കേരളത്തെ വരിഞ്ഞുമുറുക്കി കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം; വായ്പാ നിയന്ത്രണവും വിഹിതം വെട്ടിക്കുറയ്ക്കലും സംസ്ഥാനത്തെ കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കും; ഏത് പ്രതിസന്ധിയിലും ജനപക്ഷത്ത് നില്‍ക്കുമെന്നും കടമെടുപ്പ് പരിധിയിലെ നിയന്ത്രണങ്ങള്‍ മറികടക്കാന്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടുമെന്നും മുഖ്യമന്ത്രി; ഖജനാവില്‍ ഒന്നുമില്ലാതെയാകും

Update: 2025-12-19 03:33 GMT

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക സ്വയംഭരണാധികാരത്തിന് മേല്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ വെട്ടികുറയ്ക്കല്‍ സംസ്ഥാനത്തെ സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക് നയിക്കും. കടമെടുപ്പ് പരിധിയില്‍ വരുത്തിയ വന്‍ വെട്ടിക്കുറയ്ക്കലും ജിഎസ്ടി നഷ്ടപരിഹാരം നിര്‍ത്തലാക്കിയതും ഉള്‍പ്പെടെയുള്ള നടപടികള്‍ കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് കനത്ത പ്രഹരമേല്‍പ്പിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വിലയിരുത്തുന്നു. ഫെഡറല്‍ തത്വങ്ങളെ കാറ്റില്‍പ്പറത്തിക്കൊണ്ടുള്ള മോദി സര്‍ക്കാരിന്റെ ഈ നീക്കങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം സംസ്ഥാന സര്‍ക്കാര്‍ ശക്തമായി ഉന്നയിക്കുകയാണ്.

സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ കേന്ദ്രം ഏര്‍പ്പെടുത്തിയ പുതിയ നിബന്ധനകളാണ് നിലവിലെ ഏറ്റവും വലിയ തിരിച്ചടി. കിഫ്ബി , പെന്‍ഷന്‍ കമ്പനി എന്നിവ എടുത്ത വായ്പകള്‍ സംസ്ഥാനത്തിന്റെ പൊതുവായ്പയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയ നടപടി വഴി ഏകദേശം 5,944 കോടി രൂപയുടെ കുറവാണ് ഇത്തവണ മാത്രം ഉണ്ടായത്. ഇത്തരത്തില്‍ വര്‍ഷാവര്‍ഷം വന്‍തുക വെട്ടിക്കുറയ്ക്കുന്നത് വഴി സംസ്ഥാനത്തിന്റെ ദൈനംദിന ചെലവുകള്‍ക്ക് പോലും പണമില്ലാത്ത അവസ്ഥ സംജാതമാകും. ക്ഷേമ പെന്‍ഷന്‍ പോലും അവതാളത്തിലാകും.

ഇതിനെതിരെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ദേശീയ പാത അതോറിറ്റിയോ മറ്റ് കേന്ദ്ര ഏജന്‍സികളോ എടുക്കുന്ന വായ്പകള്‍ കേന്ദ്ര സര്‍ക്കാരിന്റെ കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തുന്നില്ല. എന്നാല്‍ കേരളം വികസന പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച ഏജന്‍സികളെ കടത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നത് വിവേചനപരമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടുന്നു. കേരളത്തിന്റെ വളര്‍ച്ചയെ തടയാനുള്ള ഗൂഢാലോചനയാണിതെന്നാണ് സര്‍ക്കാര്‍ പക്ഷം.

ജിഎസ്ടി നടപ്പിലാക്കിയതോടെ സംസ്ഥാനങ്ങളുടെ നികുതി പിരിക്കാനുള്ള അധികാരം പരിമിതപ്പെട്ടിരുന്നു. ഇതിന് പകരമായി നല്‍കിയിരുന്ന ജിഎസ്ടി നഷ്ടപരിഹാരം നിര്‍ത്തലാക്കിയതോടെ കേരളത്തിന് വര്‍ഷം തോറും 12,000 കോടി രൂപയുടെ വരുമാന നഷ്ടമാണ് ഉണ്ടായത്. ഇതിന് പുറമെ കേന്ദ്ര നികുതി വിഹിതത്തില്‍ കേരളത്തിനുള്ള വിഹിതം 3.8 ശതമാനത്തില്‍ നിന്നും 1.9 ശതമാനമായി പകുതിയായി കുറച്ചതും സാമ്പത്തിക തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക ക്ഷേമം എന്നീ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങളെ ശിക്ഷിക്കുന്ന തരത്തിലാണ് കേന്ദ്ര ധനകാര്യ കമ്മീഷനുകളുടെ മാനദണ്ഡങ്ങളെന്ന് ബാലഗോപാല്‍ ആരോപിക്കുന്നു.

ജനസംഖ്യ നിയന്ത്രിക്കുന്നതിലും വികസന സൂചികകള്‍ മെച്ചപ്പെടുത്തുന്നതിലും വിജയിച്ച സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ഫണ്ട് നല്‍കുന്നതിന് പകരം അവരെ വെട്ടിക്കുറയ്ക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ നല്‍കുന്നതില്‍ പോലും തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന വിധത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടലുകള്‍ എന്നാണ് ആരോപണം. 60 ലക്ഷത്തോളം പേര്‍ക്ക് നല്‍കുന്ന ക്ഷേമ പെന്‍ഷന്‍ മുടങ്ങുന്ന സാഹചര്യം സൃഷ്ടിച്ച് ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിനെതിരെ വികാരം ഉണ്ടാക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത്.

എന്നാല്‍ ഏത് പ്രതിസന്ധിയിലും ജനപക്ഷത്ത് നില്‍ക്കുമെന്നും കടമെടുപ്പ് പരിധിയിലെ നിയന്ത്രണങ്ങള്‍ മറികടക്കാന്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുണ്ട്. റവന്യൂ കമ്മി ഗ്രാന്റ് നല്‍കുന്നതിലും കേന്ദ്രം വന്‍തോതില്‍ കുറവ് വരുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ലഭിച്ചിരുന്ന തുകയുടെ പകുതി പോലും ഈ വര്‍ഷം അനുവദിച്ചിട്ടില്ല.

Tags:    

Similar News