ലണ്ടനിൽ നിന്ന് ബെംഗളൂരുവിലേക്ക് പറക്കാനൊരുങ്ങി എയർ ഇന്ത്യ വിമാനം; ടേക്ക് ഓഫിന് തൊട്ടുമുൻപ് ഇന്ധന സ്വിച്ചിലെ തകരാർ പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ ഒഴിവായത് വൻ ദുരന്തം; അഹമ്മദാബാദിൽ 260 പേരുടെ ജീവനെടുത്ത അപകടത്തിലും വില്ലനായത് ഇതേ തകരാർ; ഡ്രീംലൈനറിന്റെ സർവീസ് റദ്ദാക്കി

Update: 2026-02-02 15:39 GMT

ബെംഗളൂരു: പറന്നുയരുന്നതിനു തൊട്ടുമുൻപ് ഇന്ധന സ്വിച്ചിൽ തകരാറു കണ്ടെത്തിയതിനെ തുടർന്ന് എയർ ഇന്ത്യ വിമാനത്തിന്റെ സർവീസ് റദ്ദാക്കി. ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽനിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യയുടെ AI 132 ബോയിങ് 787 ഡ്രീംലൈനർ വിമാനം ഇന്ധന നിയന്ത്രണ സ്വിച്ചിലുണ്ടായ തകരാറിനെ തുടർന്നാണ് റദ്ദാക്കിയത്. 2025 ജൂൺ 12ൽ 260 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന് കാരണമായതിന് സമാനമായ ഗുരുതരമായ സാങ്കേതിക തകരാറാണ് ഇവിടെയും കണ്ടെത്തിയതെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. വിമാനം ടേക്ക് ഓഫ് ചെയ്യാത്തതുകൊണ്ട് വലിയൊരു ദുരന്തസാധ്യതയാണ് ഒഴിവായത്.

ഞായറാഴ്ച പ്രാദേശിക സമയം രാത്രി 9.19-ന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിന്റെ എൻജിൻ സ്റ്റാർട്ട് ചെയ്തതിന് തൊട്ടുപിന്നാലെ ഇന്ധന നിയന്ത്രണ സ്വിച്ച് 'റൺ' മോഡിൽനിന്ന് 'കട്ട് ഓഫ്' മോഡിലേക്ക് മാറിയത് പൈലറ്റിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. പൈലറ്റ് ഉടൻതന്നെ വിവരം അധികൃതരെ അറിയിക്കുകയും തുടർന്ന് വിമാനം റദ്ദാക്കി വിശദമായ പരിശോധനകൾക്കായി മാറ്റുകയുമായിരുന്നു. ഇന്ധന നിയന്ത്രണ സ്വിച്ചിലുണ്ടാകുന്ന തകരാറുകൾ വിമാനം പറക്കുന്നതിനിടെ എൻജിൻ നിലയ്ക്കാൻ കാരണമായേക്കാമെന്ന് വ്യോമയാന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട വിമാനത്തിന്റെ രണ്ട് എൻജിനുകളും ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കകം നിലയ്ക്കുകയായിരുന്നു. കോക്പിറ്റ് വോയ്‌സ് റെക്കോർഡർ പരിശോധനയിൽ ഈ തകരാറിലേക്കു നയിക്കുന്ന നിർണായക തെളിവുകളാണ് ലഭിച്ചിരുന്നത്. ഈ പശ്ചാത്തലത്തിൽ, ലണ്ടനിലെ സംഭവം അതീവ ഗൗരവത്തോടെയാണ് അധികൃതർ നോക്കിക്കാണുന്നത്. വിഷയം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

അഹമ്മദാബാദ് അപകടത്തെ തുടർന്ന്, ഡിജിസിഎയുടെ നിർദേശപ്രകാരം എയർ ഇന്ത്യ തങ്ങളുടെ എല്ലാ ബോയിങ് 787 വിമാനങ്ങളിലെയും ഇന്ധന നിയന്ത്രണ സ്വിച്ചുകൾ പരിശോധിച്ചിരുന്നെങ്കിലും അന്ന് യാതൊരു പ്രശ്നവും കണ്ടെത്തിയിരുന്നില്ലെന്നും വക്താവ് കൂട്ടിച്ചേർത്തു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് എയർ ഇന്ത്യ എല്ലായ്പ്പോഴും മുൻഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഡിജിസിഎ ഈ സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിമാനം സ്റ്റാർട്ട് ചെയ്യുന്ന സമയത്ത് ഇടത് എഞ്ചിനിലെ ഫ്യുവൽ കൺട്രോൾ സ്വിച്ച് 'റൺ' പൊസിഷനിൽ നിൽക്കാതെ രണ്ട് തവണ 'കട്ട് ഓഫ്' പൊസിഷനിലേക്ക് മാറിയതായി പൈലറ്റ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടി. വിമാനം സർവീസിൽ നിന്ന് പിൻവലിച്ചതായും പൈലറ്റ് ഉന്നയിച്ച ആശങ്കകൾ മുൻഗണനാടിസ്ഥാനത്തിൽ പരിശോധിക്കാൻ വിമാന നിർമ്മാതാക്കളായ ബോയിംഗിനെ ഉൾപ്പെടുത്തിയതായും എയർ ഇന്ത്യ വക്താവ് സ്ഥിരീകരിച്ചു. സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറലിനെയും (DGCA) വിവരം അറിയിച്ചിട്ടുണ്ട്. "ഞങ്ങൾ എയർ ഇന്ത്യയുമായി ബന്ധപ്പെട്ടുവരികയാണെന്നും ഈ വിഷയം പരിശോധിക്കാൻ അവരെ സഹായിക്കുന്നുണ്ടെന്നും" ബോയിംഗ് പ്രസ്താവനയിൽ പറഞ്ഞു

ഡിജിസിഎ നിർദ്ദേശത്തെത്തുടർന്ന് നേരത്തെ ബോയിംഗ് 787 വിമാനങ്ങളിലെ ഫ്യുവൽ കൺട്രോൾ സ്വിച്ചുകൾ പരിശോധിച്ചിരുന്നതായും അന്ന് പ്രശ്നങ്ങളൊന്നും കണ്ടെത്തിയിരുന്നില്ലെന്നും എയർ ഇന്ത്യ വ്യക്തമാക്കി. യാത്രക്കാരുടെയും ക്രൂവിന്റെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും അവർ കൂട്ടിച്ചേർത്തു. 2025 ജൂൺ 12-ന് അഹമ്മദാബാദിൽ നിന്ന് പുറപ്പെട്ട ഉടൻ മെഡിക്കൽ കോളേജ് കെട്ടിടത്തിലേക്ക് വിമാനം തകർന്നു വീണ ദുരന്തത്തിലും സമാനമായ സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ലണ്ടനിലെ ഗാറ്റ്‌വിക്കിലേക്ക് പോകുകയായിരുന്ന AI171 വിമാനത്തിലുണ്ടായ ആ അപകടത്തിൽ 241 യാത്രക്കാരുൾപ്പെടെ 260 പേരാണ് കൊല്ലപ്പെട്ടത്.

ഒരു വിമാനത്തിന്റെ എഞ്ചിനുകളിലേക്കുള്ള ഇന്ധന പ്രവാഹത്തെ നിയന്ത്രിക്കുന്ന സ്വിച്ചുകളാണ് ഫ്യുവൽ കൺട്രോൾ സ്വിച്ചുകൾ. എൻജിനുകൾ പ്രവർത്തിപ്പിക്കാനും നിർത്താനുമാണ് പൈലറ്റുമാർ ഈ സ്വിച്ച് ഉപയോഗിക്കുന്നത്. പറക്കുന്നതിനിടെ എൻജിനു തകരാറ് കണ്ടെത്തിയാൽ എൻജിൻ നിർത്താനും റീസ്റ്റാർട്ട് ചെയ്യാനും ഇത് ഉപയോഗിക്കാറുണ്ട്. പൈലറ്റിന് അബദ്ധത്തിൽ ഓഫ് ചെയ്യാൻ കഴിയുന്ന തരത്തിലല്ല ഇത് സജ്ജമാക്കിയിരിക്കുന്നത്. ഇത് ഓഫ് ആയാൽ പെട്ടെന്നുതന്നെ എൻജിന്റെ പ്രവർത്തനം നിലയ്ക്കും. വീണ്ടും ഓൺ ചെയ്താൽ എൻജിൻ പൂർണതോതിൽ പ്രവർത്തന സജ്ജമാകാൻ രണ്ടു മിനിറ്റിലേറെയെടുക്കും

പൈലറ്റുമാർക്ക് അബദ്ധവശാൽ ഈ സ്വിച്ചുകൾ പ്രവർത്തിപ്പിക്കാൻ കഴിയില്ല എന്ന കാര്യത്തിൽ വ്യോമയാന സുരക്ഷാ വിദഗ്ധർക്ക് ഏകകണ്ഠമായ അഭിപ്രായമാണുള്ളത്. ഈ സ്വിച്ചുകൾ മാറ്റിയിട്ടാൽ എഞ്ചിനിലേക്കുള്ള ഇന്ധന വിതരണം നിലയ്ക്കുകയും, ജ്വലനം നിൽക്കുകയും, എഞ്ചിൻ പവർ പെട്ടെന്ന് കുറയുകയും ചെയ്യും. ഈ ഫ്യുവൽ കട്ട് ഓഫ് സ്വിച്ചുകളും അവ നിയന്ത്രിക്കുന്ന ഫ്യുവൽ വാൽവുകളും സ്വതന്ത്രമായ പവർ സിസ്റ്റങ്ങളിലും വയറിംഗിലുമാണ് പ്രവർത്തിക്കുന്നത്.

എയർ ഇന്ത്യ 787 വിമാനത്തിൽ ത്രസ്റ്റ് ലിവറുകളുടെ താഴെയാണ് ഫ്യുവൽ സ്വിച്ചിന്റെ സ്ഥാനം. കൃത്യമായി ഉറച്ചിരിക്കാൻ സ്പ്രിങ് സംവിധാനത്തോടെയാണ് ഇതു ഘടിപ്പിച്ചിരിക്കുന്നത്. 'റൺ', 'കട്ട് ഓഫ്' എന്നീ രണ്ട് മോഡുകളാണുള്ളത്. റൺ മോഡിൽനിന്ന് കട്ട് ഓഫിലേക്കു മാറ്റണമെങ്കിൽ പൈലറ്റ് ആദ്യം സ്വിച്ച് മുകളിലേക്ക് വലിച്ചുയർത്തണം. അതിനു ശേഷം വേണം അടുത്ത മോഡിലേക്ക് മാറ്റാൻ. വിമാനത്തിന്റെ ലാൻഡിങ് ഗിയർ ഉയർത്തുന്ന ലിവറും ഇന്ധന സ്വിച്ചും അബദ്ധത്തിൽ മാറിപ്പോകില്ല. രണ്ടും രണ്ടിടത്താണ്. തമ്മിൽ സാമ്യവുമില്ല.

Tags:    

Similar News