മഴ ചാറിയപ്പോള്‍ തുണിയെടുക്കാന്‍ ഇറങ്ങി; ശബ്ദം കേട്ട് കിണറ്റിലേക്ക് നോക്കിയതും കണ്ടത് മുങ്ങി താഴുന്ന രണ്ടര വയസ്സുള്ള അനുജന്‍; എട്ടു വയസ്സുള്ള മൂത്ത ചേച്ചി പിന്നെ ആ കണിറ്റിലേക്ക് ആരോടും ചോദിക്കാതെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി; ആ സാഹസികത ഇവാന് ജീവന്‍ തിരികെ നല്‍കി; ദിയാ ഫാത്തിമയെ രാജ്യം ആദരിക്കുമ്പോള്‍

Update: 2025-01-26 03:00 GMT

ചാരുംമൂട്: ആഴമേറിയ കിണറ്റില്‍ വീണ് മുങ്ങിത്താഴ്ന്ന രണ്ടു വയസുകാരന്‍ കുഞ്ഞനുജനെ അതിസാഹസികമായി രക്ഷപ്പെടുത്തിയ ദിയ ഫാത്തിമയ്ക്ക് രാഷ്ട്രപതിയുടെ ജീവന്‍ രക്ഷാ പതക് പുരസ്‌കാരം കിട്ടുമ്പോള്‍ അത് ആ കൊച്ചു മിടുക്കിയ്ക്ക് അര്‍ഹതയക്കുള്ള അംഗീകാരം. പത്തനംതിട്ട തുമ്പമണ്‍ കീരുകുഴി പൊങ്ങലടി പാലിയത്തറ വീട്ടില്‍ സനലിന്റെയും ഷാജിലയുടെയും മകളാണ് ദിയ. സമാനതകളില്ലാതെയാണ് ദിയ ഇടപെടല്‍ നടത്തിയത്. ദിയയും കുടുംബവും മാവേലിക്കര മാങ്കാംകുഴി കല്ലിത്തുണ്ടം പറങ്കാംകൂട്ടത്തില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുമ്പോഴാണ് ദിയ ഫാത്തിമ ചര്‍ച്ചകളിലെ താരമായത്. 2023 ഏപ്രില്‍ നാലിന് വൈകിട്ട് അഞ്ചിനായിരുന്നു അപകടം.

അമ്മ ഷാജില മുറ്റത്ത് പാത്രം കഴുകയായിരുന്നു. ദിയയും അനുജത്തി ദുനിയയും ഉണങ്ങാന്‍ ഇട്ടിരുന്ന വസ്ത്രങ്ങള്‍ എടുക്കുകയായിരുന്നു. ഇതിനിടെയാണ് കിണറിനു മുകളിലെ ഇരുമ്പു ഗ്രില്ലില്‍ രണ്ട് വയസുകാരന്‍ ഇവാന്‍ കയറിയത്. തുടര്‍ന്ന് ഗ്രില്ലിന്റെ തുരുമ്പിച്ച ഭാഗം തകര്‍ന്ന് ഇരുപത് അടി താഴ്ചയുള്ള കിണറ്റിലേക്ക് കുഞ്ഞ് വീണു. ശബ്ദം കേട്ട് ഓടിയെത്തിയ ദിയ കിണറ്റിലേക്ക് പൈപ്പിലൂടെ ഊര്‍ന്നിറങ്ങി. മുങ്ങിത്താഴുകയായിരുന്ന കുഞ്ഞിനെ ഒരു കൈകൊണ്ട് ഉയര്‍ത്തിപ്പിടിച്ചു. അങ്ങനെ അനുജനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്നു. അനുജനെ പൊക്കി പിടിച്ച ശേഷം മറുകൈ കൊണ്ട് പൈപ്പില്‍ പിടിച്ചു കിടന്ന് കിണറ്റിനുള്ളില്‍ നിന്നും ഉച്ചത്തില്‍ നിലവളിച്ചു. ഓടിയെത്തിയ വീട്ടുകാരും പരിസരവാസികളും ചേര്‍ന്ന് കയറില്‍ കിണറ്റിലിറങ്ങി ഇവാനെ ആദ്യം കരയ്ക്കു കയറ്റി. പിന്നീട് ദിയയെയും രക്ഷപ്പെടുത്തി. പാത്രം കഴുകുകയായിരുന്ന അമ്മ ഷാജില, മൂത്ത സഹോദരി ദിയ ഫാത്തിമ എന്നിവരുടെ കണ്ണുവെട്ടിച്ചാണ് ഇരുമ്പുഗ്രില്‍ ഉപയോഗിച്ച് അടച്ചിരുന്ന കിണറിന് മുകളില്‍ ഇവാന്‍ കയറിയത്.

മഴ ചാറിയപ്പോള്‍ മുറ്റത്തുവിരിച്ച തുണിയെടുക്കാനിറങ്ങിയപ്പോഴായിരുന്നു കിണറ്റില്‍ എന്തോ വീഴുന്ന ശബ്ദം ദിയ കേട്ടത്. ഓടിച്ചെന്ന് നോക്കിയപ്പോഴാണ് അക്കു എന്നുവിളിപ്പേരുള്ള ഇവാനാണ് അപകടത്തില്‍പെട്ടതെന്ന് മനസ്സിലായത്. പിന്നെ ഒന്നുമാലോചിക്കാതെ കിണറ്റിലേക്കുള്ള പൈപ്പില്‍ തൂങ്ങിയിറങ്ങുകയായിരുന്നു ദിയ. തലയില്‍ ചെറിയ മുറിവേറ്റ ഇവാന് ചേച്ചിയുടെ ധീരത ജീവന്‍ തിരിച്ചു നല്‍കി. അന്ന് എട്ടുവയസ്സുമാത്രം പ്രായമുണ്ടായിരുന്ന ദിയയുടെ അവസരോചിതമായ ഇടപെടലും സാഹസികമായ പ്രവര്‍ത്തനവുമാണ് അനുജന്‍ രണ്ടുവയസ്സുള്ള ഇവാന് ജീവന്‍തിരികെ കിട്ടാന്‍ വഴിയൊരുക്കിയത്.

അന്ന് ദിയ വെട്ടിയാര്‍ ഇരട്ടപ്പള്ളിക്കൂടം ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ മൂന്നാം ക്ലാസില്‍ പഠിക്കുകയായിരുന്നു. പൊങ്ങലടി ഗവ. എല്‍പിഎസിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ദിയ ഫാത്തിമ ഇപ്പോള്‍. ദുനിയ ഫാത്തിമയാണ് ദിയയുടെ മറ്റൊരു സഹോദരി. ധീരതക്കുള്ള ജീവന്‍ രക്ഷാപഥക് പുരസ്‌കാരത്തിന് കേരളത്തില്‍ നിന്നുള്ള മൂന്നുപേര്‍ ഇത്തവണ അര്‍ഹരായി. ദിയ ഫാത്തിമയ്ക്ക് പുറമേ എംകെ മുഹമ്മദ് ഹാഷിറിനും കിട്ടി. കെഎം മനേഷിന് മരണാനന്തര ബഹുമതിയായി സര്‍വോത്തം രക്ഷാപഥക് സമ്മാനിക്കും.

സൈന്യത്തിലെ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ സേന മെഡലുകളും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യോമസേനയില്‍ രണ്ട് മലയാളികള്‍ രാഷ്ട്രപതിയുടെ പരം വിശിഷ്ട സേവാ മെഡലിന് അര്‍ഹരായി. സതേണ്‍ എയര്‍ കമാന്‍ഡ് മേധാവി എയര്‍ മാര്‍ഷല്‍ ബി മണികണ്ഠന്‍, അന്തമാന്‍ നിക്കോബാര്‍ കമാന്‍ഡ് ഇന്‍ ചീഫ് എയര്‍ മാര്‍ഷല്‍ സാജു ബാലകൃഷ്ണനും എന്നിവരാണ് പരം വിശിഷ്ട സേവാ മെഡലിന് അര്‍ഹരായത്. മരണാനന്തര ബഹുമതിയായി ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനിലെ ജി വിജയന്‍കുട്ടിക്ക് ശൗര്യചക്ര സമ്മാനിക്കും.

മേജര്‍ മഞ്ജിത്ത് കീര്‍ത്തി ചക്ര പുരസ്‌കാരത്തിന് അര്‍ഹനായി. നായിക് ദില്‍ വാര്‍ ഖാന് മരണാന്തരമായി കീര്‍ത്തി ചക്ര സമ്മാനിക്കും. കരസേനയിലെ ലഫ് ജനറല്‍ സാധനാ നായര്‍ക്കും മകന് വ്യോമസേന ഫ്ലൈറ്റ് ലഫ്റ്റനന്റുമായ തരുണ്‍ നായര്‍ക്കും രാഷ്ട്രപതിയുടെ സേന മെഡല്‍ സമ്മാനിക്കും.

Tags:    

Similar News