'ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും അത് അന്വേഷിക്കണമെന്നും മഞ്ജു പറഞ്ഞിടത്തു നിന്നാണ് എനിക്കെതിരേയുള്ള ഗൂഢാലോചന ആരംഭിച്ചത്'; കുറ്റവിമുക്തനായതിന് പിന്നാലെ മുന്‍ ഭാര്യക്കെതിരെ ദിലീപ്; പ്രതികരിക്കാനില്ലെന്ന നിലപാടില്‍ അതിജീവിത; അവള്‍ക്കൊപ്പം എന്ന് പോസ്റ്റിട്ട് നടിമാര്‍

'ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും അത് അന്വേഷിക്കണമെന്നും മഞ്ജു പറഞ്ഞിടത്തു നിന്നാണ് എനിക്കെതിരേയുള്ള ഗൂഢാലോചന ആരംഭിച്ചത്'

Update: 2025-12-08 06:39 GMT

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനായതിന് പിന്നാലെ മുന്‍ഭാര്യക്കെതിരെ പ്രതികരണവുമായി നടന്‍ ദിലീപ്. ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും അത് അന്വേഷിക്കണമെന്നും മഞ്ജു പറഞ്ഞിടത്തു നിന്നാണ് എനിക്കെതിരേയുള്ള ഗൂഢാലോചന ആരംഭിച്ചതെന്ന് ദിലീപ് മാധ്യമങ്ങളോട് പറഞ്ഞു.

മഞ്ജു പറഞ്ഞതിന് പിന്നാലെ അന്നത്തെ ഉയര്‍ന്ന മേലുദ്യോഗസ്ഥയും അവര്‍ തിരഞ്ഞെടുത്ത ഒരുസംഘം ക്രിമിനല്‍ പോലീസുകാരുമാണ് കേസുണ്ടാക്കിയത്. അതിനായി കേസിലെ മുഖ്യപ്രതിയേയും കൂട്ടുപ്രതികളേയും കൂട്ടുപിടിച്ച് കള്ളക്കഥ മെനഞ്ഞെു. എന്നിട്ട് പോലീസ് സംഘം ചില മാധ്യമങ്ങളേയും അവര്‍ക്ക് ഒത്താശചെയ്യുന്ന മാധ്യമപ്രവര്‍ത്തകരേയും കൂട്ടുപിടിച്ച് കള്ളക്കഥ സാമൂഹികമാധ്യമങ്ങിളലൂടെ പ്രചരിപ്പിച്ചു', ദിലീപ് ആരോപിച്ചു.

ദൈവത്തിന് നന്ദി പറഞ്ഞ് നടന്‍ ദിലീപ്. കേസില്‍ വിധി കേട്ട് കോടതിയില്‍നിന്ന് പുറത്തേക്കുവന്ന ദിലീപ്, 'സര്‍വശക്തനായ ദൈവത്തിന് നന്ദി', എന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. കേസിലെ യഥാര്‍ഥ ഗൂഢാലോചന തന്നെ പ്രതിയാക്കാന്‍ വേണ്ടിയായിരുന്നുവെന്നും ദിലീപ് ആരോപിച്ചു. 'പോലീസ് സംഘമുണ്ടാക്കിയ കള്ളക്കഥ കോടതിയില്‍ തകര്‍ന്നു. കേസില്‍ യഥാര്‍ഥ ഗൂഢാലോചന നടന്നത് എന്നെ പ്രതിയാക്കാനാണ്. സമൂഹത്തില്‍ എന്റെ കരിയറും ഇമേജും ജീവിതവും നശിപ്പിക്കാന്‍ വേണ്ടി ചെയ്തതാണ്', ദിലീപ് കൂട്ടിച്ചേര്‍ത്തു.

അതേസമയം കേസില്‍ ഉടന്‍ പ്രതികരിക്കാന്‍ ഇല്ലെന്ന നിലപാടിലാണ് അതിജീവിതയായ നടി. അതേസമയം വിധി വന്ന പശ്ചാത്തലത്തിലും അവള്‍ക്കൊപ്പം എന്നു പോസ്റ്റു പങ്കുവെച്ച് നടിമാര്‍ രംഗത്തുവന്നു. നടിമാരായ രമ്യ നമ്പീശന്‍, റിമാ കല്ലിങ്കല്‍, പാര്‍വതി തിരുവോത്ത് എന്നിവരാണ് അവള്‍ക്കൊപ്പം എന്ന പോസ്റ്റ് പങ്കുവെച്ചത്.

മലായള സിനിമയില്‍ വിവാദങ്ങള്‍ നിറഞ്ഞ കേസായിരുന്നു ഇത്. കേസില്‍ ആക്രമിക്കപ്പെട്ട നടിയോടൊപ്പമാണെന്നാണ് ഒടുവില്‍ താരസംഘടനയായ 'അമ്മ'പ്രഖ്യാപിച്ചത്. ഈ തീരുമാനം മാധ്യമങ്ങള്‍ക്ക് മുമ്പാകെ വിശദീകരിച്ചത് ജനറല്‍ സെക്രട്ടറി മമ്മൂട്ടിയാണ്. സിനിമയില്‍ ക്രിമിനലുകളുണ്ടാകുന്നത് നാണക്കേടാണെന്ന് അദ്ദേഹം അന്ന് അഭിപ്രായപ്പെട്ടു. അംഗങ്ങള്‍ ആവശ്യപ്പെട്ടാല്‍ സംഘടനയില്‍ അഴിച്ചുപണി നടത്തുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നും അഭിനേതാക്കളുടെ ക്ഷേമത്തിനായി രൂപവത്ക്കരിച്ച അമ്മയ്ക്ക് ഏതെങ്കിലും ഒരു പക്ഷത്തോട് പ്രതിപത്തിയില്ലെന്നും മമ്മൂട്ടി വ്യക്തമാക്കി.

ദിലീപിന്റെ പ്രാഥമിക അംഗത്വവും ട്രഷറര്‍ സ്ഥാനവും റദ്ദ് ചെയ്യാനാണ് അമ്മയുടെ അടിയന്തിര എക്സിക്യൂട്ടിവ് യോഗം തീരുമാനിച്ചത്. നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളയും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനും ദിലീപിനെ പുറത്താക്കി. ഇതോടെ സിനിമാരംഗത്തെ എല്ലാ സംഘടനകളില്‍നിന്നും ദിലീപ് പുറത്തായിരുന്നു.

'അമ്മ'യുടെ ആവശ്യപ്രകാരം ദിലീപ് രാജിവെച്ചുവെന്ന് അമ്മയുടെ പ്രസിഡന്റായ മോഹന്‍ലാല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ദിലീപ് വിഷയത്തിന് പരിഹാരമായെന്നും 'അമ്മ'യുടെ ആവശ്യപ്രകാരം ദിലീപ് സംഘടനയില്‍നിന്ന് രാജിവെച്ചെന്നുമാണ് മോഹന്‍ലാല്‍ പറഞ്ഞത്. ഒക്ടോബര്‍ 10-നാണ് ദിലീപിന്റെ രാജിക്കത്ത് ലഭിച്ചതെന്നും ഡബ്ല്യു.സി.സി.യുടെ പ്രധാന വിഷയമായി ഇത് മാറുന്നതിനുമുമ്പേ ദിലീപിന്റെ രാജി പരിഗണിച്ചിരുന്നെന്നും മോഹന്‍ലാല്‍ പറഞ്ഞു.

നടിമാരുടെ രാജി വലിയൊരു പ്രശ്‌നമല്ല എന്ന വിലപാടായിരുന്നു അമ്മയുടേത്. സംഘടനയില്‍നിന്ന് ചിലര്‍ രാജിവെച്ച സംഭവം കാര്യമാക്കുന്നില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. രാജിവെച്ചുപോയവരെ തിരിച്ചെടുക്കണമെന്ന് ഡബ്ല്യു.സി.സി. അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. രാജിവെച്ചവര്‍ക്ക് അമ്മയിലേക്ക് തിരികെ വരാം. പക്ഷേ, അതിനുള്ള അപേക്ഷ നല്‍കുന്നതുള്‍പ്പെടെയുള്ള നടപടികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നടിക്കുനേരെയുണ്ടായ അതിക്രമമാണ് മലയാള സിനിമാ മേഖലയില്‍ വിമെന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന വനിതാ കൂട്ടായ്മയുടെ രൂപവത്കരണത്തിന് കാരണമായത്. 2017 നവംബര്‍ 1-ന് കേരളത്തിലെ ഒരു സൊസൈറ്റിയായി ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത സംഘടനയാണ് വനിതാ സിനിമാ കളക്ടീവ് . നടിക്ക് നേരെയുണ്ടായ അതിക്രമത്തെ തുടര്‍ന്ന് 2017 മെയ് മാസത്തിലാണ് മലയാള സിനിമാ വ്യവസായത്തിലെ ലിംഗ അസമത്വങ്ങളും അരക്ഷിതമായ തൊഴില്‍ സാഹചര്യങ്ങളും പരിഹരിക്കുന്നതിനായി സിനിമാ രംഗത്തെ അഭിനേതാക്കളും സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരും ചേര്‍ന്ന് ഇത് ഒരു അനൗദ്യോഗിക കൂട്ടായ്മയായി ആരംഭിച്ചത്. മഞ്ജു വാര്യര്‍, പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍ തുടങ്ങിയ പ്രമുഖ നടിമാരായിരുന്നു ഇതിന്റെ സ്ഥാപക അംഗങ്ങളില്‍ ഉണ്ടായിരുന്നത്.

Tags:    

Similar News