കേരളത്തില്‍ നിന്നും കിറ്റക്‌സിനെ തെലുങ്കാനയിലേക്ക് ഓടിച്ചവര്‍ തമിഴ്‌നാട്ടിലും പണിയെടുക്കുന്നു! സാംസങ് ഇന്ത്യയുടെ പ്ലാന്റിലെ തൊഴിലാളി സമരത്തില്‍ വിറളി പിടിച്ച് മുഖ്യമന്ത്രി സ്റ്റാലിന്‍; ഡിഎംകെയുടെ 'വ്യവസായ സൗഹൃദ അന്തരീക്ഷം' എന്ന മുദ്രാവാക്യം പൊളിയ്ക്കുമോ സിഐടിയു?
തമിഴ്‌നാടിന്റെ പ്രതിച്ഛായ മോശമാക്കുന്ന സിഐടിയു സമരത്തില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന് വലിയ പ്രതിഷേധമുണ്ടെന്നാണ് സൂചന.
ചെന്നൈ: തൊഴിലാളികള്‍ സമരംതുടരുന്ന സാഹചര്യത്തില്‍ സാംസങ് ഇലക്ട്രോണിക്‌സിന്റെ നിര്‍മാണ പ്ലാന്റ് തമിഴ്‌നാട്ടില്‍നിന്ന് മാറ്റുമെന്ന് അഭ്യൂഹം പടരുമ്പോള്‍ ആശങ്കയില്‍ തമിഴ്‌നാട് സര്‍ക്കാര്‍. മന്ത്രിമാര്‍ ഇടപെട്ടിട്ടും സമരം അവസാനിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണിത്. സിഐടിയുവാണ് സമര നേതൃത്വത്തിലുള്ളത്. തമിഴ്‌നാട്ടിലെ ഡിഎംകെയുടെ സഖ്യപാര്‍ട്ടിയാണ് സിപിഎം. രണ്ടു ലോക്‌സഭാ സീറ്റ് പോലും ഡിഎംകെയുടെ ഔദാര്യത്തില്‍ സിപിഎമ്മിന് കിട്ടുന്നു. എന്നിട്ടും അന്തര്‍ദേശീയ തലത്തില്‍ തമിഴ്‌നാടിന്റെ പ്രതിച്ഛായ മോശമാക്കുന്ന സിഐടിയു സമരത്തില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന് വലിയ പ്രതിഷേധമുണ്ടെന്നാണ് സൂചന.
ആന്ധ്രാപ്രദേശ് സാംസങ്ങിനെ ക്ഷണിച്ചതായുള്ള വാര്‍ത്തകളും വരുന്നുണ്ട്. നോയിഡയില്‍ സാംസങ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ പ്ലാന്റ് പ്രവര്‍ത്തിക്കുന്നതിനാല്‍ ഉത്തര്‍പ്രദേശും കമ്പനിയെ ക്ഷണിക്കുന്നു. മറ്റു സംസ്ഥാനങ്ങളിലേക്ക് നിര്‍മാണ അടിത്തറ മാറ്റുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിനെയും തൊഴിലാളികളെയും തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള കമ്പനിയുടെ നീക്കത്തിന്റെ ഭാഗമാണെന്ന നിരീക്ഷണവുമുണ്ട്. എന്നാല്‍ പ്ലാന്റ് തമിഴ്‌നാട് വിട്ടു പോകുന്നതിനെ ഡിഎംകെ താല്‍പ്പര്യപ്പെടുന്നില്ല. സമയം നീണ്ടു പോയാല്‍ അത് സംഭവിക്കുമെന്നും ഏവരും കരുതുന്നു. അതേസമയം, സംസ്ഥാനം വിടാന്‍ ആലോചിക്കുന്നില്ലെന്ന് സാംസങ് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഇത് സ്റ്റാലിന് ആശ്വാസമാണ്. എന്നാല്‍ സിപിഎമ്മും സിഐടിയുവും തുടരുന്ന കടുംപിടിത്തം സ്റ്റാലിന് തലവേദനയുമാണ്. തൊഴിലാളി സമരത്തിന് പരിഹാരം കാണാന്‍ സാധിക്കാതെ പോകുന്നതും കഴിഞ്ഞ ദിവസമുണ്ടായ പോലീസ് നടപടിയും ദ്രാവിഡ മുന്നേറ്റ കഴകം നയിക്കുന്ന ഭരണമുന്നണിയിലും വിള്ളല്‍ വീഴുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
മൂന്നുപതിറ്റാണ്ടായി ഇന്ത്യയില്‍ സാംസങ് ശക്തമായ സാന്നിധ്യമാണ്. കേന്ദ്രസര്‍ക്കാരിന്റെ 'മേക്ക് ഇന്‍ ഇന്ത്യ' സംരംഭത്തിലും തങ്ങള്‍ പ്രതിജ്ഞാബദ്ധമാണ്. തമിഴ്നാട്ടിലും മറ്റു സംസ്ഥാനങ്ങളിലും നിലവിലുള്ള നിര്‍മാണ അടിത്തറ തുടരുമെന്നും സാംസങ് അധികൃതര്‍ പറയുന്നു. ആവശ്യമായ പിന്തുണനല്‍കുന്ന തമിഴ്നാട് സര്‍ക്കാരിനോട് നന്ദിയും അറിയിച്ചു. തമിഴ്നാട്ടിലെ സാംസങ് ഇലക്ട്രോണിക്സ് പ്ലാന്റിലെ തൊഴിലാളികള്‍ നടത്തിവരുന്ന സമരം രണ്ടാം മാസത്തിലേക്ക് കടന്നിട്ടുണ്ട്. കേരളത്തില്‍ പല വ്യവസായ സ്ഥാപനങ്ങളും നാടുവിട്ടത് തൊഴില്‍ സമരങ്ങള്‍ കാരണമാണ്. അത്തരമൊരു സാഹചര്യം തമിഴ്‌നാട്ടിലുമെത്തുമോ എന്ന ആശങ്കയാണ് ഇതുയര്‍ത്തുന്നത്. കേരളത്തിലെ 'കിറ്റക്‌സിനെ' കേരളത്തില്‍ നിന്നും കെട്ടു കെട്ടിച്ചത് സിപിഎം ഇടപെടലുകളും നയവുമാണ്. അവര്‍ തെലുങ്കാനയില്‍ പോയി സുഖമായി വ്യവസായം നടത്തുന്നു. ഇതേ സാഹചര്യം തമിഴ്‌നാട്ടിലും എത്തുമോ എന്ന ചോദ്യമാണ് ഇതുയര്‍ത്തുന്നത്.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വ്യവസായ സൗഹൃദ അന്തരീക്ഷം തമിഴ്നാട്ടില്‍ നിലനില്‍ക്കുന്നെന്ന മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അവകാശവാദത്തിന് കനത്ത തിരിച്ചടികൂടിയാകുകയാണ് സമരം. അന്താരാഷ്ട്ര നിക്ഷേപം ആകര്‍ഷിക്കുന്നതിനായി സ്റ്റാലിന്‍ അമേരിക്കന്‍ പര്യടനം നടത്തുന്നതിനിടെയായിരുന്നു സെപ്റ്റംബറില്‍ സാംസങ്ങിലെ തൊഴിലാളി സമരം ആരംഭിക്കുന്നത്. തൊഴിലാളി സമരം അവഗണിച്ചുകൊണ്ടുള്ള സ്റ്റാലിന്‍ സര്‍ക്കാരിന്റെ നയങ്ങളില്‍ സിഐടിയുവും സിപിഐഎമ്മും അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. വിഷയം രമ്യമായി പരിഹരിക്കാന്‍ തമിഴ്നാട് സര്‍ക്കാരും ശ്രമിച്ചിരുന്നു. തൊഴിലാളി നേതാക്കളുമായും സാംസങ് മാനേജ്മെന്റുമായും ചര്‍ച്ച നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ മൂന്ന് മന്ത്രിമാരെ നിയോഗിച്ചു. എന്നാല്‍ ഇനിയും പ്രതിസന്ധി പരിഹരിക്കപ്പെട്ടില്ല.
അതേസമയം, തമിഴ്നാട് യൂണിറ്റിലെ തൊഴിലാളികളുടെ ശരാശരി പ്രതിമാസ ശമ്പളം ഇലക്ട്രോണിക്സ് നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്ന മറ്റ് തൊഴിലാളികളെക്കാള്‍ 1.8 മടങ്ങ് കൂടുതലാണെന്ന് സാംസങ് മാനേജ്മെന്റ് സര്‍ക്കാരിനെ അറിയിച്ചു. മെച്ചപ്പെട്ട വേതനം, തൊഴിലാളി യൂണിയനെ അംഗീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ആയിരക്കണക്കിന് തൊഴിലാളികളാണ് സമരം നടത്തുന്നത്. സമരം നടത്തിവരികയായിരുന്ന സിപിഎം നേതാവ് കെ ബാലകൃഷ്ണനേയും സിപിഐ നേതാവ് ആര്‍ മുത്തരശനെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ ഡിഎംകെ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഇടതുപാര്‍ട്ടികള്‍പ്രതിഷേധപ്രകടനവും സംഘടിപ്പിച്ചു. സെപ്റ്റംബര്‍ 9 മുതലാണ് തമിഴ്നാട്ടിലെ സാംസങ് ഇലക്ട്രോണിക്സിലെ തൊഴിലാളികള്‍ സമരം ആരംഭിച്ചത്.
സാംസങ് ഇന്ത്യ വര്‍ക്കേഴ്സ് യൂണിയനെ അംഗീകരിക്കണമെന്നായിരുന്നു ഇവരുടെ പ്രധാന ആവശ്യം. സിഐടിയുവും തമിഴ്നാട് സര്‍ക്കാരും സാംസങ് ഇന്ത്യ മാനേജ്മെന്റുമായി നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ അതിലൊന്നും സമവായം ഉണ്ടായില്ല. മികച്ച തൊഴിലന്തരീക്ഷം, മെച്ചപ്പെട്ട ശമ്പളം, എട്ട് മണിക്കൂര്‍ തൊഴില്‍ സമയം, സെന്റര്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍സിന് (സിഐടിയു) അംഗീകാരം തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സമരം. സമരത്തിന്റെ ഭാഗമായ 11 യൂണിയന്‍ നേതാക്കളെയാണ് തമിഴ്‌നാട് പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. സമരപന്തലുകള്‍ പോലീസുകര്‍ തകര്‍ത്തെന്നും ആരോപണമുണ്ട്. ഡിഎംകെയുടെ സഖ്യകക്ഷികളായ കോണ്‍ഗ്രസ്, സിപിഐ (എം), സിപിഐ, എംഡിഎംകെ, വിസികെ തുടങ്ങിയ പാര്‍ട്ടികളുടെ ഉന്നത നേതാക്കള്‍ സമരപന്തല്‍ സന്ദര്‍ശിക്കാനിരിക്കെയായിരുന്നു പോലീസ് നടപടി.
തൊഴിലാളികളൊട് നേരിട്ട് ചര്‍ച്ച ചെയ്യാമെന്നും തൊഴിലാളികളല്ലാത്ത നേതാക്കളുമായി ആശയവിനിമയത്തിന് തയാറല്ലെന്നുമാണ് സാംസങ് പറയുന്നത്. 2007ലാണ് സാംസങ് പ്ലാന്റ് ആരംഭിക്കുന്നത്. ഇതുവരെ തൊഴിലാളി പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് സാംസങ്ങിന്റെ വാദം. നിലവിലെ സമരം മറ്റ് പ്ലാന്റുകളിലേക്കും വ്യാപിക്കുമോയെന്ന ആശങ്കയും സാംസങ്ങിനുണ്ട്. ട്രേഡ് യൂണിയന്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നീക്കം തമിഴ്നാട് സര്‍ക്കാര്‍ തടഞ്ഞതോടെ സിഐടിയു മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.