'എനിക്ക് പറയാന്‍ സൗകര്യമില്ല, പാര്‍ലമെന്റില്‍ കാണിച്ചുതരാം': 24 ന്യൂസ് റിപ്പോര്‍ട്ടറെ സുരേഷ് ഗോപി ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; ഒറ്റയ്ക്ക് വിളിച്ചുവരുത്തി ഭീഷണി സ്വരത്തില്‍ സംസാരിച്ചെന്ന് റിപ്പോര്‍ട്ടര്‍; കടക്ക് പുറത്ത് എന്ന് പറഞ്ഞില്ലല്ലോ ഇതെങ്ങനെ ഭീഷണിയാകുമെന്ന് എസ്ജി ഫാന്‍സ്; വിവാദം ഇങ്ങനെ

24 ന്യൂസ് റിപ്പോര്‍ട്ടറെ സുരേഷ് ഗോപി ഭീഷണിപ്പെടുത്തിയെന്ന് ആരോപണം

Update: 2024-11-11 15:22 GMT

തിരുവനന്തപുരം: 24 ന്യൂസ് ചാനല്‍ റിപ്പോര്‍ട്ടറെ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഭീഷണിപ്പെടുത്തിയെന്ന് ആരോപണം. സുരേഷ് ഗോപിയുടെ വിവാദ വഖഫ് 'കിരാത' പരാമര്‍ശത്തില്‍ പ്രതികരണം തേടിയപ്പോള്‍ 24 ന്യൂസ് റിപ്പോര്‍ട്ടര്‍ അലക്‌സ് റാം മോഹനെ വിളിച്ചുവരുത്തി കാണിച്ചുതരാം എന്ന് ധാര്‍ഷ്ട്യത്തോടെ സംസാരിച്ചുവെന്നാണ് ആക്ഷേപം.

തിരുവനന്തപുരത്ത് ഒരു സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് വഖഫ് വിവാദ പരാമര്‍ശത്തില്‍ മാധ്യമങ്ങള്‍ പ്രതികരണം ആരാഞ്ഞത്. കേന്ദ്രമന്ത്രി പരിശോധിക്കാം എന്നുപറഞ്ഞതല്ലാതെ ഒന്നും വിശദീകരിക്കാന്‍ തയ്യാറായില്ല.

24 റിപ്പോര്‍ട്ടര്‍ അലക്‌സ് റാം മോഹന്‍ പറയുന്നത്

കെ മുരളീധരന്റെ ഇന്നത്തെ പ്രസ്താവനയും, എ കെ ബാലന്റെ പ്രസ്താവനയും സംബന്ധിച്ച് ചോദ്യങ്ങള്‍ ചോദിച്ചു. ആദ്യ ഘട്ടത്തില്‍ അദ്ദേഹം ഒന്നും മിണ്ടാന്‍ തയ്യാറായില്ല. വഖഫ് പരാമര്‍ശം പൊലീസ് പരിശോധിക്കും എന്ന എ കെ ബാലന്റെ പരാമര്‍ശത്തെ കുറിച്ച് ചോദിച്ചപ്പോള്‍, അദ്ദേഹവും ഞാനും മുഖാമുഖം വന്നു. പരിശോധിക്കട്ടെ എന്ന് മുഖത്ത് നോക്കി പറഞ്ഞുകൊണ്ട് അദ്ദേഹം കടന്നുപോയി. അതുകഴിഞ്ഞ് അദ്ദേഹം മുകളില്‍ എത്തിയ ശേഷം എന്നെ പ്രത്യേകം വിളിപ്പിച്ചു. അദ്ദേഹം അകത്തേക്ക് കൊണ്ടുപോകുന്നു. അദ്ദേഹത്തോടൊപ്പം സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ആളുകളും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഗണ്‍മാന്‍ ഉണ്ടായിരുന്നു.

നിങ്ങള്‍ ഞാന്‍ നടത്തിയ പ്രസംഗം കേട്ടോ എന്നാണ് സുരേഷ് ഗോപി എന്നോട് ചോദിച്ചത്. പ്രസംഗം കേട്ടു. ആ പ്രസംഗം മറ്റുരാഷ്ട്രീയ കക്ഷികളില്‍ ഉണ്ടാക്കിയ അനുരണനങ്ങളെ കുറിച്ചാണ് ചോദിച്ചതെന്ന് ഞാന്‍ പറഞ്ഞു. എനിക്ക് പറയാന്‍ സൗകര്യമില്ല എന്ന മറുപടിയാണ് സുരേഷ് ഗോപി നല്‍കിയത്. ശരിയാണ് അങ്ങേയ്ക്ക് അവിടെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പറയാമായിരുന്നല്ലോ എന്ന് പറഞ്ഞപ്പോള്‍, എനിക്ക് സൗകര്യമില്ല എന്നായിരുന്നു മറുപടി. പാര്‍ലമെന്റില്‍ കാണിച്ചുതരാം എന്ന സ്ഥിരം ശൈലിയിലും അതുപറയുന്നു. ഭീഷണിയാണെങ്കില്‍ വഴങ്ങാന്‍ തയ്യാറല്ല എന്ന് വിനയപൂര്‍വ്വം അദ്ദേഹത്തെ അറിയിച്ചു. അങ്ങയെ പോലെ ഒരാളില്‍ നിന്ന് ഇങ്ങനെയൊരു പ്രതികരണം പ്രതീക്ഷിക്കുന്നില്ല. ഇങ്ങനെ മാറ്റി നിര്‍ത്തി എന്തിനാണ് ഹാര്‍ഷായി പെരുമാറുന്നതെന്നും ചോദിച്ചു. അദ്ദേഹം പറഞ്ഞത് എനിക്ക് പ്രതികരിക്കാന്‍ സൗകര്യമില്ല. നിങ്ങള്‍ എന്റെ പ്രസംഗം കേട്ടോ. അദ്ദേഹത്തെ ചൊടിപ്പിച്ചതെന്ന് ഞാന്‍ കരുതുന്നത് ഇന്നത്തെ കെ മുരളീധരന്റെ പ്രസ്താവന മുനമ്പം വച്ച് വഖഫിനെ കുത്തുകയാണെന്ന് മുരളീധരന്റെ പ്രസ്താവനയാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത് എന്നാണ് കരുതുന്നത്.'

കേന്ദ്ര മന്ത്രിയുമായി സംസാരിക്കവേ, അദ്ദേഹത്തിന്റെ ഗണ്‍മാന്‍ മൊബൈലില്‍ സംഭാഷണം പകര്‍ത്താന്‍ ശ്രമിച്ചെന്നും റിപ്പോര്‍ട്ടര്‍ അലക്‌സ് റാം മോഹന്‍ ആരോപിച്ചു.

അതേസമയം, 24 ന്യൂസിന്റെ വാര്‍ത്തയ്ക്ക് താഴെ സുരേഷ് ഗോപിയെ അനുകൂലിച്ചുളള കമന്റുകളാണ് കൂടുതല്‍. പാര്‍ലമെന്റില്‍ കാണിച്ചു തരാം എന്നുപറഞ്ഞത് എങ്ങനെയാണ് ഭീഷണി ആകുന്നത് എന്നു പറയുമോ എന്നാണ് ചിലര്‍ ചോദിക്കുന്നത്.

കമന്റുകള്‍ ഇങ്ങനെ:

എന്തിനാ ഇങ്ങനെ പുറകെ നടന്ന് ചൊറിയുന്നെ? അദ്ദേഹം പാര്‍ലമെന്റില്‍ കാണിച്ചു തരാം എന്ന് പറഞ്ഞെങ്കില്‍ അത് നിങ്ങള്‍ ചോദിച്ച വിഷയവുമായി ബന്ധപ്പെട്ട് കൊണ്ട് വരും എന്ന് പറയപ്പെടുന്ന ഭേദഗതി ആയിരിക്കും. അതിന് റിപോര്‍ട്ടറെ ഭീഷണിപ്പെടുത്തി എന്നൊക്കെ പറഞ്ഞ് സ്വയം അപഹാസ്യരാവല്ലേ.

കടക്ക് പുറത്ത് എന്ന് പറഞ്ഞില്ലല്ലോ ? അകത്തേക്ക് വിളിക്കുകയല്ലേ ചെയ്തത്. അദ്ദേഹം പറഞ്ഞതില്‍ വ്യക്തിപരമായ എന്ത് ഭീഷണിയാണ് ഉള്ളത്? ഇതൊക്കെ കേട്ടാല്‍ പത്രപ്രവര്‍ത്തകര്‍ പേടിക്കുമോ?

കുറേകാലം ആയല്ലോ സുരേഷ്ഗോപിയുടെ പിന്നാലെ കൂട്ടിയിട്ട്, മതിയാക്കാറായില്ലേ, നിങ്ങള്‍ എത്ര കണ്ട് പിന്തുടരുന്നുവോ അതിനനുസരിച്ച് പൊതു ജന സമൂഹത്തില്‍ അദ്ദേഹത്തിന്റെ ഗ്രാഫ് ഉയരുകയേ ചെയ്തിട്ടുള്ളു, നിങ്ങള്‍ ഇത് നിര്‍ത്തരുത് തുടര്‍ന്ന് കൊണ്ടേയിരിക്കണം. തൃശ്ശൂരില്‍ അദ്ദേഹം വിജയിച്ച് പാര്‍ലമെന്റില്‍ പോയത് നിങ്ങള്‍ക്കൊന്നും ഇപ്പോളും സഹിക്കാന്‍ കഴിയുന്നില്ല. എന്ത് ചെയ്യാനാണ് തൃശ്ശൂരിലെ ജനങ്ങള്‍ വോട്ട് ചെയ്ത് പോയില്ലേ.


അയ്യോ നീ പേടിച്ച് പോയോ ചോദ്യം ചോദിക്കുന്ന ആളിന് മറുപടി തരാന്‍ താല്‍പര്യമില്ല, മനസിലായില്ല അത് എങ്ങനെ ഭീഷണി ആകും ചോദ്യത്തിന്റെ മറുപടി പാര്‍ലമെന്റില്‍ കാണിച്ചു.തരാം എന്നല്ലേ പറഞത് അത് എങ്ങനെ ഭീഷണിയാകും

സൗകര്യം ഇല്ല ഏന്നു പറയുന്നത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം. പാര്‍ലമെന്റില്‍ കാണിച്ചു തരാം ഏന്നു പറയുന്നത് ഭീഷണി അല്ലല്ലോ

ഈ കാണിക്കുന്നതിന്റെ പകുതി ആവേശം പിണറായിയോട് കാണിക്കാന്‍ നിനക്കൊക്കെ എന്തെ പറ്റാത്തത്...

കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി

മാധ്യമങ്ങള്‍ അവരുടെ മര്യാദ കാണിക്കണം അല്ലാതെ ഫണ്ട് കിട്ടുന്നു എന്ന് പറഞ്ഞു സത്യത്തെ മൂടി വെയ്ക്കരുത്.

പാര്‍ലമെന്റില്‍ കാണിച്ചു തരാം എന്നാണ് പറഞ്ഞത്. നിങ്ങളുടെ ഹെഡ് ലൈനില്‍ മന്ത്രി റിപ്പോര്‍ട്ടറേ ഭീഷണിപ്പെടുത്തി എന്നാണല്ലോ

സുരേഷ് ഗോപി തിരുത്തണം, മാപ്പ് പറയണം : തിരുവനന്തപുരം പ്രസ് ക്ലബ്

അതേസമയം, കേന്ദ്ര മന്ത്രി സുരേഷ് ഗോപി മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിക്കുന്നത് അവസാനിപ്പിക്കണമെന്ന് തിരുവനന്തപുരം പ്രസ് ക്ലബ് ആവശ്യപ്പെട്ടു. 24 ന്യൂസ് റിപ്പോര്‍ട്ടര്‍ അലക്‌സ് റാം മോഹനെ മുറിയിലേക്ക് വിളിച്ചുവരുത്തി അധിക്ഷേപിച്ചതില്‍ സുരേഷ് ഗോപി മാപ്പ് പറയണം. ചോദ്യത്തിന് ഉത്തരം നല്‍കാന്‍ സൗകര്യമില്ലെന്ന് മാധ്യമപ്രവര്‍ത്തകനെ പ്രത്യേകം വിളിച്ചു വരുത്തി പറയുന്നത് മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റവും അവഹേളനവുമാണ്. ഇത്തരം പ്രവൃത്തികള്‍ തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രസ് ക്ലബ് പ്രസിഡന്റ് പി.ആര്‍. പ്രവീണും സെക്രട്ടറി എം.രാധാകൃഷ്ണനും അറിയിച്ചു

Tags:    

Similar News