പത്ത് വയസ്സുകാരിയുടെ ചുമ സഹിക്കാനായില്ല; നിയന്ത്രണം വിട്ട് കൗമാരക്കാരിയായ യാത്രക്കാരി; ജീവനക്കാരെ കുത്തിക്കൊല്ലുമെന്നും ഭീഷണി; പാതിവഴിയില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി വിമാനം
ഗാറ്റ്വിക്ക്: തുര്‍ക്കിയില്‍ നിന്നും ഗാറ്റ്വിക്കിലേക്ക് പറന്ന ഈസിജെറ്റ് വിമനത്തിലെ യാത്രക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഭയചകിതരായി. നിയന്ത്രണം വിട്ട ഒരു കൗമാരക്കാരി, അക്രമാസക്തയായതോടെയാണിത്. കൂടെ യാത്ര ചെയ്തിരുന്ന ഒരു പത്ത് വയസ്സുകാരിയുടെ ചുമയായിരുന്നത്രെ ഈ കൗമാരക്കാരിയുടെ സമനില തെറ്റിച്ചത്.സംഭവം മൂര്‍ച്ഛിച്ചതോടെ വിമാനം ഇറ്റലിയില്‍ അടിയന്തിരമായി നിലത്തിറക്കുകയായിരുന്നു.
വിമാനത്തിലെ ജീവനക്കാരെ കുത്തിക്കൊല്ലുമെന്ന് ഭീഷണി മുഴക്കിയ എപെണ്‍കുട്ടി തികച്ചും മാന്യമല്ലാത്ത വാക്കുകള്‍ ഉപയോഗിച്ച് യാത്രക്കാര്‍ക്ക് നേരെയും തട്ടിക്കയറി. നിര്‍ത്താതെ ചുമച്ച പത്ത് വയസ്സുകാരിയുടെ അമ്മ ഉള്‍പ്പടെയുള്ള പല യാത്രക്കാരും കരച്ചിലിന്റെ വക്കോളമെത്തിയതായി ദൃക്സാക്ഷികള്‍ പറയുന്നു. നല്ലൊരു ക്രിസ്ത്മസ് അവധിയാഘോഷം കഴിഞ്ഞ് തുര്‍ക്കിയില്‍ നിന്നും മടങ്ങിയെത്തുകയായിരുന്ന പല യാത്രക്കാരും പറയുന്നത്, അവധിയാഘോഷത്തിന്റെ സന്തോഷം പോലും കെടുത്തുന്നതായി മടക്കയാത്ര എന്നാണ്.
പ്രശ്നമുണ്ടാക്കിയ 16 കാരിയുടെ അടുത്ത സീറ്റിലിരുന്ന് പത്ത് വയസ്സുകാരിയാ മറ്റൊരു പെണ്‍കുട്ടി ചുമച്ചതായിരുന്നു പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. പതിനാറുകാരി മറ്റേ പെണ്‍കുട്ടിയോട് ചൂമ നിര്‍ത്താന്‍ ആവശ്യപ്പെട്ടതായി മറ്റ് യാത്രക്കാര്‍ പറയുന്നു. ഒന്നും മിണ്ടാതെ വിമാനത്തിലെ ശുചിമുറിയിലെക്ക് പോയ കൊച്ചു പെണ്‍കുട്ടിയെ ഈ പതിനാറുകാരി പിന്തുടര്‍ന്ന് ചെന്ന് ചീത്ത വിളിക്കുകയയിരുന്നത്രെ! തുടര്‍ന്ന്, ചുമച്ച പെണ്‍കുട്ടിയുടെ അമ്മ അതില്‍ ഇടപെടുകയായിരുന്നു.
പതിനാറുകാരിയുടെ ആക്രോശത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ കരഞ്ഞ അമ്മയേയും മകളെയും ജീവനക്കാര്‍, പതിനാറുകാരിയില്‍ നിന്നകത്തി വിമാനത്തിന്റെ മുന്‍ഭാഗത്തേക്ക് കൊണ്ടുവന്നു. തുടര്‍ന്ന്, പതിനാറുകാരിയോട് അവരുടെ സീറ്റിലേക്ക് മടങ്ങിപ്പോകാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടതോടെ, അവര്‍ ജീവനക്കാര്‍ക്ക് നേരെ തട്ടിക്കയറാന്‍ തുടങ്ങി.
തുടര്‍ന്ന് വിമാനത്തിന്റെ പുറകുവശത്തേക്ക് അതിവേഗം പാഞ്ഞ അവര്‍ വിമാനത്തിന്റെ വാതിലുകള്‍ തുറക്കാന്‍ ശ്രമിച്ചു. ഉടനെ ജീവനക്കാരെത്തി അവരെ വലിച്ചു മാറ്റുകയായിരുന്നു. എന്നാല്‍, ഇതിനിടയില്‍ വാതിലിന്റെ പിടി അടര്‍ന്ന് മാറിയിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ അവര്‍ക്കും ചുറ്റും വട്ടം കൂടി നിന്ന് അവരെ ശാന്തയാക്കന്‍ ശ്രമിച്ചുകൊണ്ടിരുന്നു. പറക്കുന്ന വിമാനത്തിലായിരുന്നു ഇതെല്ലാം സംഭവിച്ചതെന്ന് ഓര്‍ക്കണം.
തുടര്‍ന്ന് സുരക്ഷാ കാരണങ്ങളാല്‍ പൈലറ്റ് വിമാനം ബാരിയില്‍ ഇറക്കുകയായിരുന്നു. പോലീസും ഫയര്‍ സര്‍വ്വീസും ഉള്‍പ്പടെ എമര്‍ജന്‍സി വിഭാഗം വിമാനമിറങ്ങിയ ഉടന്‍ തന്നെ അതിന് സമീപത്തെത്തി. യാത്രക്കാരെ മുഴുവന്‍ വിമാനത്തില്‍ നിന്നിറക്കുകയും ചെയ്തു. പ്രശ്‌നക്കാരിയായ പതിനാറുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു.