അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ ബാബുവിന് തിരിച്ചടി; ഇഡി കുറ്റപത്രം സമര്‍പ്പിച്ചു; എക്‌സൈസ് മന്ത്രിയായിരിക്കെ ബാബുവിന്റെ സ്വത്തില്‍ പതിന്‍മടങ്ങ് വര്‍ധന ഉണ്ടായെന്ന് ഇഡി; 25.82 ലക്ഷത്തിന്റെ സ്വത്ത് കണ്ടുകെട്ടി ഒരുവര്‍ഷം പിന്നിടുമ്പോള്‍ കുറ്റപത്രം

കെ ബാബുവിന് എതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം

Update: 2025-03-26 11:40 GMT

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ ബാബുവിന് എതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം. കഴിഞ്ഞ വര്‍ഷം, കെ ബാബുവിന്റെ 25.82 ലക്ഷത്തിന്റെ സ്വത്ത് ഇഡി കണ്ടുകെട്ടിയിരുന്നു. 2007 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് കെ ബാബു അനധികൃതമായി സ്വത്ത് സമ്പാദിച്ചതെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. വിജിലന്‍സ് കേസിന്റെ അടിസ്ഥാനത്തിലായിരുന്നു ഇഡി അന്വേഷണം.

2016 ഓഗസ്റ്റ് 31നാണു വിജിലന്‍സ് ബാബുവിനെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്. നിയമവിരുദ്ധമായി നേടിയ പണം ബാബു സ്ഥാവര ജംഗമ വസ്തുക്കളായി വാങ്ങി സ്വത്തിന്റെ ഭാഗമാക്കിയെന്നാണ് ഇ.ഡിയുടെ ആരോപണം.

കേസില്‍ 2020 ജനുവരി 22നാണ് ഇ.ഡി. മുന്‍മന്ത്രി ബാബുവിന്റെ മൊഴി രേഖപ്പെടുത്തിയത്. നൂറ് കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണു വിജിലന്‍സ് സമര്‍പ്പിച്ച എഫ്‌ഐആറിലുണ്ടായിരുന്നത്. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ അത് 25 ലക്ഷം രൂപയായി കുറഞ്ഞു.

ജനപ്രതിനിധിയെന്ന എന്ന നിലയില്‍ പലപ്പോഴായി സര്‍ക്കാരില്‍ നിന്നു കൈപ്പറ്റിയ 40 ലക്ഷം രൂപ വിജിലന്‍സ് പരിഗണിച്ചില്ലെന്നും ഇ.ഡിയെ ബാബു അറിയിച്ചിരുന്നു. എന്നാല്‍ വിജിലന്‍സ് കണ്ടെത്തിയ 25.82 ലക്ഷം രൂപയ്ക്കു തുല്യമായ സ്വത്തു കണ്ടുകെട്ടുന്ന നടപടിയിലേക്ക് ഇ.ഡി. കടക്കുകയായിരുന്നു.

ബാര്‍ കോഴ ആരോപണത്തില്‍ വിജിലന്‍സ് കേസെടുത്തതിന് പിന്നാലെയാണ് ഇഡിയും അന്വേഷണം തുടങ്ങിയത്. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ എക്‌സൈസ് മന്ത്രിയായിരിക്കെ ബാബുവിന്റെ സ്വത്തില്‍ പതിന്‍മടങ്ങ് വര്‍ധന ഉണ്ടായെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ 2020 ജനുവരിയില്‍ കൊച്ചിയിലെ ഓഫീസില്‍ വിളിച്ചുവരുത്തി ബാബുവിനെ ഇഡി ചോദ്യം ചെയ്തിരുന്നു.

Tags:    

Similar News