അഗ്‌നിപകരുന്നതിന് മുമ്പ് ഭൗതികശരീരത്തിന് അരികിലേക്കി; ചിതയില്‍ തീപടര്‍ന്നതോടെ ഭൗതികശരീരത്തില്‍ സ്പര്‍ശിച്ച ശേഷം മുഷ്ടിചുരുട്ടി പിതാവിന് അഭിവാദ്യം നല്‍കി ധ്യാന്‍; ഉറ്റചങ്ങാതിയുടെ ജീവിതത്തിന്റെ ഭാഗമായ കടലാസും പേനയും ചിതയില്‍വെച്ച് സത്യന്‍ അന്തിക്കാട്; മലയാള സിനിമയുടെ വ്യാകരണം മാറ്റിയെഴുതിയ ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങുകളും വേറിട്ടതായി

മുഷ്ടിചുരുട്ടി പിതാവിന് അഭിവാദ്യം നല്‍കി ധ്യാന്‍

Update: 2025-12-21 13:27 GMT

കൊച്ചി: അഞ്ച് പതിറ്റാണ്ടോളം മലയാള സിനിമയുടെ വ്യാകരണവും മലയാളി ആസ്വാദനപരതയും മാറ്റിയെഴുതിയ ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങുകളും വേറിട്ടതായിരുന്നു. മലയാളം സിനിമാ ലോകം ശ്രീനിയെ അവസാനമായി ഒരു നോക്കുകാണാന്‍ ഒഴുകി എത്തിയിരുന്നു. വികാരനിര്‍ഭരമായ വിടവാങ്ങലായിരുന്നു കുടുംബവും സുഹൃത്തുക്കളും ശ്രീനിവാസന് നല്‍കിയത്. മുഷ്ടി ചുരുട്ടി അഭിവാദ്യം ചെയ്ത് പിതാവിനെ ധ്യാന്‍ യാത്രയാക്കിയപ്പോള്‍ പ്രിയ സുഹൃത്തും സഹപ്രവര്‍ത്തകനുമായ സത്യന്‍ അന്തിക്കാട് കടലാസും പേനയും ചിതയില്‍ വെച്ചാണ് വിട പറഞ്ഞത്. ശ്രീനിയുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു പേനയും പേപ്പറും.

അഗ്‌നിപകരുന്നതിന് മുമ്പാണ് ശ്രീനിവാസന്റെ ഭൗതികശരീരത്തിന് അരികിലേക്ക് ധ്യാന്‍ എത്തിയത്. തുടര്‍ന്ന് ഭൗതികശരീരത്തില്‍ സ്പര്‍ശിച്ച ശേഷം ധ്യാന്‍ മുഷ്ടി ചുരുട്ടി പിതാവിന് അഭിവാദ്യം നല്‍കി. 'എന്നും എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു' എന്ന് കുറിച്ച കടലാസും പേനയും മകന്‍ ധ്യാനാണ് സത്യന്‍ അന്തിക്കാടിന് കൈമാറിയതും ചിതയില്‍ വെക്കാന്‍ ആവശ്യപ്പെട്ടതും. ധ്യാനിന്റെ ആവശ്യപ്രകാരം ശ്രീനിവാസന്റെ ഭൗതികശരീരത്തിന് മുകളില്‍ കടലാസും പേനും വെച്ച സത്യന്‍ അന്തിക്കാട്, പൂക്കള്‍ സമര്‍പ്പിച്ച് പ്രാര്‍ഥിച്ചു.

പൊതുദര്‍ശനത്തിന് ശേഷം രാവിലെ പത്ത് മണിയോടെ വീടിന്റെ പൂമുഖത്തെത്തിച്ച ഭൗതികശരീരത്തില്‍ പ്രാര്‍ഥനകളടക്കം ആചാരപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് ചിതയിലേക്ക് എടുക്കുകയും അവിടെവെച്ച് ഭാര്യ വിമലയും മക്കളും മരുമക്കളും ബന്ധുക്കളും അന്ത്യചുംബനം നല്‍കി. കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കേരള പൊലീസ് ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കിയ ശേഷം വിനീത് ചിതക്ക് അഗ്‌നി പകര്‍ന്നു.


 



മകന്‍ ധ്യാന്‍ ശ്രീനിവാസന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു ശ്രീനിയുടെ വിടവാങ്ങല്‍. അച്ഛനെപ്പോലെ ചിരിക്കുന്ന, ചിരിപ്പിക്കുന്ന ധ്യാനിനെ മാത്രം കണ്ട് ശീലിച്ച മലയാളികള്‍ക്കിത് വിങ്ങലുകളാണ് നല്‍കിയത്. സ്വന്തം ജന്മദിനത്തില്‍ അച്ഛന്റെ മരണ വാര്‍ത്ത കേള്‍ക്കേണ്ടി വന്ന മകന്‍ എന്ന ഒരിക്കലും മായാത്ത നോവുമായാണ് ഇനിയുള്ള ധ്യാന്റെ ജീവിതം. കോഴിക്കോട് ഒരു സിനിമയുടെ സെറ്റിലിരിക്കുമ്പോഴാണ് താരത്തെ തേടി അച്ഛന്റെ വിയോഗ വാര്‍ത്തയെത്തുന്നത്. ഓടി കണ്ടനാട്ടെ വീട്ടിലെത്തിയ ധ്യാന്‍ അച്ഛന്റെ മൃതദേഹത്തിന് മുന്നില്‍ സങ്കടമടക്കാനാകാതെ പൊട്ടിക്കരഞ്ഞു. ധ്യാനെ ആശ്വസിപ്പിച്ചു പരാജയപ്പെട്ട് അമ്മ വിമലയും പൊട്ടിക്കരയുന്ന ദൃശ്യങ്ങള്‍ ഇന്നലെ സോഷ്യല്‍ മീഡിയയില്‍ നോവ് പടര്‍ത്തിയിരുന്നു.

പിണങ്ങിയും ഇണങ്ങിയും മുന്നോട്ട് പോയവരാണ് ധ്യാനും ശ്രീനിവാസനും. പരസ്പരം സനേഹിച്ചും കലഹിച്ചും മലയാളികളുടെ പ്രിയങ്കരരായ അച്ഛനും മകനും. മുമ്പൊരിക്കല്‍ മാതൃഭൂമിയുടെ കാ ഫെസ്റ്റിവലില്‍ വച്ച് അച്ഛനെക്കുറിച്ച് ധ്യാന്‍ പറഞ്ഞ വാക്കുകളാണ് ഈ നിമിഷം മലയാളികളുടെ മനസിലേക്ക് ഓടിയെത്തുന്നത്. ലോകത്ത് താന്‍ ഏറ്റവും കൂടുതല്‍ സനേഹിക്കുന്നത് അച്ഛനെയാണെന്നാണ് ധ്യാന്‍ അന്ന് പറഞ്ഞത്.

പരിപാടിക്കിടെ സദസില്‍ നിന്നൊു മധ്യവയസ്‌കന്‍ ഉന്നയിച്ച വിമര്‍ശനത്തിന് മറുപടി നല്‍കുകയായിരുന്നു ധ്യാന്‍. ''ശ്രീനിവാസന്റെ മകന്‍ അല്ലെങ്കില്‍ ധ്യാന്‍ ഇന്നിവിടെ ഇരിക്കില്ല. ആദ്യം ശ്രീനിവാസനെ മനസിലാക്കണം. എന്നിട്ട് വേണം ശ്രീനിവാസനെ വിമര്‍ശിക്കാന്‍'' എന്നാണ് മധ്യവയസ്‌കന്‍ പറഞ്ഞത്. ഇതിന് ധ്യാന്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു.


 



''ശ്രീനിവാസനെ ഏറ്റവും അടുത്ത് മനസിലാക്കിയ ആള്‍ ഞാനാണ്. എന്റെ അച്ഛനാണ്. ഞാന്‍ മനസിലാക്കിയ അത്രയൊന്നും ചേട്ടന്‍ ശ്രീനിവാസനെ മനസിലാക്കിയിട്ടുണ്ടാകില്ല. ഇതൊക്കെ പറഞ്ഞാലും, ലോകത്ത് എനിക്കേറ്റവും സ്നേഹവും ഇഷ്ടവുമുള്ള മനുഷ്യന്‍ എന്റെ അച്ഛനാണ്. അയാള്‍ കഴിഞ്ഞേയുള്ളൂ എനിക്ക് ലോകത്തെന്തും.

പക്ഷെ അഭിപ്രായങ്ങളിലും ഐഡിയോളജിയിലും വ്യത്യാസം വരും. അത് അച്ഛനായിക്കോട്ടെ മോന്‍ ആയിക്കോട്ടെ. അദ്ദേഹം പറഞ്ഞ പല കാര്യങ്ങളോടും എനിക്ക് എതിര്‍ അഭിപ്രായമുണ്ട്. ഞാനത് തുറന്ന് പറഞ്ഞിട്ടുമുണ്ട്. അദ്ദേഹവും അങ്ങനെ തുറന്നു പറയുന്ന ആളാണ്. ഇത് പറഞ്ഞതുകൊണ്ട്, ഇപ്പോള്‍ ചേട്ടന്‍ പറഞ്ഞതുപോലെ എന്റെ അച്ഛന്‍ ചോദിക്കില്ല. അതാണ് അച്ഛനും ചേട്ടനും തമ്മിലുള്ള വ്യത്യാസം''.


 



Tags:    

Similar News