എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗവിഭാഗം മേധാവി; കേരളത്തിലെ ആദ്യത്തെ ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഭിഷഗ്വരന്‍; തനിക്ക് ലഭിച്ച പത്മഭൂഷണ്‍ വൈദ്യശാസ്ത്ര രംഗത്തിനുള്ള വലിയൊരു അംഗീകാരമെന്ന് ഡോ. ജോസ് ചാക്കോ പെരിയപ്പുറം

കേരളത്തിലെ ആദ്യത്തെ ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഭിഷഗ്വരന്‍

Update: 2025-01-25 17:43 GMT

കൊച്ചി: രാജ്യത്തെ അറിയിപ്പെടുന്ന പ്രമുഖ ഹൃദയശസ്ത്രക്രിയാ വിദഗ്ധനെ തേടിയാണ് പത്മഭൂഷണ്‍ പുരസ്‌ക്കാരം എത്തിയത്. പ്രമുഖ ഹൃദയശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തെ പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കി രാജ്യം ആദരിക്കുമ്പോള്‍ അത് അര്‍ഹതക്കുള്ള അംഗീകാരമായി മാറുന്നു. എറണാകുളം സൗത്ത് പറവൂര്‍ സ്വദേശിയായ ജോസ് ചാക്കോ പെരിയപ്പുറം എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗവിഭാഗം മേധാവിയാണ്. 2011-ല്‍ പത്മശ്രീ പുരസ്‌കാരം നല്‍കിയും രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.

തനിക്ക് ലഭിച്ച പത്മഭൂഷന്‍ അവാര്‍ഡ് കേരളത്തിലെ വൈദ്യശാസ്ത്ര രംഗത്തിനുള്ള വലിയൊരു അംഗീകാരമാണെന്ന് ഡോക്ടര്‍ ജോസ് ചാക്കോ പെരിയപ്പുറം പ്രതികരിക്കുന്നത്. 35 വര്‍ഷത്തോളം കേരളത്തിലെ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കാന്‍ സാധിച്ചത് അസുലഭ ഭാഗ്യമാണ്. വൈദ്യശാസ്ത്ര രംഗത്ത് തന്നോടൊപ്പം പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ലഭിച്ച അംഗീകാരമായാണ് ഈ ബഹുമതിയെ കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ആദ്യത്തെ ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടറാണ് ജോസ് പെരിയപ്പുറം. 2003 മെയ് 13-ന് കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു ഈ ശസ്ത്രക്രിയ. 2014-ല്‍ രാജ്യത്ത് ആദ്യമായി ഒരാളില്‍തന്നെ വീണ്ടും ഹൃദയംമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്താനും അദ്ദേഹം നേതൃത്വം നല്‍കി. 2013-ല്‍ ഹൃദയം മാറ്റിവെച്ച ഐ.ടി. ജീവനക്കാരനായ പാലക്കാട് സ്വദേശി ഗിരീഷ് കുമാറിനാണ് 2014-ല്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തില്‍ വീണ്ടും ഹൃദയം മാറ്റിവെച്ചത്.

പാലാ സെയ്ന്റ് തോമസ് കോളേജില്‍നിന്ന് ബി.എസ്.സി. ബോട്ടണി പൂര്‍ത്തിയാക്കിയശേഷം കോട്ടയം മെഡിക്കല്‍ കോളേജിലായിരുന്നു അദ്ദേഹത്തിന്റെ എം.ബി.ബി.എസ്. പഠനം. പിന്നീട് യു.കെ.യില്‍നിന്ന് ബിരുദാനന്തരബിരുദം അടക്കം കരസ്ഥമാക്കി. യു.കെ.യിലെ വിവിധ ആശുപത്രികളിലെ പരിശീലനത്തിനും സേവനത്തിനും ശേഷമാണ് അദ്ദേഹം കേരളത്തില്‍ മടങ്ങിയെത്തിയത്.

സാമ്പത്തികബുദ്ധിമുട്ട് നേരിടുന്ന ഹൃദ്രോഗികള്‍ക്ക് ഹൃദയശസ്ത്രക്രിയകള്‍ക്കായി സഹായം നല്‍കുന്ന 'ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ' ചെയര്‍മാന്‍ കൂടിയാണ് ഡോ. ജോസ് ചാക്കോ പെരിയപ്പുറം. മെഡിക്കല്‍ രംഗത്ത് ശ്രദ്ധേയമായ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

Tags:    

Similar News