'മോദിയുടെ വീട്ടില്‍ നിന്നല്ല, ജനങ്ങളുടെ നികുതിപ്പണമാണ്'; 'പി എം ശ്രീ' പദ്ധതി ഫണ്ട് വാങ്ങുന്നതില്‍ തെറ്റില്ലെന്ന് സതീശനും സണ്ണി ജോസഫും; സിപിഎം - ബിജെപി ഡീലിന്റെ ഭാഗമെന്ന് കെസി വേണുഗോപാല്‍; പുന:സംഘടനയിലെ വിയോജിപ്പിന് പിന്നാലെ കേന്ദ്ര പദ്ധതിയുടെ പേരിലും കോണ്‍ഗ്രസില്‍ ഭിന്നത; സതീശനും കെസിയും വിരുദ്ധ ദ്രുവങ്ങളിലേക്കോ?
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ വിദ്യാഭ്യാസ പദ്ധതിയായ 'പി. എം ശ്രീ'യില്‍ കേരളം ചേരുന്നതില്‍ കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത രൂക്ഷം. സിപിഎം - ബിജെപി ഡീലിന്റെ ഭാഗമെന്ന വാദം ഉയര്‍ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പദ്ധതിയില്‍ ചേരാനുളള സര്‍ക്കാര്‍ നീക്കത്തെ ചോദ്യം ചെയ്തപ്പോള്‍ പദ്ധതിയെ എതിര്‍ക്കാതെയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചത്. സിപിഐയുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ഭരണമുന്നണിയില്‍ പ്രതിസന്ധി നിലനില്‍ക്കെയാണ് പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിലും വിഷയത്തില്‍ ഭിന്നത ഉടലെടുത്തിരിക്കുന്നത്.
കേരളത്തില്‍ കഴിഞ്ഞ കുറെ നാളുകളായിട്ട് ബിജെപി-സിപിഎം ഡീലിന്റെ ഓരോ ഘടകങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്, അതില്‍ ഒന്നാണ് ഈ പിഎം ശ്രീ പദ്ധതി' എന്ന് കെ.സി വേണുഗോപാല്‍ ആരോപിച്ചു. പദ്ധതിയില്‍ ചേരുന്നത് സിപിഎം-ബിജെപി ഇടപാടിന്റെ ഭാഗമാണെന്നും, ഗാന്ധിയെക്കുറിച്ചല്ല ഗോഡ്‌സെയെക്കുറിച്ച് പഠിപ്പിക്കാനുള്ള കൈക്കൂലിയാണ് കേന്ദ്രം വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ കേന്ദ്രത്തിന്റെ ഫണ്ടല്ലേ, കളയേണ്ടതില്ലല്ലോ എന്നും വര്‍ഗീയ അജന്‍ഡയുള്ള നിബന്ധന പാലിക്കാതിരുന്നാല്‍ മതിയെന്നുമാണ് വി.ഡി.സതീശന്‍ പറഞ്ഞത്. പി.എം ശ്രീ വഴി നല്‍കുന്നത് നമ്മുടെ നികുതിപ്പണമാണ്. അത് വാങ്ങുന്നതില്‍ കുഴപ്പമില്ലെന്ന് സണ്ണി ജോസഫും പ്രതികരിച്ചു. പക്ഷേ ഉപാധികളില്ലാതെ തരണം. എല്‍ഡിഎഫിലെ അനൈക്യം പ്രകടമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
കേന്ദ്രത്തിന്റെ ഫണ്ട് വാങ്ങുന്നതിന് പ്രതിപക്ഷം എതിരല്ല. മോദിയുടെ വീട്ടില്‍ നിന്നല്ല കേന്ദ്ര ഫണ്ട് നല്‍കുന്നത്. ജനങ്ങളുടെ നികുതിപ്പണമാണ്. പണം നല്‍കുന്നതിനോടൊപ്പം അനാവശ്യമായി ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയം അടിച്ചേല്‍പ്പിക്കുന്ന നിബന്ധനകള്‍ സര്‍ക്കാര്‍ സ്വീകരിക്കാന്‍ പാടില്ലെന്ന് വിഡി സതീശന്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ തങ്ങള്‍ അധികാരത്തില്‍ വരുന്നതിന് മുമ്പാണ് പി എം ശ്രീ പദ്ധതി നടപ്പാക്കിയതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. പിഎം ശ്രീ പദ്ധതി നടക്കില്ലെന്ന് ആദ്യം പ്രഖ്യാപിച്ചപ്പോള്‍ സംസ്ഥാനത്തെ സഖാക്കളെല്ലാം കയ്യടിച്ചു. ആര്‍എസ്എസിനെതിരെ ധീരമായ പ്രഖ്യാപനം എന്നായിരുന്നു പറഞ്ഞത്. എന്നിട്ടിപ്പോള്‍ സിപിഎം ഫണ്ട് വാങ്ങാന്‍ ഒറ്റയ്ക്ക് തീരുമാനമെടുത്ത് മുന്നോട്ടു പോകുകയാണെന്ന് വിഡി സതീശന്‍ പറഞ്ഞു.
എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യുമെന്നാണ് നേരത്തെ പറഞ്ഞത്. എന്നാല്‍ പദ്ധതിയെ ശക്തമായി എതിര്‍ക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവര്‍ത്തിക്കുന്നു. ഏത് സിപിഐ എന്നാണ് എം വി ഗോവിന്ദന്‍ ചോദിച്ചത്. ഈ നാണക്കേടും സഹിച്ച് സിപിഐ അവിടെ നില്‍ക്കണോ?. ഞങ്ങളാരും അവരെ ക്ഷണിക്കുന്നൊന്നുമില്ല. നാണം സഹിച്ചും അവര്‍ അവിടെ നില്‍ക്കുന്നതു കാണുമ്പോള്‍ സങ്കടം തോന്നുന്നുവെന്നും വിഡി സതീശന്‍ പറഞ്ഞു.
അതേസമയം, പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള നീക്കത്തെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എതിര്‍ത്തു. പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള നീക്കം സിപിഎം - ബിജെപി ഡീലിന്റെ ഭാഗമാണ്. കേരളത്തില്‍ കഴിഞ്ഞ കുറേ നാളുകളായി സിപിഎം-ബിജെപി ഡീലിന്റെ ഘടകങ്ങള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. അതിലൊന്നാണ് പിഎം ശ്രീ പദ്ധതി. സിപിഐ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് വേണ്ടത്. സിലബസില്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കാന്‍ അനുവദിക്കരുതെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ മകനെതിരായ നോട്ടീസ് ഇഡി മറച്ചു വെച്ചതും, സിപിഎം മറച്ചു വെച്ചതും നമുക്ക് മനസ്സിലാക്കാന്‍ പറ്റും. ലാവലിന്‍ കേസ് 40 തവണ മാറ്റിവെക്കുന്നതും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. അങ്ങനെ നോക്കിയാല്‍ ഒരു പരമ്പര തന്നെയുണ്ട്. സ്വന്തം പാര്‍ട്ടിയുടെ പ്രഖ്യാപിത നയങ്ങളില്‍ നിന്നും വ്യത്യസ്തമായിട്ട് സിപിഎം മുന്നോട്ടു പോകുകയാണ്. കോണ്‍ഗ്രസ് പദ്ധതി നടപ്പാക്കുന്നു എന്ന് പറയുന്നത് തെറ്റായ ധാരണയാണ്. കര്‍ണാടകയില്‍ 2021 ലാണ് പദ്ധതി നടപ്പാക്കുന്നത്. അന്ന് ബിജെപി സര്‍ക്കാരാണ് ഉണ്ടായിരുന്നത്.
തെലങ്കാനയിലും ബിജെപി ഭരിച്ചിരുന്നപ്പോഴാണ് നടപ്പാക്കിയത്. ദേശീയ വിദ്യാഭ്യാസ നയത്തിലും കരിക്കുലത്തിലും സംഘപരിവാര്‍ അജണ്ട വെച്ചു പുലര്‍ത്തുന്ന ഒരു നടപടിയേയും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ സഹകരിച്ച് മുന്നോട്ടു പോകില്ല. മഹാത്മാഗാന്ധിയെക്കുറിച്ച് പഠിക്കേണ്ട, ഗോഡ്സേയെക്കുറിച്ച് പഠിച്ചാല്‍ മതിയെന്ന് പറയുമ്പോള്‍ അത് കേരളത്തിലെ ജനങ്ങള്‍ വിഴുങ്ങാന്‍ 1460 കോടി കൈക്കൂലിയായിട്ടാണോ തരുന്നത്? . സിപിഎമ്മിന്റെ ഇപ്പോഴത്തെ നിലപാടു മാറ്റത്തിന്റെ കാരണം എന്താണെന്നാണ് അറിയേണ്ടതെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
അതേ സമയം എന്നാല്‍ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവയ്ക്കുന്നതോടെ ധാരണാപത്രം അനുസരിച്ച് 2020 ലെ ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി) സംസ്ഥാനത്തു പൂര്‍ണതോതില്‍ നടപ്പാക്കേണ്ടി വരുമെന്നാണ് പദ്ധതിരേഖയില്‍ വ്യക്തമാക്കുന്നത്. കരാര്‍ ഒപ്പിട്ട ശേഷം സംസ്ഥാനം പിന്തിരിഞ്ഞാല്‍ അത് പുതിയ സംഘര്‍ഷത്തിനാകും വഴിവയ്ക്കുക. നിയമപരമായും സംസ്ഥാനം പ്രതിരോധത്തിലാകും. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടാലും എന്‍ഇപിയിലെ തെറ്റായ അജന്‍ഡകള്‍ കേരളത്തില്‍ നടപ്പാക്കില്ലെന്നാണ് മന്ത്രി വി.ശിവന്‍കുട്ടിയും സിപിഎം നേതൃത്വവും പറയുന്നത്. എന്നാല്‍ പിഎം ശ്രീ പദ്ധതിക്കായി സംസ്ഥാനവും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള ധാരണാപത്രത്തിന്റെ ആദ്യ ഉപാധിയായി പറയുന്നതു തന്നെ ദേശീയ വിദ്യാഭ്യാസ നയത്തിലെ മുഴുവന്‍ നിബന്ധനകളും നടപ്പാക്കണമെന്നാണ്. വ്യവസ്ഥകള്‍ ഭാഗികമായി നടപ്പാക്കാതിരിക്കാനാകില്ലെന്നു ചുരുക്കം.
സംസ്ഥാനം മുഴുവന്‍ തിടുക്കത്തില്‍ നടപ്പാക്കേണ്ടി വരില്ലെങ്കിലും പദ്ധതിയില്‍ ഉള്‍പ്പെടുന്ന സ്‌കൂളുകളില്‍ നടപ്പാക്കിയേ മതിയാകൂ എന്നാണ് കേന്ദ്ര നിബന്ധന. കേരളം മികച്ച അടിസ്ഥാന സൗകര്യങ്ങളോടെ കെട്ടിപ്പടുത്ത സ്‌കൂളുകളെ എന്‍ഇപി നടപ്പാക്കാനുള്ള കേന്ദ്രങ്ങളായി കേന്ദ്രത്തിന് വിട്ടുനല്‍കേണ്ടതുണ്ടോ എന്നതാണ് പദ്ധതിയെ എതിര്‍ക്കുന്ന സിപിഐ ഉന്നയിക്കുന്ന ചോദ്യം. എന്നാല്‍, പദ്ധതിയില്‍ ഒപ്പിടുന്നതിലൂടെ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കായി രണ്ടര വര്‍ഷമായി ലഭിക്കാനുള്ള കേന്ദ്ര വിഹിതം നേടിയെടുക്കുക എന്നതാണ് പൊതു വിദ്യാഭ്യാസ വകുപ്പും സിപിഎമ്മും ലക്ഷ്യമിടുന്നത്. അതു മാത്രമായി സാധ്യമാകുമോ എന്നതാണ് പ്രശ്‌നം.