കോളജ് റാഗിങ്ങ് വിവാഹത്തിലെത്തിയ അപൂര്‍വത; മകന്റെ മരണം മനംമാറ്റമായി; സര്‍ക്കാര്‍ ആശുപത്രിയിലെ ഹൃദയമാറ്റ ശസ്ത്രക്രിയ ചെലവ് കുറയ്ക്കലില്‍ വിപ്ലവമായി; ഉറങ്ങുന്നത് രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രം; ശിവഭക്തനും ശ്രീ എമ്മിന്റെ അനുയായിയും; കോട്ടയത്തെ വിവാദം ഈ ഡോക്ടറുടെ മാറ്റ് കുറയ്ക്കില്ല; ഡോ ടി.കെ ജയകുമാര്‍ കേരളത്തിന്റെ ഹൃദയം കവര്‍ന്ന വ്യക്തിത്വം
മുമ്പൊരിക്കല്‍ മറുനാടന്‍ നല്‍കിയ ഇന്‍ഡെപ്ത് വാര്‍ത്ത തുടങ്ങിയത് ഇങ്ങനെയാണ്... അതിന്റെ ആദ്യ മൂന്ന് പാരാഗ്രഫ് ഇങ്ങനെ. കോട്ടയം മെഡിക്കല്‍ കോളേജിലെ പുതിയ വിവാദ കാലത്തിലും ഈ ഇന്‍ട്രോയുടെ പ്രസക്തി മങ്ങുന്നില്ല.... മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയതിന് തുല്യമായ നേട്ടം! ലോകത്ത് ആദ്യമായി ഹൃദയ മാറ്റിവെക്കല്‍ ശസ്ത്രക്രിയ, 1967ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്നപ്പോള്‍, ശാസ്ത്രലോകം വിലയിരുത്തിയത് അങ്ങനെ ആയിരുന്നു. പ്രധാന ആശുപത്രികളില്‍ നിന്ന് വളരെ ദൂരെയുള്ള ഒന്നില്‍, ഒട്ടും അറിയപ്പെടാതിരുന്ന ഡോക്ടര്‍ ക്രിസ്റ്റ്യന്‍ ബര്‍ണാഡ് എന്ന സര്‍ജനാണ് ഈ ഓപ്പറേഷന്‍ നടത്തി ലോകത്തെ ഞെട്ടിച്ചത്. പിന്നീട് ദക്ഷിണാഫ്രിക്കയിലെ മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള സെലിബ്രിറ്റി ഡോക്ടറായി അദ്ദേഹം മാറി. അപ്പോഴും തന്റെ കടമയും സാമൂഹിക ഉത്തരവാദിത്വവും ആ മുനഷ്യസ്‌നേഹി മറന്നില്ല.
ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണവിവേചനത്തിനെതിരെ അദ്ദേഹം ആഞ്ഞടിച്ചു. വെള്ളക്കാരായ ഡോക്ടര്‍മാരുടെ സംഘം, കറുത്തവരുടെ ഹൃദയം പരീക്ഷണത്തിന് ഉപയോഗിക്കുന്നു എന്ന ആരോപണം ഭയന്ന്, രോഗിയുടെ ശസ്ത്രക്രിയ വൈകിപ്പിച്ചത് വരെ അദ്ദേഹം ലോകത്തോട് തുറന്നുപറഞ്ഞു. ലോകത്തിലെ ആദ്യത്തെ ഹൃദയംമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയ ഗ്രൂട്ട് ഷൂര്‍ ആശുപത്രിയില്‍ വെള്ളക്കാരും കറുത്തവരുമായ രോഗികളെ വേറെ ബ്ലോക്കുകളിലാക്കി ചികിത്സിക്കുന്നതിനേയും ഡോ ബര്‍നാഡ് എതിര്‍ത്തു. ഫലത്തില്‍ അദ്ദേഹം വര്‍ണ്ണ, വര്‍ഗ വ്യത്യാസമില്ലാത്ത ഒരു ലോകത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായി.
55 വര്‍ഷത്തിലേറെക്കഴിഞ്ഞ് ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ചരിത്രം തിരുത്തിയ ഡോക്ടര്‍ മാത്രം ആയിരുന്നില്ല ക്രിസ്റ്റിയന്‍ ബര്‍ഡാണ്. 'മാനവികതയുടെ ഹൃദയമായ മനുഷ്യന്‍' എന്നാണ് ബിബിസി അദ്ദേഹത്തെ ഒരു ലേഖനത്തില്‍ വിശേഷിപ്പിച്ചത്. അതുപോലെ മാനവികതയുടെ ഹൃദയമായി മാറിയ ഒരു ഹൃദയമാറ്റ ശസ്ത്രക്രിയാ വിദഗ്ധന്‍ ഇവിടെ കോട്ടയത്തുമുണ്ട്. മുറ്റത്തെ മുല്ലക്ക് മണമില്ല, എന്നതുപോലെ നാം അത് അറിയുന്നില്ല എന്നുമാത്രം. അതാണ്, സംസ്ഥാനത്ത് ആദ്യമായി ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ഹൃദയമാറ്റ ശസ്ത്രക്രിയ ചെയ്ത്് ചരിത്രം സൃഷ്ടിച്ച, കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ ടി.കെ ജയകുമാര്‍.-ഇങ്ങനെയാണ് ആ ഇന്‍ഡെപ്തിന്റെ ആദ്യ മൂന്ന് പാര അവസാനിക്കുന്നത്. ആ ജയകുമാറാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ ഇപ്പോഴത്തേയും സുപ്രണ്ട്. കേരളത്തിലെ ഏറ്റവും ജനകീയനായ ഡോക്ടര്‍. കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് ബിന്ദുവെന്ന വീട്ടമ്മ മരിച്ചു. അതൊരു സിസ്റ്റത്തിന്റെ തകരാറാണ്. അതിന്റെ പേരില്‍ ഈ ജനയകീയ ഡോക്ടറെ ക്രൂശിച്ചാല്‍ നഷ്ടം കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ നിഴലിക്കും. ഡോക്ടര്‍ ഹാരീസ് ചിറയ്ക്കലിനെ പോലെ പാവം രോഗികള്‍ക്കാായി മാറ്റി വച്ചതാണ് ഡോ ജയകുമാറിന്റേയും ജീവിതം.
സ്വകാര്യ ആശുപത്രിയില്‍ 30ലക്ഷം രൂപയിലേറെ രൂപ ചെലവുവരുന്ന ഹൃദയമാറ്റ ശസ്ത്രക്രിയ വെറും 3 ലക്ഷം രൂപക്ക് ചെയ്തുകൊണ്ട്, സാധാരണക്കാര്‍ക്ക് പ്രാപ്യമായ രീതയില്‍ ഈ മേഖലയെ അദ്ദേഹം മാറ്റിയെടുത്ത ഡോക്ടര്‍ ആണ് ജയകുമാര്‍. മെഡിക്കല്‍ പ്രൊഫഷന്‍ വെറുമൊരു ജോലിയല്ല ഈ ഭിഷഗ്വരന്. ഒരുതരം ഭ്രാന്തമായ അഭിനിവേശം തന്നെയാണ്. അതുകൊണ്ടുതന്നെ വെറും രണ്ടോ മൂന്നോ മണിക്കുര്‍ മാത്രമാണ് അദ്ദേഹം ഉറങ്ങുന്നത്. കോട്ടയം മെഡിക്കല്‍ കോളജിനെ ഇന്ത്യയിലെ നമ്പര്‍ വണ്‍ എന്ന് പറയാവുന്ന രീതിയില്‍ വളര്‍ത്തിയെടുത്തും ഇദ്ദേഹത്തിന്റെ നിരന്തര പരിശ്രമങ്ങള്‍ കൊണ്ടാണ്. നിര്‍ധനരായ രോഗികളുടെ അത്താണിയാണ് ഡോ. ജയകുമാര്‍. അദ്ദേഹത്തിന്റെ ശമ്പളത്തിന്റെ നല്ലൊരു ഭാഗവും, പാവങ്ങള്‍ക്ക് മരുന്നും ഭക്ഷണവും വാങ്ങിയും, വണ്ടിക്കൂലി കൊടുത്തുമാണ് തീരുന്നതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. അതുകൊണ്ടുതന്നെ രോഗികളെ സംബന്ധിച്ച് ജയകുമാര്‍ വെറുമൊരു ഡോക്ടര്‍ മാത്രമല്ല. തങ്ങളുടെ എല്ലാമാണ്. കോട്ടയത്തെ വിവാദങ്ങള്‍ക്കിടേയും ആ അപൂര്‍വ്വ ജനസേവന മനസ്സുള്ള ഡോക്ടറെ കടന്നാക്രമിക്കുന്നത് കേരളത്തിന്റെ ആരോഗ്യ രംഗത്തിന് ഗുണമരല്ല. ആരോഗ്യത്തിലെ 'കേരളാ മോഡലിലെ' ഈ നൂറ്റാണ്ടിലെ വലിയ മാതൃകയാണ് ഈ ഡോക്ടര്‍.
പ്രതിവര്‍ഷം നന്നാക്കുന്നത് രണ്ടായിരത്തോളം ഹൃദയങ്ങള്‍!
സ്വന്തം പങ്കാളിയുടെ മാത്രമല്ല, പതിനായിരങ്ങളുടെ 'ഹൃദയം കവര്‍ന്ന' ഡോക്ടറാണ് ജയകുമാര്‍. വര്‍ഷത്തില്‍ അദ്ദേഹം നന്നാക്കിയെടുക്കുന്നത് രണ്ടായിരത്തോളം ഹൃദയങ്ങളാണ്. മസ്തിഷ്‌കമരണം സംഭവിച്ച ആളില്‍നിന്ന് ജീവനുള്ള ഹൃദയം എടുത്തുമാറ്റി മറ്റൊരാളില്‍ നട്ടുപിടിപ്പിക്കുന്ന അസാധാരാണമായ കൈപ്പുണ്യം. മിടിക്കുന്ന ഏഴ് ഹൃദയങ്ങളാണ് ഈ കൈകള്‍ തുന്നിപ്പിടിപ്പിച്ചത്. അദ്ദേഹത്തിന്റെ ചികിത്സക്ക് വിധേയരായ പല രോഗികളും വികാരവായ്പ്പോടെയാണ് തങ്ങളുടെ അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയില്‍ പങ്കുവെക്കുന്നത്.
ദിവസം 45 മിനുട്ടുമാത്രമാണ് ഈ ഡോക്ടര്‍ വീട്ടില്‍ ചെലവിടുന്നത്. ആരോഗ്യത്തിന് ശരാശരി എട്ടു മണിക്കൂറെങ്കിലും ദിവസവും ഉറങ്ങണം എന്ന് രോഗികളോട് നിര്‍ദ്ദേശിക്കുന്ന ഡോക്ടര്‍ക്ക് ഉറക്കം രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രം. ബാക്കി സമയം മുഴുവന്‍ ശസ്ത്രക്രിയാ മുറിയിലോ രോഗികള്‍ക്ക് നടുവിലോ കാണാം. മേജര്‍ ശസ്ത്രക്രിയകള്‍ ചെയ്യുന്നു. പുലരാറാവുമ്പോഴും ചില ദിവസങ്ങളില്‍ ശസ്ത്രക്രിയാ മുറിയിലായിരിക്കും. അവസാനത്തെ ശസ്ത്രക്രിയയും പൂര്‍ത്തിയാക്കി നന്നേ ക്ഷീണിതനായി സൂപ്രണ്ടിന്റെ റൂമിലെ സെറ്റിയില്‍ കിടന്ന് ഒരു മയക്കം..!
പുലര്‍ച്ചെ നാലുമണിക്ക് എണീറ്റ് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് എന്ന നിലയിലുള്ള ഫയലുകള്‍ നോക്കി ജോലി ഒതുക്കി ആറരയോടെ വീട്ടിലേക്ക്. പ്രഭാതകൃത്യങ്ങള്‍ തീര്‍ത്ത് 20 മിനുട്ട് യോഗയും ചെയ്ത് പ്രാതല്‍. മിക്ക ദിവസവും ഈ ഒരുനേരത്തെ ഭക്ഷണം മാത്രമാണ് സ്വന്തം വീട്ടില്‍ കഴിക്കുന്നത്. പിന്നെ ആശുപത്രിയിലേക്ക് മടക്കം. അപ്പോഴേക്കും നിരവധി ഹൃദ്രോഗികള്‍ അദ്ദേഹത്തിന്റെ വരവു കാത്തുകിടക്കുന്നുണ്ടാവും. ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന രോഗികള്‍ പലരും മടക്കയാത്രയ്ക്ക് ബസ്സുകൂലിപോലും ഇല്ലാത്തവരാണെന്ന് മനസ്സിലായാല്‍ സ്വന്തം കാറില്‍ ഡ്രൈവറെ കൂട്ടി വീട്ടിലെത്തിക്കുന്നൊരാള്‍.
കൊറോണക്കാലത്ത് കോട്ടയം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റായ കോവിഡ് രോഗികള്‍ക്കായി മുഴുവന്‍ സമയം അദ്ദേഹം നീക്കിവെച്ചു. ഏറ്റവും മെച്ചപ്പെട്ട പരിചരണം ഉറപ്പാക്കി. അവസാനത്തെ രോഗിയെയും ജീവിതത്തിലേക്ക് യാത്രയാക്കിയിട്ട് മടങ്ങിയത് തന്നെ കാത്തിരിക്കുന്ന ഹൃദ് രോഗികള്‍ക്കരികിലേക്കാണ്.
മകന്റെ മരണം സൃഷ്ടിച്ച മനംമാറ്റം
മധ്യതിരുവിതാംകൂറിലെ ഒരു സാധാരണ കുടുംബത്തിലാണ് ഡോ. ജയകുമാറിന്റെ ജനനം. കിടങ്ങൂര്‍ എന്‍എസ്എസ് ഹൈസ്‌കൂളിലെ ഗണിതശാസ്ത്ര അദ്ധ്യാപകനായിരുന്ന പിതാവാണ് തന്റെ സ്വഭാവ രൂപീകരണത്തില്‍ വലിയ പങ്കുവഹിച്ചതെന്ന് അദ്ദേഹം പറയാറുണ്ട്. കോട്ടയം മെഡിക്കല്‍ കോളജില്‍ തന്നെ പഠിച്ച്, എം.ബി.ബി.എസും എം.ഡിയു കഴിഞ്ഞ് അവിടെ തന്നെ ഡോകടറായി സേവനം അനുഷ്ഠിക്കയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചത് ഒരു ദുരന്തമാണ്.
വര്‍ഷങ്ങള്‍ക്കിപ്പുറത്തും വേദനയോടെ ഡോ.ജയകുമാര്‍ ഓര്‍മിക്കുന്ന ദിനത്തില്‍ തന്നെയാണ് അദ്ദേഹം അച്ഛനായതും. കോട്ടയം മെഡിക്കല്‍ കോളേജിലാണ് അദ്ദേഹത്തിന്റെ ആദ്യത്തെ കുഞ്ഞ് പിറന്നത്, 20 വര്‍ഷം മുമ്പ്. മിടുക്കനായ ഒരു ആണ്‍കുഞ്ഞ്. കുഞ്ഞിനെ കണ്‍നിറയെ കാണുമ്പോഴേക്കും വിദഗ്ധ ഡോക്ടര്‍മാര്‍ കണ്ടെത്തി, കുഞ്ഞിന് ശ്വാസകോശസംബന്ധമായ ഗുരുതര രോഗമുണ്ടെന്ന്. ആകെ തളര്‍ന്നുപോയ നിമിഷം. കുഞ്ഞിനെ രക്ഷിക്കണമെങ്കില്‍ എത്രയും വേഗം എറണാകുളത്ത് പി.വി എസ്. ആശുപത്രിയില്‍ എത്തിക്കണം, അതും 24 മണിക്കൂറിനുള്ളില്‍. അന്ന് എല്ലാ സൗകര്യവുമുള്ള ആംബുലന്‍സില്ല. ചികിത്സയ്ക്ക് ഒന്നര ലക്ഷം രൂപ വരെ ചെലവാകും.
കോട്ടയം മെഡിക്കല്‍കോളേജില്‍ ഡോക്ടര്‍ ജയകുമാര്‍ ജോലിചെയ്യുന്ന സമയവുമാണ്. എന്നിട്ടും അത്രയും പണം കണ്ടെത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. കുഞ്ഞിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അവന്റെ ചലനമറ്റ പിഞ്ചുമുഖത്തേക്കുനോക്കി ഡോ. ജയകുമാര്‍ അന്നൊരു തീരുമാനമെടുത്തു. 'ഒരു സാധാരണക്കാരന്റെ കഠിനമായ മാനസിക വ്യഥ എനിക്കന്ന് മനസ്സിലായി. ഇനിയുള്ള ജീവിതം സാധാരണക്കാരും സാധുക്കളുമായ രോഗികള്‍ക്കു വേണ്ടി മാത്രമാണ്. എന്റെ അടുത്തുവരുന്ന ഒരാളും പണമില്ലാത്തതിനാല്‍ കണ്ണീരോടെ മടങ്ങരുത്. ആവുന്നവിധം അവര്‍ക്കായി എന്തെങ്കിലും ചെയ്യണം.''- മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ഡോ ജയകുമാര്‍ വിശദീകരിച്ചത് ഇങ്ങനെയാണ്.
തുടര്‍ന്ന് ഹൃദയമാറ്റ ശസ്ത്രക്രിയയില്‍ മാസ്റ്റര്‍ ബിരുദവും ദേശീയ കാര്‍ഡിയോതൊറാസിക് ബോര്‍ഡ് പരീക്ഷയില്‍ വിജയവും നേടി.അതിനു ശേഷമാണ് ഹൃദ്രോഗ ചികിത്സാരംഗത്ത് മുഴുവന്‍ ശ്രദ്ധയും അര്‍പ്പിച്ച് പ്രവര്‍ത്തിച്ചു തുടങ്ങിയത്. ഇപ്പോള്‍ ദിവസവും മുന്‍കൂട്ടി നിശ്ചയിച്ച ഹൃദയ, ശ്വാസകോശ ശസ്ത്രക്രിയകളും വാല്‍വ് മാറ്റിവയ്ക്കല്‍ സര്‍ജറിയും മറ്റുമായി അദ്ദേഹം സദാ ഹൃദയത്തിന്റെ ലോകത്താണ്. സ്വകാര്യ ആശുപത്രിയിലെ ചികിത്സാചെലവ് താങ്ങാന്‍ കഴിയാത്തതിനാല്‍ മെഡിക്കല്‍ കോളേജിലെ സര്‍ക്കാര്‍ സംവിധാനത്തെ ആശ്രയിക്കുന്നവര്‍ ഏറെയും സാധുക്കളും സാധാരണക്കാരും ആണല്ലോ. പുറത്ത് 30 ലക്ഷം വരെ ചെലവു വരുന്ന ഹൃദയ ശസ്ത്രക്രിയയ്ക്ക് ഇവിടെ മൂന്നു ലക്ഷം രൂപയോളമേ വരുന്നുള്ളൂ.
അതീവ സങ്കീര്‍ണ്ണമായ ഹൃദയ ശസ്ത്രക്രിയ
രോഗിക്ക് എല്ലാ ചികിത്സാ സംവിധാനങ്ങളും പരാജയപ്പെട്ടുകഴിയുമ്പോഴാണ് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെപ്പറ്റി ചിന്തിക്കുക. മാസപേശികള്‍ക്ക് ബലക്ഷയം സംഭവിച്ച് ഹൃദയം കൃത്യമായി പ്രവര്‍ത്തിക്കാനാവാതെ രോഗി വിഷമിക്കുന്ന ദിനങ്ങള്‍. രോഗിക്കു ചേരുന്ന ഹൃദയം നിശ്ചിത സമയത്തിനുള്ളില്‍ കിട്ടണം.
മസ്തിഷ്‌കമരണം സംഭവിച്ച ആളെ പരിശോധിച്ച് തന്റെ രോഗിക്ക് ചേരുന്ന ഹൃദയമാണെന്ന് ഉറപ്പാക്കുന്ന നിമിഷം, കഠിനമായ സമ്മര്‍ദം നല്‍കുന്ന നിമിഷങ്ങളാണെന്ന് ഡോക്ടര്‍ ജയകുമാര്‍ പറയുന്നു. തലച്ചോറിലെ ശ്വാസോച്ഛ്വാസത്തെ നിയന്ത്രിക്കുന്ന ഭാഗം നിശ്ചലമാകുമ്പോഴാണ് മസ്തിഷ്‌കം മരിച്ചുവെന്ന് പറയുക. പിന്നെ വെന്റിലേറ്ററിന്റെ സഹായത്തോടെയാകും രോഗിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. വെന്റിലേറ്റര്‍ എപ്പോള്‍ മാറ്റുന്നുവോ മൂന്നുമിനിട്ടിനകം മരിക്കും. തൊട്ടുമുമ്പുവരെ ഓടിനടന്ന ഒരാളുടെ ഹൃദയമാണ് ശരീരത്തില്‍നിന്ന് വേര്‍പെടുത്തി മറ്റൊരാളില്‍ നട്ടുപിടിപ്പിക്കേണ്ടത്. അധികം സമയമില്ല. നാല് മണിക്കുര്‍കൊണ്ട് പുര്‍ത്തിയാക്കണം. മുക്കാല്‍ മണിക്കുര്‍ എടുക്കാന്‍തന്നെ വേണം, ഒന്നര മണിക്കുര്‍ പിടിപ്പിക്കാന്‍.
ദാതാവിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്നാണ് വിദേശരാജ്യങ്ങളിലെ നിയമം. പക്ഷേ ഇന്ത്യയില്‍ അതൊന്നും പാലിക്കാറില്ല. ദാനം ചെയ്ത ആളിന്റെ ബന്ധുക്കളും സ്വീകരിച്ചയാളും പരസ്പരം കാണുകയും വികാരങ്ങള്‍ കൈമാറുകയും ചെയ്യുന്നു.
ഹൃദയത്തിനൊപ്പം അയാളില്‍ ഒട്ടിച്ചേരുന്നത് മറ്റൊരാളാണ് എന്ന വിചാരം മാനസ്സികമായ പല ബുദ്ധിമുട്ടുകളും ഉണ്ടാക്കാം. വേറൊരു വ്യക്തിയുടെ വികാരങ്ങളും സ്വഭാവവും എന്തിന് ആത്മാവ് തന്നെയും ഹൃദയത്തിനൊപ്പം തന്നിലേക്കെത്തുന്നുവെന്ന് സ്വീകര്‍ത്താവിന് തോന്നിയേക്കാം. പക്ഷേ അതെല്ലാം വെറും തോന്നലുകള്‍ മാത്രമാണ്. ഘട്ടം ഘട്ടമായ ചികിത്സകൊണ്ട് നമുക്ക് അതെല്ലാം അതിജീവിക്കാവുന്നതാണെന്ന് ഡോക്ടര്‍ പറയുന്നു.
അതിനേക്കാള്‍ പ്രശ്‌നം ശരീരം ഈ ഫോറിന്‍ ബോഡിയെ റിജക്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതുകൊണ്ടാണ്. അതിനാല്‍ ഇമ്മ്യണോ സപ്രസന്റ് മരുന്നുകള്‍ ശക്തമായി കൊടുക്കേണ്ടി വരും. അത് രോഗിയുടെ പ്രതിരോധ ശേഷിയെ ബാധിക്കും. അയാള്‍ക്ക് അണുബാധ വരാതെ നോക്കണം. വന്നാല്‍ നല്ല ചികിത്സ കൊടുക്കണം. അങ്ങനെ യുദ്ധസമാനമായ അന്തരീക്ഷത്തിലാണ് ഒരു ഹൃദയ ശസ്ത്രക്രിയ നടക്കുക. ഒരുപാട് ടീം ഇതിന്റെ പിറകിലുണ്ട്. ഒരു മിലിട്ടറി യുദ്ധത്തിന് പോകുന്നപോലെ ഓരോ ടീമും പ്രവര്‍ത്തിക്കുന്നു.
ഒരു ഉറങ്ങാത്ത രാത്രിയില്‍ പിറന്ന ചരിത്രം
ലോകത്തില്‍ 67ല്‍ തുടങ്ങിയതാണെങ്കിലും, ഹൃദയമാറ്റ ശസത്രക്രിയ കേരളത്തില്‍ എത്താന്‍ അതും കഴിഞ്ഞ് 45വര്‍ഷത്തോളം എടുത്തു. ആ ശസ്ത്രക്രിയക്ക് നേതൃത്വം കൊടുത്തതാവട്ടെ ഡോ ടി.കെ ജയകുമാറിന്റെ ആത്മസുഹൃത്തും എറണാകുളം മെഡിക്കല്‍ ട്രസ്റ്റിലെ സര്‍ജനുമായ ഡോ. ജോസ് ചാക്കോ പെരിയപ്പുറമായിരുന്നു. 2003 മെയ് 13നായിരുന്നു സംസ്ഥാനത്ത് ആദ്യ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത്. കാര്‍ഡിയോമയോപ്പതി അസുഖം ബാധിച്ച കെ.എ എബ്രഹാമിലാണ്, വാഹനാപകടത്തെത്തുടര്‍ന്ന് മരിച്ച നോര്‍ത്ത് പറവൂര്‍ സ്വദേശി സുകുമാരന്റെ ഹൃദയം പിടിപ്പിച്ചത്. കര്‍ഷകനായ എബ്രഹാം, സുകുമാരന്റെ ഹൃദയവുമായി 20 മാസവും 11 ദിവസുമാണ് ജീവിച്ചത്.
ഈ വിജയം വലിയ വാര്‍ത്തയായി. എയര്‍ ആംബുലന്‍സില്‍ നേവിയുടെ സഹായത്തോടെ ഹൃദയം കൊണ്ടുവന്നതുമൊക്കെ പിന്നെ 'ട്രാഫിക്ക്' പോലുള്ള സിനിമകള്‍ക്ക് ഒക്കെ പ്രമേയമായി. ഡോ ജോസ് പെരിയപ്പുറവുമായുള്ള സൗഹൃദം തന്നെയാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയക്കുള്ള സംവിധാനം ഒരുക്കാന്‍ ഡോ. ജയകുമാറിനെ പ്രേരിപ്പിച്ചതും. എല്ലാ മാര്‍ഗ നിര്‍ദ്ദേശങ്ങളും ഡോ ജോസ് പെരിയപ്പുറവും നല്‍കി. അങ്ങനെയാണ് 2015 സെപ്റ്റമ്പര്‍ 15 ന് കോട്ടയം മെഡിക്കല്‍ കോളജ് ചരിത്രം എഴുതുന്നത്. കേരളത്തില്‍ ആദ്യമായി സര്‍ക്കാര്‍ ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത് അന്നായിരുന്നു.
ഏലൂരില്‍ വൈദ്യുതി പോസ്റ്റില്‍ വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ വിനയകുമാറിന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മസ്തിഷ്‌ക മരണം സംഭവിച്ചത്. ആരോഗ്യ വകുപ്പിന്റെ മൃതസഞ്ജീവനി പദ്ധതി പ്രകാരമാണ് വിനയകുമാറിന്റെ ഹൃദയം പൊടിമോന് നല്‍കിയത്. കൂടാതെ വിനയകുമാറിന്റെ കരളും വൃക്കകളും നേത്രപടലങ്ങളും ദാനം ചെയ്തിട്ടുണ്ട്.
ഡോ ടി.കെ ജയകുമാറിനെയും കൂട്ടരെയും സംബന്ധിച്ച് ഒരു ഉറങ്ങാത്ത രാത്രിയായിരുന്നു അത്. പൊടിമോന്റെ രക്തവുമായി ക്രോസ് മാച്ച് നടത്തി അനുയോജ്യമെന്നുള്ള റിപ്പോര്‍ട്ട് അമൃതാ ആശുപത്രിയില്‍ നിന്നു രാത്രി ലഭിച്ചു. തുടര്‍ന്ന് ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വിനയകുമാറിന്റെ ഹൃദയം വേര്‍പെടുത്തുന്ന ശസ്ത്രക്രിയ അര്‍ധരാത്രിയോടെ ലൂര്‍ദ് ആശുപത്രിയില്‍ ആരംഭിച്ചു. പുലര്‍ച്ചെ മൂന്ന് മണിയോടെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി. മൂന്നേകാലോടെ ഹൃദയം സൂക്ഷിച്ച പെട്ടിയുമായി ഡോക്ടര്‍മാര്‍ കോട്ടയത്തേക്ക് ആംബുലന്‍സില്‍ യാത്ര തിരിച്ചു. നാലരയോടെ കോട്ടയം മെഡിക്കല്‍ കോളജിലെത്തി. ഒട്ടും വൈകാതെ പൊടിമോന്റെ ശരീരത്തില്‍ ഹൃദയം തുന്നിപ്പിടിപ്പിക്കാനുള്ള ശസ്ത്രക്രിയ ആരംഭിച്ചു. എട്ട് മണിയോടെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കുകയായിരുന്നു.
ഡല്‍ഹി എയിംസ് ആശുപത്രിയില്‍ മാത്രമാണ് സര്‍ക്കാര്‍ തലത്തില്‍ ഇതിന് മുന്‍പ് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നിട്ടുള്ളത്. പക്ഷേ ആ സന്തോഷം അധിക ദിവസം നീണ്ടല്ല. 28 ദിവസത്തിനകം പൊടിമോന്‍ മരിച്ചത് വലിയ ആഘാതമായി. പക്ഷേ ഡോ ടി.കെ ജയകുമാറിലുള്ള വിശ്വാസം രോഗികള്‍ക്ക് നന്നായി ഉണ്ടായിരുന്നു. അതിനുശേഷവും ആറ് ശസ്ത്രക്രിയകള്‍ അവിടെ നടന്നു. രണ്ടെണ്ണം ഈ കോവിഡ് കാലത്തായിരുന്നു. എല്ലാം വിജയവും ആയിരുന്നു.
പക്ഷേ ഇതൊന്നും തന്റെ വിജയമല്ലെന്ന് പറഞ്ഞ് ഡോക്ടര്‍ വിനയാന്വിതനാവും. '' ഇത് ഒരു ടീമിന്റെ വിജയമാണ്. ഒരു നല്ല കാര്‍ഡിയോ തൊറാസിക്ക് ടീമിനെ ഉണ്ടാക്കിയെടുത്തുവെന്നാണ് കോട്ടയത്തെ പ്രത്യേകത. അതുപോലെ ഒരു ടീം ഉണ്ടെങ്കില്‍ നമുക്ക് എവിടെയും വിജയം കൊയ്യാന്‍ കഴിയും.''ഇന്ന് കോട്ടയം മെഡിക്കല്‍ കോളജ് ഈ മേഖലയില്‍ ഏറെ മുന്നേറിക്കഴിഞ്ഞു. ജനിച്ച ഉടനെയുള്ള കുട്ടികളുടെ ശസ്ത്രക്രിയ തൊട്ട വാള്‍വ് റിപ്പയര്‍വരെ ഇവിടെ ചെയ്യാന്‍ കഴിയും. നേരത്തെ സര്‍ക്കാര്‍ സംവിധാനത്തില്‍ ശ്രീചിത്രക്ക് മാത്രമാണ് ഈ മികവ് അവകാശപ്പെടാന്‍ ഉണ്ടായിരുന്നത്.
ലോക്ഡൗണിലും ഹൃദയം കൈമാറി അവര്‍
ലോക്ഡൗണ്‍ കാലത്ത് അതായത് 2020 ഏപ്രില്‍ 19ന് ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തി കോട്ടയം മെഡിക്കല്‍ കോളജ് ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകത്താകമാനം അവയവദാന പ്രക്രിയ നിലച്ചിരിക്കെയുള്ള ഈ നേട്ടം രാജ്യാന്തര മാധ്യമങ്ങളില്‍പോലും വാര്‍ത്തയായി. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കെസി ജോസി (62) നാണു ഹൃദയം മാറ്റിവച്ചത്. തിരുവനന്തപുരത്തു നിന്ന് ഹൃദയമെത്തിച്ചത് ലോക്ക്ഡൗണിനെത്തുടര്‍ന്ന് തിരക്കൊഴിഞ്ഞ വഴികളിലൂടെയാണ്. ബൈക്ക് അപകടത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശ്രീകുമാറിന്റെ (50) ഹൃദയമാണ് നല്‍കിയത്. മസ്തിഷ്‌ക മരണം സംഭവിച്ചതോടെ ബന്ധുക്കള്‍ അവയവ ദാനത്തിനു തയാറാകുകയായിരുന്നു. ഇതുവഴി ജോസ് ഉള്‍പ്പെടെ നാലു പേര്‍ക്കാണു പുതുജീവന്‍ ലഭിച്ചത്.
വെള്ളിയാഴ്ച രാത്രി തിരുവനന്തപുരത്തെത്തിയ ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച പുലര്‍ച്ചെ 3.15ന് ശ്രീകുമാറില്‍നിന്ന് ഹൃദയമെടുത്തു. തുടര്‍ന്ന് റോഡ് മാര്‍ഗം 5.15ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തി. ഇവിടെ അഞ്ച് മണിക്കാണ് ശസ്ത്രക്രിയയില്‍ തുടങ്ങിയത്. മൂന്നു മണിക്കൂറോളമാണു ശസ്ത്രക്രിയ നീണ്ടുനിന്നത്. ഹൃദയം മാറ്റിവയ്ക്കാനാവശ്യമായ മരുന്ന് എറണാകുളത്തുനിന്ന് ഫയര്‍ ഫോഴ്‌സ് 40 മിനിറ്റ് കൊണ്ട് എത്തിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ നടന്ന ആറാമത്തെ ഹൃദയ മാറ്റിവെക്കല്‍ ശസ്ത്രക്രിയയാണിത്.
വെറും നാലുമാസം കഴിഞ്ഞ് ഓഗസ്റ്റ് 14 ,ഡോ ജയകുമാറും കൂട്ടരും വീണ്ടും ഇതേ ശസ്ത്രക്രിയ നടത്തി. സന്നദ്ധ പ്രവര്‍ത്തകനായ കോട്ടയം വ്‌ളാക്കാട്ടൂര്‍ സ്വദേശി സച്ചിന്റെ (22) അകാല വേര്‍പാട് ആറ് പേര്‍ക്കാണ് പുതുജീവിതം നല്‍കിയത്. ബൈക്കപകടത്തെത്തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച സച്ചിന്റെ ഹൃദയം, കരള്‍, രണ്ട് വൃക്കകള്‍, രണ്ട് കണ്ണുകള്‍ എന്നിവയാണ് ദാനം നല്‍കിയത്. ഹൃദയവും ഒരു വൃക്കയും കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രോഗിക്കും, കരള്‍ കൊച്ചി ആംസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലുള്ള രോഗിക്കും, ഒരു വൃക്ക എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിനും, രണ്ട് കണ്ണുകള്‍ മെഡിക്കല്‍ കോളേയിലെ ഐ ബാങ്കിനുമാണ് നല്‍കിയത്.
ഇതോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ മറ്റൊരു ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രകിക്ക് കൂടി വേദിയായി. സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയിലെ ഏഴാമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണിത്. അവയവദാനത്തിന്റെ സാധ്യതകളറിയാവുന്ന ബന്ധുക്കള്‍ ലോക അവയവദാന ദിനമായ ഓഗസ്റ്റ് 13ന് ഇതിന് സന്നദ്ധമായി മുന്നോട്ട് വന്നതും മറ്റൊരു പ്രത്യേകതയായി.
ഡോ. ടി.കെ ജയകുമാര്‍ പകര്‍ന്നുകൊടുത്ത ധൈര്യം ക്രമേണേ മറ്റ് സര്‍ക്കാര്‍ ആശുപത്രികള്‍ക്കും പ്രചോദനമായി. 2021 ഡിസംബര്‍ 17ന് എറണാകുളം ജനറല്‍ ആശുപത്രി പുതിയ ചിരിത്രം എഴുതി. ഇന്ത്യയില്‍ ആദ്യമായി ജില്ലാതല സര്‍ക്കാര്‍ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയ നടത്തുന്ന അപൂര്‍വ്വ നേട്ടമാണ് എറണാകുളം ജനറല്‍ ആശുപത്രി കൈവരിച്ചത്. അവിടെയും ആദ്യത്തെ ബെപ്പാസ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കാനുള്ള യോഗം ഡോ. ടി.കെ. ജയകുമാറിന് തന്നെ ആയിരുന്നു.
സ്വന്തം പിതാവിന്റെ ഹൃദയ ശസ്ത്രക്രിയ എങ്ങനെ ചെയ്യും?
ബൈപ്പാസ് സര്‍ജറിയാണ് ജയകുമാറിന് ഏറ്റവു കടുതല്‍ ചെയ്യേണ്ടിവന്നത്. പക്ഷേ സ്വന്തം പിതാവിന്റെ ഹൃദയത്തില്‍ സര്‍ജറി ചെയ്യേണ്ട അവസ്ഥ ഒരു മകന് വന്നുചേര്‍ന്നാല്‍ എന്തുചെയ്യും. അത്തരം ഒരു അവസ്ഥയുടെ വക്കിലെത്തിയതിന്റെ ഒരു അനുഭവം ഡോ ടി.കെ ജയകുമാറിന് പറയാനുണ്ട്.
മനോരമക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ ഡോ ടി.കെ ജയകുമാര്‍ ഇങ്ങനെ പറയുന്നു. ''എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ദിവസമാണ് 2008 ഓഗസ്റ്റ് 8. സ്‌നേഹനിധിയായ എന്റെ അച്ഛനെ നെഞ്ചുവേദന വന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോ. ജയപ്രകാശ് സാര്‍ വിശദമായി പരിശോധിച്ച് ആന്‍ജിയോഗ്രാം ചെയ്യാന്‍ തീരുമാനിച്ചു. 80 വയസ്സിനോടടുത്ത, മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ലാതിരുന്ന അച്ഛന് ആന്‍ജിയോഗ്രാം ചെയ്യാന്‍ മനസ്സില്‍ ഭയമുണ്ടായിരുന്നെങ്കിലും ആ സാഹചര്യത്തില്‍ അത് അനിവാര്യമായിരുന്നു. അച്ഛനു വളരെ ഗുരുതരമായ ബ്ലോക്ക് ഉണ്ടെന്നും ഉടനെ ശസ്ത്രക്രിയ ആവശ്യമാണെന്നും മനസ്സിലായി. അപ്പോള്‍ത്തന്നെ എറണാകുളം ലിസി ആശുപത്രിയില്‍ ജോസ് സാറിനെ ( ഡോ ജോസ് പെരിയപ്പുറം) വിളിച്ച് അങ്ങോട്ടു പോകാന്‍ തീരുമാനിച്ചു. ആംബുലന്‍സ് എത്തിയപ്പോഴേക്കും അച്ഛന്റെ നില വഷളായി.
ഹൃദയപരാജയത്തിന്റെ ഭാഗമായി ശ്വാസകോശത്തില്‍ വെള്ളം കെട്ടുന്ന അക്യൂട്ട് പള്‍മണറി എഡിമ എന്ന അവസ്ഥയായിരുന്നു അച്ഛന്റേത്. ആ അവസ്ഥയില്‍ അച്ഛനെ എറണാകുളത്ത് എത്തിക്കുക അസാധ്യമായിരുന്നു. കോട്ടയത്തു ശസ്ത്രക്രിയ ചെയ്യണമെങ്കില്‍ ഞാന്‍ തന്നെ ചെയ്യേണ്ടിവരും. സ്വന്തം അച്ഛനെ ഇത്രയും ഗുരുതരാവസ്ഥയില്‍ ശസ്ത്രക്രിയ നടത്തുന്നത് ഒരു ഞെട്ടലോടെ ഞാന്‍ ഓര്‍ത്തു. അപ്പോള്‍ത്തന്നെ ജോസ് സാറിനെ വീണ്ടും വിളിച്ചു. ആ സമയത്ത് ജോസ് സാര്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നതിനാല്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുന്ന ഡോ. ജേക്കബ് ഏബ്രഹാം എന്റെ ഫോണ്‍ അറ്റന്‍ഡ് ചെയ്യുകയും ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ജോസ് സാറിനെ ധരിപ്പിക്കുകയും ചെയ്തു. വിവരങ്ങള്‍ പറഞ്ഞപ്പോള്‍ ഈ അവസ്ഥയില്‍ അച്ഛനെ കൊണ്ടുവരേണ്ടെന്നും അദ്ദേഹവും ടീമും കോട്ടയത്തു വന്ന് ശസ്ത്രക്രിയ ചെയ്യാമെന്നും അറിയിച്ചു. അന്നേദിവസം നാല് വലിയ ശസ്ത്രക്രിയകള്‍ കഴിഞ്ഞ് കോട്ടയം വരെ യാത്ര ചെയ്ത് ഞാന്‍ ആവശ്യപ്പെടുക പോലും ചെയ്യാതെ ഒരു മേജര്‍ ഓപ്പറേഷന് തയാറായ ആ വലിയ മനസ്സിനു മുന്‍പില്‍ എന്തു പറയണമെന്നറിയാതെ നിന്നു. രാത്രി എട്ടു മണിയോടെ അദ്ദേഹവും ടീമും കോട്ടയത്തെത്തി. അച്ഛന്റെ ശസ്ത്രക്രിയ വിജയകരമായി നടത്തി.
ആശുപത്രിയിലെ ജോലിത്തിരക്കിനിടയില്‍നിന്ന് കിടങ്ങൂരുള്ള എന്റെ വീട്ടില്‍ എത്തുമ്പോഴൊക്കെയും അച്ഛനോടു ചേര്‍ന്ന് കെട്ടിപ്പിടിച്ചു കിടക്കുന്ന സ്വഭാവം എനിക്കുണ്ടായിരുന്നു. ഓരോ പ്രാവശ്യവും അങ്ങനെ കിടക്കുമ്പോള്‍ അതിനു വീണ്ടും വര്‍ഷങ്ങളോളം ഭാഗ്യം തന്ന ജോസ് സാറിനെ ഓര്‍ത്ത് മനസ്സും കണ്ണും നിറഞ്ഞിട്ടുണ്ട്. ഡോ. ജോസ് നേതൃത്വം കൊടുക്കുന്ന ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ വഴി ആയിരത്തിലധികം പേര്‍ക്കു കോട്ടയം മെഡിക്കല്‍ കോളജില്‍ സൗജന്യ ഹൃദയശസ്ത്രക്രിയ നടത്തുകയുണ്ടായി. കോട്ടയം മെഡിക്കല്‍ കോളജിലെ ആദ്യത്തെ ബൈപാസ് ശസ്ത്രക്രിയ ചെയ്തപ്പോഴും ഹൃദയം മാറ്റിവയ്ക്കല്‍ നിര്‍വഹിച്ചപ്പോഴും അദ്ദേഹത്തിന്റെയും സഹപ്രവര്‍ത്തകരുടെയും പൂര്‍ണ പിന്തുണയും മാര്‍ഗനിര്‍ദ്ദേശങ്ങളും എനിക്കുണ്ടായിരുന്നു.''- ഡോ ടി.കെ ജയകുമാര്‍ പറയുന്നു.
പള്‍സ് 20ലേക്ക് താണ വാവ സുരേഷിനെ രക്ഷിച്ചു
പാമ്പുകളുടെ തോഴന്‍ വാവാ സുരേഷിനെ ഊണും ഉറക്കുവുമില്ലാതെ പരിചിച്ച് രക്ഷിച്ച് എടുത്തതും ജയകുമാറാണ്. മൂര്‍ഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവരുമ്പോള്‍ പഴ്‌സ് റേറ്റ് 20 ലേക്ക് താഴ്ന്ന് അതീവ ഗുരതരാവസ്ഥയില്‍ ആയിരുന്നു വാവ. തുടര്‍ന്ന് ദിവസങ്ങളോളം ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തില്‍ വിവിധ വിഭാഗങ്ങളിലെ മേധാവികളാണ് വാവയെ ചികിത്സിച്ചത്.
2022ജനുവരി 31 തിങ്കളാഴ്ച വൈകിട്ട് 4.15നാണ് സുരേഷിനെ കോട്ടയം കുറിച്ചിയില്‍ വച്ച് മൂര്‍ഖന്‍ പാമ്പ് കടിച്ചത്. പാമ്പിനെ ചാക്കിലേക്ക് കയറ്റാനുള്ള ശ്രമത്തിനിടെ, വലതുകാലിലെ മുട്ടിനു മുകള്‍ഭാഗത്ത് പാമ്പ് കടിക്കുകയായിരുന്നു. ഇഴഞ്ഞു പോയ പാമ്പിനെ പിടിച്ച് സുരേഷ് ചാക്കിലേക്ക് കയറ്റി. തുടര്‍ന്ന് സുരേഷിനെ കാറില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.ആദ്യം തന്നെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചാണ് സുരേഷിന് ചികിത്സ നല്‍കിയത്. മൂര്‍ഖന്‍ പാമ്പിന്റെ വിഷമായതിനാല്‍, വേഗത്തില്‍ തലച്ചോറിലേക്ക് എത്തുകയായിരുന്നു. വാവയെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചതു മുതല്‍ ഡോ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കൃത്യമായി തന്നെ കാര്യങ്ങള്‍ വിലയിരുത്തി. മരുന്നുകളും ചികില്‍സാ രീതിയും പലപ്പോഴും മാറ്റി പരീക്ഷിച്ചു. ഇതെല്ലാം വാവയുടെ ശരീരത്തിന്റെ പ്രത്യേകതകള്‍ മനസ്സിലാക്കിയായിരുന്നു. ജനകീയ ഡോക്ടറെന്ന് പേരെടുത്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്റെ കണക്കു കൂട്ടലുകളെ പോലും തെറ്റിച്ച് അതിവേഗം വാവ ജീവിതത്തിലേക്ക് തിരിച്ചു വരികയും ചെയ്തു.
ആശുപത്രിവിട്ട അദ്ദേഹം ആദ്യം നന്ദി പറഞ്ഞത് ഡോക്ടര്‍മാര്‍ക്കാണ്. കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ മികവാണ് സുരേഷിനെ തിരികെ ജീവിതത്തിലേക്ക് എത്തിച്ചിരിക്കുന്നതെന്നും മന്ത്രി വാസവനും ചൂണ്ടിക്കാട്ടി. അങ്ങനെ കേരളത്തിലെ ഒരു സര്‍ക്കാര്‍ ആശുപത്രി ഏതൊരു സ്വകാര്യ സൂപ്പര്‍ സ്‌പെഷ്യലിറ്റി ആശുപത്രികളേക്കാള്‍ മികച്ചതാണെന്ന് തെളിഞ്ഞതും, ആരോഗ്യ പ്രവര്‍ത്തകരുടെ അഭിമാനം ഉയര്‍ത്തുകയാണ്.
കോളജ് റാഗിങ്ങ് വിവാഹത്തിലെത്തിയ അപൂര്‍വത
ഡോ ടി.കെ ജയകുമാറിന്റെ വ്യക്തി ജീവിതത്തിലും ഒരുപാട് ആക്‌സ്മികതളൂണ്ട്. ഉറ്റ സുഹൃത്തും, കേരളത്തില്‍ ആദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയ ഡോക്ടറുമായ ഡോ ജോസ് പെരിയപ്പുറം, 'ഫ്‌ളവേഴ്‌സ് ഒരു കോടി' എന്ന ടെലിവിഷന്‍ പ്രോഗ്രാമില്‍ പങ്കെടുക്കവെയാണ്, ഡോ ജയകുമാറിന്റെ വിവാഹ കഥ വെളിപ്പെടുത്തിയത്. മെഡിക്കല്‍ കോളജിലെ റാഗിങ്ങിന്റെ ഭാഗമായി സീനിയേഴ്‌സ്, ജൂനിയര്‍ പെണ്‍കുട്ടികളോട് പതിവായി ചോദിക്കുന്ന ചോദ്യമാണത്രേ, 'വില്‍ യു മാരീ മീ' എന്നത്. ജയകുമാറും അതുപോലെ ഒരു ജൂനിയര്‍ പെണ്‍കുട്ടിയോട് ആ ചോദ്യം ചോദിച്ചു. പില്‍ക്കാലത്ത് അത് അദ്ദേഹം മറന്നുപോയി. പക്ഷേ അവള്‍ മറന്നില്ല. ഇയാളെ മാത്രമേ വിവാഹം കഴിക്കൂ എന്ന് അവള്‍ ശപഥം ചെയ്തു. പഠിച്ച് ഡോക്ടര്‍ ആയപ്പോള്‍, അവള്‍ തന്റെ രക്ഷിതാക്കളെ ജയകുമാറിന്റെ അടുത്തേക്ക് പറഞ്ഞു വിട്ടു. അങ്ങനെയാണ് അദ്ദേഹം ഡോ ലക്ഷ്മിയെ വിവാഹം കഴിക്കുന്നത്. അവര്‍ ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജിലെ തന്നെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം മേധാവിയാണ്.
ഒരു നല്ല വായനക്കാരനുമാണ് ഡോ ജയകുമാര്‍. ഡോക്ടര്‍ ആയി പ്രാക്റ്റീസ് തുടങ്ങുന്നതിന് മുമ്പ് ഗാന്ധിയന്‍, നെഹ്റുവിയന്‍ തത്ത്വചിന്തകളില്‍ തല്‍പ്പരനായിരുന്നു. ഭാര്യ ഡോ. ലക്ഷ്മി ജയകുമാറും നല്ല വായനക്കാരിയാണ്. ശിവഭക്തനാണ് ഡോക്ടര്‍ ജയകുമാര്‍, പക്ഷേ ക്ഷേത്രത്തിലൊന്നും പോകാന്‍ നേരം കിട്ടാറില്ല. ശ്രീ 'എം' ഉയര്‍ത്തിയ ജീവിത തത്വശാസ്ത്രത്തില്‍ ആകൃഷ്ടരായ ദമ്പതികള്‍ തങ്ങളുടെ മൂത്ത മകള്‍ ചിന്മയിയെ ആന്ധ്രാപ്രദേശിലെ 'പീപ്പല്‍ ഗ്രോവ്' സ്‌കൂളിലേക്ക് അയച്ചാണ് പഠിപ്പിച്ചത്. വര്‍ഷങ്ങളായുള്ള ആത്മബന്ധമുള്ള ശ്രീ എമ്മുമായി അവര്‍ക്കുള്ളത്. അദ്ദേഹം കോട്ടയത്ത് വരുമ്പോള്‍ പാര്‍ക്കുന്നത് ഡോ. ജയകുമാറിനൊപ്പമാണ്. ഡോക്ടര്‍ക്ക് തന്റെ കുട്ടികളുമായി ചിലവഴിക്കാന്‍ പരിമിതമായ സമയം മാത്രമേ ലഭിക്കൂ. ദമ്പതികള്‍ ഒരുമിച്ച് ഔട്ടിംഗിന് പോകുന്നത് വളരെ അപൂര്‍വമാണ്. ഇതാണ് താനൊരു ഡോക്ടറാകില്ലെന്ന് പറയാന്‍ മകളെ പ്രേരിപ്പിച്ചത്. ഇളയമകന്‍ ചിദാനന്ദ് കോട്ടയം ചിന്മയ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്.
കൃഷിയിലുള്ള ഈ ദമ്പതികളുടെ താല്‍പ്പര്യവും വാര്‍ത്തയായിരുന്നു. കിടുങ്ങൂരിലെ കുടുംബ സ്ഥലത്ത് ഒരു ഫാം ഉണ്ട്. ഞായറാഴ്ചകളിലും അവധി ദിനങ്ങളിലും ഡോക്ടുറടെ ജീവിതം പശുക്കള്‍ക്ക് ഒപ്പമാണ്. ''അദ്ധ്യാപകനാണെങ്കിലും എന്റെ പിതാവ് ഒരു കര്‍ഷകന്‍ ആയിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ ഞാനും അവര്‍ക്കൊപ്പം കലപ്പ പിടിക്കും. ഈ ഫാമില്‍ ഇപ്പോള്‍ മുപ്പതോളം പശുക്കള്‍ ഉണ്ട്. മത്സ്യകൃഷി, കോഴിക്കൃഷി എന്നിവ വേറെയും'- ഡോ ജയകുമാര്‍ ഒരു അേഗ്രാ ടീവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. പവിഴമല്ലി ചമത, പൂവരശ് തുടങ്ങിയ അപൂര്‍വ വൃക്ഷലതാദികളും ഇവിടെയുണ്ട്. തിരക്കേറിയ മെഡിക്കല്‍ ജീവിതത്തില്‍നിന്ന് ഡോക്ടര്‍ ദമ്പതികള്‍, ഒരു ബ്രേക്ക് എടുക്കുന്നതും ഇവിടേക്കുതന്നെ.
ഡയബറ്റിക്‌സ് ,കൊളസ്‌ടോാള്‍, ഹൈപ്പര്‍ ടെന്‍ഷന്‍ എന്നിവയാണ് ഹൃദ്രോഗ കാരണമായ പ്രധാന വില്ലന്മാരായി ഡോക്ടര്‍ കാണുന്നത്.'' പാരമ്പര്യവും ഒരു പ്രധാന ഘടകമാണ്. അമ്പതുവയസ്സിന് താഴെയുള്ള പ്രായത്തില്‍ കുടുംബത്തില്‍ ഹാര്‍ട്ട് അറ്റാക്ക് വന്നവര്‍ ഉണ്ടെങ്കില്‍ നിങ്ങളും കൃത്യമായി ചെക്കപ്പ് എടുക്കണം. അതുപോലെ ജീവിത ശൈലിയിലും ഏറെ ശ്രദ്ധിക്കണം. പുകവലി, കൊഴുപ്പ്, മാനസികസംഘര്‍ഷം, അമിത ഭാരം തുടങ്ങിയവയും ഹൃദ്രോഗത്തിലേക്ക് നയിക്കും. കൃത്യമായ വ്യായാമവും ഹൃദയാരോഗ്യം നിലനിര്‍ത്താന്‍ അനിവാര്യമാണ്. ഹൃദ്രോഗം എനിക്ക് വരില്ല എന്ന അമിത ആത്മവിശാസം ആര്‍ക്കും വേണ്ട. അതുപോലെ രോഗം വന്നാല്‍ എല്ലാം തീര്‍ന്നുവെന്ന ധാരണയും തെറ്റാണ്. ഹൃദയമാറ്റ ശസ്ത്രക്രിയ കഴിഞ്ഞിട്ടും ചുമട് എടുത്തും മീന്‍പിടിച്ചുമൊക്കെ ജീവിക്കുന്നവരുമുണ്ട്. ''- ഡോ ജയകുമാര്‍ പറയുന്നു.
അതുപോലെ ഈ ലോകത്തിലെ ഏറ്റവും മഹത്വരമായ കാര്യമായി ഡോക്ടര്‍ കാണുന്നത് അവയവദാനത്തെയാണ്. അതിനെ താഴ്ത്തിക്കെട്ടുന്ന രീതിയിലുള്ള പ്രചാരങ്ങളില്‍നിന്ന് മാറിനില്‍ക്കണമെന്നും ഈ ജനകീയ ഡോക്ടര്‍ സമൂഹത്തോട് അവശ്യപ്പെടുന്നു. ''തന്റെ രോഗി എത്ര ഗുരുതരമായ അവസ്ഥയിലായാലും എവിടെങ്കിലും ഒരു മസ്തിഷ്‌ക മരണം നടന്നുകിട്ടാന്‍ ഒരു ഡോക്ടറും പ്രാര്‍ത്ഥിക്കില്ല. ഓരോ ജീവനും ഒരു കുടുംബത്തിന്റെ വെളിച്ചമാണ്. ഒരിടത്ത് പ്രകാശം പരക്കാന്‍ മറ്റൊരിടത്തെ വെളിച്ചം ഊതിക്കെടുത്താന്‍ എങ്ങനെ പ്രാര്‍ത്ഥിക്കാനാവും.'' - ഡോ ജയകുമാര്‍ ചോദിക്കുന്നു.