'അഞ്ചല്ല കത്രിക 50 കൊല്ലം ഉള്ളില്‍ ഇരുന്നാലും സേഫ്; വേദനയായിട്ട് രോഗി എവിടെയായിരുന്നു? തന്റെ അടുത്ത് വന്നിട്ടില്ലെന്നും വല്ല ഹോമിയോയിലോ ആയുര്‍വേദത്തിലോ പോയിക്കാണും; ഫ്‌ലോര്‍ നഴ്‌സിനാണ് ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തേണ്ട ചുമതല; അങ്ങനെയൊരു തസ്തികയില്ല; നിസാരവല്‍ക്കരിച്ച് ഡോ. ലളിതാംബിക

നിസാരവല്‍ക്കരിച്ച് ഡോ. ലളിതാംബിക

Update: 2026-02-20 04:45 GMT

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്കിടെ ഉഷ ജോസഫെന്ന സ്ത്രീയുടെ വയറ്റില്‍ കത്രിക മറന്നുവച്ചതില്‍ വിചിത്ര പ്രതികരണവുമായി ആരോപണ വിധേയയായ ഡോക്ടര്‍ ലളിതാംബിക. താനല്ല ശസ്ത്രക്രിയ നടത്തിയതെന്നാണ് ഇവരുടെ വാദം. അതേസമയം അഞ്ചല്ല അന്‍പത് കൊല്ലം ഉള്ളില്‍ കത്രിക ഇരുന്നാലും ഒരു പ്രശ്‌നവും ഇല്ലെന്നും ഇത് എപ്പോള്‍ വച്ചതാണെന്നതിന് തെളിവില്ലല്ലോയെന്നും അവരുടെ വാദം. കോവിഡ് സമയത്ത് മനുഷ്യന്റെ നന്‍മയ്ക്ക് വേണ്ടി ചെയ്ത ശസ്ത്രക്രിയ ഇപ്പോള്‍ ഡോക്ടര്‍ക്ക് പാരയായെന്നും അവര്‍ പറയുന്നു.

ഫ്‌ലോര്‍ നഴ്‌സിനാണ് ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തേണ്ട ചുമതല. സര്‍ക്കാര്‍ ആശുപത്രികളില്‍ അങ്ങനെയൊരു തസ്തിക ഉള്ളത് തനിക്ക് അറിയില്ലെന്നും സിസ്റ്റര്‍മാര്‍ പറയുന്നത് വിശ്വസിച്ച് ശസ്ത്രക്കിയയ്‌ക്കൊടുവില്‍ കൂട്ടിത്തുന്നുകയാണ് ഡോക്ടര്‍മാര്‍ ചെയ്യുന്നതെന്നും അവര്‍ വിശദീകരിച്ചു.

പത്രത്തില്‍ കണ്ടാണ് വാര്‍ത്തയെ കുറിച്ച് താന്‍ അറിഞ്ഞതെന്നും 38 കൊല്ലമായി ആലപ്പുഴയില്‍ താന്‍ സേവനം അനുഷ്ഠിച്ചതാണെന്നും അപ്പോള്‍ താന്‍ കണ്ടിട്ടില്ലാത്ത രോഗികള്‍ പോലും തന്റെ പേര് പറയാറുണ്ടെന്നും അതില്‍ ഒന്നും ചെയ്യാന്‍ പറ്റില്ലെന്നും അവര്‍ പറഞ്ഞു. വേദനയായിട്ട് രോഗി എവിടെപ്പോയിരുന്നുവെന്നും തന്റെ അടുത്ത് വന്നിട്ടില്ലെന്നും വല്ല ഹോമിയോയിലോ ആയുര്‍വേദത്തിലോ പോയിക്കാണുമെന്നും ഡോക്ടര്‍ ലളിതാംബിക പരിഹസിക്കുന്നു.

ഡോക്ടറുടെ വാക്കുകള്‍ ഇങ്ങനെ:

'ശരിക്കും ഒരു ബോര്‍ഡ് വച്ച് എത്ര ഇന്‍സ്ട്രുമെന്റ് ഉണ്ടെന്ന് ഫ്‌ലോര്‍ നഴ്‌സ് എഴുതണം. അങ്ങനെ ഫ്‌ലോര്‍ നഴ്‌സെന്നൊരു തസ്തിക നമ്മുടെ ഗവണ്‍മെന്റ് സെറ്റപ്പില്‍ ഒരു തിയറ്ററിലും ഇല്ല. എന്റെ അറിവില്‍ ഇല്ലെന്നാണ്. ഇപ്പോ കോഴിക്കോടത്തെ ഇഷ്യുവിന് ശേഷം എല്ലായിടത്തും വന്നുകാണും. ഫ്‌ലോര്‍ നഴ്‌സ് എഴുതിയിരുന്നുവെങ്കില്‍ ലാസ്റ്റ് ഡോക്ടര്‍ക്ക് ചെക്ക് ചെയ്യാന്‍ എളുപ്പമാണ്. ഇപ്പോള്‍ ചെക്ക് ചെയ്യുന്നത് എങ്ങനെയാണെന്ന് വച്ചാല്‍ സിസ്റ്റര്‍ പറയും 'മാഡം ഞാനിത്രയെണ്ണം എടുത്തിട്ടുണ്ട്'. അപ്പോള്‍ നമ്മള്‍ നോക്കും, ആ ഇത്രയും ഉണ്ട്. അവര്‍ക്ക് ഓര്‍മയില്‍ ഒരു പിശക് വന്നുപോയാല്‍ അത് പിശകാണ്. കഴിയുന്നത്ര നമ്മള്‍ ഒരിന്‍സ്ട്രുമെന്റ് അകത്തിടത്തില്ല. ഇത് ഒരു വലിയ ട്യൂമറായത് കൊണ്ട് സംഭവിച്ചതാകാം.

മൂന്നരക്കിലോയുണ്ടായിരുന്നു ട്യൂമര്‍. അതുകൊണ്ടാണ് സര്‍ജറി ചെയ്തത്. അല്ലെങ്കില്‍ കോവിഡ് സമയത്ത് അങ്ങനെയൊരു സര്‍ജറി ചെയ്യത്തില്ല. ഓവറിയിലെ കാന്‍സറെന്നാണ് വിചാരിച്ചിരുന്നത്. പക്ഷേ ചെയ്തപ്പോള്‍ ആണ് ഫൈബ്രോയിഡ് ആണെന്ന് കണ്ടെത്തിയത്. മനുഷ്യന്റെ നന്‍മയ്ക്ക് വേണ്ടിയാണ് ആ കോവിഡ് കാലത്ത് കഷ്ടപ്പെട്ട് ചെയ്തത്. പക്ഷേ ചെയ്തവര്‍ക്ക് അത് പാരയായി. എടോ ഇത് വയറ്റിലുള്ളത് കൊണ്ട് ഒന്നും അറിയത്തില്ല. വയ്ക്കാം എന്നല്ല, തെറ്റാണ്. പക്ഷേ വയറ്റില്‍ ഇതിരുന്നത് കൊണ്ട് ഒന്നും അറിയത്തില്ല. ഇത് പണ്ട് 20 കൊല്ലം മുന്‍പ് വച്ചതുമാകാം. ഇപ്പോ വച്ചതാണ് എന്നുള്ളതിന് ഒരു തെളിവും ഇല്ല. ഇനിയിപ്പോ വല്ല കെമിക്കല്‍ ടെസ്റ്റുകൊണ്ട് ഇന്‍സ്ട്രുമെന്റിന്റെ പഴക്കം കണ്ടുപിടിക്കുകയോ മറ്റോ ചെയ്യേണ്ടി വരും. അല്ലാതെ അറിയാന്‍ പറ്റത്തില്ല.

പത്രത്തില്‍ കണ്ടാണ് ഞാനും വിവരം അറിഞ്ഞത്. എന്റെ പേര് പറഞ്ഞെന്ന് പറഞ്ഞ് എന്നെ ആള്‍ക്കാര്‍ വിളിച്ചു.ഞാന്‍ ചെയ്തതല്ലെന്ന് എനിക്ക് 100 ശതമാനം ഉറപ്പാണ്. ഞാന്‍ റിട്ടയര്‍ ചെയ്യുന്നതിന് തൊട്ടുമുന്‍പാണ്. ആ സമയം മൂന്നരക്കിലോയുള്ള ട്യൂമര്‍ ഞാനെടുത്തിട്ടില്ല.സാധാരണ ഒരു ഓപ്പറേഷന്‍ ആണെങ്കില്‍ നമ്മള്‍ മറന്നുപോകും.ഇതൊരു വളരെ പ്രധാനപ്പെട്ട കേസല്ലേ, ഞാനല്ല ചെയ്തത്. ഇന്ന് പത്തുമണിക്ക് ലൈബ്രറി തുറന്ന് കേസ് ഷീറ്റ് എടുത്ത് കഴിയുമ്പോള്‍ ആരാണ് ചെയ്തതെന്ന് അറിയാം.

അന്ന് പ്രത്യേകിച്ച് കോവിഡ് റിലേറ്റഡ് റെസ്‌പോണ്‍സിബിളിറ്റീസ് ഉള്ളത് കൊണ്ട് ഞാന്‍ ചെയ്തിട്ടില്ല. ഓപ്പറേഷന്‍ ചെയ്ത് മൂന്നാം ദിവസം പേഷ്യന്റ് വീട്ടില്‍ പോയി. ഇത്രയും നാളായിട്ട് ആ പേഷ്യന്റ് പെയ്ന്‍ ആയിട്ട് വന്നിട്ടില്ല. ഇപ്പോള്‍ യൂറിനറി സ്റ്റോണ്‍ ഇന്‍വെസ്റ്റിഗേറ്റ് ചെയ്തപ്പോളാണ് ഇത് കണ്ടത്. ഇവരുടെ സിംപ്റ്റം മുഴുവന്‍ യൂറിനറി സ്റ്റോണ്‍ കൊണ്ടാണ്. റെസ്‌പോണ്‌സിബിളിറ്റി സ്വാഭാവികമായും ശസ്ത്രക്രിയ ചെയ്തയാള്‍ക്ക് വരും. ബാക്ഗ്രൗണ്ട് ഇങ്ങനെയാണ്, ഇന്‍സ്ട്രുമെന്റ് എഴുതുന്നില്ല, ഫ്‌ലോര്‍ നഴ്‌സ് ഇല്ല. ഇന്‍സ്ട്രുമെന്റ് കറക്ടെന്ന് പറഞ്ഞത് ഡോക്ടര്‍ വിശ്വസിച്ചു. നമുക്ക് 60 ഇന്‍സ്ട്രുമെന്റ് കാണും ആ സമയത്ത്. അത് മുഴുവനും ചെയ്യുന്നത് ഡോക്ടറല്ല. കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തുന്നത് സിസ്റ്ററാണ്. സിസ്റ്റര്‍ പറയും അവസാനം എല്ലാമുണ്ടെന്ന്. അപ്പോള്‍ നമ്മള്‍ അടയ്ക്കും. അതാണ് സംഭവിക്കുന്നത്.

ഞാന്‍ 38 കൊല്ലമായിട്ട് ആലപ്പുഴയില്‍ ഉള്ളതല്ലേ, ഞാന്‍ കണ്ടിട്ടുപോലും ഇല്ലാത്ത പേഷ്യന്റ് പോലും എന്റെ പേര് പറയും. അതിപ്പോ ഒന്നും ചെയ്യാന്‍ പറ്റില്ല. ഇത്രയും വര്‍ഷം ആലപ്പുഴയില്‍ ഇരുന്നിട്ടുള്ള ആരും ഇല്ല. ഈ പേഷ്യന്റ് വേദനയായിട്ട് എവിടെപ്പോയി? നമ്മുടെ അടുത്തൊന്നും വന്നിട്ടേയില്ലല്ലോ. വല്ല ഹോമിയോയോ ആയുര്‍വേദമോ പോയിക്കാണും..അല്ല എവിടെപ്പോയെന്ന് എനിക്കറിയില്ല. ഇത് 20 കൊല്ലം ഇരുന്നാലും അറിയത്തില്ല. അല്ലെങ്കില്‍ അത് കുടലില്‍ വല്ലോം തുളച്ച് കയറണം. ഇത് പക്ഷേ അങ്ങനെയൊന്നും കയറിയിട്ടില്ല. ഇങ്ങനെ വെര്‍ട്ടിക്കലായിട്ട് ഇരിക്കുകയാണ്. അത്യാവശ്യം എമര്‍ജന്‍ കോംപ്ലിക്േകഷന്‍ കേസ് വരുമ്പോള്‍ വിളിക്കുമ്പോള്‍ ചെല്ലും എന്നിട്ട് പോരും. യൂണിറ്റ് ചീഫ് എന്ന നിലയില്‍ ഐപി നമ്പറിന്റെ ഓര്‍ഡറില്‍ കൃത്യമായി ശസ്ത്രക്രിയയ്ക്ക് തീയതി കൊടുത്തിട്ടുണ്ടാകും'.

എച്ച്ഒഡി ആയിരുന്നത് കൊണ്ടാകാം തന്റെ പേര് രോഗി പറയുന്നതെന്നും ഡോക്ടര്‍ പറഞ്ഞു. 2021ല്‍ ആലപ്പുഴയിലെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ വെച്ച് നടന്ന ശസ്ത്രക്രിയക്ക് ഇടയാണ് വീട്ടമ്മയായ ഉഷ ജോസഫിന്റെ വയറ്റില്‍ സര്‍ജറി ഉപകരണമായ മസ്‌കിറ്റോ (കത്രികയുടെ ആകൃതിയുള്ള വാസ്‌കുലാര്‍ ഫോര്‍സെപ്സ്) കുടുങ്ങിയത് എന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.

കഴിഞ്ഞ ദിവസം എംആര്‍ഐ സ്‌കാനിങ്ങിലാണ് ഉഷയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയത്. 2021 മെയ് അഞ്ചിനാണ് വയറിലെ മുഴ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ നടന്നതെന്നും പിന്നാലെ കഠിനമായ വേദന അനുഭവപ്പെട്ടുവെന്നും ഉഷ ജോസഫ് പറഞ്ഞിരുന്നു. ആശുപത്രികളില്‍ മാറിമാറി പോയി ചികിത്സ തേടി. മൂത്രത്തിലൂടെ രക്തം പോകാന്‍ തുടങ്ങിയപ്പോഴാണ് താന്‍ ടെസ്റ്റുകള്‍ നടത്തിയത്. ജോലിക്ക് പോലും പോകാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. മൂത്രസഞ്ചിയില്‍ കല്ലാണ് എന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് എക്സ്റേ എടുത്തപ്പോഴാണ് വയറ്റില്‍ കത്രിക കണ്ടത് എന്നും ഉഷ പറഞ്ഞു.

വണ്ടാനം മെഡിക്കല്‍ കോളേജില്‍ ഇത് അറിയിച്ചപ്പോള്‍ ന്യൂറോളജിയിലെ ഡോക്ടര്‍ ഇത് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചുവെന്നും ആരോടും പറയേണ്ട, ഓപ്പറേഷന്‍ നടത്താമെന്ന് പറഞ്ഞതായും ഉഷ വെളിപ്പെടുത്തി. 'ഒരുപാട് പണം ചികിത്സക്കായി ചെലവായി എന്നും മരുന്ന് വാങ്ങിയതിന് കണക്കില്ല എന്നും ഉഷ പറഞ്ഞു. ഇഷ്ടം പോലെ മരുന്ന് മേടിച്ചുകഴിച്ചിട്ടുണ്ട്. എങ്ങോട്ടെങ്കിലും പോകുന്നെങ്കില്‍ പോലും ഗുളികകള്‍ കൊണ്ടുപോകണം. എനിക്ക് ഇനി മെഡിക്കല്‍ കോളേജിലേക്ക് പോകേണ്ട, പേടിയാണ്. ഞാന്‍ ഒരുപാട് വേദന തിന്നു. മൂത്രം പോകുമ്പോഴും, ജോലി ചെയ്യുമ്പോഴും കഠിനമായ അസ്വസ്ഥതയാണ് അനുഭവിച്ചത്,' ഉഷ പറഞ്ഞു.

Tags:    

Similar News