'രോഗം ഉണ്ടാക്കുന്ന അണുക്കള്‍ക്ക് രാജ്യാതിര്‍ത്തികളോ പൗരത്വമോ പ്രശ്‌നമല്ല; ഫണ്ടിംഗ് വെട്ടിക്കുറച്ചാല്‍, അമേരിക്ക രോഗങ്ങള്‍ ഇറക്കുമതി ചെയ്യും; ഒറ്റനോട്ടത്തില്‍ യുഎസിന് സാമ്പത്തിക ലാഭം; നേരിടേണ്ടി വരിക കനത്ത നഷ്ടം'; ട്രംപിന്റെ തീരുമാനം ആഗോള പൊതുജനാരോഗ്യത്തെ തകര്‍ക്കുമെന്ന് ഡോ. എസ് എസ് ലാല്‍

ട്രംപിന്റെ തീരുമാനം ആഗോള പൊതുജനാരോഗ്യത്തെ തകര്‍ക്കുമെന്ന് ഡോ. എസ് എസ് ലാല്‍

Update: 2025-01-22 09:02 GMT

ലോകാരോഗ്യ സംഘടനയില്‍(ഡബ്ല്യുഎച്ച്ഒ) നിന്ന് പിന്മാറുന്നതിനുള്ള നിര്‍ണായക ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിങ്കളാഴ്ച ഒപ്പുവെച്ചിരുന്നു. WHO വഴി അന്താരാഷ്ട്രതലത്തില്‍ സഹായം എത്തിക്കുന്നതിനും രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ഏറ്റവും കൂടുതല്‍ ധനസഹായം നല്‍കി വരുന്ന രാജ്യമാണ് അമേരിക്ക. ട്രംപിന്റെ ഏറ്റവും പുതിയ നടപടിയിലൂടെ ലോകാരോഗ്യ സംഘടനയ്ക്കുള്ള ഈ ധനസഹായം ഇല്ലാതാകും.

അതേ സമയം ലോകാരോഗ്യ സംഘടനയില്‍ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം ആഗോള പൊതുജനാരോഗ്യ രംഗത്ത് വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തനായ പൊതുജനാരോഗ്യ വിദഗ്ധന്‍ ഡോ.എസ്.എസ്.ലാല്‍ പറയുന്നു. അമേരിക്കയിലും ദൂരവ്യാപകമായ ദോഷഫലങ്ങള്‍ ഉണ്ടാകാന്‍ ഈ തീരുമാനം കാരണമാകും. ദുരുപദിഷ്ടവും ചിന്താശൂന്യവുമായ തീരുമാനമാണ് ട്രംപിന്റെതെന്നും ഡോ. എസ് എസ് ലാല്‍ പറയുന്നു.

ലോകാരോഗ്യ സംഘടയ്ക്ക് എവിടെ നിന്നാണ് ഫണ്ട് കിട്ടുന്നത്?

ലോകാരോഗ്യ സംഘടനയുടെ ശരാശരി വാര്‍ഷിക ബജറ്റ് മൂന്ന് ബില്യണ്‍ ഡോളറാണ്. ഏതാണ്ട് ഇരുപത്താറായിരം കോടി രൂപ. ഇതിന്റെ 15 മുതല്‍ 20 വരെ ശതമാനം അമേരിക്കയില്‍ നിന്നാണ് വരുന്നത്. രാജ്യങ്ങളുടെ ജനസംഖ്യ, സാമ്പത്തികശേഷി തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള കണക്കനുസരിച്ചുള്ള സംഭാവന ലോകാരോഗ്യ സംഘടനയ്ക്ക് കിട്ടുന്നു. ഐക്യരാഷ്ടസഭയയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ഓരോ രാജ്യത്തിന്റെയും ശതമാനം നിശ്ചയിക്കുന്നത്. ലോകാരോഗ്യസംഘടനയുടെ ബജറ്റിന്റെ 20% ഇങ്ങനെയാണ് ലഭിക്കുന്നത്. ഇതില്‍ 22 % അമേരിക്കയില്‍ നിന്നാണ് വരുന്നത്. ലോകാരോഗ്യ സംഘടനയുടെ ബജറ്റിന്റെ ബാക്കി 80% വരുന്നത് വിവിധ രാജ്യങ്ങളും സ്വകാര്യ പ്രസ്ഥാനങ്ങളും ഫൗണ്ടേഷനുകളും ചില യു.എന്‍ ഏജന്‍സികളും അന്തര്‍ദ്ദേശീയ പ്രസ്ഥാനങ്ങളും ഒക്കെ സ്വമേധയാ നല്‍കുന്ന സംഭാനകള്‍ വഴിയാണ്. ഇതിന്റെ മൂന്നിലൊന്നെങ്കിലും വരുന്നത് അമേരിക്കയില്‍ നിന്നാണ്.

ലോകാരോഗ്യസംഘടനയില്‍ നിന്ന് അമേരിക്ക പിന്മാറുമ്പോഴുണ്ടാകുന്ന ആഘാതത്തെ സൂചിപ്പിക്കുന്നതാണ് മേല്‍പ്പറഞ്ഞ കണക്കുകള്‍.

ലോകാരോഗ്യ സംഘടന മൂലം ലോകം എന്ത് നേടുന്നു?

1945 -ല്‍ സ്ഥാപിതമായ ഐക്യരാഷ്ട്രസഭയുടെ കീഴില്‍ ഒരു പ്രത്യേക ഏജന്‍സിയായി 1948 ഏപ്രില്‍ 7 ന് ആണ് ലോകാരോഗ്യ സംഘടന ഉടലെടുക്കുന്നത്. തുടക്ക വര്‍ഷങ്ങളില്‍ തന്നെ സാംക്രമിക രോഗങ്ങളുടെ നിയന്ത്രണത്തിലും പ്രതിരോധമരുന്നുകളുടെ വ്യാപനത്തിലും ശുചിത്വമാര്‍ഗങ്ങളിലൂടെ രോഗപ്രതിരോധം നടത്തുന്നതിലും വലിയ സംഭാവനകള്‍ ചെയ്യാന്‍ ലോകാരോഗ്യസംഘടനയ്ക്ക് കഴിഞ്ഞു.

പ്രതിരോധ കുത്തിവയ്പിലൂടെ ലോകത്ത് നിന്ന് ആദ്യമായി ഉന്മൂലനം ചെയ്യപ്പെട്ട രോഗമാണ് വസൂരി. ദശലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിയിരുന്ന വസൂരി രോഗത്തെ 1980-ല്‍ ലോകത്ത് നിന്ന് ഉന്മൂലനം ചെയ്യുന്നതിന് ലോകാരോഗ്യ സംഘടന നല്‍കിയ നേതൃത്വം ചരിത്രത്തിന്റെ ഭാഗമാണ്.

ഈ നൂറ്റാണ്ടില്‍ ലോകം കണ്ട രോഗബാധകളായ സാര്‍സ് (2003), എച്ച്1എന്‍1 ഇന്‍ഫ്‌ലുവന്‍സ (2009), എബോള ( 201416), കൊവിഡ് - 19 ( 2020) എന്നീ രോഗങ്ങളുടെ കാര്യത്തില്‍ ലോക രാജ്യങ്ങളെ ഏകോപിപ്പിച്ച് രോഗനിരീക്ഷണം, ചികിത്സ, ഗവേഷണം, വാക്‌സിന്‍ വിതരണം തുടങ്ങിയവ പരമാവധി മെച്ചപ്പെടുത്തുന്നതില്‍ ലോകാരോഗ്യ സംഘടനയുടെ സംഭാവനയും വിലമതിക്കാനാകാത്തതാണ്.

ആയിരക്കണക്കിന് വര്‍ഷങ്ങളുടെ ചരിത്രമുള്ള മാരകമായ മലമ്പനിയെയും, അപകടകാരിയായ ക്ഷയരോഗത്തെയും, 1980 - കളില്‍ ഭീതിതമായരീതിയില്‍ മരണം വിതച്ച എച്.ഐ.വി/എയ്ഡ്‌സ് രോഗത്തെയും ആഗോള തലത്തില്‍ ഫലപ്രദമായി നേരിടുന്നതിന്റെ പ്രധാന നേതൃത്വവും ലോകാരോഗ്യ സംഘടനയ്ക്ക് അവകാശപ്പെട്ടതാണ്.

ലോകാരോഗ്യ സംഘടന ഏകോപിപ്പിക്കുന്ന സൂക്ഷ്മവും നിശിതവുമായ ഗവേഷണങ്ങളിലൂടെയും വിദഗ്ദ്ധ കൂട്ടായ്മകളുടെ ഉപദേശങ്ങളിലൂടെയുമാണ് ആരോഗ്യരംഗത്തെ വിവിധ മാര്‍ഗരേഖകള്‍ സൃഷ്ടിക്കപ്പെടുന്നത്. ഇവയുടെ സഹായത്തോടയാണ് വ്യത്യസ്ത രാജ്യങ്ങളിലെ ആരോഗ്യ പ്രശ്‌നങ്ങളെ സമാനവും ശാസ്ത്രീയവുമായ രീതികളില്‍ നേരിടുന്നത്.

ആരോഗ്യരംഗത്തെ സമത്വം, സാര്‍വത്രിക ആരോഗ്യ പരിരക്ഷ തുടങ്ങിയ ആശയങ്ങളുടെ സഫലീകരണം വഴി, സാമ്പത്തികത്തകര്‍ച്ചയ്ക്ക് വിധേയരാകാതെ, എല്ലാവര്‍ക്കും ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് രാജ്യങ്ങളെ സജ്ജമാക്കുന്ന വലിയ പരിപാടികള്‍ക്കും ലോകാരോഗ്യസംഘടന നേതൃത്വം നല്‍കുന്നു.

ദരിദ്രര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കുമുള്‍പ്പെടെ എല്ലാവര്‍ക്കും അവനവന് താങ്ങാവുന്ന രീതിയില്‍ ആരോഗ്യസംരക്ഷണം ലഭിക്കാന്‍ ഈ ശ്രമങ്ങള്‍ തുടരേണ്ടത് അനിവാര്യമാണ്. ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനമായ ജനീവയിലും ആറ് റീജിയണല്‍ ഓഫീസുകളിലും നൂറ്റമ്പതിലധികം രാജ്യങ്ങളിലെ ഓഫീസുകളിലും (പ്രവര്‍ത്തനം 194 രാജ്യങ്ങളില്‍) ജോലി ചെയ്യുന്ന ആരോഗ്യ വിദഗ്ദ്ധരുടെ ഏകോപിതമായ പരിശ്രമമാണ് പഴയതും പുതിയതുമായ രോഗങ്ങളെ അതിവേഗത്തിലും ഫലപ്രദമായും നേരിടാന്‍ ലോകത്തെയും രാജ്യങ്ങളെയും പ്രാപ്തമാക്കുന്നത്.

അമേരിക്ക പിന്മാറുമ്പോള്‍ എന്ത് അപകടങ്ങള്‍ സംഭവിക്കും?

അമേരിക്ക പിന്മാറുമ്പോള്‍ ലോകാരോഗ്യസംഘടനയ്ക്ക് സാമ്പത്തികമായി ഉണ്ടാകുന്ന വലിയ ആഘാതം ലോകത്തെ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളെ ഇത് കൂടുതലായി ബാധിക്കും.

അമേരിക്ക നല്‍കുന്ന ഫണ്ടിന്റെ നല്ലൊരു ഭാഗവും പോളിയോ നിര്‍മ്മാര്‍ജനത്തിനും മഹാമാരികള്‍ക്കെതിരെയുള്ള തയ്യാറെടുപ്പിനും എച്.ഐ.വി/എയ്ഡ്, ക്ഷയം തുടങ്ങിയ രോഗങ്ങള്‍ക്കെതിരെയുളള പ്രവര്‍ത്തനത്തനങ്ങള്‍ക്കുമാണ് ഉപയോഗിക്കുന്നത്. വര്‍ഷങ്ങള്‍ കൊണ്ട് കെട്ടിപ്പടുത്ത ഈ പദ്ധതികള്‍ മുടങ്ങിയാല്‍ മാരകരോഗങ്ങള്‍ പൊട്ടിപ്പുറപ്പെടാനും അവ കൂടുതല്‍ വേഗത്തില്‍ പടരാനും തുടങ്ങും.

ശാസ്ത്രസാങ്കേതിക രംഗത്ത് ഏറ്റവും മുന്നില്‍ നില്‍ക്കുന്ന അമേരിക്ക ആഗോള ആരോഗ്യ രംഗത്ത് നല്‍കുന്ന നേതൃത്വം വിലപ്പെട്ടതാണ്. പെട്ടെന്ന് അതില്ലാതാകുന്നത് ഒരുപാട് രാജ്യങ്ങളിലെ ആരോഗ്യ പ്രവര്‍ത്തനത്തിന്റെ വ്യാപ്തിയെയും നിലവാരത്തെയും ബാധിക്കും. പൊതുജനാരോഗ്യരംഗത്ത് രാജ്യങ്ങളെ ഏകോപിപ്പിക്കുന്ന കാര്യത്തിലും വിഘാതങ്ങള്‍ ഉണ്ടാകും. രാജ്യങ്ങളിലെ രോഗസംബന്ധമായ വിവരശേഖരണത്തെയും വിശകലനത്തെയും തുടര്‍ന്നുള്ള കരുതല്‍ നടപടികളെയും ഇതൊക്കെ ബാധിക്കും. ഇതൊക്കെ കൂടാതെ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളിലെ സമവാക്യങ്ങള്‍ മാറും. ചൈന പോലുള്ള രാജ്യങ്ങള്‍ ആധിപത്യം ഉണ്ടാക്കാന്‍ ശ്രമിക്കും. ഇത് ആഗോള ബന്ധങ്ങളില്‍ നിലവിലുള്ള സന്തുലിതാവസ്ഥയെ പ്രതികൂലമായി ബാധിക്കും.

ലോകാരോഗ്യസംഘടനയുടെ ബജറ്റിന്റെ മൂന്നിലൊന്ന് ഭാഗത്തോളം ജീവനക്കാരുടെ ശമ്പളത്തിനും അലവന്‍സുകള്‍ക്കുമാണ് ചെലവഴിക്കുന്നത്. അമേരിക്കയുടെ ഫണ്ടിംഗ് മുടങ്ങുമ്പോള്‍ ജീവനക്കാരുടെ ഇരുപത് ശതമാനമെങ്കിലും കുറയും. ട്രമ്പ് ഭരണത്തില്‍ എത്തുമെന്ന സംശയം ഉണ്ടായിരുന്നതിനാല്‍ പല ഓഫീസുകളിലും പുതിയ നിയമനങ്ങള്‍ വല്ലാതെ കുറഞ്ഞിരുന്നു. ആയിരക്കണക്കിന് സ്റ്റാഫിന് കോണ്‍ട്രാക്ട് നീട്ടിക്കൊടുക്കാത്ത അവസ്ഥയും കുറേ നാളായി ഉണ്ടായിരുന്നു. സ്ഥിരം ജോലിക്കാരും കോണ്‍ട്രാക്ട് ജീവനക്കാരുമായി രണ്ടായിരം പേരെങ്കിലും ഇന്ത്യയില്‍ത്തന്നെ പ്രവര്‍ത്തിക്കുന്നത്.

ലോകാരോഗ്യ സംഘടനയെ കൂടാത ഗ്ലോബല്‍ ഫണ്ട് പോലുള്ള ആഗോള പ്രസ്ഥാനങ്ങള്‍ക്ക് അമേരിക്കന്‍ സര്‍ക്കാരും മറ്റ് അമേരിക്കന്‍ പ്രസ്ഥാനങ്ങളോ വലിയ ധനസഹായം നല്‍കുന്നുണ്ട്. ലോകാരോഗ്യസംഘടനയില്‍ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം മറ്റ് ധനസഹായ പ്രസ്ഥാനങ്ങളിലേയ്ക്ക് കുടി വ്യാപിക്കാന്‍ ഇടയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ആരോഗ്യരംഗത്ത് വലിയ നാശങ്ങള്‍ക്ക് അത് കാരണമാകും.

പിന്മാറ്റം ഏതൊക്കെ രാജ്യങ്ങളെ ബാധിക്കും?

അമേരിക്കയുടെ പിന്മാറ്റം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങളുടെ ആധിക്യം കാരണം ലോകാരോഗ്യസംഘടനയുടെ വലിയ പിന്തുണ ലഭിക്കുന്ന രാജ്യങ്ങളെയായിരിക്കും. ജനസംഖ്യയും രോഗങ്ങളും കൂടുതലായതിനാല്‍ ഏഷ്യന്‍ രാജ്യങ്ങളെ കാര്യമായി ബാധിക്കും. സാമ്പത്തികമായ പിന്നോക്കാവസ്ഥയും ദാരിദ്ര്യവും ആരോഗ്യ സംവിധാനങ്ങളുടെ പരാധീനതകളും കൂടുതലുള്ള ആഫ്രിക്കന്‍ രാജ്യങ്ങളിലും വലിയ പ്രശ്‌നങ്ങളുണ്ടാകും. ലോകാരോഗ്യ സംഘടനയുടെ വലിയ സാന്നിദ്ധ്യമുള്ള ഇന്ത്യയിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാകും.

പിന്മാറ്റം അമേരിക്കയെ ബാധിക്കുമോ?

ലോകാരോഗ്യസംഘടനയ്ക്കുള്ള സാമ്പത്തിക സഹായം പിന്‍വലിക്കുമ്പോള്‍ അമേരിക്കയ്ക്ക് അതുവഴി സാമ്പത്തിക ലാഭം ഉണ്ടാകുമെന്നായിരിക്കണം പുതിയ അമേരിക്കന്‍ ഭരണകൂടം വിശ്വസിക്കുന്നത്. ഒറ്റനോട്ടത്തില്‍ അത് ശരിയാണെന്ന് ജനങ്ങള്‍ക്കും തോന്നാം. പക്ഷേ, ഈ തീരുമാനം വഴി അമേരിക്കയ്ക്കും വലിയ നഷ്ടങ്ങളുണ്ടാകുമെന്ന് ഉറപ്പാണ്.

എല്ലാ രാജ്യങ്ങളിലും പുതിയതും പഴയതുമായ സാംക്രമിക രോഗങ്ങള്‍ ഉണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളില്‍ ഇവ കൂടുതലും അമേരിക്കയില്‍ ഇവ കുറവുമാണ്. ഉദാഹരണത്തിന് ഇന്ത്യയില്‍ ഒരു വര്‍ഷം 25 ലക്ഷത്തിലധികം പേര്‍ക്ക് ക്ഷയരോഗം വരുമ്പോള്‍ അമേരിക്കയില്‍ ഇത് പതിനായിരത്തിന് താഴെയാണ്. ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേയ്ക്കുള്ള കുടിയേറ്റം കൂടുതലാണ്. ജോലിക്കായും വിനോദസഞ്ചാരത്തിനായുമൊക്കെ അമേരിക്കയിലേയ്ക്കും അവിടെ നിന്ന് മറ്റ് രാജ്യങ്ങളിലേയ്ക്കുമുള്ള യാത്രകള്‍ ഇനിയും കൂടുകയേ ഉള്ളൂ.

രോഗം ഉണ്ടാക്കുന്ന അണുക്കള്‍ക്ക് രാജ്യാതിര്‍ത്തികളോ പൗരത്വമോ പ്രശ്‌നമല്ല. ഉദാഹരണത്തിന് ക്ഷയരോഗത്തിന്റെ കാര്യമെടുക്കാം. അമേരിക്കയിലെ ക്ഷയരോഗത്തിന്റെ നല്ലൊരു പങ്കും കുടിയേറ്റക്കാരിലാണ് ഉണ്ടാകുന്നത്. ക്ഷയരോഗാണുക്കള്‍ ശരീരത്തിന്റെ ഉള്ളില്‍ കടന്നിട്ടുള്ള വിദേശികള്‍ അമേരിക്കയില്‍ വന്ന് താമസിക്കുപ്പോഴാകാം വ്യത്യസ്ത ആരോഗ്യ അവസ്ഥകളാല്‍ അവര്‍ ക്ഷരരോഗികളായി മാറുന്നത്. അവര്‍ അമേരിക്കക്കാര്‍ക്കും രോഗം പകര്‍ത്തും. ചുരുക്കിപ്പറഞ്ഞാല്‍ അന്യനാടുകളില്‍ ക്ഷയരോഗം പോലുള്ള അസുഖങ്ങള്‍ കൂടിയാല്‍ അവ അമേരിക്കയിലും കൂടും.

അമേരിക്കയിലുള്ള സി.ഡി.സി പോലുള്ള അന്തര്‍ദേശീയ സ്ഥാപനങ്ങള്‍ ലോകാരോഗ്യ സംഘടനയ്ക്കും ലോകരാജ്യങ്ങള്‍ക്കും ഒരുപാട് പിന്തുണ നല്‍കുന്നുണ്ട്. വ്യത്യസ്ത മേഖലകളില്‍ ഇങ്ങനെ രാജ്യങ്ങള്‍ക്ക് നല്‍കുന്ന പിന്തുണ വഴി രോഗങ്ങളെപ്പറ്റിയുള്ള വിവരശേഖരണവും റിപ്പോര്‍ട്ടിംഗും തുടര്‍ നടപടികളുമൊക്കെ മെച്ചപ്പെട്ട നിലവാരത്തിലാകുന്നു. അതുവഴി ലോകത്തിനും അമേരിക്കയ്ക്കും ഗുണമുണ്ടാകുന്നു.

അമേരിക്കന്‍ ആരോഗ്യവിദഗ്ദ്ധര്‍ ലോകാരോഗ്യ സംഘടനയുടെ ഉദ്യോഗസ്ഥരായി ലോകത്തെ ഒരുപാട് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ വൈദഗദ്ധ്യം കൂടുന്നതും ഇത്തരം രാജ്യങ്ങളിലെ ആരോഗ്യ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ കഴിയുമ്പോഴാണ്. കൂടാതെ, ഈ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയ്ക്ക് ലോക രാജ്യങ്ങളില്‍ ഉണ്ടാകുന്ന സ്വാധീനം വലുതാണ്. ലോകാരോഗ്യ സംഘടനയില്‍ നിന്നും പിന്മാറുമ്പോള്‍ ഈ രംഗത്തും അമേരിക്കയ്ക്ക് നഷ്ടമുണ്ടാകും.

എന്താണ് പ്രതിവിധി?

ആഗോള തലത്തില്‍ പൊതുജനാരോഗ്യം പൂര്‍ണമായും വഷളാകുന്നതിന് മുമ്പ് ലോകാരോഗ്യ സംഘടയില്‍ നിന്ന് പിന്മാറാന്‍ അമേരിക്കന്‍ പ്രസിഡന്റ് എടുത്ത തീരുമാനം റദ്ദാക്കണം. അതിന്, അമേരിക്കന്‍ പ്രസിഡന്റിന് മുകളില്‍ അവിടത്തെ ജനതയുടെയും ആഗോള തലത്തില്‍ മറ്റ് രാജ്യങ്ങളുടെയും അന്തര്‍ദ്ദേശീയ പ്രസ്താനങ്ങളുടെയും അടിയന്തിരവും ശക്തവുമായ സമ്മര്‍ദ്ദമുണ്ടാകണം.

അന്തര്‍ദേശീയ തലത്തില്‍ പൊതുജനാരോഗ്യരംഗത്ത് രാജ്യങ്ങള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്ന പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവരണം. ട്രമ്പിനെ പിന്തിരിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, ഈ പ്രസ്ഥാനങ്ങള്‍ പ്രത്യേകിച്ച് ദരിദ്രരാഷ്ടങ്ങളെ കൈയയച്ച് സഹായിക്കണം. ഇരുപത്തഞ്ച് വര്‍ഷം തികയുന്ന ഗേറ്റ്‌സ് ഫൗണ്ടേഷന്‍ 2025 വര്‍ഷത്തെ ബജറ്റായി പ്രഖ്യാപിച്ചിരിക്കുന്നത് 8.74 ബില്യണ്‍ ഡോളറാണ്. അമേരിക്കയുടെ പിന്മാറ്റ തീരുമാനം മാറ്റമില്ലാതെ തുടര്‍ന്നാല്‍ ആ വിടവ് പരിഹരിക്കുന്നതിനായി കൂടുതല്‍ ഫണ്ട് വാഗ്ദാനവുമായി ഗേറ്റ്‌സ് ഫൗണ്ടേഷന് മുന്നോട്ടുവരാന്‍ കഴിയും. അവര്‍ക്കൊപ്പം അണിചേരാന്‍ മറ്റ് ഫണ്ട് ദാതാക്കളും തയ്യാറാകേണ്ടിവരും.

ഈ പ്രതിസന്ധി പരിഹരിക്കുന്നതില്‍ ഇന്ത്യയ്ക്കും വലിയ ഉത്തരവാദിത്വമുണ്ട്. ഇന്ത്യ മുന്നോട്ടുവന്ന് പ്രശ്‌നപരിഹാരത്തിന് ആഗോള തലത്തില്‍ നേതൃത്വം കൊടുക്കണം. ഈ വിഷയത്തില്‍ ഇന്ത്യക്കൊപ്പം നില്‍ക്കാന്‍ കഴിയുന്ന രാജ്യങ്ങളെയും കൂടെക്കൂട്ടണം.

Tags:    

Similar News