സാങ്കേതികമായി മുന്നിട്ട് നില്‍ക്കുന്ന പുതിയ തലമുറയിലെ യുദ്ധ യൂണിറ്റ്; പുരാണങ്ങളില്‍ പരാമര്‍ശിക്കുന്ന ശിവന്റെ ഉഗ്രമായ രൂപത്തിന് സമാനം; നിര്‍ദ്ദേശം ലഭിച്ചാല്‍ അപ്പോള്‍ തന്നെ തിരിച്ചടി ആരംഭിക്കുന്ന കോള്‍ഡ് സ്‌ട്രൈക്ക് സൈനിക തന്ത്രം; ത്രിശൂലില്‍ കരുത്തു കാട്ടി രുദ്ര ബ്രിഗേഡ്; പാക്കിസ്ഥാനെ പാഠം പഠിപ്പിക്കാന്‍ പുതിയ യുദ്ധതന്ത്രം; ഇനി അതിവേഗ തിരിച്ചടിക്കാലം

Update: 2025-11-18 01:57 GMT

ന്യൂഡല്‍ഹി: പാക്കിസ്ഥാനെ ഇനി വെറുതെ വിടില്ല. ചെങ്കോട്ട ആക്രമണത്തോടെ ഇന്ത്യ കൂടുതല്‍ കരുതലിലേക്ക് പോകുന്നു. സൈനിക നീക്കം നടത്താന്‍ സംയോജിതവും വേഗതയേറിയതുമായ പുതിയ യുദ്ധ യൂണിറ്റ് ഇന്ത്യ തയ്യാറാക്കി കഴിഞ്ഞു. രുദ്ര ബ്രിഗേഡിന്റെ പ്രധാന ലക്ഷ്യത്തില്‍ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനവും ഉണ്ടാകും. പ്രകോപനം ഉണ്ടായാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ശത്രുതാവളം കണ്ടെത്തി പ്രഹരമേല്‍പ്പിക്കും. അന്താരാഷ്ട്ര ഇടപെടലുകള്‍ വരുന്നതിനുമുമ്പ്, ശത്രുരാജ്യത്തേക്ക് ആക്രമണം നടത്തുകയാണ് ലക്ഷ്യം. പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ നടന്ന ത്രിശൂല്‍ എന്ന സൈനിക അഭ്യാസത്തില്‍ രുദ്ര ബ്രിഗേഡ് കഴിവ് പ്രകടിപ്പിച്ചു. ആദ്യം അടിക്കുക, അതിവേഗം അടിക്കുക അതാണ് കോള്‍ഡ് സ്‌ട്രൈക്ക്. ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ചടി നല്‍കുക, അതുവഴി അന്താരാഷ്ട്ര സമൂഹം ഇടപെടുന്നതിന് മുന്‍പ് തന്നെ ശിക്ഷാ നടപടി പൂര്‍ത്തിയാക്കുക അതാണ് ലക്ഷ്യം. ആ സൈനിക നീക്കം നടത്താന്‍ സംയോജിതവും വേഗതയേറിയതുമായ പുതിയ യുദ്ധ യൂണിറ്റ് അതാണ് രുദ്ര ബ്രിഗേഡ്.

കരയിലും ആകാശത്തും ഒരേസമയം പ്രഹരം ഏല്‍പ്പിക്കും. കൃതമായി ലക്ഷ്യത്തിലേക്ക് ആക്രമണം നടത്താന്‍ സഹായിക്കുന്ന ഗൈഡഡ് പീരങ്കികളുടെ കരുത്ത് രുദ്രയ്ക്കുണ്ട്. ഇതിനൊപ്പം അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ വേഗതയും. പുതിയ കാല യുദ്ധ രീതികള്‍ ഉള്‍ക്കൊണ്ടുള്ള ഏറ്റവും ആധുനികമായ സൈനിക ഗ്രൂപ്പാണ് രുദ്ര ബ്രിഗേഡ്. ഏത് സമയത്തും യുദ്ധത്തിന് സജ്ജമായിരിക്കും ഈ വിഭാഗം. ആവശ്യത്തിന് അനുസരിച്ച് ഘടന മാറ്റാനുള്ള കഴിവുള്ള സംയുക്ത സൈനിക വിഭാഗം. രുദ്ര ബ്രിഗേഡ് ഉപയോഗിക്കുന്നത് ഡിജിറ്റൈസ്ഡ് കമാന്‍ഡ് നെറ്റ്വര്‍ക്കുകള്‍ ആണ്. ഇതിലൂടെ, ഡ്രോണുകളില്‍ നിന്നും മറ്റ് നിരീക്ഷണ സംവിധാനങ്ങളില്‍ നിന്നും ലഭിക്കുന്ന ഇന്റലിജന്‍സ് വിവരങ്ങള്‍ തത്സമയം ഓരോ സൈനിക യൂണിറ്റിലും എത്തും. നിര്‍ദ്ദേശം ലഭിച്ചാല്‍ ഉടന്‍ ആക്രമണം തുടങ്ങും. കര, വ്യോമ, സൈബര്‍ മേഖലകളിലെ കഴിവുകള്‍ സംയോജിപ്പിച്ചുകൊണ്ട് ബഹുതല പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ലക്ഷ്യമിട്ടുള്ള ഈ നീക്കം, ആധുനിക യുദ്ധതന്ത്രങ്ങളോടുള്ള സൈന്യത്തിന്റെ പ്രതികരണമായി വിലയിരുത്തപ്പെടുന്നു.

വേഗത്തില്‍ അത്യധികം ആഴമേറിയ ആക്രമണം നടത്താന്‍ പരിശീലനം സിദ്ധിച്ച സൈനിക വിഭാഗമാണ് ഇത്. ഇന്റലിജന്‍സ് വിവരങ്ങള്‍ തത്സമയം ലഭിക്കും. സംഘര്‍ഷം നീട്ടിക്കൊണ്ടുപോവാതെ നിര്‍ണ്ണായക വിജയം നേടുക എന്നതാണ് ലക്ഷ്യം.ആക്രമണത്തെ പ്രതിരോധിക്കാന്‍ ഏതിരാളിക്ക് കഴിയില്ല. ഓപ്പറേഷന്‍ സിന്ദൂര്‍ പോലുള്ള യുദ്ധ വിജയങ്ങളുടെ അനുഭവ കരുത്തിലാണ് രുദ്ര ബ്രിഗേഡ് തയ്യാറെടുപ്പുകള്‍ നടത്തുന്നത്. മുമ്പ് ഇന്ത്യ ആവിഷ്‌കരിച്ച സൈനിക തന്ത്രമായിരുന്നു കോള്‍ഡ് സ്റ്റാര്‍ട്ട്. ഇതിന് പകരമായിട്ടാണ് കോള്‍ഡ് സ്‌ട്രൈക്കിനെ കൊണ്ടുവന്നിരിക്കുന്നത്. സൈന്യം പുതിയതായി രൂപം നല്‍കിയ രുദ്ര ബ്രിഗേഡാണ് കോള്‍ഡ് സ്‌ട്രൈക്ക് തന്ത്രത്തിന്റെ ഭാഗമായുള്ള ആക്രമണങ്ങള്‍ നടത്തുക.

2001-ലെ പാര്‍ലമെന്റ് ആക്രമണത്തിന് പിന്നാലെയാണ് കോള്‍ഡ് സ്റ്റാര്‍ട്ടിന് രൂപം നല്‍കിയത്. പാര്‍ലമെന്റ് ആക്രമണത്തിന് പ്രതികാരമായി ഇന്ത്യ കൊണ്ടുവന്ന ഓപ്പറേഷന്‍ പരാക്രം എന്ന സൈനിക വിന്യാസത്തിന് ഏകദേശം രണ്ട് മാസത്തോളം എടുത്തു. ഒരു പ്രകോപനമുണ്ടായി മണിക്കൂറുകള്‍ക്കുള്ളില്‍, അന്താരാഷ്ട്ര സമ്മര്‍ദ്ദം തടസ്സപ്പെടുത്തുന്നതിനുമുമ്പ്, ശത്രുരാജ്യത്തേക്ക് വേഗത്തിലും പരിമിതവുമായ പരമ്പരാഗത ആക്രമണങ്ങള്‍ ആരംഭിക്കാന്‍ പ്രാപ്തമാക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍, ഭരണം മാറിയതോടെ ഈ തന്ത്രം രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളുടെ പേരില്‍ ഒഴിവാക്കപ്പെട്ടു. ഈ പാഠങ്ങളില്‍നിന്നാണ് രുദ്ര ബിഗേഡും കോള്‍ഡ് സ്‌ട്രൈക്കും രൂപം കൊണ്ടത്.

കാലാള്‍പ്പട (Infantry), കവചിത യൂണിറ്റുകള്‍ (Armoured units), മെക്കനൈസ്ഡ് ഇന്‍ഫന്‍ട്രി, പീരങ്കിപ്പട (Artillery), എയര്‍ ഡിഫന്‍സ് ആര്‍ട്ടിലറി, സ്‌പെഷ്യല്‍ ഫോഴ്‌സസ്, കൂടാതെ ഡ്രോണുകളും എഐ അധിഷ്ഠിത നിരീക്ഷണ സംവിധാനങ്ങളും ഉള്‍പ്പെടുന്ന ഇന്റഗ്രേറ്റഡ് ബാറ്റില്‍ ഗ്രൂപ്പാണ് രുദ്ര. സാങ്കേതികമായി മുന്നിട്ട് നില്‍ക്കുന്ന പുതിയ തലമുറയിലെ യുദ്ധ യൂണിറ്റ് ആണ് രുദ്ര ബ്രിഗേഡ്. പുരാണങ്ങളില്‍ പരാമര്‍ശിക്കുന്ന ശിവന്റെ ഉഗ്രമായ രൂപത്തിനെയാണ് രുദ്രന്‍ എന്ന് വിളിക്കുന്നത്. ഇതില്‍ നിന്നാണ് ബ്രിഗേഡിന് പേര്. ഇത് ഈ യൂണിറ്റിന്റെ ശക്തിയെയും പോരാട്ടവീര്യത്തെയും സൂചിപ്പിക്കുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ സമയമെടുത്താണ് തിരിച്ചടി നടത്തിയത്. ഓപ്പറേഷന്‍ സിന്ദൂര്‍ സായുധ സേനകളുടെ സംയോജിത പ്രവര്‍ത്തനത്തിലൂടെ നടപ്പിലാക്കിയ സൈനിക ദൗത്യമായിരുന്നു. കോള്‍ഡ് സ്‌ട്രൈക്ക് സൈനിക തന്ത്രം, നിര്‍ദ്ദേശം ലഭിച്ചാല്‍ അപ്പോള്‍ തന്നെ തിരിച്ചടി ആരംഭിക്കുക എന്നുള്ളതാണ്.

സമകാലിക സുരക്ഷാ സാഹചര്യങ്ങളില്‍, സൈനികപരമായ നീക്കങ്ങള്‍ പരമ്പരാഗത യുദ്ധക്കളങ്ങളുടെ അതിരുകള്‍ കടന്ന് ബഹുതലങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. കരസേനയുടെ പതിവ് പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം, ആകാശത്തും സൈബര്‍ ലോകത്തും നടക്കുന്ന സംഭവവികാസങ്ങള്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന ഇക്കാലത്ത്, 'രുദ്ര ബ്രിഗേഡിന്റെ' പ്രാധാന്യം വര്‍ധിക്കുന്നു. ശത്രുക്കളുടെ നീക്കങ്ങളെ നേരിടാന്‍ കരസേനയെ ശക്തിപ്പെടുത്തുന്നതിനൊപ്പം, തന്ത്രപരമായ വ്യോമ പിന്തുണയും, ശത്രു സൈബര്‍ ശൃംഖലകളെ തകര്‍ക്കാനും വിവരങ്ങള്‍ ശേഖരിക്കാനുമുള്ള സൈബര്‍ ശേഷിയുടെ വിനിയോഗവും ഏകോപിപ്പിക്കാനാണ് ഈ ബ്രിഗേഡ് ലക്ഷ്യമിടുന്നത്. യുദ്ധക്കളത്തിലെ ഓരോ ഡൊമെയ്നിലെയും ശക്തികളെ ഒരുമിച്ച് ചേര്‍ത്തുകൊണ്ട്, കൂടുതല്‍ ഫലപ്രദവും സമഗ്രവുമായ പ്രതിരോധവും ആക്രമണവും സാധ്യമാക്കുക എന്നതാണ് ഇതിലൂടെ സൈന്യം ലക്ഷ്യമിടുന്നത്. ഇത് സൈന്യത്തിന്റെ പ്രവര്‍ത്തനപരമായ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുമെന്നും ദേശീയ സുരക്ഷക്ക് മുതല്‍ക്കൂട്ടാകുമെന്നും കരുതപ്പെടുന്നു.

രുദ്ര ബ്രിഗേഡിന്റെ രൂപീകരണം, ഭാവിയിലെ സൈനിക ദൗത്യങ്ങളില്‍ ഇന്ത്യയുടെ പ്രവര്‍ത്തനക്ഷമത ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്നും, ആധുനിക യുദ്ധമുറകളില്‍ രാജ്യം ഒരു പടികൂടി മുന്നിലെത്തുമെന്നും വിലയിരുത്തുന്നു.

Tags:    

Similar News