'ഞങ്ങള്‍ക്ക് അപ്പയെ നിങ്ങളില്‍ കാണാന്‍ കഴിഞ്ഞു.. അപ്പയുടെ അതേ സഹാനുഭൂതിയും അടിയന്തര ഇടപെടലും കണ്ടു; നിങ്ങള്‍ വഹിക്കുന്നത് വെറുമൊരു പൈതൃകമല്ല, ആഴമേറിയ ആത്മാര്‍ത്ഥതയുടെ തീപ്പൊരിയാണ്'; ചാണ്ടി ഉമ്മനില്‍ ഉമ്മന്‍ചാണ്ടിയെ കണ്ട് സഹോദരി ഡോ. മറിയ ഉമ്മന്‍; കോട്ടയം മെഡിക്കല്‍ കോളേജിലെ ഇടപെടലുകള്‍ ചാണ്ടിക്ക് നല്‍കുന്നത് കുഞ്ഞൂഞ്ഞ് പരിവേഷം

'ഞങ്ങള്‍ക്ക് അപ്പയെ നിങ്ങളില്‍ കാണാന്‍ കഴിഞ്ഞു..

Update: 2025-07-05 15:05 GMT

കോട്ടയം: ജനപ്രിയത കൊണ്ട് കേരളക്കരയെ കൈയിലെടുത്ത ഉമ്മന്‍ചാണ്ടിയുടെ യഥാര്‍ഥ രാഷ്ട്രീയ പിന്‍ഗാമിയാര് എന്ന തര്‍ക്കം കോണ്‍ഗ്രസിനിടെ നടന്നിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് ഷാഫി പറമ്പിലായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമിയെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവകാശപ്പെട്ടത്. എന്നാല്‍, അങ്ങനെയല്ല, അധ്വാനം കൊണ്ടും പൈതൃകം കൊണ്ടും താന്‍ തന്നെയാണ് അതിന് സര്‍വഥാ യോഗ്യനെന്ന് തെളിയിക്കുയാണ് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ പ്രചരണത്തില്‍ മൂവായിരത്തോളം വീടുകള്‍ കയറിയ ചാണ്ടി ഉമ്മന്‍ താരമായിരുന്നു. പല യുവതാരങ്ങളും റീല്‍സിന് പിന്നാലെ പോയപ്പോഴാണ് ചാണ്ടി വ്യത്യസ്ത വഴി തിരഞ്ഞെടുത്ത്. കാടും മലയും ചാണ്ടി ചാണ്ടി പ്രചരണം കൊഴിപ്പിച്ചു കൈയടി നേടി. ഇതിന് പിന്നാലെ കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്നു വീണ് ബിന്ദുവെന്ന വീട്ടമ്മ മരിച്ചപ്പോള്‍ അവിടെ ശ്രദ്ധേയ ഇടപെടല്‍ നടത്തിയത് ചാണ്ടി ഉമ്മന്‍ എംഎല്‍എയായിരുന്നു. ഇതോടെ പലരും ചാണ്ടിയില്‍ കുഞ്ഞൂഞ്ഞിനെ കണ്ടുവെന്ന് പറഞ്ഞു തുടങ്ങി.

ഇപ്പോഴിതാ ചാണ്ടിയുടെ ഇടപെടലുകളെ പുകഴ്ത്തി രംഗത്തുവന്നിരിക്കയാണ് സഹോദരിയായ ഡോ. മറിയ ഉമ്മന്‍. ഉമ്മന്‍ചാണ്ടിയില്‍ അപ്പയെ കണ്ടുവെന്നാണ് മറിയ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നത്. അപ്പ പോയിരിക്കാം, പക്ഷേ അദ്ദേഹത്തിന്റെ ആത്മാവ് നിങ്ങളിടൂടെ ജീവിക്കുന്നു എന്ന് ഓര്‍മ്മപ്പെടുത്തുന്നുവെന്ന് മറിയ ഫേസ്ബുക്കില്‍ കുറിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ദുരന്തവേളയിലെ ഇടപെടലുകള്‍ ചൂണ്ടിക്കാട്ടിയാണ് മറിയത്തിന്റെ കുറിപ്പ്. ചാണ്ടയുടെ ഇടപെടല് കൊണ്ടാണ് ഈ സംഭവത്തിന്റെ ഗതിമാറിയതെന്നും അവര്‍ ഫേസ്ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

ഡോ. മറിയ ഉമ്മന്‍ കുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: ''ചില ഇടപെടലുകള്‍ ഒരു സാഹചര്യത്തിന്റെ ഗതി മാറ്റുക മാത്രമല്ല, ആ കളിയുടെ നിയമങ്ങള്‍ അപ്പാടെ പൊളിച്ചെഴുതുകയും ചെയ്യുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ദുരന്ത വേളയില്‍ നമ്മള്‍ കണ്ടത് വെറുമൊരു പ്രതികരണമായിരുന്നില്ല, മറിച്ച് അതൊരു പ്രതിഫലനമായിരുന്നു. അപ്പയെ നിങ്ങളില്‍ ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞു. അപ്പയുടെ അതേ സഹാനുഭൂതിയും അടിയന്തര ഇടപെടലും കണ്ടു, ഇത് രാഷ്ട്രീയമല്ല, വ്യക്തിപരമായിരുന്നു. നിങ്ങള്‍ വഹിക്കുന്നത് വെറുമൊരു പൈതൃകമല്ല. അത് ആഴമേറിയ ഒന്നാണ്, ആത്മാര്‍ത്ഥതയുടെ തീപ്പൊരി. പാരമ്പര്യമായി ലഭിക്കാത്ത ഒരു ഗുണം. ഞങ്ങള്‍ക്ക് അഭിമാനകരവും വികാരഭരിതവുമാണ്. എല്ലാറ്റിനുമപ്പുറം, അപ്പ പോയിരിക്കാം, പക്ഷേ അദ്ദേഹത്തിന്റെ ആത്മാവ് നിങ്ങളിടൂടെ ജീവിക്കുന്നു എന്ന് ഓര്‍മ്മപ്പെടുത്തുന്നു.''


Full View

മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്നുവീണപ്പോള്‍ സ്ഥലത്ത് പാഞ്ഞെത്തിയ ചാണ്ടിയുടെ ഇടപെടല്‍ മൂലമാണ് തിരച്ചില്‍ അടക്കം തുടങ്ങിയത്. കോളേജിലെ കെട്ടിടം തകര്‍ന്നുവീണ അപകടത്തിന് പിന്നാലെ വാര്‍ഡിലെ രോഗികള്‍ നേരിടുന്ന ദയനീയ അവസ്ഥ തുറന്നുകാട്ടിയ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കേരളത്തിന്റെ ആരോഗ്യ മേഖലയെക്കുറിച്ച് ഇതുവരെ നടത്തിയ പാടിപ്പുകഴ്ത്തലുകള്‍ പൊള്ളയാണെന്ന് തെളിഞ്ഞു. രോഗികളുടെ സ്വകാര്യതയുടെ പേരില്‍ ഇതുവരെ പുറംലോകത്തുനിന്നും മറച്ചുപിടിച്ച ഭയാനകമായ ദയനീയ അവസ്ഥയാണ് ആ ദൃശ്യങ്ങളിലൂടെ പുറത്തുവന്നത്. ഇതിന് വഴിവച്ചതാകട്ടെ ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ അതിവേഗ ഇടപെടലായിരുന്നു.

ഒരു മെഡിക്കല്‍ കോളേജിന് താങ്ങാന്‍ കഴിയുന്നതിന്റെ പത്തിരട്ടി രോഗികള്‍ എത്തുന്നു. അതിനുള്ള സൗകര്യങ്ങള്‍ ഇല്ല. ഇതോടെ ചികിത്സ തേടിയെത്തുന്ന രോഗികള്‍ക്ക് മതിയായ ചികിത്സ നല്‍കാന്‍ കഴിയാറുമില്ല. എന്നാല്‍ വാര്‍ഡുകളില്‍ രോഗികള്‍ നേരിടുന്ന ഭയാനകമായ സംഭവം പുറം ലോകം കാണാറില്ല. ഈ ഭയാനക ദൃശ്യം പുറം ലോകത്തിന് യഥാര്‍ത്ഥത്തില്‍ കാണിച്ചുകൊടുത്ത സംഭവമാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം ഇടിഞ്ഞുവീണ സംഭവം. ഈ യാഥാര്‍ഥ്യങ്ങള്‍ പുറത്തുവരാന്‍ കാരണമായതാവട്ടെ ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ ഇടപെടലാണ്.

ആശുപത്രിയിലെ ഭയാനകമായ ദൃശ്യം ചാണ്ടി ഉമ്മന്‍ ലോകത്തിന് മുന്നില്‍ കാണിച്ചുകൊടുത്തു. ഒരു വാര്‍ഡിലേക്ക് കയറി ഒരു രോഗിയുടെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ചാണ്ടി ഉമ്മന്‍ കാണിച്ചുകൊടുക്കുന്നു. ആ രോഗിക്ക് എണീറ്റു നടക്കാന്‍ വയ്യ. വൃത്തിഹീനമായ സാഹചര്യത്തില്‍ രോഗബാധിതനായി കിടക്കുന്നു. രോഗിയുടെ കാല്‍ പൊടിപിടിച്ചു കിടക്കുകയാണ്. ഭയാനകമായ വിധത്തില്‍. അണുബാധ ഉണ്ടായേക്കാവുന്ന സാഹചര്യം. ഈ രോഗിയെ കിടത്തിയിരിക്കുന്ന സ്ഥലമാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചാണ്ടി ഉമ്മന്‍ കാണിച്ചുകൊടുത്തത്. ഒരു കൂട്ടിരിപ്പുകാരന്‍ പോലുമില്ല. ഈ ദയനീയമായ ദൃശ്യങ്ങള്‍ കണ്ട മാധ്യമ പ്രവര്‍ത്തകര്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

മുറിവുകളില്‍ പൊടിയും സിമന്റുമടക്കം പടര്‍ന്നിരിക്കുന്നു. രോഗി അടിയന്തര പരിചരണം അര്‍ഹിക്കുന്ന ആളായിട്ടും ആരും തിരിഞ്ഞുനോക്കുന്നില്ല. ഈ ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ രോഗികളുടെ സ്വകാര്യത നശിപ്പിച്ചുവെന്ന പേരില്‍ തുടര്‍നടപടികള്‍ക്ക് പോലും സാധ്യതയുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യ മേഖലയെന്ന് ഇടതുസര്‍ക്കാര്‍ നിരന്തരം പ്രചാരണം നടത്തുമ്പോള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലടക്കം ഇതിനേക്കാള്‍ ഭയാനകമായ, ഗുരുതര വീഴ്ചകള്‍ മൂടിവയ്ക്കുന്നുവെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.

ആശുപത്രിയിലെ ചെറിയ കെട്ടിടങ്ങളില്‍ നിരത്തിയിട്ടിരിക്കുന്ന ഓരോ ചെറിയ കട്ടിലുകളില്‍ രണ്ട് രോഗികള്‍ വീതമാണ് ഉള്ളത്. കട്ടിലിന് താഴെയും രോഗികള്‍, സമീപത്ത് കൂട്ടിരിപ്പുകാര്‍, ടോയ്ലറ്റില്‍ നിന്നുള്ള ദുര്‍ഗന്ധം കാരണം മൂക്കുപൊത്തിയാണ് ഇതിനുള്ളില്‍ കഴിയുന്നത്. മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരും നഴ്സുമാരും മറ്റ് ഏത് സ്വകാര്യ ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകരെക്കാള്‍ മികച്ചവരാണ്. ഇവര്‍ ഇവരുടെ ഡ്യൂട്ടികള്‍ ഏറ്റവും മികച്ച രീതിയില്‍ ചെയ്യുന്നവരുമാണ്.

എന്നാല്‍ ശുചീകരണ ജോലികള്‍ അടക്കം ചെയ്യേണ്ട ജീവനക്കാര്‍ യൂണിയന്‍കാരാണ്. ഇവരെക്കൊണ്ട് ജോലി ചെയ്യിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് കഴിയാറില്ല. ഇതാണ് ആശുപത്രികളിലെ ദയനീയ സാഹചര്യങ്ങള്‍ക്ക് കാരണമെന്ന് ആരോപണമുണ്ട്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ദയനീയ അവസ്ഥ പുറംലോകം അറിഞ്ഞത് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്റെ ഇടപെടലാണ്. മെഡിക്കല്‍ കോളേജിലെ അപകടം നടന്ന് ഏറ്റവും ആദ്യം സംഭവസ്ഥലത്തെത്തി അതിവേഗ ഇടപെടല്‍ നടത്തിയവരില്‍ ഒരാള്‍ ചാണ്ടി ഉമ്മനായിരുന്നു.

അതേ സമയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നതിന് പിന്നാലെ തിരച്ചില്‍ നടത്തിയെന്ന മന്ത്രിമാരുടെ വാദം പൊളിഞ്ഞതും ചാണ്ടി ഉമ്മന്റെ ഇടപെടലിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോഴായിരുന്നു. അപകടം നടന്നിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തിരച്ചില്‍ നടത്താതെ നിഷ്‌ക്രിയരായി നില്‍ക്കുന്ന ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ചാണ്ടി ഉമ്മന്‍ എംഎല്‍എ ഉദ്യോഗസ്ഥരോട് പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

അപകടത്തില്‍പെട്ട് മരിച്ച ബിന്ദുവിന്റെ ഭര്‍ത്താവ് ചാണ്ടി ഉമ്മനോട് കാര്യങ്ങള്‍ വിവരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ആന്റിയെ ഫോണ്‍ വിളിച്ചോ? എന്ന് ചാണ്ടി ഉമ്മന്‍ ചോദിക്കുന്നതും എന്നാല്‍ ഫോണ്‍ എടുക്കുന്നില്ലെന്ന് ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതന്‍ ചാണ്ടി ഉമ്മനോട് പറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ശേഷം തൊട്ടടുത്ത് നില്‍ക്കുന്ന പ്രവര്‍ത്തകരോട് എവിടെ പോയി എന്ന കാര്യം അന്വേഷിക്കാന്‍ ആവശ്യപ്പെടുന്നതും കാണാം .കിടക്കയില്‍ കിടക്കുന്ന മകളോട് കാര്യങ്ങള്‍ ചാണ്ടി ഉമ്മന്‍ ചോദിച്ചറിയുന്നുണ്ട്.

അപകടസ്ഥലത്ത് നിസ്സഹായരായി നില്‍ക്കുന്നവരോട് ചാണ്ടി ഉമ്മന്‍ എന്താണ് അപകടസ്ഥലം ക്ലിയര്‍ ചെയ്യാത്തത് എന്ന് ചോദിക്കുന്നുണ്ട്. 'ഇതെന്താണ് ഇതുവരെ ക്ലിയര്‍ ചെയ്യാത്തത്. ആരെങ്കിലും ഇതിനകത്ത് കുടുങ്ങിക്കിടക്കുന്നുണ്ടോ ഇല്ലേ എന്ന് അറിയണ്ടേ. ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ ഇല്ലെന്ന് പോലും നമുക്കറിയില്ലാല്ലോ'- സംഭവസ്ഥലത്ത് നില്‍ക്കുന്ന ഉദ്യോഗസ്ഥരോട് ചാണ്ടി ഉമ്മന്‍ ചോദിക്കുന്നത് വീഡിയോയിലുണ്ട്.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനായി വീടുകയറിയുള്ള ചാണ്ടി ഉമ്മന്റെ പ്രചാരണം വലിയ തരംഗമായി മാറിയതിന് പിന്നാലെയാണ് കോട്ടയം മെഡിക്കല്‍ കോളേജ് അപടത്തിലെ പുതുപ്പള്ളി എംഎല്‍എയുടെ സത്വര ഇടപെടലും ശ്രദ്ധേയമാകുന്നത്. അപകടം നടന്ന സമയം മുതല്‍ രാത്രി വൈകുവോളം ഒരു ജനപ്രതിനിധി എന്ന നിലയില്‍ ചുമതലകള്‍ ഏറ്റെടുത്തുള്ള ചാണ്ടി ഉമ്മന്റെ പ്രവര്‍ത്തനം വലിയ മതിപ്പാണ് ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയിരിക്കുന്നത്.

അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബം അടക്കം ചാണ്ടി ഉമ്മനോട് കടപ്പാട് അറിയിച്ചിരുന്നു. ബിന്ദുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ ധനസഹായമായി നല്‍കുമെന്ന് എംഎല്‍എ ചാണ്ടി ഉമ്മന്‍ പ്രഖ്യാപിക്കുകയും ചെയ്തു. പത്ത് ദിവസത്തിനകം തുക കുടുംബത്തിന് കൈമാറുമെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഇതിലേക്കായി ബഹ്റൈന്‍ ഒഐസിസി നാല് ലക്ഷം രൂപയും, കോട്ടയം ജില്ലാ മഹിള കമ്മിറ്റി ഒരു ലക്ഷം രൂപയും ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന് കൈമാറുമെന്ന് അറിയിച്ചതായും ചാണ്ടി ഉമ്മന്‍ വ്യക്താക്കിയിരുന്നു.

Tags:    

Similar News