അന്നേ സരിന്‍ പറഞ്ഞു, ഈ വൃത്തികെട്ടവനെ പാലക്കാട്ടുകാരുടെ തലയില്‍ കെട്ടിവെക്കരുതെന്ന്; രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കരുത് എന്ന് സരിന്‍ പറഞ്ഞത് അദ്ദേഹത്തിന് സ്ഥാനാര്‍ത്ഥിയാകാന്‍ വേണ്ടിയായിരുന്നില്ല; പാലക്കാട് എംഎല്‍എയുടെ വന്‍ വീഴ്ച്ചയില്‍ ഡോ. സൗമ്യ സരിന്റെ പ്രതികരണം ഇങ്ങനെ

ഡോ. സൗമ്യ സരിന്റെ പ്രതികരണം ഇങ്ങനെ

Update: 2025-12-04 10:51 GMT

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വന്‍ വീഴ്ച്ചയില്‍ പ്രതികരണവുമായി ഡോ. സൗമ്യ സരിന്‍. ബലാത്സംഗ കേസില്‍ ജാമ്യാപേക്ഷ തള്ളുകയും കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കുകയും ചെയ്തതിലാണ് സൗമ്യ പ്രതികരണവുമായി രംഗത്തുവന്നത്.

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍ എന്നതാണ് ഇപ്പോള്‍ രാഹുലിന് സംഭവിച്ചിരിക്കുന്നത് എന്ന് സൗമ്യ പറയുന്നു. തന്റെ പങ്കാളി കോണ്‍ഗ്രസ് വിടാനുണ്ടായ കാരണമടക്കം വിശദീകരിച്ചാണ് സൗമ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഉപതിരഞ്ഞെടുപ്പിന്റെ സമയത്ത് രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കരുത് എന്ന് സരിന്‍ പറഞ്ഞത് അദ്ദേഹത്തിന് സ്ഥാനാര്‍ത്ഥിയാകാന്‍ വേണ്ടിയായിരുന്നില്ല എന്നും മറിച്ചു ഈ വൃത്തികെട്ടവനെ ഒരു കാരണവശാലും പാലക്കാടുകാരുടെ തലയില്‍ കെട്ടി വെക്കരുത് എന്നതായിരുന്നു സരിന്‍ മുന്നോട്ട് വെച്ച ഒരേ ഒരാവശ്യം എന്നും സൗമ്യ പറയുന്നു.

കൂടുതല്‍ കണ്ടെത്തുക ആത്മീയ പഠന കോഴ്‌സുകള്‍ വിമാന ടിക്കറ്റുകള്‍ ടെക് ടിപ്പുകള്‍ എന്നാല്‍ അതിന് പകരമായി സരിന് ലഭിച്ച മറുപടി നിരാശാജനകമായിരുന്നു എന്നും അതിനാലാണ് സരിന് കോണ്‍ഗ്രസ് വിടുന്നത് പോലെ കടുത്ത നടപടികളിലേക്ക് കടക്കേണ്ടി വന്നത് എന്നും സൗമ്യ പറഞ്ഞു.

സൗമ്യയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

കാലത്തിന് ഒരു കാവ്യനീതി ഉണ്ട്..

അത് നടക്കുക തന്നെ ചെയ്യും!

ഇന്നല്ലെങ്കില്‍ നാളെ...

എത്ര മൂടിയാലും സത്യം പുറത്തു വരിക തന്നെ ചെയ്യും!

ഇന്നല്ലെങ്കില്‍ നാളെ...

ഇവിടെ അത് വളരെ വേഗത്തില്‍ ആയിപ്പോയി എന്നത് അതിന്റെ നൈതികഭംഗി കൂട്ടുന്നതേ ഉള്ളു...

ഇനിയും ഒരു നൂറു തിരഞ്ഞെടുപ്പുകള്‍ തോറ്റാലും, ആരൊക്കെ എന്തൊക്കെ പറഞ്ഞു അധിക്ഷേപിച്ചാലും ഈ ചിരി ഇവിടെ തന്നെ കാണും!

കാരണം ഇത് ഒന്നും ഒളിക്കാനും മറക്കാനും ഇല്ലാത്തവന്റെ ചിരിയാണ്...

അമ്മയാര് പെങ്ങളാര് എന്ന് വ്യക്തമായി തിരിച്ചറിയുന്നവന്റെ ചിരിയാണ്...

അത്രയും മതിയെന്നേ!

എനിക്ക് ഇയാളെ അഭിമാനത്തോടെ എന്റെ ജീവിത പങ്കാളി എന്ന് വിളിക്കാനും എന്റെ മോള്‍ക്ക് അഭിമാനത്തോടെ തന്റെ അച്ഛന്‍ എന്ന് വിളിക്കാനും അത്രയും മതിയെന്നേ!

പാലക്കാട് എലെക്ഷന്‍ റിസള്‍ട്ട് വന്ന മുതല്‍ ആ sexual pervert ന്റെ വീരചരിതം പറഞ്ഞു ഞങ്ങളെ പച്ചക്കു തെറി വിളിച്ചിരുന്നവരോടാണ്. നിങ്ങള്‍ പറഞ്ഞ ഭാഷയില്‍ മറുപടി പറയാന്‍ അറിയാഞ്ഞിട്ടല്ല...

ക്ഷമയോടെ കാത്തിരുന്നതാണ്...

ഇങ്ങനെ ഒരു ദിവസം വരുമെന്ന് നല്ല ബോധ്യം ഉണ്ടായിരുന്നു. 'പല നാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍' എന്ന് കേട്ടിട്ടില്ലേ. അത് സംഭവിക്കാതെ എവിടെ പോകാന്‍!

എല്ലാവരും പറഞ്ഞു പരത്തിയ പോലെ 'എന്നേ സ്ഥാനാര്‍ഥി ആക്കണം' എന്നതായിരുന്നില്ല, മറിച്ചു ഈ വൃത്തികെട്ടവനെ ഒരു കാരണവശാലും പാലക്കാടുകാരുടെ തലയില്‍ കെട്ടി വെക്കരുത് എന്നതായിരുന്നു സരിന്‍ മുന്നോട്ട് വെച്ച ഒരേ ഒരാവശ്യം! പക്ഷെ അതിന് കിട്ടിയ മറുപടി എന്താണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അത്രയും പ്രതീക്ഷയറ്റാണ് കടുത്ത തീരുമാനങ്ങളിലേക്ക് പോകേണ്ടി വന്നത്. അത് തീര്‍ത്തും സരിന്റെ വ്യക്തിപരമായ തീരുമാനം ആയിരുന്നു. അതുകൊണ്ട് തന്നെ അതിലെ തെറ്റും ശരിയും ആപേക്ഷികവുമാണ്. എല്ലാവരുടെയും ശെരി ഒന്നാവില്ലല്ലോ...

ഇപ്പറഞ്ഞതെല്ലാം അറിയേണ്ടവര്‍ക്ക് വ്യക്തമായി അറിയാം!

ഇപ്പോഴല്ല, എന്നേ അറിയാം!

പിന്നെ ഇപ്പൊ ഇത്രയും 'രാഷ്ട്രീയം' പറഞ്ഞതിന് ഒരു കാരണമേ ഉള്ളു. ഈ പാര്‍ട്ടി നിലനില്‍ക്കേണ്ടത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആവശ്യം കൂടിയാണ്. ഇങ്ങനെ ഒരു ആഭാസന് വേണ്ടി കുനിയേണ്ടതല്ല ഇതില്‍ വിശ്വസിക്കുന്ന ആത്മാര്‍ത്ഥരായ അണികളുടെ തലകളെന്ന് ഇന്നും ഞാന്‍ വിശ്വസിക്കുന്നു. അത്ര മാത്രം!

ഒന്നിലും അഹങ്കരിക്കാതിരിക്കാനും ആരുടെ വീഴ്ചയിലും സന്തോഷിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

പക്ഷെ ഇന്ന്, ഈ പ്രത്യേക സാഹചര്യത്തില്‍, രണ്ടും ലേശം ആവുന്നതില്‍ തെറ്റില്ല എന്ന് ആദ്യമായി തോന്നുന്നു...

ഒരു ഇലക്ഷനില്‍ ജയിക്കുന്നതൊ തോല്‍ക്കുന്നതോ അല്ല അത്യന്തികമായ ജയവും തോല്‍വിയും.

ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ നമ്മള്‍ ജയിച്ചു കൊണ്ട് തോല്‍ക്കും.

അല്ലെങ്കില്‍ തോറ്റു കൊണ്ട് ജയിക്കും!

ഞങ്ങള്‍ ഇന്ന് ഇവിടെ തോറ്റു കൊണ്ട് ജയിച്ചവര്‍ ആണ്...!

ആ ജയത്തിന് ഇരട്ടി മധുരവുമാണ്!

Tags:    

Similar News