‍ ഏതോ ശ്മശാനത്തില്‍നിന്ന് എടുത്തയാണെന്ന് സംശയിക്കുന്നു. സ്ത്രീയുടെതാണെന്ന് പറഞ്ഞ് ചിന്നയ്യ നല്‍കിയ തലയോട്ടി പരിശോധനയില്‍ പുരുഷന്റെതാണെന്ന് തെളിഞ്ഞു. ഇതും, കുഴിക്കലില്‍ കാര്യമായി ഒന്നും കിട്ടാതാവുകയും ചെയ്തയോടെയാണ് പൊലീസിന് സംശയം വന്നത്. എസ്‌ഐടി 17 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ചിന്നയ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ ചിക്കാബെല്ലി സ്വദേശിയായ ചിന്നയ്യക്ക് സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളിലെ വിവരപ്രകാരം ഇയാള്‍ക്ക് നിലവില്‍ 45 വയസ്സ് പ്രായമുണ്ട്. ഇയാളുടെ ബാങ്ക് ഇടപാടുകളും പരിശോധിക്കുന്നുണ്ട്. 2023 ഡിസംബറില്‍ ഒരുസംഘം രണ്ടു ലക്ഷം രൂപ നല്‍കിയെന്ന് ചിന്നയ്യ അന്വേഷണ സംഘത്തിനു മൊഴി നല്‍കിയതായി കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഇക്കാര്യം എസ്ഐടി സ്ഥിരീകരിച്ചിട്ടില്ല. അതേസമയം കേസിന്റെ അന്വേഷണം എന്‍.ഐ.എയ്ക്കു കൈമാറുന്നതില്‍ തെറ്റില്ലെന്ന വാദവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി സതീഷ് ജാര്‍ക്കഹോളി രംഗത്തെത്തി. നേരത്തെ ബി.ജെ.പി. ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.
നേരത്തെ, സെക്ഷന്‍ 164 പ്രകാരം മജിസ്‌ട്രേറ്റിന് മുമ്പാകെ ചിന്നയ്യയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.എന്നാല്‍, എസ്‌ഐടിക്ക് മുമ്പാകെ അദ്ദേഹം നല്‍കിയ പുതിയ മൊഴി അദ്ദേഹം കോടതിയില്‍ പറഞ്ഞതിന് വിരുദ്ധമാണ്. ചിന്നയ്യയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും, സാക്ഷി സംരക്ഷണം ഇപ്പോഴും ചിന്നയ്യയ്ക്ക് ലഭിക്കുന്നുണ്ട്, അതുകൊണ്ടാണ് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കോടതി രഹസ്യമായി സൂക്ഷിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
മനോനിലയും പരിശോധിക്കുന്നു
അതിനിടെ ചിന്നയ്യയുടെ മാനസിക നിലയും പൊലീസ് പരിശോധിച്ച് വരികയാണ്. മാനസിക വിഭ്രാന്തിയുള്ള ആളുകളുടെ മൊഴി വിശ്വസിച്ചുപോയാതാണ്, ഇവിടെ പൊലീസിന് പറ്റിയ ഏറ്റവും വലിയ തെറ്റ് എന്നാണ് കന്നഡ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. സൗജന്യ എന്ന 17കാരിയുടെ ബലാല്‍സംഗക്കൊലയിലെ പ്രതിയെ കോടതി വെറുതെ വിട്ടതിനെ തുടര്‍ന്നുണ്ടായ ജന വികാരം ഒരു മാസ്ഹിസ്്റ്റീരിയപോലെ ബാധിച്ചിരിക്കുന്ന സമയത്താണ്, മൂന്‍ ശുചീകരണത്തൊഴിലാളിയായ ചിന്നയ്യയും, തന്റെ മകള്‍ അനന്യഭട്ടിനെ, വര്‍ഷങ്ങള്‍ക്ക് മുമ്പ് ധര്‍മ്മസ്ഥലയില്‍വെച്ച് കാണാതായി എന്ന് പറഞ്ഞ് സുജാത ഭട്ടും രംഗത്തുവരുന്നത്. ഇവരെ കണ്ണടച്ച് വിശ്വസിച്ചതാണ് പൊലീസിന് പറ്റിയ ആദ്യത്തെ തെറ്റെന്നാണ്, സുവര്‍ണ്ണന്യൂസ് അടക്കമുള്ള കന്നഡ മാധ്യമങ്ങള്‍ പറയുന്നത്.
കുറ്റബോധം കൊണ്ടാണ് വര്‍ഷങ്ങള്‍ക്കുശേഷം കാര്യം പറയുന്നത് എന്നാണ് ചിന്നയ്യ പറഞ്ഞത്. ഇതൊക്കെ ഒറ്റയടിക്ക് ആരും വിശ്വസിച്ചുപോവും. അതിനിടെ ചിന്നയ്യക്കെതിരെ കുടുംബം രംഗത്തെത്തിയത്. ഇയാള്‍ പറയുന്നത് പച്ചക്കള്ളമാണെന്ന് ആദ്യ ഭാര്യ കന്നഡ ചാനലുകളോട് പറഞ്ഞു. അതാള്‍ നല്ല മനുഷ്യനല്ലെന്നും എപ്പോഴും തന്നെയും കുട്ടികളെയും മര്‍ദിക്കുമെന്നും ഒരു സൈക്കോയാണെന്നും ആദ്യഭാര്യ ആരോപിച്ചിരുന്നു. ധര്‍മസ്ഥലയ്ക്കെതിരെ ആരോപണം നടത്തിയത് പണത്തിന് വേണ്ടിയാണെന്നും ഭാര്യ പറയുന്നു. തനിക്കൊപ്പം മറ്റ് നാലുപേര്‍ കൂടി ജോലിചെയ്തിരുന്നുവെന്നും അവരെയും വിസ്തരിക്കണമെന്നും ചിന്നയ്യ പറഞ്ഞിരുന്നു. എന്നാല്‍ ചിന്നയ്യയുടെ സുഹൃത്തുകൂടിയായ ഒപ്പം ജോലിചെയ്തയാള്‍ പറയുന്നത്, ആ സമയത്തൊന്നും തന്നെ ഇത്തരത്തില്‍ തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ അടക്കം ചെയ്തിട്ടില്ല എന്നാണ്.
പക്ഷേ ഇന്ത്യാടുഡേക്ക് മുഖം മറച്ചു നല്‍കിയ അഭിമുഖത്തിലും ആര്‍ക്കും സംശയം തോന്നാത്ത നിലയിലാണ് ചിന്നയ്യ സംസാരിക്കുന്നത്. ഭൂപ്രകൃതിയിലുണ്ടായ മാറ്റമാണ് പ്രശ്‌നമെന്നും തന്റെ വെളിപ്പെടുത്തല്‍ ശരിയാണെന്നും അയാള്‍ പറഞ്ഞത്. ''ഞങ്ങള്‍പോയ റോഡുപോലും കാണാനില്ല. നേത്രാവതി നദി കരകവിഞ്ഞ് ഒഴുകിയതിനാല്‍ മൊത്ത പാറക്കൂട്ടങ്ങളാണ്. ഞാന്‍ എന്റെ ഓര്‍മ്മയില്‍നിന്ന് എടുത്താണ് സ്ഥലങ്ങള്‍ പറയുന്നത്. ഞാന്‍ എസ്ഐടിയെ പൂര്‍ണ്ണമായും വിശ്വസിക്കുന്നു. എന്നാല്‍ എസ്ഐടി എന്നെ പൂര്‍ണ്ണമായി വിശ്വസിക്കുന്നില്ല''- അറസ്റ്റിലാവുന്നതിന് മുമ്പ് ചിന്നയ്യ പറഞ്ഞത് അങ്ങനെയായിരുന്നു. എന്നാല്‍ ചിന്നയ്യക്ക് പണം കിട്ടിയോ എന്നതടക്കമുള്ള കാര്യങ്ങള്‍ എസ്ഐടി പരിശോധിച്ച് വരികയാണ്.
അതിനിടെ സുജതാ ഭട്ടിന്റെ മൊഴിയും പൊലീസ് എടുത്തിട്ടുണ്ട്. പ്രശ്നം കത്തിച്ച യുട്യൂബര്‍മാര്‍ക്കെതിരെയും വ്ളോഗര്‍മാര്‍ക്കെതിരെയും നടപടിയുണ്ടാവുമെന്നാണ് കന്നഡ മാധ്യമങ്ങള്‍ പറയുന്നത്.