ഗണേഷ് കുമാര്‍ അഹങ്കാരത്തിന് കൈയും കാലും വെച്ചവന്‍; കുടുംബത്തിന് പാര പണിതു; ഫ്യൂഡല്‍ മാടമ്പിക്കും അപ്പുറം; സ്വന്തം അച്ഛന് വരെ പണി കൊടുത്തു; സരിതയെ ഉപയോഗിച്ച് മന്ത്രി സ്ഥാനം നേടി; മന്ത്രി ഗണേഷിനെ കടന്നാക്രമിച്ചത് വെറും തുടക്കമോ? വെള്ളാപ്പള്ളിയുടെ ലക്ഷ്യം ചര്‍ച്ചകളില്‍; യുഡിഎഫിന് പ്രതീക്ഷ കൂട്ടി സുധാകരനും വെള്ളാപ്പള്ളിയും

Update: 2025-10-16 07:52 GMT

ആലപ്പുഴ: വെള്ളാപ്പള്ളി നടേശന്‍ കളം മാറുമോ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഗുരുതര പരാമര്‍ശവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ എത്തുമ്പോള്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനാണ് മന്ത്രി ഗണേഷ്. എന്‍ എസ് എസിനെ ഇടതിനോട് അടുപ്പിച്ച നേതാവ്. ഈ സാഹചര്യത്തില്‍ ഗണേഷിനെ തള്ളി പറയുന്ന വെള്ളാപ്പള്ളിയുടെ അടുത്ത നീക്കം നിര്‍ണ്ണായകമാണ്. അതിനിടെ വെള്ളാപ്പള്ളിയുടെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളി നയിക്കുന്ന ബിഡിജെസിനെ യുഡിഎഫില്‍ എത്തിക്കാന്‍ സജീവ നീക്കം കോണ്‍ഗ്രസ് നടത്തുന്നുണ്ട്. പലരുമായും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ചര്‍ച്ച നടത്തിയിട്ടുണ്ട്. ആലപ്പുഴയിലെ യുഡിഎഫ് മുഖമായി ബിഡിജെഎസ് മാറണമെന്നാണ് അടൂര്‍ പ്രകാശിന്റെ ആഗ്രഹം.

അതിനിടെയാണ് ഗണേഷിനെ വെള്ളാപ്പള്ളി വിമര്‍ശിക്കുന്നത്. ഗണേഷ് കുമാര്‍ അഹങ്കാരത്തിന് കൈയും കാലും വെച്ചവനാണെന്നും കുടുംബത്തിന് പാര പണിതവനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഫ്യൂഡല്‍ മാടമ്പിക്കും അപ്പുറമാണ് ഗണേഷ് കുമാര്‍. അവന്റെ പാരമ്പര്യം ആണിത്. സ്വന്തം അച്ഛന് വരെ പണി കൊടുത്തയാളാണ്. സരിതയെ ഉപയോഗിച്ചാണ് മന്ത്രി സ്ഥാനം നേടിയെടുത്തത്'- വെള്ളാപ്പള്ളി പറഞ്ഞു. വെള്ളാപ്പള്ളിയുടെ വിമര്‍ശനം ഗുണം ചെയ്യുമെന്ന് തന്നെയാണ് കോണ്‍ഗ്രസ് പ്രതീക്ഷ. ആലപ്പുഴയില്‍ മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന്റെ നിലപാടുകള്‍ സിപിഎമ്മിന് തലവേദനയാണ്. ഇതിന് പിന്നാലെയാണ് വെള്ളാപ്പള്ളിയുടെ മന്ത്രി വിമര്‍ശനം.

ജി സുധാകരന് പ്രശംസയുമായി വെള്ളാപ്പള്ളി എത്തിയെന്നതും നിര്‍ണ്ണായകമാണ്. ജി സുധാകരന്‍ സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉടമയാണെന്നും കേരളത്തിനും ആലപ്പുഴക്കും സുധാകരനെ അവഗണിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് വിവാദങ്ങള്‍ ഒഴിവാക്കണം. പാര്‍ട്ടി നേതാക്കളുടെ വളര്‍ച്ച ഉള്‍കൊള്ളാന്‍ ജി സുധാകരന്‍ തയാറാകണം. പൊതുമരാമത്ത് മന്ത്രി ഉണ്ടെന്ന് കേരളം അറിഞ്ഞത് ജി സുധാകരന്റെ കാലത്താണ്. പാര്‍ട്ടി പരിപാടികളില്‍ നിന്ന് ഒഴിവാക്കിയാല്‍ വിഷമം ഉണ്ടാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ദേവസ്വം ബോര്‍ഡിന്റെ അമ്പലങ്ങളിലെല്ലാം മോഷണം നടക്കുകയാണെന്ന് വെള്ളാപ്പള്ളി നടേശന്‍ ആരോപിക്കുന്നു. സംവിധാനങ്ങള്‍ ഇങ്ങനെ തുടര്‍ന്നാല്‍ ചക്കരക്കുടത്തില്‍ കൈ ഇടുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷേത്ര വരുമാനത്തിന്റെ കണക്കുകള്‍ കൃത്യമല്ല. ദേവസ്വം ബോര്‍ഡ് അമ്പലങ്ങളില്‍ എല്ലാം മോഷണം നടക്കുന്നു. മോഷണം ഇല്ലെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. സംവിധാനം മുഴുവന്‍ മാറണം. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പത്മകുമാര്‍ കുഴപ്പക്കാരനാണെന്ന് ഞാന്‍ പണ്ടേ പറഞ്ഞിട്ടുണ്ട്. അഴിമതി പുറത്ത് വന്നത് അയ്യപ്പന്റെ അനുഗ്രഹം കൊണ്ടാണ്. ഇടമില്ലാത്ത രാഷ്ട്രീയക്കാരുടെ ഇടമായി ദേവസ്വം ബോര്‍ഡ് മാറി. സംസ്ഥാനത്ത് ഒറ്റ ദേവസ്വം ബോര്‍ഡ് മതി'- വെള്ളാപ്പള്ളി പറഞ്ഞു.

ഇതും ഇടതുപക്ഷ വികാരങ്ങള്‍ക്ക് വിരുദ്ധമാണ്. ഈ സാഹചര്യത്തിലാണ് വെള്ളാപ്പളളിയുടെ ഇനിയും നീക്കം ശ്രദ്ധേയമാകുന്നത്. ആഗോള അയ്യപ്പ സംഗമം വരെ സിപിഎമ്മിന് അനുകൂലമായിരുന്നു വെള്ളാപ്പള്ളി. മുഖ്യമന്ത്രിക്കൊപ്പമാണ് ചടങ്ങിന് വെള്ളാപ്പള്ളി എത്തിയതും. അത്തരമൊരു നേതാവാണ് പെട്ടെന്ന് മന്ത്രി ഗണേഷിനെ കടന്നാക്രമിക്കുന്നത്. വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമര്‍ശത്തില്‍ മറുപടിയുമായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ എത്തുകയും ചെയ്തു.

അവരവരുടെ സംസ്‌കാരം അനുസരിച്ചായിരിക്കും ഒരോരുത്തരുടേയും പ്രതികരണമെന്നാണ് കെ ബി ഗണേഷ് കുമാറിന്റെ മറുപടി. വെള്ളാപ്പള്ളിയുടെ ലെവല്‍ അല്ല തന്റെ ലെവല്‍. പക്വതയും സംസ്‌കാരവും ഇല്ലാത്തവരും ഈ രീതിയില്‍ പ്രതികരിക്കും താന്‍ ആ രീതിയില്‍ താഴാന്‍ ആഗ്രഹിക്കുന്നില്ല. വെള്ളാപ്പള്ളിയുടെ മോശം ഭാഷ വെള്ളാപ്പള്ളിയുടെ സംസ്‌കാരമാണ്. ആ സംസ്‌കാരത്തിലേക്ക് താഴാന്‍ താനില്ല. വെള്ളാപ്പള്ളിക്ക് മറുപടി ഇല്ലെന്നും ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Tags:    

Similar News