'നിങ്ങള്‍ വിശ്വസിക്കില്ല, പറയാന്‍ എനിക്ക് നാണക്കേടുണ്ട്...; നോട്ടീസിന് മറുപടി നല്‍കാനുള്ള പേപ്പര്‍ പോലും ഇവിടെയില്ല; പേപ്പര്‍ വരെ ഞാന്‍ പൈസ കൊടുത്ത് വാങ്ങണം; ആരോഗ്യമേഖലയെ സാമ്പത്തിക പ്രതിസന്ധി ബാധിക്കാന്‍ പാടില്ല'; വികാരാധീനനായി ഡോ. ഹാരിസ് ചിറക്കല്‍; ഡോക്ടറുടെ കത്തും മന്ത്രിയുടെ 'കുത്തും' പുറത്ത്
വികാരാധീനനായി ഡോ. ഹാരിസ് ചിറക്കല്‍
തിരുവനന്തപുരം: ആരോഗ്യ വകുപ്പിന്റെ നോട്ടീസിന് മറുപടി നല്‍കാനുള്ള പേപ്പര്‍ വരെ പൈസ കൊടുത്ത് വാങ്ങേണ്ട അവസ്ഥയിലാണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോക്ടര്‍ ഹാരിസ് ചിറക്കല്‍. ആരോഗ്യവകുപ്പിന്റെ വിശദീകരണ നോട്ടീസില്‍ മറുപടി നല്‍കാനിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ശസ്ത്രക്രിയയ്ക്കുള്ള ഉപകരണം ഇല്ലാത്ത വിവരം പലതവണ അറിയിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ല. ആരോഗ്യമേഖലയെ സാമ്പത്തിക പ്രതിസന്ധി ബാധിക്കാന്‍ പാടില്ലെന്നും ഹാരിസ് പറഞ്ഞു. വളരെ വൈകാരികമായാണ് അദ്ദേഹം മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിച്ചത്. അതേ സമയം ഡോ. ഹാരിസ് ചിറയ്ക്കലിനോട് വിശദീകരണം തേടിയത് സ്വാഭാവികമായ വകുപ്പുതല നടപടിയാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു.
വിദഗ്ധ സമിതി റിപ്പോര്‍ട്ടിനെപ്പറ്റി അറിയില്ലെന്ന് പറഞ്ഞ ഡോക്ടര്‍, മാധ്യമങ്ങള്‍ക്ക് മുന്നില്‍ വികാരാധീനനായി ഇറങ്ങിപ്പോവുകയും ചെയ്തു. ശസ്ത്രക്രിയയ്ക്കുള്ള ഉപകരണം ഇല്ലാത്ത വിവരം പലതവണ അറിയിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ല. ആരോഗ്യമേഖലയെ സാമ്പത്തികപ്രതിസന്ധി ബാധിക്കാന്‍ പാടില്ലെന്നും ഹാരിസ് ചിറക്കല്‍ പറഞ്ഞു. പരസ്യപ്രതികരണങ്ങള്‍ ആരോഗ്യവകുപ്പിനെ അലോസരപ്പെടുത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹാരിസ് ചിറക്കലിന് ആരോഗ്യവകുപ്പിന്റെ നോട്ടീസ് ലഭിച്ചത്. ഇവ ആരോഗ്യവകുപ്പിനെ താറടിച്ചുകാണിക്കാനുള്ള നീക്കമായി പലരും ഉപയോഗിക്കുന്നുണ്ട്. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടതുമുതലുള്ള കാര്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ചട്ടമുദ്ധരിച്ചുകൊണ്ടാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം.
സാങ്കേതിക കാര്യങ്ങളില്‍ പ്രശ്‌നം ഉന്നയിച്ചതില്‍ കാര്യമുണ്ടെന്ന് ശരിവെക്കുന്നതോടൊപ്പം പരസ്യപ്രതികരണം നടത്തിയതില്‍ വിശദീകരണം വേണമെന്നാണ് നോട്ടീസിലെ ആവശ്യം. ഉപകരണമില്ലെന്ന് പറഞ്ഞ് ശസ്ത്രക്രിയ മാറ്റിവെച്ചെങ്കിലും പിറ്റേദിവസം ശസ്ത്രക്രിയ നടത്തി എന്ന കണ്ടെത്തല്‍ റിപ്പോര്‍ട്ടിലുണ്ട്. ഇത് എങ്ങനെ സാധിച്ചു എന്ന ചോദ്യവും നോട്ടീസില്‍ ഉന്നയിക്കുന്നുണ്ട്. നോട്ടീസില്‍ തെളിവുസഹിതം മറുപടി നല്‍കുമെന്നാണ് ഡോ. ഹാരിസ് ചിറക്കല്‍ പറയുന്നത്.
'കത്തുമുഖേന അറിയിക്കാനുള്ള വലിയ പ്രശ്‌നം എന്താണെന്ന് വെച്ചാല്‍, നിങ്ങള്‍ വിശ്വസിക്കില്ല, പറയാന്‍ എനിക്ക് നാണക്കേടുണ്ട്... കത്ത് അടിക്കാനുള്ള പേപ്പര്‍ വരെ ഞാന്‍ പൈസ കൊടുത്ത് വാങ്ങണം. അവിടെ പ്രിന്റ് എടുക്കാനുള്ള പേപ്പര്‍ പോലുമില്ല. ഞാന്‍ അഞ്ഞൂറ് പേപ്പര്‍ വീതം വാങ്ങി റൂമില്‍ വെച്ചിട്ടുണ്ട്. അല്ലെങ്കില്‍ ഏതെങ്കിലും മെഡിക്കല്‍ കമ്പനിക്കാരെക്കൊണ്ട് വാങ്ങിയാണ് അടിച്ചുകൊടുക്കുന്നത്. അത്രയും വലിയ ഗതികേടാണ്. പിന്നെ എങ്ങനെയാണ് പേപ്പറില്‍ എപ്പോഴും അടിച്ചു കൊടുക്കാന്‍ പറ്റുന്നത്. സ്വന്തമായി ഓഫീസോ സ്റ്റാഫോ പ്രിന്റിങ് മെഷീനോ ഇല്ല. പലരുടേയും കൈയും കാലും പിടിച്ചിട്ടാണ് ഇത് എഴുതിയൊക്കെ കൊടുക്കുന്നത്. അതിനൊന്നും എനിക്ക് സമയമില്ല. ആവശ്യകത മനസ്സിലാക്കി മീറ്റിങ്ങില്‍ എഴുതിക്കൊടുക്കുമ്പോള്‍ അത് മനസ്സിലാക്കണം. രോഗിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ഉപകരണമാണ്', ഹാരിസ് ചിറക്കല്‍ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയല്ല ഇതിനുള്ള കാരണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേ സമയം ഡോ. ഹാരിസ് ചിറയ്ക്കലിനോട് വിശദീകരണം തേടിയത് സ്വാഭാവികമായ വകുപ്പുതല നടപടിയെന്നാണ് ആരോഗ്യമന്ത്രി പ്രതികരിച്ചത്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തിക്കൊണ്ട് വിദഗ്ധ സമിതി രൂപീകരിക്കുകയും ആ സമിതി രേഖകളെല്ലാം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡോ. ഹാരിസിനോട് വിശദീകരണം ആവശ്യപ്പെട്ടത്. അതൊരു സ്വാഭാവികമായ ഡിപ്പാര്‍ട്ട്‌മെന്റ് തല നടപടിയാണ്. 1960ലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റ ചട്ട ലംഘനം ഉണ്ടായി എന്ന് സമിതി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലുള്ള സ്വാഭാവികമായ നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മറ്റു ചില കാര്യങ്ങള്‍ കൂടി തീരുമാനിച്ചിട്ടുണ്ട്. എച്ച്ഡിസിയുടെ കോളേജില്‍ ചുമതല വഹിക്കുന്ന സെക്രട്ടറിയായുള്ള സൂപ്രണ്ടിന്റെ പര്‍ച്ചേസിങ് പവര്‍ കൂട്ടണം എന്നുള്ളതാണ് ഒരു തീരുമാനം. മെഡിക്കല്‍ കോളേജുകളില്‍ ധാരാളമായി ആവശ്യം വര്‍ധിക്കുന്നതിന്റെ ഭാഗമായാണിത്. എല്ലാ മെഡിക്കല്‍ കോളേജിലും ഇതിനായി ഒരു ഹയര്‍ ലെവല്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഓരോ വര്‍ഷവും ഡിപ്പാര്‍ട്ട്‌മെന്റില്‍ ചിലവഴിച്ച തുകയുടെ കണക്ക് എടുത്തിട്ടുണ്ട്. ഓരോ വര്‍ഷവും ഈ തുക കൂടുകയാണ്- മന്ത്രി പറഞ്ഞു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ദുരവസ്ഥ തുറന്നുപറഞ്ഞ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിന് ആരോഗ്യവകുപ്പ് കഴിഞ്ഞദിവസം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കെതിരെ പരസ്യ പ്രതികരണം നടത്തിയത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ (ഡിഎംഇ) ആണ് ഹാരിസിന് നോട്ടീസ് നല്‍കിയത്. ഹാരിസ് ചിറക്കല്‍ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചുവെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട്. ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടതും പരസ്യ പ്രസ്താവനയും ചട്ട ലംഘനമാണ്. ഡോക്ടര്‍ ഉന്നയിച്ച എല്ലാ പരാതികളിലും വസ്തുതയില്ലെന്നാണ് സമിതി കണ്ടെത്തിയതെന്നും ഹാരിസിനയച്ച നോട്ടീസില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, ഉപകരണങ്ങളില്ലാത്തതിന്റെപേരില്‍ താന്‍ ശസ്ത്രക്രിയ മുടക്കിയെന്ന നോട്ടീസിലെ ആരോപണം കള്ളമാണെന്ന് ഡോ. ഹാരിസ് ചിറയ്ക്കല്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഉപകരണം ഇല്ലെന്ന് പുറത്തുപറഞ്ഞതിനുശേഷം അടിയന്തരമായി അവയെത്തിച്ച് ശസ്ത്രക്രിയ നടത്തിയകാര്യം എല്ലാവര്‍ക്കും അറിവുള്ളതാണ്. ഉപകരണം ഇല്ലെന്ന് എത്രയോ പ്രാവശ്യം അധികൃതരെ അറിയിച്ചതാണ്. ശസ്ത്രക്രിയാ ഉപകരണങ്ങളില്ലെങ്കില്‍ അക്കാര്യം ബോധ്യപ്പെടുത്തേണ്ടത് വകുപ്പുമേധാവി എന്ന നിലയില്‍ തന്റെ ഉത്തരവാദിത്വമാണ്. പറഞ്ഞതിലുള്ള പ്രതികാരനടപടിയായേ നോട്ടീസിനെ കാണുന്നുള്ളൂ എന്നും അദ്ദേഹം പ്രതികരിച്ചു. റിപ്പോര്‍ട്ട് പുറത്തുവിടണം. സര്‍ക്കാര്‍ എന്തുനടപടി സ്വീകരിച്ചാലും നേരിടും. എന്നാല്‍, ഉപകരണം വാങ്ങാതെ താമസിപ്പിച്ചവരെയാണ് ശിക്ഷിക്കേണ്ടതെന്നെന്നും ഹാരിസ് പറഞ്ഞു.