സ്വര്‍ണം പൂശിയ ചെമ്പ് പാളികള്‍ എന്നത് ഒഴിവാക്കി ചെമ്പ് പാളികള്‍ എന്നുമാത്രമെഴുതിയ കമ്മീഷണര്‍ വാസു! ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറസ്റ്റു ചെയ്ത എസ് എ ടി കൂടുതല്‍ നടപടികളിലേക്ക്; തട്ടിപ്പിന് കൂട്ടു നിന്ന ദേവസ്വം ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി നിരോധന നിയമം ചുമത്തും

Update: 2025-10-17 01:13 GMT

തിരുവനന്തപുരം: ശബരിമല ദ്വാരപാലക ശില്‍പ്പപാളിയിലെയും വാതില്‍പ്പടിയിലെയും സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കൂടുതല്‍ നടപടികളിലേക്ക് പ്രത്യേക അന്വേഷണ സംഘം കടക്കും. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റായ എന്‍ വാസു അടക്കം സംശയ നിഴലിലാണ്.

ശ്രീകോവിലിലെ കട്ടിളയില്‍ സ്വര്‍ണം പൂശിയിരുന്ന ചെമ്പ് തകിട് ഇളക്കി സ്വര്‍ണം പൂശാന്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് കൈമാറണമെന്ന് ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ 2019 ഫെബ്രുവരി 16ന് ദേവസ്വം കമീഷണര്‍ക്ക് ശുപാര്‍ശ നല്‍കിയിരുന്നു. ഇൗ ശുപാര്‍ശ ദേവസ്വം കമീഷണര്‍ ബോര്‍ഡില്‍ സമര്‍പ്പിച്ചപ്പോള്‍, സ്വര്‍ണം പൂശിയ ചെമ്പ് പാളികള്‍ എന്നത് ഒഴിവാക്കി ചെമ്പ് പാളികള്‍ എന്നുമാത്രമെഴുതിയാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് കൈമാറാന്‍ ശുപാര്‍ശ ചെയ്തത്. വാസുവായിരുന്നു അന്ന് ദേവസ്വം കമ്മീഷണര്‍. ഇൗ സമയത്തെ തിരുവാഭരണം കമീഷണര്‍, ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, അസിസ്റ്റന്റ് എന്‍ജിനിയര്‍ എന്നിവരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇത്രയും ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്യേണ്ട സാഹചര്യമുണ്ട്.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റി അറസ്റ്റു ചെയ്തത് നിര്‍ണ്ണായക നീക്കത്തിലൂടെയാണ്. ഈഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ വച്ചുള്ള പത്ത് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ ആദ്യ അറസ്റ്റാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടേത്. ദ്വാരപാലക ശില്‍പ്പപാളികളിലെ സ്വര്‍ണക്കൊള്ള, കട്ടിളപ്പടിയിലെ സ്വര്‍ണപ്പാളി ചെമ്പാക്കിയ അട്ടിമറി എന്നിങ്ങനെ രണ്ടു കേസുകളിലും പ്രതിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി. ശബരിമലയുടെ മറവില്‍ പോറ്റി ലക്ഷങ്ങള്‍ കൈക്കലാക്കിയെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. സ്‌പോണ്‍സറെന്ന് അവകാശപ്പെട്ടിരുന്ന ഉണ്ണിക്കൃഷ്ണന്‍ പോറ്റി സ്വര്‍ണം പൂശലില്‍ ആകെ ചെലവാക്കിയത് 3 ഗ്രാം മാത്രമാണ്. 475 ഗ്രാം അഥവാ 56 പവന്‍ കൈക്കലാക്കി. ഇപ്പോഴത്തെ വിപണിവിലയില്‍ അമ്പത് ലക്ഷത്തോളം രൂപയുടെ ലാഭമുണ്ട്. അതുകൂടാതെ സ്വര്‍ണം പൂശാനെന്ന പേരില്‍ ബെംഗളൂരുവിലെ രണ്ട് പേരില്‍ നിന്ന് പണവും പിരിച്ചിട്ടുണ്ട്.

പ്രത്യേക അന്വേഷകസംഘവും (എസ്‌ഐടി) ശബിരിമല സന്നിധാനത്തെത്തി രേഖകള്‍ പരിശോധിച്ചിരുന്നു. ശാന്തിയടക്കമുള്ള ദേവസ്വം ജീവനക്കാരോട് വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. ദ്വാരപാലക ശില്‍പ്പപാളിയിലെയും വാതില്‍പ്പടിയിലെയും സ്വര്‍ണ മോഷണക്കസില്‍ പ്രത്യേകം എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇരു കേസിലും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയാണ് മുഖ്യപ്രതി. രണ്ടു കേസിലും പോറ്റിയെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തിട്ടുണ്ട്. രണ്ടാമത്തെ എഫ-് ഐആറില്‍ എട്ടാം പ്രതിയായി 2019 ലെ ദേവസ്വം ബോര്‍ഡിനെയും പ്രതി ചേര്‍ത്തിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്കുമേല്‍ അഴിമതി നിരോധന നിയമവും ചുമത്താനാണ് സാധ്യത. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കടേഷിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. വിരമിച്ച ഉദ്യോഗസ്ഥര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ പെന്‍ഷനടക്കമുള്ള ആനുകൂല്യങ്ങള്‍ തടയുമെന്നും ബോര്‍ഡിനുണ്ടായ നഷ്ടവും കുറ്റക്കാരില്‍നിന്ന് ഈടാക്കുമെന്നും നഷ്ടപ്പെട്ട സ്വര്‍ണമെല്ലാം പിടിച്ചെടുക്കാനുമുള്ള നടപടി ബോര്‍ഡ് സ്വീകരിക്കും.

ശബരിമലയില്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ സ്പോണ്‍സര്‍ഷിപ്പ് വഴി നടന്ന എല്ലാ പ്രവൃത്തികളെയും വഴിപാടുകളെയുംകുറിച്ച് അന്വേഷിക്കണമെന്ന് ദേവസ്വം വിജിലന്‍സ് ശുപാര്‍ശ ചെയ്തിരുന്നു. ഇയാളുടെ ഇടപാടുകള്‍ ദുരൂഹമാണെന്നും സ്പോണ്‍സര്‍ഷിപ്പിലൂടെ ഉണ്ണിക്കൃഷ്ണന്‍ പോറ്റി വന്‍ ലാഭമുണ്ടാക്കിയെന്ന് സംശയിക്കുന്നതായും വിശദമായ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് നടത്തുന്ന സ്വര്‍ണ പ്ലേറ്റിങ് സുതാര്യമെന്ന് പറയാന്‍ കഴിയില്ല. ഭക്തര്‍ നല്‍കുന്ന സ്വര്‍ണമല്ല കൊടിമരത്തിലും താഴികക്കുടത്തിലും പൂശുന്നത്. സ്വര്‍ണം പൊടിക്കുന്നത് ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലാണ്. ഇൗ സ്വര്‍ണമാണ് സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ പ്ലേറ്റിങ്ങിനായി ഉപയോഗിക്കുന്നതെന്നും ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരുന്നു.

പോറ്റിക്ക് കാര്യമായ സ്ഥിരവരുമാനമില്ല. 2 കിലോ സ്വര്‍ണം ലക്ഷ്യമിട്ടാണ് ശബരിമലയിലെത്തിയത്. ചുരുങ്ങിയ കാലം കൊണ്ട് പോറ്റി നടത്തിയത് 9 സ്‌പോണ്‍സര്‍ ഇടപാടുകളെന്നും ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ടിലുണ്ട്. ശബരിമലയുടെ കാര്യത്തില്‍ അന്തിമ വാക്കായ തന്ത്രിയെയും കബളിപ്പിച്ചതായി വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags:    

Similar News