'മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ തീവ്രവാദികള്‍, അവരുടെ പ്രവൃത്തികള്‍ റോഡുകളിലെ 'ഭീകരത'; അത്തരക്കാരോട് ഒരു ദയയും ഉണ്ടാകില്ല'; കുര്‍ണൂല്‍ അപകട പശ്ചാത്തലത്തില്‍ മുന്നറിയിപ്പ് നല്‍കി ഹൈദരാബാദ് പോലീസിലെ എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റ് വി.സി. സജ്ജനാര്‍

'മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ തീവ്രവാദികള്‍,

Update: 2025-10-26 13:13 GMT

ഹൈദരാബാദ്: മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ തീവ്രവാദികളാണെന്ന് ഹൈദരാബാദ് സിറ്റി പോലീസ് കമ്മീഷണര്‍ വി.സി. സജ്ജനാര്‍. മദ്യപിച്ച് വാഹനമോടിക്കുന്നവരോട് ഹൈദരാബാദ് പോലീസ് ഒരുദയയും കാണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആന്ധ്രയിലെ കുര്‍ണൂലില്‍ ബസിന് തീപിടിച്ച് 20 പേര്‍ മരിച്ച സംഭവത്തിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഹൈദരാബാദിലെ എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റാണ് വി സി സജ്ജനാര്‍.

മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ തീവ്രവാദികളാണ്. അവരുടെ പ്രവൃത്തികള്‍ നമ്മുടെ റോഡുകളിലെ 'ഭീകരത'യില്‍ ചെറുതൊന്നുമല്ലാത്തവയാണ്. 20 നിരപരാധികളുടെ ജീവന്‍പൊലിഞ്ഞ കുര്‍ണൂലിലെ ബസ് അപകടം യഥാര്‍ഥത്തില്‍ ഒരു അപകടമായിരുന്നില്ല. മദ്യലഹരിയില്‍ ബൈക്കോടിച്ച ഒരാളുടെ അശ്രദ്ധയും നിരുത്തരവാദിത്തപരമായ പെരുമാറ്റവും കാരണമാണ് അത് സംഭവിച്ചത്. നമുക്ക് തടയാമായിരുന്ന ഒരു 'കൂട്ടക്കൊല'യായിരുന്നു അത്. ഇത് ഒരു റോഡപകടമല്ല. നിമിഷങ്ങള്‍ക്കുള്ളില്‍ മുഴുവന്‍ കുടുംബങ്ങളെയും ഇല്ലാതാക്കിയ ക്രിമിനല്‍ പ്രവൃത്തിയായിരുന്നുവെന്നും സജ്ജനാര്‍ പറഞ്ഞു.

കുര്‍ണൂലില്‍ ബസിലേക്ക് പാഞ്ഞുകയറിയ ബൈക്ക് യാത്രികനായ ബി. ശിവശങ്കര്‍ മദ്യലഹരിയിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പമ്പില്‍നിന്ന് അയാള്‍ ഇന്ധനം നിറയ്ക്കുമ്പോഴുള്ള സിസിടിവി ദൃശ്യങ്ങളിലും അതുകാണാം. മദ്യപിച്ച് വാഹനമോടിക്കാനുള്ള അയാളുടെ തീരുമാനം വലിയ ദുരന്തമായി മാറി. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ എല്ലാ അര്‍ഥത്തിലും തീവ്രവാദികളാണെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു. അവര്‍ ജീവനുകള്‍ ഇല്ലാതാക്കുന്നു. കുടുംബങ്ങളെയും അവരുടെ ഭാവിയെയും തകര്‍ക്കുന്നു.

അത്തരം പ്രവൃത്തികള്‍ ഒരിക്കലും അനുവദിക്കാനാകില്ല. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരേ ഒരുവിട്ടുവീഴ്ചയും ഉണ്ടാകില്ല. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ നിയമത്തിന്റെ മുഴുവന്‍ശൗര്യവും നേരിടേണ്ടിവരും. നിരപരാധികളുടെ ജീവന്‍ അപകടത്തിലാക്കുന്നവരോട് ഒരു ദയയും ഉണ്ടാകില്ല. മദ്യപിച്ച് വാഹനമോടിക്കുന്നത് ഒരു തെറ്റാണെന്ന് പറയുന്നത് അവസാനിപ്പിക്കേണ്ട സമയമാണിത്. ഇത് ജീവനെടുക്കുന്ന ഒരു കുറ്റകൃത്യമാണ്. അതിനാല്‍ അതിനനുസരിച്ച് ശിക്ഷിക്കപ്പെടണമെന്നും വി.സി. സജ്ജനാര്‍ പറഞ്ഞു.

കുര്‍ണൂലില്‍ മദ്യലഹരിയില്‍ ബൈക്കോടിച്ചയാളാണ് അപകടമുണ്ടാക്കിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. നിയന്ത്രണംവിട്ട ബൈക്ക് ബസിനടിയിലേക്ക് പാഞ്ഞുകയറുകയും പിന്നാലെ ബൈക്ക് ബസിനടിയില്‍ കുടുങ്ങി റോഡില്‍ ഉരഞ്ഞ് ഇന്ധനടാങ്ക് പൊട്ടുകയും തീപിടിക്കുകയുമായിരുന്നു. തീപിടിത്തത്തില്‍ ബസിലുണ്ടായിരുന്ന 19 പേരും ബൈക്ക് യാത്രികനും മരിച്ചിരുന്നു.

അതേസമയം കുര്‍ണൂലില്‍ ഉണ്ടായ അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചത് സ്മാര്‍ട്ട്‌ഫോണുകളാണെന്നാണ് വിലയിരുത്തല്‍. ഫോറന്‍സിക് വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ 234 സ്മാര്‍ട്ട്‌ഫോണുകളുടെ അവശിഷ്ടമാണ് കണ്ടെടുത്തത്. ഈ ഫോണുകളുടെ ബാറ്ററികള്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന്റെ ആഘാതം കൂട്ടിയതെന്നാണ് കരുതുന്നത്.

2019-ല്‍ ഹൈദരാബാദ് കൂട്ടബലാത്സംഗക്കേസിലെ നാലുപ്രതികളെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥനാണ് വി.സി. സജ്ജനാര്‍. വാറങ്കലില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരേ ആസിഡ് ആക്രമണം നടത്തിയ കേസിലെ മൂന്നുപ്രതികളെയും സജ്ജനാരുടെ പോലീസ് സംഘം ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു.

Tags:    

Similar News