എമ്പുരാന്റെ ചെലവ് 175 കോടി തന്നെ; ആന്റണി പെരുമ്പാവൂര്‍ അന്ന് പിണങ്ങിയത് മിച്ചം! മാപ്പ് പറഞ്ഞ് പ്രതിസന്ധികള്‍ ഒഴിവാക്കിയ പ്രൊഡ്യൂസറുടെ ബിഗ് ബജറ്റ് സിനിമയുടെ ചെലവ് കണക്ക് ഒടുവില്‍ പുറത്ത്; മാര്‍ച്ചിലെ അഞ്ചു ദിവസം കൊണ്ട് കേരളത്തില്‍ നിന്നും കിട്ടിയത് 24 കോടി മാത്രം; 300 കോടി ക്ലബ്ബിലെ വസ്തുത അടുത്ത മാസം അറിയാം; മോളിവുഡില്‍ മാര്‍ച്ചിലെ ചിത്രങ്ങള്‍ നല്‍കിയത് നിരാശക്കണക്ക്
കൊച്ചി: മലയാള സിനിമയിലെ നഷ്ടകണക്ക് പുറത്തുവിട്ട് നിര്‍മാതാക്കള്‍. തീയറ്റര്‍ ഷെയറും ബജറ്റുമാണ് പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍ പുറത്തുവിട്ടത്. മാര്‍ച്ചില്‍ റിലീസ് ചെയ്ത 15 ചിത്രങ്ങളില്‍ 14ലും നഷ്ടത്തിലെന്ന് നിര്‍മാതാക്കള്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. തീയറ്ററില്‍ പൃഥ്യിരാജ്-മോഹന്‍ലാല്‍ ചിത്രമായ എമ്പുരാന്‍ മാര്‍ച്ച് മാസത്തില്‍ വമ്പന്‍ ഇന്‍ഷ്യല്‍ നേടിയെന്നും സമ്മതിക്കുന്നു. 175 കോടിയലധികം മുതല്‍ മുടക്കില്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം ആദ്യത്തെ അഞ്ച് ദിവസം കൊണ്ട് 24 കോടിയലധികം നേടി. മാര്‍ച്ചില്‍ ഇറങ്ങിയ സിനിമകളില്‍ മിക്കതും തീയറ്ററുകളില്‍ നിന്ന് മുതല്‍ മുടക്ക് പോലും നേടിയിട്ടില്ല എന്നാണ് കണക്കുകള്‍. നേരത്തെ രണ്ട് തവണ നിര്‍മാതാക്കളുടെ സംഘടന സിനിമകളുടെ കണക്കുകള്‍ പുറത്തുവിട്ടിരുന്നു.
മാര്‍ച്ച് മാസം റിലീസ് ചെയ്ത അഭിലാഷം, എമ്പുരാന്‍, വടക്കന്‍, ഔസേപ്പിന്റെ ഒസ്യത്ത്, പരിവാര്‍ എന്നീ ചിത്രങ്ങള്‍ മാത്രമാണ് ഇപ്പോഴും പ്രദര്‍ശനം തുടരുന്നതെന്ന് അസോസിയേഷന്‍ അറിയിച്ചു. ആറ് ചിത്രങ്ങള്‍ ഒരു ലക്ഷത്തില്‍ താഴെ മാത്രമാണ് നേടിയത്. 85 ലക്ഷം മുതല്‍ മുടക്കില്‍ നിര്‍മിച്ച 'ആരണ്യം' നേടിയത് 22000 രൂപ മാത്രമാണ്. നാല് കോടിയിലധികം മുടക്കിയ 'ഔസേപ്പിന്റെ ഒസ്യത്ത്' തീയറ്ററില്‍ നിന്ന് നേടിയിരിക്കുന്നത് 45 ലക്ഷം മാത്രമാണ്. രണ്ടുകോടിയിലധികം രൂപ മുടക്കി നിര്‍മിച്ച 'പരിവാര്‍' നേടിയത് 26 ലക്ഷം മാത്രമാണ്. എമ്പുരാനും ലാഭത്തിലായോ എന്ന് വ്യക്തമല്ല. അതിന് ഏപ്രില്‍ മാസത്തെ കണക്ക് പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ പുറത്തു വിടണം. വരവും ചെലവും ചര്‍ച്ചയാക്കുന്ന നടപടി സാങ്കേതിക പ്രവര്‍ത്തകര്‍ക്കും നായക നടന്മാര്‍ക്കും പ്രതിസന്ധിയാണ്. എമ്പുരാന്റെ ചെലവ് കണക്ക് പുറത്തു പറഞ്ഞതാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നേതാവ് ജി സുരേഷ് കുമാറും എമ്പുരാന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരുമായുള്ള തര്‍ക്കത്തിന് കാരണം. അന്ന് ജി സുരേഷ് കുമാര്‍ പറഞ്ഞ കണക്ക് ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തു വന്ന വിവരങ്ങളും. 175 കോടി തിരിച്ചു പിടിക്കാന്‍ എമ്പുരാന് കരുത്തുണ്ടോ എന്നാണ് ഉയരുന്ന ചോദ്യം. എമ്പുരാന്റെ കളക്ഷന്‍ 300 കോടി ക്ലബ്ബിലെത്തിയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ഇതിലെ വൈരുദ്ധ്യങ്ങള്‍ ചര്‍ച്ചകളില്‍ നിറയുമ്പോഴാണ് പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ ആദ്യ അഞ്ചു ദിവസത്തെ കളക്ഷന്‍ പുറത്തു പറയുന്നത്.
മാര്‍ച്ച് റിലീസുകളില്‍ ഏറ്റവും കുറവ് കളക്ഷന്‍ ലഭിച്ചിരിക്കുന്നത് മറുവശം, പ്രളയശേഷം ഒരു ജലകന്യക, ആരണ്യം, കാടകം, ലീച്ച്, വെയ്റ്റിംഗ് ലിസ്റ്റ്, എന്നീ ചിത്രങ്ങള്‍ക്കാണ്. എമ്പുരാന്‍ കൂടാതെ അഭിലാഷം, വടക്കന്‍, പരിവാര്‍, ഔസേപ്പിന്റെ ഒസ്യത്ത് എന്നീ ചിത്രങ്ങള്‍ ഇപ്പോഴും തിയേറ്ററില്‍ തുടരുന്നുണ്ട്. ഇത് മൂന്നാം തവണയാണ് സിനിമയുടെ ബജറ്റും ഷെയറും നിര്‍മാതാക്കളുടെ അസോസിയേഷന്‍ പുറത്തുവിടുന്നത്. ജനുവരിയില്‍ റിലീസ് ചെയ്ത 28 സിനിമകളുടെ ബജറ്റും ഇവ കേരളത്തിലെ തിയറ്ററുകളില്‍ നിന്നും നേടിയ ഷെയറും നേരത്തെ പുറത്തുവിട്ടിരുന്നു. ജനുവരി മാസത്തിലെ മാത്രം നഷ്ടം 110 കോടിയായിരുന്നു. ഫെബ്രുവരി മാസത്തെ ലിസ്റ്റ് മാര്‍ച്ച് 19 ന് എത്തിയിരുന്നുവെങ്കില്‍ മാര്‍ച്ച് ലിസ്റ്റ് ഇന്നാണ് പുറത്തെത്തുന്നത്. എമ്പുരാന്റെ കളക്ഷന്‍ പുറത്തു വിടുന്നതിലെ പ്രശ്‌നമായിരുന്നു ഇതിന് കാരണം. പക്ഷേ ഈ മാസം കണക്ക് പുറത്തു വിട്ടില്ലെങ്കില്‍ അത് സംഘടനയുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തിലാണ് കണക്ക് പുറത്തു വിട്ടത്. 175 കോടി ചെലവാക്കിയ സിനിമയ്ക്ക് ലാഭം കിട്ടണമെങ്കില്‍ 300 കോടിയുടെ ബിസിനസ്സ് നടക്കേണ്ടതുണ്ടെന്നതാണ് വസ്തുത. മലയാളത്തിലെ ഏറ്റവും പണവാരി ചിത്രമായി എമ്പുരാന്‍ മാറുമെന്ന് ഉറപ്പാണ്. അങ്ങനെ സംഭവിച്ചാല്‍ പോലും ചെലവ് തുക മുഴുവനായി കിട്ടില്ലെന്ന വിലയിരുത്തല്‍ ഇപ്പോഴും സജീവമാണ്.
മാര്‍ച്ചില്‍ ഇറങ്ങിയ 16 സിനിമകളുടെ ആകെ മുടക്ക് 194 കോടിയിലധികമാണ്. ഇതില്‍ തിയറ്റര്‍ ഷെയര്‍ ആയി തിരികെ ലഭിച്ചത് 25 കോടി 88 ലക്ഷത്തില്‍പ്പരം രൂപ മാത്രമാണ്. ചെറിയ മുതല്‍ മുടക്കില്‍ നിര്‍മിക്കുന്ന ചിത്രങ്ങള്‍ പോലും തിയറ്ററുകളില്‍ രക്ഷപ്പെടുന്നില്ല. 3,65,6000 രൂപ മുടക്കിയ വടക്കനും നേടിയത് 20 ലക്ഷം മാത്രം. 70 ലക്ഷം രൂപ മുടക്കുമുതലില്‍ എടുത്ത ദാസേട്ടന്റെ സൈക്കിള്‍ എന്ന ചിത്രം 8 ലക്ഷം മാത്രമാണ് തിയറ്ററില്‍ നിന്ന് നേടിയത്. ഒടിടി സാറ്റലൈറ്റ് കണക്കുകളാണ് ഇനി ലഭിക്കാനുള്ളത്. പക്ഷേ, തിയറ്ററില്‍ പരാജയപ്പെടുന്ന ചിത്രങ്ങള്‍ക്ക് ഒടിടിയില്‍ ഇപ്പോള്‍ വലിയ മാര്‍ക്കറ്റില്ല. സിനിമാ വ്യവസായത്തിലെ പ്രതിസന്ധി തുടരുകയാണെന്ന് നിര്‍മാതാക്കളുടെ വാദം ശരിവെക്കുന്നതാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന കണക്കുകള്‍. പ്രസിദ്ധീകരിച്ചിരിക്കുന്ന കണക്കുകള്‍ നിര്‍മാതാക്കള്‍ക്ക് കേരളത്തിലെ തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്ന ഷെയറുകള്‍ മാത്രമാണെന്നും ഈ കണക്കുകള്‍ ലഭിച്ചത് വിതരണക്കാരില്‍ നിന്നും തിയറ്ററുകളില്‍ നിന്നുമാണെന്നും നിര്‍മ്മാതാക്കളുടെ സംഘടന പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
മറ്റ് വരുമാന സ്രോതസ്സുകളായ ഒ.ടി.ടി, സാറ്റലൈറ്റ്, കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങള്‍, ഇന്ത്യക്ക് വെളിയില്‍ നിന്നുള്ള കലക്ഷന്‍, മറ്റ് ഓഡിയോ വിഡിയോ റൈറ്റ്‌സുകളില്‍ നിന്നും ലഭിക്കുന്ന വരുമാനം ഇവയെല്ലാം അതാത് ചിത്രങ്ങളുടെ നിര്‍മ്മാതാവിന് മാത്രമേ അറിവുള്ളൂ. ഇപ്പോള്‍ പ്രദര്‍നത്തിലിരിക്കുന്നു എന്ന് കാണിച്ചിട്ടുള്ള സിനിമകള്‍ മാര്‍ച്ച് 31നു ശേഷവും കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു വരുന്നതാണ് എന്നും അന്തിമ കണക്ക് നിര്‍മ്മാതാവിന്റെ പക്കല്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ എന്നും നിര്‍മാതാക്കളുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.