ഞാന്‍ ജീവനോടെയുള്ളതു വരെ മോള്‍ക്കൊപ്പം ഞാനുമുണ്ടാവും; ധീരമായി പോരാടണം; രാത്രി ഒന്‍പതരയോടെ എറണാകുളം നഗരത്തില്‍ മോളെപ്പോലെ ഒരാള്‍ക്കെതിരെ ഇതുണ്ടായത്; അപ്പോള്‍ നമ്മുടെ സാധാരണ പെണ്‍കുട്ടികളുടെ അവസ്ഥ ആലോചിച്ചിട്ടുണ്ടോ? എല്ലാം പുറത്തെത്തിച്ചത് പിടിയുടെ നിശ്ചയദാര്‍ഡ്യം; നടിയെ ആക്രമിച്ച കേസില്‍ വിധി വരുമ്പോള്‍

Update: 2025-12-08 01:15 GMT

കൊച്ചി: ''ഞാന്‍ ജീവനോടെയുള്ളതു വരെ മോള്‍ക്കൊപ്പം ഞാനുമുണ്ടാവും, ധീരമായി പോരാടണം. രാത്രി ഒന്‍പതരയോടെയാണ് എറണാകുളം നഗരത്തില്‍ മോളെപ്പോലെ ഒരാള്‍ക്കെതിരെ ഇതുണ്ടായത്. അപ്പോള്‍ നമ്മുടെ സാധാരണ പെണ്‍കുട്ടികളുടെ അവസ്ഥ ആലോചിച്ചിട്ടുണ്ടോ? ഏതറ്റംവരെ പോകാനും ഞാന്‍ ഒപ്പമുണ്ടാവും'' പി.ടി തോമസ് നടിയായ അതിജീവിതയോട് അന്ന് രാത്രി പറഞ്ഞു. സാക്ഷിവിസ്താരത്തില്‍ പ്രതിഭാഗത്തിന്റെ തിരിച്ചുംമറിച്ചുമുള്ള ചോദ്യങ്ങള്‍ക്കു മുന്‍പില്‍ പതറാതെ നിന്ന പി.ടിയുടെ മൊഴികള്‍ കേരളത്തിന് പ്രതീക്ഷയായി. നടിയെ ആക്രമിച്ച കേസ് കേരളത്തില്‍ ചര്‍ച്ചയായത് ഒരാള്‍ മാത്രം കാരണമാണ്. ആ വ്യക്തിയില്ലായിരുന്നുവെങ്കിലും ആരും അറിയാത്ത സിനിമാ മേഖലയിലെ മറ്റൊരു ക്വട്ടേഷന്‍ പീഡനമായി ഇതു മാറുമായിരുന്നു. അന്ന് തൃക്കാക്കര എംഎല്‍എയായിരുന്നു പിടി തോമസ്. ഇന്ന് പിടി ഓര്‍മ്മകളിലാണ് ജീവിക്കുന്നത്.

പള്‍സര്‍ സുനിയും വിചാരിച്ചത് അങ്ങനെയാണ്. പക്ഷേ അന്റോ ജോസഫിന് തോന്നിയ രാത്രിയിലെ ഈ ബുദ്ധി കേസിനെ മാറ്റി മറിച്ചു. നടിയെ ആക്രമിച്ചത് ആദ്യം അറിഞ്ഞത് ആന്റോ ജോസഫായിരുന്നു. നടന്‍ ലാലിന്റെ വീട്ടില്‍ കരഞ്ഞു തളര്‍ന്നിരുന്ന നടിയെ കാണാന്‍ രാത്രിയില്‍ അയല്‍വാസിയായ എംഎല്‍എ പിടി തോമസിനേയും വിളിച്ചു. ലാലിന്റെ വീട്ടിലെത്തിയ പിടി തോമസ്, നടി പറഞ്ഞത് കേട്ട് ഞെട്ടി. അന്ന് ഐജിയായിരുന്ന പി വിജയനെ തന്റെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു. ഇതോടെ പോലീസ് ഇടപെടല്‍ തുടങ്ങി. പിടി തോമസ് ഇടപെട്ട കേസില്‍ എഫ് ഐ ആര്‍ ഇടാതിരിക്കാന്‍ പോലീസിന് കഴിയാതെ വന്നു. അങ്ങനെ എഫ് ഐ ആര്‍ വന്നു. പക്ഷേ വിധി ദിനം പിടി തോമസ് ഇല്ല. അപ്പോഴും ആ നിശ്ചയദാര്‍ഡ്യം മനുഷ്യ മനസ്സുകളിലെ നിറ സാന്നിധ്യമാണ്.

കുറ്റകൃത്യത്തിന് ഇരയായ നടി അന്നു രാത്രി സഹായം ചോദിച്ചെത്തിയതു നടനും സംവിധായകനുമായ ലാലിന്റെ വീട്ടിലാണ്. ലാലിന്റെ ഉടമസ്ഥതയിലുള്ള ലാല്‍ മീഡിയയില്‍ സിനിമയുടെ ഡബ്ബിങ് ആവശ്യത്തിനുവേണ്ടി തൃശൂരില്‍നിന്ന് എറണാകുളത്തേക്കു വരും വഴിയാണു നടിക്കു ദുരനുഭവമുണ്ടായത്. നടി സംഭവങ്ങള്‍ വിവരിച്ചപ്പോള്‍ അതിന്റെ ഗൗരവം തിരിച്ചറിഞ്ഞ ലാല്‍ നിര്‍മാതാവ് ആന്റോ ജോസഫിനെ വിവരമറിയിച്ചു. അതിനു തൊട്ടുമുന്‍പുള്ള ദിവസം സിനിമാ സംഘടനകള്‍ നടത്തിയ പൊതുപരിപാടിയിലേക്ക് അന്നത്തെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ ക്ഷണിച്ചുകൊണ്ടുവന്നത് ആന്റോ ജോസഫായിരുന്നു. അതിന്റെ ഓര്‍മയിലാണ് ഇത്തരമൊരു കേസുണ്ടായപ്പോള്‍ എന്തു നടപടിയെടുക്കണമെന്നറിയാന്‍ ആന്റോ ജോസഫിനെ വിളിച്ചത്. ലാലിന്റെ വീട്ടിലേക്കു പോകാന്‍ ഇറങ്ങുംവഴി ആന്റോ അയല്‍വാസിയായ പി.ടി. തോമസ് എംഎല്‍എയെ വിവരം അറിയിക്കാന്‍ ആന്റോ ജോസഫിനു തോന്നിയതാണ് ഈ കേസിലെ നിര്‍ണായക നിമിഷം. അതിജീവിതയെക്കണ്ടു വിവരം തിരക്കാന്‍ തീരുമാനിച്ച് ആന്റോയുടെയൊപ്പം ലാലിന്റെ വീട്ടിലെത്തി.

അതിജീവിതയോടു വിവരം ചോദിച്ചറിഞ്ഞ പി.ടി. തോമസ് അന്നത്തെ എറണാകുളം റേഞ്ച് ഐജി പി. വിജയനെയും സിറ്റി പൊലീസ് കമ്മിഷണര്‍ എം.പി. ദിനേശിനെയും ഫോണില്‍ വിളിച്ചു വിവരമറിയിച്ചു. ഉടന്‍ ഒരു മുതിര്‍ന്ന വനിത പൊലീസ് ഉദ്യോഗസ്ഥയെ നേരിട്ടുവിട്ട് അതിജീവിതയുടെ മൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. പി.ടി. തോമസ് ഇടപെട്ടതോടെ കേസിന്റെ ഗതിതന്നെ മാറി. അതിനിടെ സിനിമ മേഖലയിലെ ചിലര്‍ നടിയെ വിളിച്ചും നേരില്‍ കണ്ടും കേസ് റിപ്പോര്‍ട്ട് ചെയ്യിക്കാതിരിക്കാനുള്ള ശ്രമം നടത്തിയപ്പോള്‍ പി.ടി. തോമസ് പൊട്ടിത്തെറിച്ചു. അങ്ങനെ ആ കേസ് എഫ് ഐ ആറിലേക്ക് കടന്നു. പിന്നെ കുറ്റപത്രമായി. ഇപ്പോള്‍ വിധിയിലേക്കും കാര്യങ്ങളെത്തുന്നു.

നടിയെ ആക്രമിച്ച് ദൃശ്യം പകര്‍ത്തിയ കേസില്‍ വിധി ഇന്ന് വരും. എട്ടാം പ്രതിയായ നടന്‍ ദിലീപ് ശിക്ഷിക്കപ്പെടുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. രാവിലെ 11ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസാണ് വിധി പറയുക.ലൈംഗിക അതിക്രമത്തിന് ക്വട്ടേഷന്‍ നല്‍കിയതിന് രാജ്യത്ത് ആദ്യമായി രജിസ്റ്റര്‍ ചെയ്ത കേസില്‍ എട്ടരവര്‍ഷത്തിനുശേഷമാണ് വിധിവരുന്നത്. ദിലീപുള്‍പ്പെടെ 10 പ്രതികളുണ്ട്. പെരുമ്പാവൂര്‍ സ്വദേശി എന്‍.എസ്. സുനിലാണ് (പള്‍സര്‍ സുനി) ഒന്നാംപ്രതി. മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍, വി.പി. വിജീഷ്, എച്ച്. സലിം (വടിവാള്‍ സലിം), പ്രദീപ്, ചാര്‍ളി തോമസ് എന്നിവരാണ് രണ്ടു മുതല്‍ ഏഴു വരെയുള്ള പ്രതികള്‍.സനില്‍കുമാര്‍ (മേസ്തിരി സനില്‍) ഒമ്പതാം പ്രതിയാണ്.

ബലാത്സംഗം, ഗൂഢാലോചന, മാനഭംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, ബലപ്രയോഗം, അന്യായ തടങ്കല്‍, തെളിവുനശിപ്പിക്കല്‍, അശ്ലീല ചിത്രമെടുക്കല്‍, പ്രചരിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. തെളിവുനശിപ്പിക്കലിന് കൂട്ടുനിന്ന ദിലീപിന്റെ സുഹൃത്ത് ജി. ശരത്ത് പത്താം പ്രതിയാണ്. പ്രതികളെല്ലാവരും ഇന്ന് കോടതിയില്‍ ഹാജരാകും. 2017 ഫെബ്രുവരി 17ന് അങ്കമാലിക്കും കളമശേരിക്കും ഇടയിലാണ് ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നടി ആക്രമിക്കപ്പെട്ടത്.

Tags:    

Similar News