'പലതവണ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞതാണ്; ആ 21 മില്യണ്‍ ഡോളര്‍ കൈക്കൂലി'; വീണ്ടും വിവാദ പരാമര്‍ശവുമായി ഡൊണാള്‍ഡ് ട്രംപ്; 'ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ഫണ്ട്' ആരോപണം ആശങ്കാജനകമെന്ന് വിദേശകാര്യ മന്ത്രാലയം; അന്വേഷണം തുടങ്ങി

യുഎസ് ഫണ്ട് ആരോപണം ആശങ്കാജനകമെന്ന് വിദേശകാര്യ മന്ത്രാലയം

Update: 2025-02-21 14:25 GMT

വാഷിങ്ടണ്‍: ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ നീക്കിവെച്ച 21 മില്യണ്‍ ഡോളറിന്റെ ഫണ്ട് റദ്ദാക്കിയ വിഷയത്തില്‍ വീണ്ടും വിവാദ പരാമര്‍ശവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അത് കൈക്കൂലി ആണെന്നാണ് ട്രംപ് ആരോപിക്കുന്നത്. താന്‍ മുമ്പ് പലതവണ പറഞ്ഞതുപോലെ വ്യക്തികള്‍ക്കുള്ള കൈക്കൂലിയാണ് അതെന്ന് റിപ്പബ്ലിക്കന്‍ ഗവര്‍ണേഴ്‌സ് അസോസിയേഷന്‍ യോഗത്തില്‍ ട്രംപ് ആരോപിച്ചു. അതേ സമയം ഇന്ത്യയിലെ തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ അമേരിക്ക ഫണ്ട് നല്‍കി എന്ന റിപ്പോര്‍ട്ടുകള്‍ ആശങ്കജനകമെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

വിഷയം രാജ്യത്തെ ബന്ധപ്പെട്ട് ഏജന്‍സികള്‍ പരിശോധിക്കുന്നതായും മന്ത്രാലയം വെളിപ്പെടുത്തി. യു എസ് ഫണ്ട് ആരോപണത്തില്‍ അന്വേഷണം തുടങ്ങി എന്ന സൂചനയും വിദേശകാര്യ വക്താവ് നല്‍കി. അതേസമയം ഇന്ത്യക്കെന്ന പേരില്‍ മാറ്റി വച്ച ഫണ്ട് ബംഗ്ലാദേശിനാണ് യഥാര്‍ത്ഥത്തില്‍ നല്‍കിയതെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ബി ജെ പി തള്ളി. ബൈഡന്‍ ഭരണകൂടം ഇന്ത്യയില്‍ ആരെയോ തെരഞ്ഞെടുക്കാന്‍ ശ്രമിച്ചു എന്ന ട്രംപിന്റെ ആരോപണം കോണ്‍ഗ്രസിനെതിരെ ബി ജെ പി ആയുധമാക്കുകയാണ്.

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാന്‍ 21 മില്യണ്‍ ഡോളര്‍ അഥവാ 180 കോടി രൂപയുടെ ഫണ്ട് എത്തിയെന്ന് ഇന്നലെ ഡോണള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു. ഇന്നും ട്രംപ് ഇക്കാര്യം ആവര്‍ത്തിച്ചു. ഈ പണം കൈക്കൂലിയാണെന്നും നല്‍കിയവര്‍ക്ക് ഇതിന്റെ വിഹിതം കിട്ടുന്നുണ്ടെന്നും ട്രംപ് ആരോപിച്ചു. ബൈഡന്‍ ഭരണകൂടം ഇന്ത്യയില്‍ ആരെയോ തെരഞ്ഞെടുക്കാന്‍ ശ്രമിച്ചു എന്ന ട്രംപിന്റെ ആരോപണത്തിന് പിന്നാലെ ബി ജെ പി, കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രീയപ്പോര് തുടരുന്നതിനിടെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. ഇന്ത്യയിലെ തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ യു എസ് ഫണ്ട് നല്‍കി എന്നതില്‍ അന്വേഷണം തുടങ്ങി എന്ന സൂചനയാണ് വിദേശകാര്യ വക്താവ് നല്‍കിയത്.

എന്നാല്‍ ഇന്ത്യയിലെ തെരഞ്ഞെടുപ്പില്‍ ഈ തുക ഉപയോഗിച്ചിട്ടില്ലെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തത്. 21 ദശലക്ഷം ഡോളര്‍ പോയത് ബംഗ്ലാദേശിലേക്ക് എന്ന് തെളിയ്ക്കുന്ന രേഖകളും പത്രം പുറത്തു വിട്ടു. ബംഗ്ലാദേശിലെ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കാണ് പണം നല്‍കിയതെന്നാണ് രേഖകള്‍. എന്നാല്‍ ഇന്ത്യയ്ക്കും ബംഗ്ലാദേശിനും ഒരേ തുക കിട്ടിയിട്ടുണ്ടെന്ന് ട്രംപ് വ്യക്തമാക്കി. ബംഗ്ലാദേശിലേക്കല്ല കോണ്‍ഗ്രസിലേക്കാണ് ഫണ്ട് പോയതെന്നാണ് ബി ജെ പി പ്രതികരിച്ചത്. മോദിയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാന്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും രാജ്യത്തെ ഒറ്റുകൊടുക്കുകയാണെന്നും ബി ജെ പി ആരോപിച്ചു. ബി ജെ പി തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുകയാണ് പ്രതികരിച്ച കോണ്‍ഗ്രസ് ഇത്രയും തുക എത്തിയപ്പോള്‍ അജിത് ഡോവലും അന്വേഷണ ഏജന്‍സികളും എവിടെയായിരുന്നവെന്ന് തിരിച്ചടിച്ചു.

ട്രംപ് പറഞ്ഞത്:

വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ 21 മില്യണ്‍ ഡോളറോ? ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പ്രാതിനിധ്യത്തെപ്പറ്റി നാം എന്തിന് ആശങ്കപ്പെടണം. നമുക്ക് ആവശ്യത്തിന് പ്രശ്‌നങ്ങളുണ്ട്. നമ്മുടെ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കേണ്ടതുണ്ട്. ആ പണം മുഴുവന്‍ ഇന്ത്യയിലേക്ക് പോകുമെന്ന് കരുതുന്നുണ്ടോ? അത് എപ്പോള്‍ ലഭിക്കുമെന്നാകും അവര്‍ കരുതുന്നത്. അതൊരു കൈക്കൂലിയാണ്. താന്‍ പലതവണ പറഞ്ഞതുപോലെ വ്യക്തികള്‍ക്കുള്ളതാണ് - ട്രംപ് പറഞ്ഞു.

പലതവണ താന്‍ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞതാണ്. അപ്പോഴൊന്നും അതേക്കുറിച്ച് നിങ്ങള്‍ക്ക് ഒന്നും മനസിലായിട്ടുണ്ടാകില്ല. അതിനര്‍ഥം അതൊരു കൈക്കൂലിയാണ്. അതുകൊണ്ടാണ് എന്താണ് സംഭവിക്കുന്നത് എന്നതുസംബന്ധിച്ച് ആര്‍ക്കും ഒരുസൂചനയും ഇല്ലാതിരുന്നത്. ബംഗ്ലാദേശിലെ രാഷ്ട്രീയ പഞ്ചാത്തലം ശക്തിപ്പെടുത്താന്‍ 29 മില്യണ്‍ അമേരിക്കന്‍ ഡോളര്‍. എന്താണ് ആ രാഷ്ട്രീയ പശ്ചാത്തലംകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ആര്‍ക്കും അറിയില്ലെന്നും ട്രംപ് പറഞ്ഞു.

ഇന്ത്യന്‍ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാനുള്ള യു.എസ്. ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ്(ഡടഅകഉ)ന്റെ 21 മില്യണ്‍ ഫണ്ട് സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടല്‍ ഉണ്ടായെന്നതു സംബന്ധിച്ച ആശങ്ക ഉയര്‍ത്തുന്നതാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ബന്ധപ്പെട്ട ഏജന്‍സികള്‍ ഇക്കാര്യം പരിശോധിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കന്‍ ഫണ്ട് സംബന്ധിച്ച വെളിപ്പെടുത്തല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള വാക്‌പോരിന് ഇടയാക്കിയതിന് പിന്നാലെയാണിത്.

Tags:    

Similar News