റഷ്യന്‍ പ്രസിഡന്റ് പുടിനെതിരെ ശക്തമായ മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്; പുടിന്‍ എന്നെ വെറുതെ കളിപ്പിക്കുന്നു; റഷ്യന്‍ എണ്ണ കയറ്റുമതിക്ക് 25% തീരുവ ചുമത്തും; ബാങ്കിംഗ് സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ട്രംപിന്റെ മുന്നറിയിപ്പ്

Update: 2025-04-26 23:48 GMT

വാഷിംഗ്ടണ്‍: ഉക്രെയ്ന്‍-റഷ്യ യുദ്ധം നിലച്ചേക്കേണ്ട സാഹചര്യമാകുമ്പോള്‍, റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനെതിരെ കര്‍ശനമായി മുന്നറിയിപ്പുമായി  അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. കീവ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ റഷ്യ നടത്തിയ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളെ 'അനാവശ്യവും അനുചിതസമയത്തുള്ളതുമായ' ആക്രമണങ്ങള്‍ എന്നു വിശേഷിപ്പിച്ച ട്രംപ്, പുടിന്‍ യുദ്ധം അവസാനിപ്പിക്കാന്‍ തയ്യാറല്ലെന്നും, അദ്ദേഹത്തിനെതിരെ കൂടുതല്‍ കടുത്ത സാമ്പത്തിക നടപടികള്‍ സ്വീകരിക്കേണ്ടതായി വരുമെന്നും തന്റെ ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടിലൂടെ മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ദിവസം കീവില്‍ റഷ്യ നടത്തിയ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 90-ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 66 ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളും 145 ഷഹീദ് ഡ്രോണുകളും ഉപയോഗിച്ചുള്ള ഈ ആക്രമണം ഈ വര്‍ഷം ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ ആക്രമണമായിരുന്നു. ഈ ആക്രമണത്തിന് പിന്നാലെ, 'വ്‌ലാഡിമിര്‍, നിര്‍ത്തൂ... 5000 സൈനികര്‍ ആഴ്ചതോറും മരിക്കുന്നു. സമാധാന കരാര്‍ പൂര്‍ത്തിയാക്കൂ' എന്നും ട്രംപ് പോസ്റ്റ് ചെയ്തു.

അമേരക്കയുടെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് മോസ്‌കോയില്‍ പുടിനുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ട്രംപിന്റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. നിബന്ധനകളില്ലാത്ത ചര്‍ച്ചയ്ക്ക് പുടിന്‍ തയ്യാറാണെന്ന് ക്രെംലിന്‍ അവകാശപ്പെട്ടെങ്കിലും, ഉക്രെയ്‌നിന്റെ നാറ്റോ അംഗത്വം ഉപേക്ഷിക്കുക, ക്രിമിയ ഉള്‍പ്പെടെ റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങള്‍ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്നോട്ടുവച്ചു. ട്രംപ്, ഉക്രെയ്ന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലെന്‍സ്‌കിയുമായി റോമില്‍ നടത്തിയ കൂടിക്കാഴ്ചയില്‍, ക്രിമിയ റഷ്യയ്ക്ക് വിട്ടുകൊടുക്കണമെന്ന് നിര്‍ദേശിച്ചിരുന്നു, എന്നാല്‍ സെലെന്‍സ്‌കി ഇത് ശക്തമായി നിരസിച്ചു.

റഷ്യന്‍ എണ്ണ കയറ്റുമതിക്ക് 25% തീരുവ ചുമത്തുമെന്നും ബാങ്കിംഗ് സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്നുമാണ് ട്രംപ് തന്റെ മുന്നറിയിപ്പിലൂടെ നല്‍കുന്ന സൂചന. എന്നാല്‍, യൂറോപ്യന്‍ നേതാക്കള്‍, ട്രംപിന്റെ നയം പൂര്‍ണ്ണമായും റഷ്യന്‍ അനുകൂലമാണെന്നും ചൂണ്ടിക്കാണിക്കുന്നു. 'ട്രംപിന്റെ നിര്‍ദേശങ്ങള്‍ യുദ്ധത്തിന്റെ ഇരയെക്കാള്‍ ആക്രമണകാരിയെ പിന്തുണയ്ക്കുന്നതായി തോന്നുന്നു' ബ്രിട്ടനിലെ റോയല്‍ യുണൈറ്റഡ് സര്‍വീസസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ നീല്‍ മെല്‍വിന്‍ പറഞ്ഞു. അതേസമയം സെലെന്‍സ്‌കി പറയുന്നത് റഷ്യയുടെ 'സമാധാന' വാഗ്ദാനങ്ങള്‍ വെറും പ്രചാരണമാണെന്നും, പുടിന്റെ ലക്ഷ്യം ഉക്രെയ്‌നിന്റെ അടിമുടി തകര്‍ക്കലാണെന്നുമാണ്.

Tags:    

Similar News