കാര്‍ റാലിയായെത്തി തെരുവ് വിളക്കിന് വലംവെക്കല്‍; നടുറോഡില്‍ കേക്കുമുറിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ പിറന്നാളാഘോഷം; 'കമ്മട്ടിപ്പാടം' വക ഒരു മണിക്കൂര്‍ നീണ്ട ആഘോഷം പവര്‍ ഓഫ് പത്തനംതിട്ടയ്ക്കുള്ള മറുപടി; ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍; കണ്ണടച്ച് പൊലീസ്

വഴി തടഞ്ഞ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ പിറന്നാള്‍ ആഘോഷം

Update: 2024-11-10 14:16 GMT

പത്തനംതിട്ട: പത്തനംതിട്ട സെന്റ്പീറ്റേഴ്സ് കവലയില്‍ വഴിതടഞ്ഞ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ പിറന്നാളാഘോഷം വിവാദത്തില്‍. പത്തനംതിട്ട വെട്ടിപ്പുറം സ്വദേശി ഷിയാസിന്റെ ജന്മദിനമാണ് കാര്‍ റാലി നടത്തി ആഘോഷിച്ചത്. സെന്റ് പീറ്റേഴ്‌സ് ജംക്ഷനില്‍ നടന്ന കാര്‍ റാലിയില്‍ ഇരുപതോളം കാറുകള്‍ അണിനിരന്നു. അന്‍പതോളം യുവാക്കളാണ് ആഘോഷത്തില്‍ പങ്കെടുത്തത്. സാമൂഹ്യ മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചിട്ടും പൊലീസ് നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ഷിയാസിന്റെ പിറന്നാള്‍ ആഷോഷിക്കാന്‍ അന്‍പതിലധികം പേരാണ് പൊതുനിരത്തില്‍ ഒത്തുകൂടിയത്. വേഗം കുറച്ച് വലിയ ശബ്ദത്തില്‍ കാര്‍ റാലിയുടെ അകമ്പടിയോടെയാണ് യുവാക്കള്‍ എത്തിയത്. അണിനിരന്നത് ഡിവൈഎഫ്ഐ-ഇടത് പ്രവര്‍ത്തകരെന്നാണ് ആരോപണം. ജില്ലയില്‍ മൂന്നാം തവണയാണ് പൊതുനിരത്തില്‍ പിറന്നാള്‍ ആഘോഷം നടക്കുന്നത്. സിനിമാ ഡയലോഗുകളും മ്യൂസിക്കുമായി പിറന്നാളാഘോഷത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

കമ്മട്ടിപ്പാടം, പവര്‍ ഓഫ് പത്തനംതിട്ട, പത്തനംതിട്ട ബോയ്സ് എന്നിങ്ങനെ പത്തനംതിട്ടയിലും പരിസരപ്രദേശങ്ങളിലും യുവാക്കളുടേതായി മൂന്ന് പ്രാദേശിക കൂട്ടായ്മകളുണ്ട്. അതില്‍ കമ്മട്ടിപ്പാടം എന്ന കൂട്ടായ്മയുടെ പ്രവര്‍ത്തകരാണ് ഇന്നലെ രാത്രി പിറന്നാള്‍ ആഘോഷവുമായി തെരുവില്‍ ഇറങ്ങിയത്. പോലീസിനും ഇതര പ്രാദേശിക കൂട്ടായ്മകള്‍ക്കുമുള്ള വെല്ലുവിളി എന്ന നിലയിലായിരുന്നു ആഘോഷം.

ഇടത് പ്രവര്‍ത്തകരുടെ ക്ലബാണ് പൊതുനിരത്തില്‍ ഒരു മണിക്കൂര്‍ നീണ്ട ആഘോഷം സംഘടിപ്പിച്ചത്. സംഭവത്തെ കുറിച്ച് അറിയില്ലെന്നു ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വം അറിയിച്ചു. ജില്ലയില്‍ മൂന്നാം തവണയാണ് പൊതുനിരത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പിറന്നാള്‍ ആഘോഷം നടത്തുന്നത്.

രാത്രി 9.15-നായിരുന്നു ആഘോഷത്തിന്റെ തുടക്കം. വെട്ടിപ്പുറം ഭാഗത്തുനിന്ന് റാലിയായി കാറിലാണ് യുവാക്കള്‍ സെന്റ് പീറ്റേഴ്സ് ജങ്ഷനില്‍ എത്തിയത്. അവിടെ തെരുവ് വിളക്കിന് വലംവെച്ച് കുരിശടിയുടെ ഭാഗത്ത് കേന്ദ്രീകരിച്ചു. തുടര്‍ന്ന് കാറിന്റെ ബോണറ്റില്‍വെച്ച് കേക്ക് മുറിച്ചു. ആഘോഷങ്ങള്‍ ഒരു മണിക്കൂര്‍ നീണ്ടുനിന്നു. ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു ആഘോഷങ്ങള്‍. വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഇസ്റ്റഗ്രാമിലും ദൃശ്യങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്തു.

പവര്‍ ഓഫ് പത്തനംതിട്ട എന്നത് ബിജെപി-ആര്‍എസ്എസ് ബന്ധമുള്ള യുവാക്കളുടെ കൂട്ടായ്മയാണ്. ഇവരും സമാനരീതിയില്‍ ഗതാഗതം തടസപ്പെടുത്തി രാത്രിയില്‍ പ്രവര്‍ത്തകരുടെ പിറന്നാള്‍ ആഘോഷിച്ചതായാണ് വിവരം. ഒരാഴ്ച മുമ്പ് ഇതേ സ്ഥലത്താണ് അവര്‍ പ്രവര്‍ത്തകരിലൊരാളുടെ പിറന്നാള്‍ ആഘോഷിച്ചത്. ഇതിന് മറുപടിയായുള്ള ശക്തി പ്രകടനം എന്ന രീതിയിലായിരുന്നു ശനിയാഴ്ചത്തെ ആഘോഷം.

നേരത്തേ മലയാലപ്പുഴയില്‍ കാപ്പ കേസ് പ്രതി ശരണ്‍ ചന്ദ്രന്റെ നേതൃത്വത്തില്‍ ഇത്തരത്തില്‍ ആഘോഷം സംഘടിപ്പിച്ചിരുന്നു. അടൂരിലെ പറക്കോട് ഡിവൈഎഫ്‌ഐയുടെ പ്രാദേശിക ഭാരവാഹിയുടെ ജന്മദിനം ലഹരിക്കേസിലെ പ്രതികളോടൊപ്പം ആഘോഷിച്ചതും വിവാദമായി. അടൂരിലെ സംഭവം പാര്‍ട്ടി അന്വേഷിച്ചു വരികയാണ്.

Tags:    

Similar News