അപേക്ഷ സമര്‍പ്പിച്ച് മണിക്കൂറുകള്‍ക്കം 25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് അനുവദിച്ചു; സെയ്ഫ് അലിഖാന്റെ കാര്യത്തില്‍ അതിവേഗ നീക്കങ്ങള്‍; അന്വേഷണം ആവശ്യപ്പെട്ട് ഡോക്ടര്‍മാരുടെ സംഘടന; നടന്റെ വസതിയില്‍ പ്രതിയുടെ ഒരു ഫിംഗര്‍ പ്രിന്റ് പോലും പതിയാതെ വന്നതും കുത്തേറ്റ സംഭവം ദൂരൂഹമാക്കുന്നു

അപേക്ഷ സമര്‍പ്പിച്ച് മണിക്കൂറുകള്‍ക്കം 25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് അനുവദിച്ചു

Update: 2025-01-27 01:57 GMT

മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവത്തില്‍ അടിമുടി ദൂരൂഹതകള്‍ തുടുരുന്നു. സെയ്ഫിനെ കുത്തിയത് ആരെന്ന ചോദ്യം ഒരുവശത്ത് ഉയരുമ്പോള്‍ തന്നെ കാര്യങ്ങളൊന്നും സെയ്ഫിന് അനുകൂലമല്ല എന്നതാണ് വസ്തുത. പൊരുത്തക്കേടുകളുടെ അയ്യരുകളിയാണ് ഈ കേസിലുള്ളത്. ഇപ്പോഴിതാ വിവാദത്തിന് ആക്കം പകര്‍ന്ന് സെയ്ഫിന്റെ ഇന്‍ഷുറന്‍സ് ക്ലെയിമും.

ആക്രമിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന സെയ്ഫ് അലിഖാന് അതിവേഗത്തില്‍ ഇന്‍ഷുറന്‍സ് അനുവദിച്ചതില്‍ ആശങ്ക ഉന്നയിച്ച് അസോസിയേഷന്‍ ഓഫ് മെഡിക്കല്‍ കണ്‍സള്‍ട്ടന്റ്‌സ് (എ.എം.സി.) രംഗത്തുവന്നു. ബോളിവുഡ് താരത്തിന്റെ കാര്യത്തില്‍ അതിവേഗമാണ് കാര്യങ്ങള്‍ മുന്നോട്ടു നീങ്ങിയത്. അപേക്ഷ സമര്‍പ്പിച്ച് മണിക്കൂറുകള്‍ക്കം 25 ലക്ഷം രൂപയുടെ ക്ലെയിം അനുവദിച്ചതില്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി അന്വേഷണം നടത്തണമെന്നും 14,000-ത്തിലധികം മെഡിക്കല്‍ പ്രൊഫഷണലുകളെ പ്രതിനിധീകരിക്കുന്ന എ.എം.സി. ആവശ്യപ്പെട്ടു.

ക്ലെയിം പ്രോസസ്സ് ചെയ്യുന്ന വേഗതയെ വിമര്‍ശിച്ച് ഐആര്‍ഡിഎഐക്ക് അയച്ച കത്തില്‍ എഎംസി വിയോജിപ്പ് പ്രകടിപ്പിച്ചു. സാധാരണ പോളിസി ഉടമകള്‍ക്ക് ഇത്തരം പെട്ടെന്നുള്ള അംഗീകാരങ്ങള്‍ അപൂര്‍വമാണെന്നും സെലിബ്രിറ്റികള്‍ക്കും ഉന്നത വ്യക്തികള്‍ക്കും കൃത്യമായ ചികിത്സ ലഭ്യമാകുന്നു. ഇത് ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനത്തില്‍ അസമത്വമുണ്ടാക്കുന്നുവെന്നും ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റിക്ക് അയച്ച് കത്തില്‍ എ.എം.സി. ചൂണ്ടിക്കാട്ടുന്നു.

''ഒരു സാധാരണ പോളിസി ഉടമയുടെ കാര്യത്തില്‍, ക്ലെയിം അംഗീകരിക്കുന്നതിന് മുമ്പ് ഇന്‍ഷുറര്‍ക്ക് അധിക ഡോക്യുമെന്റേഷന്‍ ആവശ്യമായി വരാറുണ്ട്. എന്നാല്‍ ഖാന്റെ കാര്യത്തില്‍ ഈ ആവശ്യകത ഒഴിവാക്കുകയും കാലതാമസമില്ലാതെ അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി 25 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. മെഡിക്കോള്‍ കേസുകളില്‍ എഫ്‌ഐആര്‍ പകര്‍പ്പ് ആവശ്യപ്പെടുക എന്നതാണ് സാധാരണ നടപടിക്രമം. ഇന്‍ഷുറന്‍സ് കമ്പനി ഈ ആവശ്യകത ഒഴിവാക്കുകയും പണരഹിത അഭ്യര്‍ത്ഥന ഉടന്‍ അംഗീകരിക്കുകയും ചെയ്യുകയായിരുന്നു''. ആരോഗ്യ ഇന്‍ഷുറന്‍സ് വിദഗ്ധനായ നിഖില്‍ ഝാ എക്സില്‍ കുറിച്ചു.

സാമൂഹ്യ മാധ്യമങ്ങളിലൂടെ നടന്റെ ഇന്‍ഷുറന്‍സ് വിശദാംശങ്ങള്‍ ചോര്‍ന്നതോടെയാണ് വിവാദം ചൂടിപിടിച്ചത്. ആശുപത്രിയില്‍ അഞ്ച് ദിവസത്തെ ചികിത്സയ്ക്കായി അദ്ദേഹത്തിന്റെ കുടുംബം ആദ്യം 35.95 ലക്ഷം രൂപയുടെ ക്ലെയിം നല്‍കിയിരുന്നുവെന്ന് വെളിപ്പെടുത്തി. പിന്നീട് 25 ലക്ഷം രൂപ ഇതിനകം അംഗീകരിച്ച് ക്ലെയിം പ്രോസസ്സ് ചെയ്യുകയായിരുന്നുവെന്നാണ് ഇന്‍ഷുറര്‍ നിവ ബുപ സ്ഥിരീകരിച്ചത്. മാത്രമല്ല ചികിത്സയ്ക്ക് ശേഷം സെയ്ഫ് അലി ഖാന്‍ ആശുപത്രിയില്‍ നിന്ന് വളരെ കൂള്‍ ആയി ഇറങ്ങി വന്നതും വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. നെട്ടെലിന് കുത്തേറ്റയാള്‍ എങ്ങിനെയാണ് ഇത്ര നല്ലപോലെ നടക്കുന്നതെന്നായിരുന്നു ഉയര്‍ന്നുവന്ന പ്രധാന ചോദ്യം.

ജനുവരി 16 നായിരുന്നു മുംബൈ ബാന്ദ്ര വെസ്റ്റിലെ വസതിയില്‍ വെച്ച് സെയ്ഫ് ആക്രമിക്കപ്പെടുന്നത്. നടന്റെ കൈയിലും കഴുത്തിലുമായി ആറ് മുറിവുകളും നട്ടെലിന്റെ ഭാഗത്ത് ആക്രമി കത്തി ഉപയോഗിച്ച് ആഴത്തില്‍ കുത്തുകയും ചെയ്തിരുന്നു. സംഭവ ദിവസത്തിലെ സിസിടിവി ദൃശ്യങ്ങള്‍ അനുസരിച്ച് ആദ്യം പ്രതിയെന്ന് കരുതി ഒരാളെ അറസ്റ്റു ചെയ്തിരുന്നു എന്നാല്‍ പിന്നീട് അയാളെ പൊലീസ് വിട്ടയച്ചു. പിന്നീടാണ് ബംഗ്ലാദേശ് സ്വദേശിയായ ഷരീഫുല്‍ ഇസ്ലാമിനെ പ്രതിയാക്കിയത്. സംഭവത്തില്‍ ഒന്നിലധികം ആളുകള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സംശയിക്കുന്നതായി പോലീസ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

ഷരീഫുള്‍ ഇസ്ലാമിന്റെ റിമാന്‍ഡ് ആവശ്യപ്പെട്ടുള്ള അപേക്ഷയിലാണ് പോലീസ് ഇക്കാര്യം പറഞ്ഞത്. ഇതിനിടെയാണ് വിരലടയാള പരിശോധനയില്‍ പുതിയ ട്വിസ്റ്റ് ഉണ്ടാകുന്നത്. സെയ്ഫ് അലിഖാന്റെ വീട്ടില്‍ നിന്നും ഫോറന്‍സിക്ക് കണ്ടെത്തിയ 19 വിരലടയാളങ്ങളില്‍ ഒന്ന് പോലും പ്രതി ഷരീഫുല്‍ ഇസ്ലാമിന്റേതല്ലെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. ശാസ്ത്രീയ പരിശോധനകളില്‍ ഈ വിരലടയാളങ്ങളില്‍ ഒന്ന് പോലും ഷരീഫുള്‍ ഇസ്ലാമിന്റേതുമായി യോജിക്കുന്നിലായിരുന്നു.

ഇതോടെ സംഭവത്തില്‍ ദുരൂഹത കൂടുകയാണ്. ഈ ആശയക്കുഴപ്പം അന്വേഷണ സംഘത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സംസ്ഥാന ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴിലുള്ള ഫിംഗര്‍പ്രിന്റെ ബ്യൂറോയിലാണ് പരിശോധനകള്‍ നടത്തിയത്. കമ്പ്യൂട്ടര്‍ സഹായത്തോടെയുള്ള പരിശോധനയിലാണ് ഇവ ഷരീഫുള്‍ ഇസ്ലാമിന്റേതല്ലെന്ന് കണ്ടെത്തിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയാണ് ബാന്ദ്രയിലെ വസതിയില്‍ വെച്ച് സെയ്ഫ് അലി ഖാന് കുത്തേറ്റത്. ആക്രമണത്തില്‍ നടന് ആറ് തവണ കുത്തേല്‍ക്കുകയും കത്തി മുറിഞ്ഞ് ശരീരത്തില്‍ തറയ്ക്കുകയും ചെയ്തു.

Tags:    

Similar News