കാലം ഇത്ര പുരോഗമിച്ചിട്ടും പ്രാകൃതമായ നിലവാരത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ്; സംസ്‌കാരമുള്ള ആര്‍ക്കും അവിടേക്ക് പോകാന്‍ പറ്റാത്ത സ്ഥിതിയാണെന്നും വിമര്‍ശിക്കുന്ന ഡോ ഹാരിസ് ചിറയ്ക്കല്‍; 'സിസ്റ്റം തകരാര്‍' ചര്‍ച്ചയാക്കിയ ഡോക്ടറുടെ പുതിയ പ്രസ്താവനയും ആരോഗ്യ വകുപ്പിന് പിടിക്കുന്നില്ല; നടപടി എടുക്കാത്തത് ജനവികാരം ഭയന്നും; ആ ഫയല്‍ വീണ്ടും പിണറായിയ്ക്ക് മുന്നിലേക്ക്

Update: 2025-11-09 04:34 GMT

തിരുവനന്തപുരം: ഡോ ഹാരീസ് ചിറയ്ക്കല്‍ വീണ്ടും അച്ചടക്കം ലംഘിച്ചെന്ന നിലപാടിലേക്ക് ആരോഗ്യ വകുപ്പ്. കാലം ഇത്ര പുരോഗമിച്ചിട്ടും പ്രാകൃതമായ നിലവാരത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോേളജെന്നും സംസ്‌കാരമുള്ള ആര്‍ക്കും അവിടേക്ക് പോകാന്‍പറ്റാത്ത സ്ഥിതിയാണെന്നും ഡോ. ഹാരിസ് ചിറയ്ക്കല്‍ പരസ്യമായി പറഞ്ഞത്. ഇത് ആരോഗ്യ സംവിധാനത്തിന് കളങ്കമുണ്ടാക്കലാണെന്നാണ് വിലയിരുത്തല്‍. നാടൊട്ടുക്ക് മെഡിക്കല്‍ കോളേജുകള്‍ തുടങ്ങിയിട്ട് കാര്യമൊന്നുമില്ലെന്നും ഉള്ളതിന്റെ നിലവാരംകൂട്ടുകയാണ് വേണ്ടതെന്നും ഡോ ഹാരീസ് പറഞ്ഞു. മെഡിക്കല്‍ കോേളജില്‍ മതിയായ ചികിത്സകിട്ടാതെ ചവറ സ്വദേശി വേണു (49) മരിച്ച പശ്ചാത്തലത്തിലാണ് മെഡിക്കല്‍ കോേളജ് ആശുപത്രി യൂറോളജി വിഭാഗം മേധാവികൂടിയായ ഡോ. ഹാരിസിന്റെ രൂക്ഷവിമര്‍ശനം. കുറച്ചുനാള്‍മുന്‍പ് ആരോഗ്യവകുപ്പിലെ 'സിസ്റ്റം' തകര്‍ന്നു എന്ന് വിളിച്ചുപറഞ്ഞ് വിവാദംസൃഷ്ടിച്ചിരുന്നു ഡോ. ഹാരിസ്. അന്ന് സര്‍ക്കാര്‍ ശാസനാ രൂപത്തിലെ താക്കീത് നല്‍കിയിരുന്നു. ഇനി പൊതു വിമര്‍ശനം നടത്തില്ലെന്ന് ഹാരീസും പറഞ്ഞിരുന്നു. സിപിഎം അനുഭാവമുള്ള കുടുംബത്തില്‍ നിന്നുള്ള വ്യക്തിയാണ് ഹാരീസ്.

ഇതിന്റെ ലംഘനമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. 'പൊതുജനാരോഗ്യനയം, സമീപനം, വെല്ലുവിളി' എന്നവിഷയത്തില്‍ മെഡിക്കല്‍ സര്‍വീസ് സെന്റര്‍ സംഘടിപ്പിച്ച സെമിനാറിലായിരുന്നു വിമര്‍ശനം. 'ഹൃദയാഘാതത്തെത്തുടര്‍ന്നെത്തിയ വേണുവിനെ മെഡിക്കല്‍ കോേളജില്‍ തറയില്‍ക്കിടത്തിയാണ് ചികിത്സിച്ചതെന്നറിഞ്ഞു. അത്യാസന്നനിലയിലായ രോഗികളെ ഇത്തരത്തില്‍ ചികിത്സിക്കുന്നത് എങ്ങനെയാണ് ആധുനികസമൂഹത്തിന് അംഗീകരിക്കാനാവുക. കൊല്ലത്ത് മറ്റ് ആശുപത്രികളുണ്ടായിട്ടും പന്മനയില്‍നിന്ന് വേണുവിന് തിരുവനന്തപുരം മെഡിക്കല്‍ കോേളജില്‍ വരേണ്ടിവന്നതുതന്നെ സങ്കടകരമാണ്' അദ്ദേഹം പറഞ്ഞു. കുറച്ചുകാലം മുന്‍പ് താന്‍ ഇത്തരത്തില്‍ ചിലകാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നെന്നും അതിന്റെപേരില്‍ കുറച്ച് വിഷമത നേരിടേണ്ടിവന്നിട്ടുണ്ടെന്നും ഡോ. ഹാരിസ് പറഞ്ഞു. പക്ഷേ, സമൂഹവും മാധ്യമങ്ങളും തനിയ്ക്കൊപ്പംനിന്നു. അക്കാര്യത്തില്‍ നന്ദിയുണ്ട്. താന്‍ തെറ്റല്ല ചെയ്തത്, അനാസ്ഥ ചൂണ്ടിക്കാണിക്കുകയായിരുന്നു. മുഖ്യമന്ത്രിയെയോ മന്ത്രിയെയോ രാഷ്ട്രീയപ്പാര്‍ട്ടിയെയോ കുറ്റപ്പെടുത്താനായി മനഃപൂര്‍വം ചെയ്യുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രസ്താവനയെ ഗൗരവത്തില്‍ എടുക്കണമെന്നതാണ് ആരോഗ്യ വകുപ്പിലെ ഡോ ഹാരീസ് വിരുദ്ധ ചേരിയുടെ ആവശ്യം. എന്നാല്‍ ഈ ഘട്ടത്തില്‍ വിഷയം വഷളാക്കാനേ അതുപകരിക്കൂവെന്നാണ് പൊതു വിലയിരുത്തലും. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാകും. തല്‍കാലം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വിഷയത്തില്‍ പ്രതികരിക്കുകയുമില്ല.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ. ഹാരിസ് ചിറയ്ക്കല്‍ അഴിമതി തീണ്ടാത്ത ഉദ്യോഗസ്ഥനാണെന്നും അദ്ദേഹത്തെ പോലെ ഒരാള്‍ ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യമേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് കാരണമായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വിമര്‍ശിച്ചിരുന്നു. കേരളത്തെ താറടിച്ച് കാണിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുംവിധം അതൃപ്തികള്‍ പുറത്തുവിട്ടാല്‍ നല്ല പ്രവര്‍ത്തനങ്ങളെല്ലാം തെറ്റായ ചിത്രീകരണത്തിന് ഇടയാക്കുമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു. ഇതിന് ശേഷവും ഹാരീസ് വിമര്‍ശനം തുടര്‍ന്നു. ഈ സാഹചര്യത്തിലാണ് ഹാരീസിന്റെ പുതിയ വിമര്‍ശനവും മുഖ്യമന്ത്രിയുടെ പരിഗണനയിലേക്ക് നല്‍കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ഘട്ടത്തില്‍ ഈ വിഷയത്തില്‍ മുഖ്യമന്ത്രിയും ഉടന്‍ തീരുമാനം എടുക്കാന്‍ ഇടയില്ല.

അതിനിടെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സകിട്ടാതെ രോഗി മരിച്ചു എന്ന പരാതിയില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. വിശ്വനാഥന്‍ മന്ത്രി വീണാ ജോര്‍ജിന് തിങ്കളാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍കോളജില്‍ പ്രവേശിപ്പിച്ച കൊല്ലം ചവറ പന്മന പൂജാഭവനില്‍ വേണു (49) മതിയായ ചികിത്സകിട്ടാതെ മരിച്ചതായാണ് ബന്ധുക്കള്‍ പരാതിപ്പെട്ടത്. ചികിത്സലഭിച്ചില്ല എന്ന വേണുവിന്റെ ശബ്ദസന്ദേശവും പുറത്തുവന്നിരുന്നു. ആവശ്യത്തിന് പരിചരണം നല്‍കിയില്ലെന്നും തറയില്‍ കിടത്തിയാണ് ചികിത്സിച്ചതെന്നും ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. ഈ ആരോപണങ്ങള്‍ നിഷേധിച്ചാണ് കാര്‍ഡിയോളജി വിഭാഗം ആരോഗ്യവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് വിശദീകരണം നല്‍കിയത്. മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടെന്നും പ്രോട്ടോകോള്‍ അനുസരിച്ച് ചികിത്സ നല്‍കിയെന്നുമാണ് പ്രാഥമിക അന്വേഷണത്തിലെ വിലയിരുത്തല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ആരോഗ്യ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ ഡോ. ടി കെ പ്രേമലതയുടെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.

വേണുവിന്റെ ചികിത്സയില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്നും, കേസ് ഷീറ്റില്‍ അപാകതകളില്ലെന്നുമാണ് വിദഗ്ധ സംഘത്തിന്റെ വിലയിരുത്തല്‍. ചികിത്സാ വീഴ്ചയില്ലെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍മാരും മൊഴി നല്‍കിയിട്ടുണ്ട്. ഡിഎംഇയുടെ റിപ്പോര്‍ട്ടിന് ശേഷമായിരിക്കും ആരോഗ്യവകുപ്പ് തുടര്‍ നടപടികളിലേക്ക് കടക്കുക. അതേസമയം അന്വേഷണ സംഘം കുടുംബത്തെ ബന്ധപ്പെട്ട് വിവരങ്ങള്‍ തേടിയില്ലെന്ന് വേണുവിന്റെ ഭാര്യ സിന്ധു പറഞ്ഞു. മരിച്ച വേണുവിന്റെ കൂടുതല്‍ ശബ്ദസന്ദേശം ഇന്നലെ പുറത്ത് വന്നിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ ഗുരുതരമായ പരാതിയാണ് സുഹൃത്തിനയച്ച ശബ്ദ സന്ദേശത്തില്‍ വേണു ഉന്നയിക്കുന്നത്.

ഹൃദ്രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഓട്ടോ ഡ്രൈവറായ വേണു അഞ്ചാം ദിവസമാണ് മരിക്കുന്നത്. ആശുപത്രിയില്‍ വേണുവിന് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് കുടുംബം പറയുന്നു. നവംബര്‍ ഒന്നാം തീയതി രാത്രി 7.47ന് എത്തിയ വേണുവിനെ മെഡിക്കല്‍ വാര്‍ഡിലാണ് പ്രവേശിപ്പിച്ചത്. ഇവിടെ കട്ടില്‍ അനുവദിച്ചെങ്കിലും മൂന്നാം ദിവസം കാര്‍ഡിയോളജി വാര്‍ഡിലേക്കു മാറ്റിയപ്പോള്‍ മുതല്‍ നിലത്തു കിടക്കുകയായിരുന്നു. ഇവിടെ മൂന്നു ദിവസം ഒരു പരിശോധനയും നടത്തിയില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

Tags:    

Similar News