'നാല് വര്‍ഷം നീളേണ്ട സംഘര്‍ഷമാണ് ഞാന്‍ അവസാനിപ്പിച്ചത്'; ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ തന്റെ മിടുക്കെന്ന് സൗദിയിലും ആവര്‍ത്തിച്ച് ട്രംപ്; യുഎസ് ഇടപെടലിനെ കുറിച്ചുള്ള ട്രംപിന്റെ അവകാശവാദങ്ങളില്‍ മൗനം പാലിച്ചതില്‍ പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനം കടുപ്പിച്ച് പ്രതിപക്ഷവും
'നാല് വര്‍ഷം നീളേണ്ട സംഘര്‍ഷമാണ് ഞാന്‍ അവസാനിപ്പിച്ചത്'
റിയാദ്: ഇന്ത്യ- പാകിസ്താന്‍ വെടിനിര്‍ത്തല്‍ ധാരണ തന്റെ ഇടപെടല് മൂലമെന്ന് ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വ്യാപാര കരാര്‍ ചര്‍ച്ചകള്‍ ഉപയോഗിച്ചാണ് ഇരു രാജ്യങ്ങളേയും വെടിനിര്‍ത്തല്‍ ധാരണയിലേക്ക് എത്തിച്ചതെന്നും നാലു വര്‍ഷം നീളേണ്ട സംഘര്‍ഷമാണ് താന്‍ അവസാനിപ്പിച്ചെന്നുമായിരുന്നു ട്രംപിന്റെ അവകാശവാദം. ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായുള്ള സൗദി സന്ദര്‍ശനിടെയായിരുന്നു ട്രംപ് തന്റെ പരാമര്‍ശം ആവര്‍ത്തിച്ചത്.
മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിച്ചത് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമാണെന്നും ട്രംപ് അവകാശപ്പെട്ടു. ഓപ്പറേഷന്‍ സിന്ദൂറിനു ശേഷമുണ്ടായ വെടിനിര്‍ത്തലില്‍ മൂന്നാമതൊരു കക്ഷിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വ്യക്തമാക്കി മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോഴാണ് അവകാശവാദം ട്രംപ് ആവര്‍ത്തിച്ചിരിക്കുന്നത്. ഇതോടെ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറാണ് വെട്ടിലായത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ആണവ സംഘര്‍ഷം തന്റെ ഭരണകൂടം അവസാനിപ്പിച്ചതായി ട്രംപ് നേരത്തെയും പറഞ്ഞിരുന്നു. സംഘര്‍ഷം അവസാനിപ്പിച്ചാല്‍ ഇരുരാജ്യങ്ങളുമായും അമേരിക്ക കൂടുതല്‍ വ്യാപാരം നടത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോട് നടത്തിയ അഭിസംബോധനയക്ക് മിനിറ്റുകള്‍ക്ക് മുന്‍പായിരുന്നു ട്രംപിന്റെ ആദ്യ പരാമര്‍ശം. വെടിനിര്‍ത്തലിനുള്ള ആവശ്യമുന്നയിച്ചത് പാകിസ്താനാണെന്നും ചര്‍ച്ച നടന്നത് ഡിജിഎംഒ തലത്തില്‍ മാത്രമാണെന്നും രണ്‍ധീര്‍ ജയ്‌സ്വാള്‍ തിങ്കളാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. വെടിനിര്‍ത്തല്‍ ധാരണയില്‍ മൂന്നാമതൊരു കക്ഷിയുടെ മധ്യസ്ഥത ഉണ്ടായിട്ടില്ലെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി. ഇന്ത്യയുടെ നയം പല ലോക നേതാക്കളും പാകിസ്താനെ അറിയിച്ചിട്ടുണ്ടാകും. എന്നാല്‍, ആരും മധ്യസ്ഥ ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓപ്പറേഷന്‍ സിന്ദൂറിന്റെയും തുടര്‍ന്നുള്ള സൈനിക നടപടികളുടെയും സാഹചര്യത്തില്‍ ഇന്ത്യയുടെയും അമേരിക്കയുടെയും നേതാക്കള്‍ തമ്മില്‍ വികസിച്ചുകൊണ്ടിരിക്കുന്ന സൈനിക സാഹചര്യത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. ഈ ചര്‍ച്ചകളില്‍ ഒന്നിലും വ്യാപാര വിഷയം ഉയര്‍ന്നുവന്നിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന്‍ ഭീകരരെ പിന്തുണയ്ക്കുന്നിടത്തോളം സിന്ധുനദീജല കരാര്‍ മരവിപ്പിച്ചത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാകിസ്താനുമായുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ യു.എസ് ഇടപെടലുമായി ബന്ധപ്പെട്ട് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങളില്‍ മൗനം പാലിച്ചതില്‍ പ്രതിപക്ഷം വിമര്‍ശനം കടുപ്പിക്കുകയാണ്. തിങ്കളാഴ്ച രാത്രി എട്ടിനാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. അതിനു തൊട്ടുമുന്നേ, തന്റെ ഇടപെടലിലൂടെയാണ് വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമായതെന്ന അവകാശവാദവുമായി ട്രംപ് രംഗത്തെത്തിയിരുന്നു.
കശ്മീര്‍ അടക്കമുള്ള വിഷയങ്ങളില്‍ മൂന്നാം രാജ്യങ്ങളുടെ ഇടപെടല്‍ വേണ്ടെന്നാണ് കാലങ്ങളായുള്ള ഇന്ത്യയുടെ നയം. ഈ നയം മോദി രഹസ്യമായി തിരുത്തിയോ എന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം. ഏറെ വൈകിയുള്ള മോദിയുടെ പ്രസംഗം, ട്രംപിന്റെ വെളിപ്പെടുത്തലില്‍നിന്ന് ശ്രദ്ധ തിരിക്കാനായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് ആരോപിച്ചു.
''ട്രംപിന്റെ വെളിപ്പെടുത്തലില്‍ പ്രധാനമന്ത്രി മൗനം പാലിച്ചിരിക്കുകയാണ്. യു.എസ് മധ്യസ്ഥത ഇന്ത്യ അംഗീകരിച്ചിട്ടുണ്ടോ പാകിസ്താനുമായുള്ള സംഭാഷണത്തിന് നിഷ്പക്ഷ വേദി എന്ന ആവശ്യം ഇന്ത്യ അംഗീകരിച്ചുവോഅമേരിക്കയുടെ താല്‍പര്യത്തിനനുസരിച്ച് ഇന്ത്യയില്‍ വിവിധ മേഖലയില്‍ വിപണി തുറക്കുമോ'' -അദ്ദേഹം ചോദിച്ചു. കഴിഞ്ഞ 20 ദിവസമായി സര്‍വകക്ഷി യോഗമെന്ന ആവശ്യത്തോട് മോദി മുഖം തിരിച്ചിരിക്കുകയാണെന്നും ഇനിയെങ്കിലും അതിനു സന്നദ്ധനാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളില്‍ ഒറ്റവരി വിശദീകരണങ്ങള്‍ മതിയാകില്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം കക്ഷിയെ ഇടപെടാന്‍ അനുവദിക്കുക വഴി പ്രധാനമന്ത്രി കശ്മീര്‍ നയത്തില്‍ വെള്ളം ചേര്‍ത്തെന്ന് കോണ്‍ഗ്രസ് എം.പി രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.
ഏതെങ്കിലും ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനു മുമ്പ് അമേരിക്ക വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടത്തിയത് പല തരത്തിലുള്ള ആശയക്കുഴപ്പത്തിനിടയാക്കിയെന്ന് സി.പി.എം ആരോപിച്ചു. ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നതിനും മറ്റുമായി ഉടന്‍ പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി പ്രധാനമന്ത്രിക്ക് എഴുതിയ കത്തില്‍ ആവശ്യപ്പെട്ടു. ട്രംപിന്റെ അവകാശവാദങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രി ഔദ്യോഗിക വാര്‍ത്തക്കുറിപ്പ് പുറത്തിറക്കണമെന്ന് ആര്‍.ജെ.ഡി ആവശ്യപ്പെട്ടു.
1972ലെ ഷിംല കരാറിനുശേഷം, കശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷിയെ ഇടപെടാന്‍ ഇന്ത്യ അനുവദിച്ചിട്ടില്ല. കശ്മീര്‍ അന്താരാഷ്ട്ര വിഷയമല്ല, മറിച്ച് ആഭ്യന്തര വിഷയമാണെന്നതാണ് ഷിംല കരാറിനുശേഷമുള്ള നിലപാട്. ഈ നിലപാടിന് വിരുദ്ധമാണ് ട്രംപിന്റെ പ്രസ്താവനയെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നത്. ഒരു വിദേശ രാജ്യത്തിന്റെ പ്രസിഡന്റിനുമുന്നേ നരേന്ദ്ര മോദിയായിരുന്നു വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കേണ്ടതെന്നായിരുന്നു തന്റെ ആഗ്രഹമെന്ന് അസദുദ്ദീന്‍ ഉവൈസി എം.പി പറഞ്ഞു. വെടിനിര്‍ത്തലിന് പാകിസ്താന്‍ അപേക്ഷിച്ചുവെന്ന് പറഞ്ഞ മോദി, എന്തുകൊണ്ട് ആദ്യമേ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചില്ലെന്ന് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അതിഷി ചോദിച്ചു. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളോട് മോദിയോ ബി.ജെ.പിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.