ഹിജാബ് വിവാദം രാഷ്ട്രീയവത്ക്കരിക്കാന്‍ ആസൂത്രിത ശ്രമം നടത്തി; സര്‍ക്കാരിനെ വെല്ലുവിളിക്കാന്‍ നോക്കേണ്ട; മാനേജ്മെന്റിന് പ്രത്യേക അജണ്ട; സര്‍ക്കാരിന് മുകളിലാണെന്ന് ഭാവം അംഗീകരിക്കില്ല; അഭിഭാഷകയുടെ പരാമര്‍ശങ്ങള്‍ പ്രശ്‌നം വഷളാക്കുന്ന വിധത്തിലുള്ളതെന്നും മന്ത്രി വി. ശിവന്‍കുട്ടി; പ്രശ്നം പരിഹരിച്ചിച്ചിട്ടും സ്‌കൂള്‍ മാനേജ്‌മെന്റിനെ രൂക്ഷമായി വിമര്‍ശിച്ച് വിദ്യാഭ്യാസമന്ത്രി

ഹിജാബ് വിഷയത്തില്‍ മലക്കം മറിഞ്ഞ് വീണ്ടും മന്ത്രി വി. ശിവന്‍കുട്ടി

Update: 2025-10-16 07:19 GMT

തിരുവനന്തപുരം: ഹിജാബ് വിവാദത്തില്‍ പള്ളുരുത്തി സെയ്ന്റ് റീത്താസ് പബ്ലിക് സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ കടുത്ത വിമര്‍ശനവുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവന്‍കുട്ടി. സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. രാഷ്ട്രീയവത്ക്കരിക്കാന്‍ മാനേജ്‌മെന്റ് ആസൂത്രിത ശ്രമം നടത്തിയെന്നും മന്ത്രി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. സര്‍ക്കാരിനെ വെല്ലുവിളിക്കാന്‍ നോക്കണ്ടെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. അഭിഭാഷകയുടെ പരാമര്‍ശങ്ങള്‍ പ്രശ്‌നം വഷളാക്കുന്ന വിധത്തിലുള്ളതാണെന്നും മന്ത്രി പറഞ്ഞു. പ്രകോപനപരമായ പ്രതികരണങ്ങളില്‍ നിന്ന് പിന്‍മാറണമെന്നും മന്ത്രി നിര്‍ദേശിച്ചു.

പശ്ന പരിഹാരത്തിന് ശേഷവും സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താസമ്മേളനം നടത്തി മന്ത്രിയേയും സര്‍ക്കാരിനേയും വിമര്‍ശിക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ താത്പര്യമാണെന്നും ശിവന്‍കുട്ടി ആരോപിച്ചു. പ്രശ്നത്തിന് പരിഹാരം കാണുന്നതിനേക്കാള്‍ സര്‍ക്കാരിനെ വിമര്‍ശിക്കുക എന്നതായിരുന്നു സ്‌കൂള്‍ മാനേജ്മെന്റ് ലക്ഷ്യം. പ്രത്യേക അജണ്ടയുടെ ഭാഗമായിട്ടാണ് ഇതെല്ലാം നടക്കുന്നതെന്ന് സംശയിക്കുന്നു. കോണ്‍ഗ്രസിന് വേണ്ടിയോ മറ്റാര്‍ക്കെങ്കിലും വേണ്ടിയോ രാഷ്ട്രീയപരവും വര്‍ഗീയപരവുമായ വിവേചനം കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ സൃഷ്ടിക്കാന്‍ ആര് ശ്രമിച്ചാലും അത് സര്‍ക്കാര്‍ അനുവദിക്കില്ല.

വിദ്യാലയങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ വേദിയാക്കാന്‍ ആരേയും അനുവദിക്കില്ല. ഒരവസരം കിട്ടി എന്നുള്ളതുകൊണ്ട് ഒരു പിടിഎ പ്രസിഡന്റും പ്രിന്‍സിപ്പലും മാനേജറും ഇത്രയധികം മോശമായി സര്‍ക്കാരിനെയും അതിന്റെ സംവിധാനത്തേയും പരസ്യമായി വിമര്‍ശിക്കാന്‍ പാടുണ്ടോയെന്നും ശിവന്‍കുട്ടി ചോദിച്ചു. വലിയ ആഹ്ലാദത്തോടെയാണ് അവര്‍ വിമര്‍ശനം നടത്തിയത്. എന്നിട്ട് സര്‍ക്കാരിനെ വെല്ലുവിളിക്കുന്നു. ആ വെല്ലുവിളി വേണ്ട. നിയമം നിയമത്തിന്റെ വഴിക്ക് പോകും. നിയമവിരുദ്ധമായ കാര്യങ്ങള്‍ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അതിലിടപെടാനുള്ള അധികാരം പൊതുവിദ്യാഭ്യാസ വകുപ്പിനുണ്ടെന്നും മന്ത്രി പറഞ്ഞു.

ഒരു സര്‍ക്കാരിനെ ഇത്രയും വെല്ലുവിളി ഇങ്ങോട്ടുവേണ്ട. നിയമം നിയമത്തിന്റെ വഴിക്കു പോകും. സര്‍ക്കാര്‍ വിശദീകരണം ചോദിച്ചാല്‍ വക്കീലും പിടിഐയുമല്ല. സ്‌കൂളിന്റെ സമാധാനഅന്തരീക്ഷം തകര്‍ക്കുന്ന പ്രകോപനപരമായ നടപടികളില്‍നിന്നു പിന്‍മാറണം. ഈ കാര്യത്തില്‍ ചെയ്യാവുന്നതെല്ലാം ചര്‍ച്ച ചെയ്യും. പ്രശ്നം പരിഹരിച്ചശേഷം പത്രസമ്മേളനം നടത്താന്‍ പാടില്ല.

'സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത്നിന്നും അവരുടെ അഭിഭാഷകയുടെ ഭാഗത്ത്നിന്നും ഉണ്ടായ അപക്വമായ പരാമര്‍ശങ്ങള്‍ പ്രശ്നത്തെ കൂടുതല്‍ വഷളാക്കാനെ ഉപകരിക്കൂ. അതൊരു വിദ്യാഭ്യാസ സ്ഥാപനത്തിന് യോജിച്ചതല്ല. സര്‍ക്കാര്‍ വിശദീകരണം ചോദിച്ചാല്‍ മറുപടി പറയേണ്ടത് പിടിഎ പ്രസിഡന്റും അഭിഭാഷകയുമല്ലെന്ന് മാനേജ്മെന്റിന് ഓര്‍മ വേണം. വിദ്യാര്‍ഥികളുടെ പഠനാന്തരീക്ഷം സുരക്ഷിതമാക്കുക എന്നതാണ് പ്രഥമ പരിഗണന. സര്‍ക്കാര്‍ വിഷയത്തില്‍ നിയമപരമായ ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്യും'ശിവന്‍കുട്ടി പറഞ്ഞു.

പ്രശ്നം തീര്‍ന്നതിന് ശേഷം സര്‍ക്കാരിനെയും മന്ത്രിയേയും ഒരടിസ്ഥാനവുമില്ലാതെ വിമര്‍ശിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ്. എന്ത് അധികാരമാണെന്നൊക്കെ ചോദിച്ചു. അങ്ങനെയൊന്നും കേരളത്തിലെ ഒരു മാനേജ്മെന്റും ഇതുവരെ ചോദിച്ചിട്ടില്ല. സര്‍ക്കാരിന് മുകളിലാണ് ഞങ്ങളെന്ന ഭാവം ഉണ്ടെങ്കില്‍ അത് അംഗീകരിക്കില്ലെന്നും ശിവന്‍കുട്ടി വ്യക്തമാക്കി.

സ്‌കൂള്‍ തലത്തില്‍ സമവായമുണ്ടെങ്കില്‍ അത് അവിടെ തീരട്ടെയെന്നായിരുന്നു മന്ത്രി ഇന്നലെ പറഞ്ഞത്. പഠനം നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ല. രക്ഷിതാവ് പഴയ സ്റ്റാന്‍ഡില്‍ നിന്ന് മാറിയിട്ടുണ്ട്. രക്ഷിതാവിന് പ്രശ്‌നമില്ല. ഒരു കുട്ടിക്കും വിദ്യാഭ്യാസം നിഷേധിക്കാന്‍ പാടില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

അതേ സമയം ഹിജാബ് വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്കാ കോണ്‍ഗ്രസ് രംഗത്തെത്തി. വിദ്യാഭ്യാസ മന്ത്രി വിവേകത്തോടെ നിലപാടുകള്‍ സ്വീകരിക്കണമെന്ന് ഫാ. ഫിലിപ്പ് കവിയില്‍ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ മന്ത്രിയുടേത് വിവേക രഹിതമായ പ്രസ്താവനകളാണ്. മന്ത്രിയുടെ പ്രസ്താവന പ്രശ്‌നം വഷളാക്കാനേ ഉപകരിക്കൂവെന്ന് പറഞ്ഞ അദ്ദേഹം പ്രശ്‌നപരിഹാര സാധ്യത തെളിഞ്ഞതിനു ശേഷം മന്ത്രി വിവേക രഹിതമായി പ്രസ്താവന ഇറക്കിയെന്നും വിമര്‍ശിച്ചു. ക്രൈസ്തവ സ്ഥാപനങ്ങളില്‍ ബോധപൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ നോക്കിയിരിക്കില്ലെന്നും ആരുടെയും ഭീഷണിക്ക് വഴങ്ങില്ലെന്നും കത്തോലിക്ക കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.

Tags:    

Similar News