മുഖ്യമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ ദീര്‍ഘനേരം കുശലാന്വേഷണം; സാധാരണയില്‍ കൂടുതല്‍ സമയം സംസാരിച്ചെന്ന് കണ്ടെത്തല്‍; വനിതാ പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി; സംഭവം കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലാ കോണ്‍ക്ലേവിനിടെ

മുഖ്യമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ ദീര്‍ഘനേരം കുശലാന്വേഷണം

Update: 2025-02-08 05:18 GMT

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഡ്യൂട്ടിക്കിടെ ദീര്‍ഘനേരം സംസാരിച്ചുനിന്ന വനിതാ പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി. കളമശ്ശേരി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷബ്ന ബി കമാല്‍, ജ്യോതി ജോര്‍ജ് എന്നിവര്‍ക്കെതിരെയാണ് കൊച്ചി ഡിസിപി അശ്വതി ജിജിയുടെ നടപടി. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ ജനുവരി 14 ന് നടന്ന കോണ്‍ക്ലേവിനിടെയാണ് സംഭവം.

ഷബ്ന ബി കമാലിനെ എക്സിബിഷന്‍ ഹാള്‍ ഡ്യൂട്ടിക്കും ജ്യോതി ജോര്‍ജിനെ കോമ്പൗണ്ട് മഫ്തി ഡ്യൂട്ടിക്കും സിവില്‍ വേഷത്തിലായിരുന്നു ചുമതല. പൊലീസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയില്‍ ശ്രദ്ധിക്കാതെ രണ്ട് ഉദ്യോഗസ്ഥര്‍ കണ്ടു മുട്ടുമ്പോഴുള്ള സാധാരണ കുശലാന്വേഷണങ്ങള്‍ക്ക് വേണ്ടി വരുന്നതിലധികം സമയം സംസാരിച്ചുവെന്നാണ് കണ്ടെത്തല്‍. മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും ഉള്‍പ്പെടുത്ത പരിപാടിയുടെ ഗൗരവം ഉള്‍ക്കൊള്ളാതെയാണ് ഇതെന്നും നടപടി സ്വീകരിച്ചു കൊണ്ടുള്ള ഉത്തരവില്‍ ചൂണ്ടികാട്ടുന്നു.

ഗുരുതരമായ അച്ചടക്ക ലംഘനവും കൃത്യവിലോപവും അജാഗ്രതയുമാണ് ഇരുവരുടേയും ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്ന പ്രാഥമിക കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം പാളയത്ത് മുഖ്യമന്ത്രിയുടെ വാഹനം എസ്എഫ്‌ഐ സമരത്തില്‍ പെട്ടത് സുരക്ഷാ വീഴ്ച്ചയെന്നാണ് വിലയിരുത്തല്‍. പ്രതിഷേധക്കാര്‍ക്ക് ഇടയിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹനം കടത്തിവിട്ടത് സുരക്ഷാ വീഴ്ചയെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.

വ്യാഴാഴ്ച്ച ഉച്ചയ്ക്ക് വി.സി. മോഹനന്‍ കുന്നുമ്മേലിനെതിരെ കേരള സര്‍വകലാശാല ആസ്ഥാനത്തേക്ക് എസ്.എഫ്.ഐ നടത്തിയ പ്രകടനത്തിനിടെയാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടത്തിവിട്ടത്. ഇത് ഗുരുതരവീഴ്ചയാണെന്നാണ് റിപ്പോര്‍ട്ട്.ഉച്ചക്ക് 12ഓടെയാണ് യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് നൂറുകണക്കിന് പ്രവര്‍ത്തരുടെ പ്രകടനം ആരംഭിച്ചത്. സര്‍വകലാശാല ആസ്ഥാനത്ത് എത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം എ.കെ.ജി സെന്ററില്‍ നിന്ന് തിരിച്ചത്. എന്നാല്‍ വിവരം യഥാസമയം കൈമാറി മുഖ്യമന്ത്രിയുടെ വാഹനം വഴിതിരിച്ചുവിടാന്‍ പൊലീസിന് കഴിഞ്ഞില്ല.

ഒടുവില്‍ പ്രതിഷേധക്കാരെ റോഡിന്റെ ഇരുവശത്തേക്കും മാറ്റി മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പൊലീസ് കടത്തിവിട്ടു. പ്രതിഷേധം കടന്നുപോകുന്ന വഴികളില്‍ ഏറ്റുമുട്ടലിന് സാദ്ധ്യതയുണ്ട്. അതിനാല്‍ അതുവഴി വി.ഐ.പി വാഹനങ്ങള്‍ കടത്തിവിടരുതെന്നാണ് കര്‍ശന നിര്‍ദ്ദേശം. ഡ്യൂട്ടിയുലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ വലിയ വീഴ്ച വരുത്തിയെന്നാണ് റിപ്പോര്‍ട്ട്.

Tags:    

Similar News