അവസാന ഈസ്റ്റര്‍ കണ്ട് മടങ്ങാന്‍ മോഹിച്ചു; ദൈവം ആ പ്രാര്‍ത്ഥനക്കായി കാത്തിരുന്നു; മരണത്തിന് തൊട്ടു മുന്‍പ് കാല്‍ കഴുകിയും ജയില്‍ സന്ദര്‍ശിച്ചും ഔദ്യോഗിക സന്ദര്‍ശകരെ കണ്ടും വിശ്വാസികളെ അഭിവാദ്യം ചെയ്തും കടമ നിറവേറ്റി: വില്‍ പവറില്‍ മരണം വൈകിപ്പിച്ച വിശുദ്ധന്‍
വില്‍ പവറില്‍ മരണം വൈകിപ്പിച്ച വിശുദ്ധന്‍
വത്തിക്കാന്‍ സിറ്റി: മനോധൈര്യം കൊണ്ട് മരണത്തെ വൈകിപ്പിച്ച പോപ്പ് ഫ്രാന്‍സിസ് തന്നെയല്ലെ യഥാര്‍ത്ഥ വിശുദ്ധന്‍? അവസാനമായി ഒരു ഈസ്റ്റര്‍ കൂടി കാണാന്‍ കാത്തിരുന്ന മാര്‍പ്പാപ്പ ഈ ലോകത്തോട് വിടപറഞ്ഞത് ഒരു ചോദ്യം വിശ്വാസികളുടെ മനസ്സില്‍ അവശേഷിപ്പിച്ചാണ്. ഒരു വ്യക്തിയുടെ മനോധൈര്യത്തിന് അയാളുടെ മരണത്തെ ഏതാനും ദിവസങ്ങള്‍ അല്ലെങ്കില്‍ മണിക്കൂറുകള്‍ തടഞ്ഞു നിര്‍ത്താന്‍ ആകുമോ? മനുഷ്യര്‍ക്ക് അവര്‍ മരിക്കുന്ന സമയം സ്വയം നിശ്ചയിക്കാനാകുമോ? ഇങ്ങനെയും നിരവധി ചോദ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്. അത് സാധ്യമാണെന്ന് തെളിയിക്കുന്ന നിരവധി ഉദാഹരണങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഗുരുതര രോഗവുമായി മരണം കാത്തുകിടന്ന മുത്തശ്ശി തന്റെ ആദ്യ പേരക്കിടാവിനെ കണ്ടതിന്റെ പിറ്റെന്ന് മാത്രം മരിച്ച സംഭവവും, മകളെ കാണുംവരെ മരണം തടഞ്ഞു നിര്‍ത്തിയ പിതാവിന്റെ ജീവിതവുമൊക്കെ ഉദാഹരണങ്ങളില്‍ പെടുന്നു. ഇത് സംഭവ്യമാണെന്നാണ് ചില വൈദ്യശാസ്ത്രജ്ഞരും പറയുന്നത്, പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ കഴിയാത്ത ഒരു സത്യം. ഇരട്ട ന്യൂമോണിയയായി വികസിച്ച ഒരു അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ആയിരുന്നു പോപ്പ് ഫ്രാന്‍സിസ്. അവിടെനിന്നും അദ്ദേഹത്തെ കടുത്ത നിബന്ധനകളോടെയായിരുന്നു ഡിസ്ചാര്‍ജ്ജ് ചെയ്തത്.
തന്റെ അനാരോഗ്യവും, പരിമിതമായ ചലനശേഷിയും കണക്കാക്കാതെ, തൊണ്ണൂറ്റാറാം വയസ്സില്‍ മരിച്ച എലിസബത്ത് രാജ്ഞിയെ ഓര്‍മ്മിപ്പിക്കും വിധം അവസാന നാളുകളിലും തിരക്കിട്ട ജീവിതമായിരുന്നു നയിച്ചിരുന്നത്. ഈസ്റ്റര്‍ കുര്‍ബാനയ്ക്കായി സെയിന്റ് പീറ്റേഴ്സ് ചത്വരത്തില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് വിശ്വാസികള്‍ക്ക് അനുഗ്രഹമേകിക്കൊണ്ട് ഇന്നലെ അദ്ദേഹം മട്ടുപ്പാവില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. അതിനു മുന്‍പ്, പെസഹ വ്യാഴാഴ്ച നാള്‍ അദ്ദേഹം റോമിലെ റെജിന സെല്‍ ജയിലിലെത്തി തടവുപുള്ളികളെ കാണുകയും ചെയ്തിരുന്നു.
ആരോഗ്യപ്രശ്നങ്ങളാല്‍ കാല്‍ കഴുകാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും, അവരുമായി കൂടുതല്‍ അടുക്കണമെന്നാണ് ആഗ്രഹം എന്ന് മാര്‍പ്പാപ്പ തടവുപുള്ളികളോട് പറഞ്ഞിരുന്നു. ഇപ്പോള്‍ മാര്‍പ്പാപ്പയുടെ മരണവാര്‍ത്ത അറിഞ്ഞതിന് ശേഷം ആയിരങ്ങളാണ് മാര്‍പ്പാപ്പ തന്റെ മരണത്തിനായി തിരഞ്ഞെടുത്ത പുണ്യ സമയത്തെ കുറിച്ച് എക്സില്‍ കുറിച്ചിരിക്കുന്നത്. എത്ര ഗുരുതര രോഗമാണെങ്കിലും, ചിലര്‍ ചില അര്‍ത്ഥവത്തായ നിമിഷങ്ങള്‍ക്കായി കാക്കും,മരണം വരിക്കാന്‍ എന്ന് മറ്റു ചിലര്‍ എഴുതുന്നു. ചില ആഗ്രഹങ്ങള്‍ സാധിക്കുന്നതുവരെ മരണം അംഭവിക്കുകയില്ലെന്നും പോപ്പിന്റെ ആഗ്രഹം 2025 ലെ ഈസ്റ്റര്‍ ആയിരുന്നു എന്നും ചിലര്‍ എഴുതുന്നു.