ഉപഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി; നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഇല്ല; പുതിയ ഹര്‍ജി നല്‍കാന്‍ അതിജീവിത; മെമ്മറി കാര്‍ഡില്‍ നിയമ പോരാട്ടം തുടരും
ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉപഹര്‍ജി ഹൈക്കോടതി തള്ളിയത്.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഉപഹര്‍ജി ഹൈക്കോടതി തള്ളി. നിലവില്‍ പ്രിന്‍സിപ്പല്‍ ജഡ്ജി നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണം. കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം നടത്തണം എന്നീ രണ്ട് ആവശ്യങ്ങളാണ് ഉന്നയിച്ചിരുന്നത്. ഐ.ജി റാങ്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ഈ രണ്ട് ആവശ്യങ്ങളും കോടതി അംഗീകരിച്ചില്ല. അതിജീവിത പുതിയ ഹര്‍ജി നല്‍കാനുള്ള സാധ്യത ഏറെയാണ്. ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉപഹര്‍ജി ഹൈക്കോടതി തള്ളിയത്. പുതിയ ഹര്‍ജി നല്‍കാമെന്നും കോടതി വിശദീകരിച്ചിട്ടുണ്ട്.
മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ രണ്ട് തവണ മാറ്റം വന്നുവെന്നാണ് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയത്. ഇതില്‍ അന്വേഷണം നടത്താന്‍ നേരത്തെ ഹൈക്കോടതി വിചാരണ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. മെമ്മറി കാര്‍ഡിലുള്ളത് തന്റെ വ്യക്തിപരമായ വിവരങ്ങളാണ്. അത് പുറത്തുപോവുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. ഹാഷ് വാല്യു മാറിയത് എങ്ങനെയെന്ന് കണ്ടെത്തണം. വിചാരണ കോടതി നടത്തിയ അന്വേഷണം തൃപ്തികരമല്ല എന്നാണ് ഹര്‍ജിയില്‍ അതിജീവിത ചൂണ്ടിക്കാട്ടിയിരുന്നത്. തന്റെ സ്വകാര്യദൃശ്യങ്ങളാണ് മെമ്മറികാര്‍ഡിലുള്ളതെന്ന് അതിജീവിത വിശദീകരിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ പുറത്തുവരുമോയെന്നതില്‍ ആശങ്കയുള്ളതായും ഇതിനുപിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
മുന്‍പ് തീര്‍പ്പാക്കിയ ഹര്‍ജിയില്‍ പുതിയ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ ആവില്ലെന്നും ഇതുമായി ബന്ധപ്പെട്ട ഹര്‍ജി നിയമപരമായി നില നിലനില്‍ക്കില്ലെന്നുമാണ് ജസ്റ്റിസ് സി എസ് ഡയസ് ചൂണ്ടിക്കാട്ടിയത്. പരാതിക്കാരിക്ക് നിയമപരമായ മറ്റു മാര്‍ഗങ്ങള്‍ തേടാം എന്നും ജസ്റ്റിസ് വ്യക്തമാക്കി. തികച്ചും സാങ്കേതിക കാര്യങ്ങളാണ് കോടതി മുമ്പോട്ട് വച്ചതെന്നാണ് അതിജീവിതയുടെ അഭിഭാഷകരുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് പുതിയ ഹര്‍ജി നല്‍കുന്നത്.
മെമ്മറി കാര്‍ഡിന്റെ ഹാഷ് മൂല്യത്തില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തിയിട്ടില്ലെന്നാണ് അതിജീവിതയുടെ വാദം. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി 'പള്‍സര്‍' സുനി എന്നറിയപ്പെടുന്ന സുനില്‍ എന്‍എസിന് സുപ്രീം കോടതി സെപ്റ്റംബര്‍ 17ന് ജാമ്യം അനുവദിച്ചിരുന്നു. 2017 ഫെബ്രുവരി 17ന് തൃശ്ശൂരിലെ വീട്ടില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ മലയാളത്തിലെ പ്രമുഖ നടിയെ ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയി അവരുടെ കാറില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചതാണ് ഈ കേസിന് ആധാരമാകുന്ന വിഷയം. നടന്‍ ദിലീപും കേസില്‍ പ്രതിയാണ്.
സംസ്ഥാന സര്‍ക്കാരും അതിജീവിതയുടെ നിലപാടിനൊപ്പമായിരുന്നു. ഈ ഹര്‍ജി പരിഗണിക്കുന്നതിനിടെ കേസിലെ എട്ടാം പ്രതി ദിലീപിന് കോടതിയില്‍ നിന്ന് രൂക്ഷ വിമര്‍ശനമേറ്റിരുന്നു. അതിജീവിതുടെ ഹര്‍ജിയില്‍ ദിലീപിന്റെ താല്‍പര്യമെന്താണെന്നായിരുന്നു വാദത്തിനിടെ ഹൈക്കോടതി ചോദിച്ചത്. അതിജീവിതയുടെ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് എതിര്‍പ്പ് ഇല്ല എന്നും പിന്നെന്തിനാണ് എട്ടാം പ്രതിക്ക് എതിര്‍പ്പ് എന്നുമായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഗൗരവ് അഗര്‍വാളാണ് അതിജീവിതയ്ക്ക് വേണ്ടി കേസില്‍ ഹാജരായത്. അതും കോടതി വിധിയില്‍ പ്രതിഫലിച്ചില്ല.