'അമ്മയുടെ..കൂടെ ഞാനും പോവാ..'; പെറ്റമ്മ മരിച്ചത് മുതൽ താങ്ങാൻ കഴിയാത്ത വിഷമം; പിന്നാലെ ഹൃദയഭേദകമായ ഒരു കുറിപ്പ് പങ്കുവെച്ച് ട്രെയിനിന് മുന്നിലേക്ക് എടുത്തുചാടി മകന്റെ കടുംകൈ; തിക്കോടിയിലെ വേദനയായി ആ രണ്ടു ജീവനുകൾ

Update: 2025-11-23 17:16 GMT

കോഴിക്കോട്: പയ്യോളിയിൽ അമ്മയുടെ മരണത്തെ തുടർന്നുണ്ടായ കടുത്ത ദുഃഖം താങ്ങാനാവാതെ മകൻ ജീവനൊടുക്കി. അമ്മയുടെ മൃതദേഹം സംസ്കരിച്ച് ഏഴാമത്തെ ദിവസമാണ് മകൻ സോഷ്യൽ മീഡിയയിൽ കുറിപ്പിട്ട ശേഷം ആത്മഹത്യ ചെയ്തത്. തിക്കോടി പെരുമാൾപുരം കളത്തിൽ വീട്ടിൽ സുരേഷാണ് (55) ഈ കടുംകൈ ചെയ്തത്.

സംഭവത്തിന് ഒരു മണിക്കൂർ മുമ്പ്, സുരേഷ് തന്റെ ഫേസ്ബുക്ക് പേജിൽ ഹൃദയഭേദകമായ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. "അമ്മയുടെ കൂടെ ഞാനും പോവാ" എന്ന ഒറ്റവരി കുറിപ്പിട്ടാണ് സുരേഷ് ജീവിതം അവസാനിപ്പിക്കാനുള്ള തന്റെ തീരുമാനം ലോകത്തെ അറിയിച്ചത്. ഈ പോസ്റ്റ് കണ്ട് സുരേഷിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിന് മുമ്പ് തന്നെ ദുരന്തം സംഭവിച്ചു.

ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സുരേഷ് ട്രെയിനിന് മുന്നിലേക്ക് എടുത്തുചാടി ജീവനൊടുക്കിയത്. ഹരീഷ് സ്മാരക റോഡിന് സമീപം വെച്ച് കോഴിക്കോട് ഭാഗത്തേക്ക് പോയ ട്രെയിനിന് മുന്നിലേക്ക് സുരേഷ് ചാടുകയായിരുന്നു.

സുരേഷിന്റെ അമ്മ നാരായണി (78) ആറ് ദിവസം മുമ്പാണ് വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മരിച്ചത്. അമ്മയോട് അഗാധമായ സ്നേഹബന്ധം പുലർത്തിയിരുന്ന സുരേഷിന്, അമ്മയുടെ വേർപാട് കടുത്ത ആഘാതമാണ് ഉണ്ടാക്കിയത്. ഈ ദുഃഖം താങ്ങാനാവാതെയാണ് അദ്ദേഹം അമ്മയുടെ പിന്നാലെ യാത്രയായതെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും കരുതുന്നത്.

തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് സമീപം താമസിച്ചിരുന്ന സുരേഷിന്റെ വിയോഗം നാടിനെ ദുഃഖത്തിലാഴ്ത്തി. അമ്മയും മകനും ഏതാനും ദിവസങ്ങളുടെ വ്യത്യാസത്തിൽ യാത്രയായത് നാട്ടുകാർക്ക് വിശ്വസിക്കാനായിട്ടില്ല. സുരേഷിന്റെ അപ്രതീക്ഷിത വിയോഗത്തിൽ നാടും വീടും കണ്ണീരിലാണ്.

Tags:    

Similar News