പിണറായി സര്‍ക്കാര്‍ പാലക്കാട് മദ്യ ഉത്പാദനത്തിന് അനുമതി നല്‍കുന്നത് നായനാര്‍ മന്ത്രിസഭയുടെ തീരുമാനം മറികടന്ന്; ജലദൗര്‍ലഭ്യമെന്ന പഞ്ചായത്ത് അഭിപ്രായം വകവയ്ക്കാതെ മന്ത്രി എം.ബി രാജേഷ്; ഇടതു മുന്നണിയില്‍ പോലും ചര്‍ച്ച ചെയ്യാതെ കൈക്കൊണ്ട തീരുമാനത്തിനു പിന്നില്‍ ദുരൂഹത; അഴിമതി ആരോപണവും സജീവം

Update: 2025-10-29 05:44 GMT

പാലക്കാട്: എലപ്പുള്ളി പഞ്ചായത്തില്‍ ബ്രൂവറി സ്ഥാപിക്കാന്‍ പിണറായി സര്‍ക്കാര്‍ അനുമതി നല്‍കുന്നത് 1999 ലെ ഇ.കെ നായനാര്‍ മന്ത്രിസഭയുടെ തീരുമാനം മറികടന്ന്. സംസ്ഥാനത്ത് മദ്യ ഉത്പാദനത്തിന് സ്വകാര്യ കമ്പനികള്‍ക്ക്് അനുമതി നല്‍കേണ്ടെന്നും എലപ്പുള്ളിയില്‍ ജലദൗര്‍ലഭ്യം രൂക്ഷമാണെന്നുമുള്ള സര്‍ക്കാര്‍ തീരുമാനം മാറ്റിവച്ച് പുതിയ ബ്രൂവറി സ്ഥാപിക്കാന്‍ തീരുമാനിച്ചത് ഇടതുമുന്നണിയില്‍ പോലും ചര്‍ച്ച ചെയ്യാതെയാണ്. ലഭ്യത കുറച്ചു കൊണ്ടുള്ള മദ്യവര്‍ജ്ജനമാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ച ഇടതു സര്‍ക്കാര്‍ മദ്യം ഒഴുക്കാനാണ് ശ്രമിക്കുന്നതെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി. ബ്രൂവറിക്കെതിരെയുള്ള പഞ്ചായത്തിന്റെ ഭൂരിപക്ഷ അഭിപ്രായം അവഗണിച്ച് മദ്യം ഉത്പാദിപ്പിക്കാനുള്ള മന്ത്രിയുടെ നീക്കത്തിന് പിന്നില്‍ ഗൂഢ താല്‍പര്യമെന്ന് എലപ്പുള്ളി പഞ്ചായത്ത്. ബ്രൂവറി സ്ഥാപിക്കാനുള്ള എക്‌സൈസ് മന്ത്രിയുടെ പ്രത്യേക താല്‍പര്യത്തിന് പിന്നില്‍ അഴിമതിയാണെന്നും ആരോപണം ഉയരുന്നു.

ചാരായ നിരോധനം വന്നപ്പോള്‍ എലപ്പുള്ളി പഞ്ചായത്തിലെ സര്‍ക്കാര്‍ സ്ഥാപനമായ ചിറ്റൂര്‍ സഹകരണ പഞ്ചസാര ഫാക്ടറി ഡിസ്റ്റിലറിയില്‍ വിദേശമദ്യ ഉത്പാദനത്തിന് പദ്ധതിയിട്ട് മുന്നോട്ടു പോയിരുന്നു. പക്ഷെ, പിന്നീട് അധികാരത്തിലെത്തിയ ഇടതു സര്‍ക്കാര്‍ അതിനു തടയിട്ടു. ജലദൗര്‍ലഭ്യം ചൂണ്ടിക്കാണിച്ചാണ് മദ്യ ഉത്പാദനത്തിനുള്ള നീക്കം സര്‍്ക്കാര്‍ അവസാനിപ്പിച്ചത്. ഇപ്പോള്‍ വിദേശമദ്യ യൂണിറ്റ് ആരംഭിക്കാന്‍ മുന്‍കൈയെടുക്കുന്നതും ഇടതു സര്‍ക്കാര്‍ തന്നെയാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ജലദൗര്‍ലഭ്യം ഉണ്ടായിരുന്ന സ്ഥലത്ത്, ഇപ്പോള്‍ അതിരൂക്ഷമായി അതു മാറിയ സാഹചര്യത്തിലാണ് പുതിയ ബ്രൂവറി ആരംഭിക്കാന്‍ സര്‍ക്കാര്‍ തിടുക്കം കാണിക്കുന്നത്. എലപ്പുള്ളിയില്‍ 24 ഏക്കറില്‍ മഴവെള്ളം കൊണ്ട് ഡിസ്റ്റിലറിയും ബ്രൂവറിയും പ്രവര്‍ത്തിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. മഴവെള്ളം ഉപയോഗിച്ച് രാജ്യത്ത് ഒരു ഡിസ്റ്റിലറിയും പ്രവര്‍ത്തിക്കുന്നില്ല. സംസ്ഥാനത്ത് സ്വകാര്യ കമ്പനികള്‍ക്ക് അനുമതി നല്‍കേണ്ടെന്ന് 1999 ല്‍ മന്ത്രിസഭ തീരുമാനിച്ചു. മീനാക്ഷിപുരത്ത് കമ്പനി തുടങ്ങാന്‍ സണ്‍ കെമിക്കല്‍സ് അനുമതിക്കായി പെരുമാട്ടി പഞ്ചായത്തില്‍ അപേക്ഷ നല്‍കിയെങ്കിലും കൊക്കാകോളാ വിവാദം നടക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നു. പിന്നീട് പുതുശേരി പഞ്ചായത്തില്‍ ആരംഭിക്കാന്‍ അനുമതി ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചു. എന്നാല്‍, അന്നത്തെ എക്‌സൈസ് മന്ത്രിയായിരുന്ന പി.കെ ഗുരുദാസന്‍ 1999 ലെ മന്ത്രിസഭാ തീരുമാനം ചൂണ്ടിക്കാട്ടി അനുമതി നിഷേധിക്കുകയായിരുന്നു.

പാലക്കാട് എലപ്പുള്ളി പഞ്ചായത്തില്‍ ഒയാസിസ് എന്ന കമ്പനിക്ക് ബ്രൂവറി സ്ഥാപിക്കാന്‍ അനുമതി നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കമാണ് വീണ്ടും വിവാദമാകുന്നത്. തദ്ദേശീയമായുള്ള മദ്യത്തിന്റെ ഉത്പാദനം വര്‍ധിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന മന്ത്രി എം ബി രാജേഷിന്റെ നിലപാടും ഇടപെടലുകളുമാണ് വിമര്‍ശന വിധേയമാകുന്നത്. ഘട്ടംഘട്ടമായി മദ്യത്തിന്റെ ലഭ്യത കുറയ്ക്കുകയും മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ച കേരളത്തിലെ ഇടത് സര്‍ക്കാര്‍ മദ്യം ഒഴുക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി ആരോപിച്ചു. ബ്രൂവറി വിഷയത്തില്‍ എലപ്പുള്ളി പഞ്ചായത്തിലെ ജനങ്ങള്‍ കക്ഷിഭേദമില്ലാതെ പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. ജലചൂഷണം അനുവദിക്കില്ലെന്നായിരുന്നു പഞ്ചായത്ത് ഭരണ സമിതിയുടെ പ്രതികരണം. എന്നാല്‍ ബ്രൂവറി സ്ഥാപിക്കുന്നത് ജലചൂഷണത്തിന് കാരണമാകില്ലെന്ന് എക്സൈസ് വകുപ്പ് അഭിപ്രായപ്പെട്ടു. ബ്രൂവറിക്ക് മലമ്പുഴ ഡാമില്‍ നിന്നും വെള്ളം എത്തിക്കുമെന്നാണ് ജലസേചന വകുപ്പിന്റെ വിശദീകരണം.

എന്നാല്‍, കാര്‍ഷികാവശ്യത്തിനല്ലാതെ മലമ്പുഴയില്‍ നിന്നും വെള്ളം എത്തിക്കുന്നത് ചട്ടവിരുദ്ധമാണെന്നതിനാല്‍ അതും വിവാദമാകുകയാണ്. തുടര്‍ന്ന്, ബ്രൂവറി പ്രദേശത്തു തന്നെ മഴവെള്ള സംഭരണി പണിത് വെള്ളം ശേഖരിക്കുമെന്നും, ഈ വെള്ളം ഉപയോഗിച്ചായിരിക്കും ബ്രൂവറി പ്രവര്‍ത്തിക്കുകയെന്നും സി.പി.എം സംസ്ഥാന നേതൃത്വം വ്യക്തമാക്കി. ഘടകകക്ഷിയായ സിപിഐയുമായി ചര്‍ച്ച ചെയ്യാതെ മദ്യനയത്തില്‍ മാറ്റം വരുത്തിയെന്ന ആരോപണവും ഇതു സംബന്ധിച്ച് ഉയര്‍ന്നു. ഈ നീക്കത്തിനെതിരെ കടുത്ത നിലപാടുമായി സി.പി.ഐ രംഗത്തെത്തിയതോടെ മുന്നണിയില്‍ വലിയ തര്‍ക്കത്തിന് ബ്രൂവറി വിഷയം കാരണമായി. ബ്രൂവറിയുമായി മുന്നോട്ടുപോകുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതേത്തുടര്‍ന്ന് എക്സൈസ് മന്ത്രി എം.ബി രാജേഷ് സി.പി.ഐയുടെ ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ചര്‍ച്ച നടത്തിയതോടെ സി.പി.ഐയുടെ പ്രതിഷേധം ശമിക്കുകയായിരുന്നു. പദ്ധതിക്കായി ഏറ്റെടുത്ത സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞിരുന്നു. ഇതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. ബ്രൂവറിക്ക് അനുമതി നല്‍കരുതെന്ന് ഗ്രാമസഭ തീരുമാനമെടുക്കുകയും ചെയ്തു.

ജലക്ഷാമം രൂക്ഷമാിരിക്കുന്ന ഒരു ഗ്രാമത്തില്‍ ദിനംപ്രതി വന്‍തോതില്‍ ജലം ആവശ്യമായി വരുന്ന ഇത്തരം പദ്ധതികള്‍ ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന നിലപാടാണ് പഞ്ചായത്തിന്‍െ്റത്. കമ്പനി തുടങ്ങാനാരിക്കുന്ന 26 ഏക്കര്‍ ഭൂമി രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്ന സ്ഥലമാണെന്നും പഞ്ചായത്ത് പ്രസിഡന്‍്റ് രേവതി ബാബു പറയുന്നു. പഞ്ചായത്ത് പരമാധികാര റിപ്പബ്ലിക് അല്ലെന്ന മറുപടിയുമായി, പ്രാദേശിക എതിര്‍പ്പുകള്‍ വകവക്കാതെ മന്നോട്ടു പോകാനണ് എക്സൈസ് മന്ത്രിയുടെ തീരുമാനം. ജലത്തിന്‍െ്റ ലഭ്യതയെക്കുറിച്ചെല്ലാം സംസാരിച്ചതാണെന്നും ആവശ്യമില്ലത്ത വിഷയമാണ് ഇവിടെ ഉയര്‍ത്തുന്നതെന്നും മന്ത്രി ആരോപിക്കുന്നു. തദ്ദേശീയമായി മദ്യോത്പാദനം വര്‍ധിപ്പിക്കുകയും വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്യണമെന്നുമാണ് മന്ത്രിയുടെ അഭിപ്രായം. മന്ത്രിയുടെ അമിത താല്‍പര്യത്തിനു പിന്നില്‍ അഴിമതിയാണെന്നാണ് ആരോപണം ഉയരുന്നത്. കോണ്‍ഗ്രസ് ഭരണത്തിലിരിക്കുന്ന എലപ്പുള്ളി പഞ്ചായത്ത് ഭരണസമിതിക്കെതിരെ സിപിഎം അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. പ്രസിഡന്റ് രേവതി ബാബു, വൈസ് പ്രസിഡന്റ് സുനില്‍ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് അവിശ്വാസം കൊണ്ടുവന്നത്. ഇത് പാസാവാതെ വന്നതോടെയാണ് പഞ്ചായത്തിന്റെ അനുമതി ആവശ്യമില്ലെന്ന നിലപാടുമായി എക്സൈസ് മന്ത്രി രംഗത്തു വന്നത്.

Similar News