പീഡന എപ്പിസോഡ് കഴിയുമ്പോള്‍ പ്രകടിപ്പിക്കുന്ന 'സ്‌നേഹാഭിനയം' സത്യമെന്ന് കരുതി ട്രോമ ബോണ്ടില്‍ കുരുങ്ങി പോകും; അബ്യൂസര്‍ കരയാം, കാല് പിടിക്കാം, വാഗ്ദാനപ്പെരുമഴ പെയ്യിച്ചേക്കാം, വിശ്വസിക്കരുത്; അതൊരു ചക്രത്തിന്റെ ഭാഗം മാത്രമാണ്; ഇനിയും കഥ തുടരും; ഡോ. ഷിംന അസീസ് എഴുതുന്നു..

പീഡന എപ്പിസോഡ് കഴിയുമ്പോള്‍ പ്രകടിപ്പിക്കുന്ന 'സ്‌നേഹാഭിനയം' സത്യമെന്ന് കരുതി ട്രോമ ബോണ്ടില്‍ കുരുങ്ങി പോകും

Update: 2025-07-20 14:06 GMT

തിരുവനന്തപുരം: വിപഞ്ചികയുടെ ആത്മഹത്യക്ക് പിന്നാലെയാണ് ഗള്‍ഫില്‍ നിന്നും അതുല്യയെന്ന പെണ്‍കുട്ടിയും ഭര്‍തൃപീഢനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ വാര്‍ത്ത പുറത്തുവന്നത്. കേരളത്തിലെ മാധ്യമങ്ങള്‍ മുഴുവന്‍ ഈ വാര്‍ത്ത ചര്‍ച്ച ചെയ്യുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ പതിവു കുറ്റപ്പെടുത്തലുകള്‍ പലവധിത്തിലുണ്ട് താനും. ശരിയാകാത്ത ദാമ്പത്യത്തില്‍ നിന്നും ഇറങ്ങി പോന്നൂകൂടെയെന്ന് ഉപദേശങ്ങളാണ് സോഷ്യല്‍ മീഡിയയില്‍. എന്നാല്‍, പീഡനത്തിന്റെ ട്രോമ അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് അതൊന്നും എളുപ്പം സാധിക്കില്ലെന്ന് പറയുകയാണ് ഡോ. ഷിംന അസീസ്. പല സത്രീകളും അബ്യൂസറിന്റെ ക്രിമിനല്‍ ബുദ്ധിയില്‍ വീണു പോകുന്നതായും അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.

ഡോ. ഷിംന അസീസിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

ട്രിഗര്‍ വാണിങ്- ട്രോമ അനുഭവിക്കുന്നവര്‍, നാര്‍സിസിസ്റ്റിക് അബ്യൂസ്, ആത്മഹത്യാപ്രവണത പോലുള്ള അവസ്ഥകളിലൂടെ കടന്നു പോകുന്നവര്‍ തുടങ്ങിയവര്‍ക്ക് ഈ പോസ്റ്റ് ട്രിഗര്‍ ആയേക്കാം. നിങ്ങള്‍ക്ക് ഈ പോസ്റ്റ് സ്‌കിപ് ചെയ്യുകയോ, വേണമെങ്കില്‍ പിന്നീട് തിരിച്ച് വന്ന് വായിക്കുകയോ ചെയ്യാം. ഹെല്‍പ് ലൈന്‍ നമ്പറുകള്‍ പോസ്റ്റിന്റെ അവസാനഭാഗത്ത് ഉണ്ട്.

----

ഓരോ ദിവസവും നേരമെത്തും മുന്‍പ് എത്രയെത്ര പെണ്‍കുട്ടികളാണ് പല വിധ പീഡനത്തിന് ഇരയായി സ്വയം ഒടുക്കികൊണ്ടേ ഇരിക്കുന്നത്! മറ്റൊരു വാര്‍ത്ത മാത്രമായി തീരും മുന്നേ അവള്‍ക്കിറങ്ങി പോരാമായിരുന്നില്ലേ എന്നൊക്കെ കമന്റില്‍ പരത്തി എഴുതാന്‍ നല്ല എളുപ്പമാണ്. ട്രോമ ബോണ്ട്, നാര്‍സിസിസ്റ്റിക് അബ്യൂസ്, ഗ്യാസ് ലൈറ്റിങ്... ഇവയോരൊന്നും യാഥാര്‍ഥ്യമാണ്. താന്‍ ആരാണെന്ന് വരെ ആശയക്കുഴപ്പത്തില്‍ ഉള്ള, പെണ്‍സുഹൃത്തുക്കളെയും സ്വന്തം അമ്മയെയും ഫോണ്‍ വിളിക്കുന്നതില്‍ പോലും വിലക്കുള്ള, തെറ്റിച്ചാല്‍ ചവിട്ടി മൂലക്കിടുന്നവന്റെ അടുത്തുള്ള പെണ്ണിന് ചിന്തിക്കാനുള്ള മാനസികാരോഗ്യം ബാക്കിയുണ്ടാകുമെന്ന് ആലോചിക്കുന്നത് തന്നെ ബാലിശമാണ്.

സ്‌നേഹമാണോ ചുട്ടു പഴുത്ത ചങ്ങലയാണോ കാലില്‍ വരിഞ്ഞു കെട്ടി കിടക്കുന്നത്, കൊള്ളുന്ന തല്ല് അയാളുടെ പ്രണയമാണോ തന്റെ വല്ല കുറവിനുമുള്ള ശിക്ഷയാണോ എന്നൊക്കെ കണ്‍ഫ്യൂസ് ആക്കിക്കളയാന്‍ മാത്രം വിദഗ്ധനാണ് എതിരെയുള്ള ക്രിമിനല്‍. ഇതിനെ 'പരാജയപ്പെട്ട വൈവാഹികബന്ധം' എന്നൊന്നും പറഞ്ഞ് ലഘൂകരിച്ചേക്കരുത്. മനഃപൂര്‍വ്വമായ മാനസികപീഡനമാണിത്. പീഡന എപ്പിസോഡ് കഴിയുമ്പോള്‍ പ്രകടിപ്പിക്കുന്ന 'സ്‌നേഹാഭിനയം' സത്യമെന്ന് കരുതി ട്രോമ ബോണ്ടില്‍ കുരുങ്ങി പോകുകയാണ് ബഹുഭൂരിപക്ഷവും. അബ്യൂസര്‍ കരയാം, കാല് പിടിക്കാം, വാഗ്ദാനപ്പെരുമഴ പെയ്യിച്ചേക്കാം. വിശ്വസിക്കരുത്. അതൊരു ചക്രത്തിന്റെ ഭാഗം മാത്രമാണ്. ഇനിയും കഥ തുടരും.

കോവിഡ് കാലത്ത് ഒരു വിദേശരാജ്യത്ത് നിന്ന് ഇടയ്ക്കിടെ ഒളിഞ്ഞിരുന്ന് ഫേസ്ബുക്കില്‍ മെസേജ് ചെയ്തിരുന്ന ഫ്‌ലാറ്റില്‍ പൂട്ടിയിടപ്പെട്ട ഒരു പെണ്‍കുട്ടി പറഞ്ഞ അനുഭവങ്ങള്‍ ഓര്‍ക്കുമ്പോള്‍ ഇന്നും നട്ടെല്ലിനകത്ത് മിന്നലാണ്. തുറന്നെഴുതാന്‍ ബുദ്ധിമുട്ടുള്ള, മനസ്സില്‍ കൊളുത്തി പറിക്കുന്ന ക്രൂരമായ ഡീറ്റെയില്‍സ് ആണ്. മെസേജിലൂടെ മിണ്ടിയിട്ടുണ്ട് ഞങ്ങള്‍. അവിടുന്ന് തിരിച്ച് വിമാനം കയറും വരെ തുടര്‍ച്ചയായ കൊണ്ടാക്ട് ഉണ്ടായിരുന്നു. അവരിന്ന് സുരക്ഷിയായി നാട്ടിലുണ്ട് എന്ന് തന്നെയാണ് എന്റെ വിശ്വാസം. ചില നിശബ്ദതകളും വല്ലാതെ ഭീതിയുളവാക്കുന്നതാണ്.

അബ്യൂസര്‍ ശാരീരികമായി ഉപദ്രവിച്ചേക്കാം, മാനസികമായി അവഹേളിക്കാം, കാലുകള്‍ക്കിടയിലും അപമാനം തിരുകിയേക്കാം, അയാളുടെ കുടുംബം അതിന് കൂടെ നിന്നേക്കാം, സ്വന്തം കുടുംബം കൈ മലര്‍ത്തിയേക്കാം. ആര്‍ക്കും വേണ്ടെങ്കില്‍ നമുക്ക് നമ്മളെ വേണം എന്നങ്ങു തീരുമാനിക്കാന്‍ ശ്രമിക്കണം. ഒറ്റ ദിവസം കൊണ്ട് ആരെക്കൊണ്ടും പറ്റുന്ന സംഗതിയല്ല. കുറേശെ, പതുക്കെ.. ഓരോ സ്റ്റെപ്പ് ആയിട്ട്.

ഒഴുക്കിനെതിരെ നീന്താന്‍ നല്ല തന്റേടം വേണം. പെണ്ണ് ഒരുമ്പെട്ട് നരകത്തില്‍ നിന്ന് പുറത്ത് ചാടിയാല്‍ ഏറ്റവും എളുപ്പമുള്ള കാര്യം, സമൂഹത്തില്‍ അവളെ വേശ്യയാക്കലും വേറെ പല വ്യക്തിഹത്യാ മാര്‍ഗങ്ങളുമൊക്കെയാണ്. ആയിക്കോട്ടെ, പറയെട്ടെന്നെ. അടുത്ത വാര്‍ത്ത വരുന്നത് വരെയല്ലേ നമ്മള്‍ വാര്‍ത്തയാവുന്നുള്ളൂ? സാധിക്കുമെങ്കില്‍ കുറച്ച് കാശ് സേവ് ചെയ്യുക. കോളുകള്‍, വോയ്‌സ്, വിഡിയോകള്‍ റിക്കോര്‍ഡ് ചെയ്യുക. സമാധാനത്തോടെ ജീവിക്കാന്‍ നിയമപരമായി ശ്രമിക്കുമ്പോള്‍ ഇതെല്ലാം ആവശ്യം വരും. താങ്ങാന്‍ ആളില്ലാത്തോര്‍ക്ക് താന്‍ താന്‍ തുണയാവണം. നമ്മളെ നമുക്ക് വേണമെന്നേ.

ഒറ്റക്ക് പറ്റുന്നില്ലെങ്കില്‍ സപ്പോര്‍ട് സിസ്റ്റങ്ങള്‍ ഉണ്ട്. കേരളത്തില്‍ ദിശ ഹെല്‍പ് ലൈന്‍(1056/0471 2552056) ഇരുപത്തിനാല് മണിക്കൂറും ലഭ്യമാണ്. ഓരോ നാട്ടിലും സമാനമായ സിസ്റ്റങ്ങള്‍ ഉണ്ട്. ഒന്ന് ഗൂഗിള്‍ ചെയ്ത് നോക്കൂ. വഴികള്‍ അടഞ്ഞിട്ടില്ല, ജീവിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. നിങ്ങളുടെ ആത്മഹത്യയില്‍ വിജയിക്കുന്നതും അയാളാണ്. വല്ലാത്ത രീതിയില്‍ സ്വയം ഉപദ്രവിക്കാനുള്ള മാനസികാവസ്ഥ അലട്ടുന്നെങ്കില്‍ മടിക്കാതെ സൗജന്യ ഹെല്‍പ് ലൈന്‍ ഉപയോഗിക്കണം. എല്ലാത്തിനും മാര്‍ഗമുണ്ട്.

ആത്മഹത്യാവാര്‍ത്തകള്‍ റിപ്പോര്‍ട് ചെയ്യുന്ന മാധ്യമങ്ങളും കുറച്ച് സാമാന്യബുദ്ധി കാണിക്കണം. ചന്ദ്രയാന്‍ വിക്ഷേപിക്കുന്ന വാര്‍ത്ത ലൈവ് കാണിക്കുന്ന ആവേശത്തിലാണ് പെണ്‍കുട്ടികളെ അവരുടെ പങ്കാളി ഉപദ്രവിക്കുന്ന വീഡിയോയൊക്കെ നിങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നത്, പലരുടേയും ആത്മഹത്യാകുറിപ്പുകള്‍ കാണിക്കുന്നത്, തുടര്‍ച്ചയായി ആ പെണ്‍കുട്ടികളുടെ ഫോട്ടോയും മുറിവുകളും കാണിക്കുന്നത്. എന്താണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്? അവരുടെ കുടുംബത്തെപ്പോലെ ആ ദൃശ്യങ്ങള്‍ വിറയല്‍ ഉളവാക്കുന്ന അനേകം നിശബ്ദ ജീവനുകള്‍ ചുറ്റുമുണ്ട്. 'വെര്‍തര്‍ ഇഫക്ട്' എന്നൊരു സംഗതിയുണ്ട്. സൂയിസൈഡ് വാര്‍ത്തകള്‍ കൂടുതല്‍ ചര്‍ച്ചയാകുമ്പോള്‍ സമൂഹത്തില്‍ ആത്മഹത്യകള്‍ വര്‍ധിക്കുന്ന അവസ്ഥ.

ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഹെല്‍പ്ലൈന്‍ നമ്പറുകള്‍, രക്ഷപ്പെടാനുള്ള വഴി, രക്ഷപ്പെട്ടവരുടെ പോസിറ്റീവ് സ്റ്റോറികള്‍ തുടങ്ങിയവ അധികം ചര്‍ച്ച ചെയ്യുക. മരണം മാറ്റൊലി കൊള്ളിക്കണ്ട, ജീവിക്കാനുള്ള വഴി പറഞ്ഞ് കൊടുക്കൂ. കണ്ണീര്‍ സീരിയല്‍ പോലെ ഇത് തന്നെ പറഞ്ഞോണ്ടിരുന്നിട്ട്, നിങ്ങള്‍ക്ക് നാളെ വീണ്ടും പറയാന്‍ വേറെ കുറേ കഥകള്‍ കിട്ടിയേക്കും എന്നല്ലാതെ പ്രത്യേകിച്ച് ഗുണമൊന്നുമില്ല. ഒരാള്‍ പോയാല്‍ ഒന്നുമല്ലാതായിത്തീരുന്ന പലരുണ്ട്. കുറച്ച് കൂടിയൊക്കെ ഉത്തരവാദിത്വബോധമാകാം. വല്ലാത്ത വേദനയാണ്. വര്‍ഷം 2025 ആണ്. എല്ലാം നേടിയെന്ന് അഹങ്കരിക്കുന്ന മലയാളി കൂട്ടത്തില്‍ നിന്നുമാണ് ഈ അബ്യൂസര്‍മാരും പിടഞ്ഞു തീരുന്ന പെണ്‍കുട്ടികളും. ഇനിയുമരുത്. നമുക്ക് ആത്മഹത്യകള്‍ അല്ല, അതിജീവിതകളാണ് വേണ്ടത്. ആദരാഞ്ജലികള്‍ സഹോദരിമാരെ, ഇങ്ങനെ ഒടുങ്ങേണ്ടവരായിരുന്നില്ല നിങ്ങള്‍...

ഡോ. ഷിംന അസീസ്

ദിശ ഹെല്‍പ് ലൈന്‍(1056/0471 2552056)

Tags:    

Similar News