കൊടും കുറ്റവാളികളുമായി അമേരിക്കന്‍ വിമാനങ്ങള്‍ എല്‍ സാവദോര്‍ ജയിലുകളിലേക്ക്; വെനസ്വേലന്‍ മാഫിയ സംഘത്തെ നാടുകടത്തിയത് കോടതി ഉത്തരവിറങ്ങും മുമ്പേ; ഒരുവര്‍ഷത്തേക്ക് ഇവരെ ജയിലില്‍ പാര്‍പ്പിക്കുമെന്നും വേണ്ടിവന്നാല്‍ തടവ് കാലം വര്‍ധിപ്പിക്കുമെന്നും എല്‍ സാവദോര്‍ പ്രസിഡന്റ്

Update: 2025-03-17 02:49 GMT

വാഷിംഗ്ടണ്‍: അമേരിക്കയില്‍ അനധികൃതമായി കുടിയേറിയവരെ കുപ്രസിദ്ധമായ എല്‍ സാവദോര്‍ ജയിലിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു തുടങ്ങി. ട്രംപ് കര്‍ശന നിലപാട് സ്വീകരിക്കുന്ന പശ്ചാത്തലത്തിലാണ് നാടുകടത്തല്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കിയത്. ഇതിനിടെ കോടതി ഉത്തരവ് മറികടന്നും വെനസ്വേലന്‍ തടവുകാരെ എല്‍ സാവദോറിലേക്ക് നാടു കടത്തി. കുപ്രസിദ്ധ അന്താരാഷ്ട്ര മാഫിയ സംഘമായ 'ട്രെന്‍ ദെ അരാഗ്വ' സംഘത്തില്‍ പെട്ടവരെന്ന് ആരോപിക്കപ്പെടുന്ന 238 പേരെയാണ് അമേരിക്ക നാടുകടത്തിയത്. ഈ മാഫിയ സംഘത്തെ നാടുകടത്തിയ വിവരം പുറത്തുവന്നല്‍ എല്‍ സാവദോര്‍ പ്രതികരണം അറിയിച്ചതോടെയാണ്.

എല്‍ സാവദോറിലെ കുപ്രസിദ്ധ ജയിലായ ടെററിസം കണ്‍ഫൈന്‍മെന്റ് സെന്ററിലേക്കാണ് വെനസ്വേലന്‍ മാഫിയയെ മാറ്റിയത്. ഇവര്‍ക്കൊപ്പം എം.എസ്-13 എന്ന അന്താരാഷ്ട്ര മാഫിയ ഗാങ്ങില്‍ പെട്ടവരെന്ന് സര്‍ക്കാര്‍ പറയുന്ന 23 പേരെയും എല്‍ സാവദോറിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരെ രാജ്യത്തേക്ക് കൊണ്ടുവന്ന കാര്യം എല്‍ സാവദോര്‍ പ്രസിഡന്റാണ് വെളിപ്പെടുത്തിയത്. എന്നാല്‍ അമേരിക്കയോ എല്‍ സാവദോറോ നാടുകടത്തപ്പെട്ടവരുടെ കുറ്റകൃത്യ പശ്ചാത്തലങ്ങളേപ്പറ്റി വെളിപ്പെടുത്തിയിട്ടില്ല.

അമേരിക്ക യുദ്ധത്തിലേര്‍പ്പെടുന്ന സമയത്ത് മാത്രം ഉപയോഗിച്ചിരുന്ന ഫോറിന്‍ എനിമീസ് ആക്ട് ഉപയോഗിച്ചാണ് ഇവരെ നാടുകടത്തിയത്. ഇതിനെതിരെ ഫെഡറല്‍ കോടതി ഉത്തരവിറക്കിയിരുന്നുവെങ്കിലും അതിനുമുമ്പുതന്നെ ഇവരേയും വഹിച്ചുകൊണ്ടുള്ള വിമാനം അമേരിക്കയില്‍ നിന്ന് പറന്നുയര്‍ന്നിരുന്നു.

ഒരുവര്‍ഷത്തേക്ക് ഇവരെ ജയിലില്‍ പാര്‍പ്പിക്കുമെന്നും വേണ്ടിവന്നാല്‍ തടവ് കാലം വര്‍ധിപ്പിക്കുമെന്നും എല്‍ സാവദോര്‍ പ്രസിഡന്റ് വ്യക്തമാക്കി. ഇവരെ ജയിലില്‍ പാര്‍പ്പിക്കാനുള്ള ചെലവ് അമേരിക്ക വഹിക്കും. അമേരിക്കയെ സംബന്ധിച്ചിടത്തോളം അത് ചെറിയ തുകയാണെങ്കിലും തങ്ങള്‍ക്കത് വലിയ തുകയാണെന്ന് അദ്ദേഹം സമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.

1798ലാണ് യുദ്ധകാലത്ത് ഉപയോഗിക്കാനുള്ള ഈ നിയമം അമേരിക്ക കൊണ്ടുവന്നത്. ഏലിയന്‍ എനിമീസ് ആക്ട് എന്ന ഈ നിയമം ഇതിന് മുമ്പ് രണ്ടാം ലോക യുദ്ധകാലത്താണ് ഉപയോഗിച്ചിട്ടുള്ളത്. ഈ നിയമം പുനരുജ്ജീവിപ്പിച്ച് വെനസ്വേലന്‍ മാഫിയ സംഘത്തില്‍പെട്ട കുറ്റവാളികളെ നാടുകടത്തുമെന്ന് ശനിയാഴ്ചയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. ഇതിനെതിരെ യു.എസ് ഡിസ്ട്രിക്ട് ജഡ്ജ് ജെയിംസ് ബോസ്ബെര്‍ഗ് ഉത്തരവിറക്കി. 14 ദിവസത്തേക്കാണ് തടവുകാരെ നാടുകടത്താനുള്ള നീക്കത്തിന് തടയിട്ടത്.

എന്നാല്‍ അതിനുമുമ്പ് തന്നെ ഇവരെ സര്‍ക്കാര്‍ നാടുകടത്തുകയും ചെയ്തു. നാടുകടത്തലിനെതിരെ സമര്‍പ്പിച്ച കേസില്‍ വാദം നടക്കവേ നാടുകടത്തല്‍ നീക്കം ആരംഭിച്ചതായും തടവുകാരുമായി വിമാനം ടേക്ക് ഓഫ് ചെയ്തതായും അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് വിമാനം തിരികെ ഇറക്കാനുള്ള ഉത്തരവ് വാക്കാല്‍ നല്‍കിയെങ്കിലും ഉത്തരവ് രേഖാമൂലം നല്‍കിയ സമയത്ത് അതില്‍ ഇക്കാര്യം ഉണ്ടായിരുന്നില്ല.

പ്രാദേശിക സമയം ശനിയാഴ്ച രാത്രി 7.25നാണ് കോടതിക്ക് മുമ്പില്‍ ഹര്‍ജിയെത്തിയത്. എന്നാല്‍ ഉത്തരവിറങ്ങാന്‍ സമയം വൈകിയതിനാല്‍ അത് നടപ്പിലായില്ല. കോടതി ഉത്തരവിറങ്ങിയ സമയത്ത് തടവുകാരെയും വഹിച്ചുള്ള വിമാനം രാജ്യത്തിന്റെ അതിര്‍ത്തി കടന്നിരുന്നു. തടവുകാരെ നാടുകടത്തുന്നതിനെതിരെ അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ ( എ.സി.എല്‍.യു) ആണ് കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ കോടതി ഉത്തരവ് ലംഘിച്ചുവെന്ന് ഇവര്‍ ആരോപിച്ചു. എന്നിരുന്നാലും കോടതി ഉത്തരവിനെതിരെ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് അപ്പീല്‍ നല്‍കിയിട്ടുണ്ട്. ആംനെസ്റ്റി ഇന്റര്‍നാഷണല്‍, വെനസ്വേലന്‍ സര്‍ക്കാര്‍ എന്നിവര്‍ അമേരിക്കന്‍ നടപടിക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തിയിട്ുണ്ട്. ഒപ്പുവെച്ചത്.

Tags:    

Similar News