പമ്പയില്‍നിന്ന് ഭക്തര്‍ നടപ്പന്തലില്‍ എത്തിയത് ആറും ഏഴും മണിക്കൂറെടുത്ത്; നടപ്പന്തലില്‍ തിരക്കേറിയതോടെ ദര്‍ശനം കഴിഞ്ഞവര്‍ക്കും മടങ്ങിപ്പോകാനാവാത്ത അവസ്ഥ; കുടിവെള്ളവും ഭക്ഷണവും കിട്ടാതെ ഭക്തര്‍ കുഴഞ്ഞുവീണു; നിലവിലെ സ്ഥിതി ഭയാനകമെന്ന് ദേവസ്വം ബോര്‍ഡ്; ദര്‍ശനത്തിന് നിര്‍ബന്ധം പിടിക്കരുതെന്ന് എഡിജിപി എസ്. ശ്രീജിത്ത്; കേന്ദ്രസേന എത്താന്‍ വൈകും

Update: 2025-11-18 10:08 GMT

ശബരിമല: സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്ക് നിയന്ത്രണാതീതം. കുടിവെള്ളം ഭക്ഷണവും പോലും കിട്ടാതായതോടെ ചില ഭക്തര്‍ കുഴഞ്ഞുവീണു. മുന്നൊരുക്കങ്ങളുടെ അപര്യാപ്തത കൊണ്ടാണ് തിരക്ക് നിയന്ത്രണാതീതമായതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ സമ്മതിച്ചു. സംസ്ഥാനം ആവശ്യപ്പെട്ട കേന്ദ്രസേന ഇതുവരെ എത്താത്തത് നിയന്ത്രണങ്ങള്‍ പാളാന്‍ കാരണമായി. സംസ്ഥാന ആവശ്യപ്പെട്ട കേന്ദ്രസേന എത്താന്‍ രണ്ടുദിവസം എടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. എന്‍ഡിആര്‍എഫ്, ആര്‍എഎഫ് സേനകളുടെ സേവനമാണ് സംസ്ഥാനം നേരത്തേ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ഇവര്‍ എത്താന്‍ രണ്ടുദിവസംകൂടി കഴിയുമെന്ന് ശബരിമലയുടെ ചുമതലയുള്ള എഡിജിപി എസ്. ശ്രീജിത്ത് പറഞ്ഞു.

ചൊവ്വാഴ്ച മണിക്കൂറുകളോളമാണ് ഭക്തര്‍ ക്യൂനിന്നത്. പമ്പയില്‍നിന്ന് ആറും ഏഴും മണിക്കൂറെടുത്താണ് ഭക്തര്‍ നടപ്പന്തലിന് മുകളിലെത്തിയത്. നടപ്പന്തലില്‍ ഭക്തര്‍ നിറഞ്ഞതോടെ ദര്‍ശനം കഴിഞ്ഞവര്‍ക്ക് മടങ്ങിപ്പോകാന്‍ കഴിയാത്ത അവസ്ഥയായി. നിയന്ത്രണങ്ങളെല്ലാം മറികടന്ന് ഭക്തര്‍ നടപ്പന്തലിലേക്ക് എത്തിത്തുടങ്ങി. പലര്‍ക്കും ആറോ ഏഴോ മണിക്കൂറുകള്‍ ക്യൂനിന്ന ശേഷമാണ് ദര്‍ശനം സാധ്യമായത്. തിരക്ക് വര്‍ധിച്ചതോടെ സാധ്യമായ എല്ലാവഴികളിലൂടെയും ഭക്തരെ കയറ്റിവിടുകയാണ്. ഇരുമുടിയുമായി എത്തിയവരെ സ്റ്റാഫ് ഗേറ്റ് വഴിയും കടത്തിവിടുന്നുണ്ട്. തിരക്ക് കാരണം പലവഴികളിലൂടെ ഭക്തരെ കയറ്റിവിടുന്നതിനാല്‍ പലര്‍ക്കും പതിനെട്ടാംപടി ചവിട്ടാനായില്ല.

ശബരിമലയില്‍ ആവശ്യത്തിന് പോലീസിനെ നിയമിച്ചിട്ടുണ്ടെന്ന് എഡിജിപി എസ്. ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. ജനക്കൂട്ടത്തെ നിയന്ത്രിക്കാനാകാത്ത സാഹചര്യം നിലവിലില്ല. ക്രമം തെറ്റിച്ച് വനത്തിലൂടെയും മറ്റും വരുന്നവര്‍ അത് അവസാനിപ്പിക്കണമെന്നും അതാണ് തിരക്കിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും തൊഴാന്‍ അവസരമുണ്ടെന്നും ദയവുചെയ്ത് എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. തിരക്ക് നിയന്ത്രിക്കാനായി നിലവില്‍ നിലയ്ക്കലില്‍ വാഹനങ്ങളെ നിയന്ത്രിക്കുന്നുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു.

സന്നിധാനത്ത് കാര്യങ്ങള്‍ കൈവിട്ടു പോയിട്ടില്ല. മണ്ഡലകാലം തുടങ്ങി ആദ്യ രണ്ട് ദിവസത്തില്‍ തന്നെ ഒരു ലക്ഷത്തില്‍ അധികം തീര്‍ഥാടകര്‍ വന്നിരിക്കുകയാണ്. ഒന്നാമത്തെ ദിവസം വൈകിട്ട് കഴിഞ്ഞ വര്‍ഷം 29,000 പേരാണ് തീര്‍ഥാടനത്തിന് വന്നതെങ്കില്‍ ഇത്തവണ 55,000 പേരാണ് എത്തിയത്. ഇതിന്റെ ഒരു പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു.

''വന്നവരെ പറഞ്ഞുവിടാന്‍ പറ്റാത്തതു കൊണ്ട് സ്‌പോട്ട് ബുക്കിങ് കൊടുക്കുകയാണ്. നിലയ്ക്കലുള്ള സ്‌പോട്ട് ബുക്കിങ് ക്വാട്ട കഴിഞ്ഞാല്‍ പിറ്റേ ദിവസമേ ദര്‍ശനം കിട്ടൂവെന്ന് ജനങ്ങള്‍ അറിയണം. അന്നന്ന് ദര്‍ശനം വേണമെന്നു നിര്‍ബന്ധം പിടിക്കരുത്. ഹോള്‍ഡിങ് കപ്പാസിറ്റിക്ക് ഒരു പരിധിയുണ്ട്. ശബരിമല ഒരു കാനന പ്രദേശമാണ്. ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് മനസ്സിലാക്കണം. ഒരു ദിവസത്തേക്ക് വെര്‍ച്വല്‍ ക്യൂ പാസ് എടുത്ത ഭക്തര്‍ മറ്റൊരു ദിവസമാണ് വരുന്നത്. ഡിസംബര്‍ 5ന് ബുക്ക് ചെയ്തിട്ട് ഇന്ന് വരുന്നവരുണ്ട്'' എസ്.ശ്രീജിത്ത് പറഞ്ഞു.

''വന്നവരെ തിരിച്ചുവിടുന്നത് അവര്‍ക്കും ഞങ്ങള്‍ക്കും ബുദ്ധിമുട്ടാണ്. ഭഗവാന്‍ തന്നെ ഒരു പരിഹാരം ഉണ്ടാക്കും. ക്രമീകരണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പേടിക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. കൊടുത്തിട്ടുള്ള വഴിയില്‍ അല്ലാതെ കയറി വരുന്നവരെ എത്രയും വേഗം ദര്‍ശനത്തിനു കയറ്റി മടക്കി അയക്കും. അതോടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകും എന്നാണ് കരുതുന്നത്. ഭക്തജനങ്ങളോട് ബലം പ്രയോഗിക്കാനാകില്ല. ഇന്ന് ഉണ്ടായ ബുദ്ധിമുട്ട് തരണം ചെയ്യും'' ശ്രീജിത്ത് പറഞ്ഞു.

ശബരിമലയിലെ തിരക്ക് മുന്നാരുക്കങ്ങളുടെ അപര്യാപ്ത മൂലമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ പറഞ്ഞു. തിരക്ക് നിയന്ത്രിക്കുമെന്നും നിലവിലെ സ്ഥിതി ഭയാനകമാണെന്നും അദ്ദേഹം പറഞ്ഞു. പമ്പയിലേക്കുള്ള അയ്യപ്പ ഭക്തരുടെ വരവ് നിയന്ത്രിക്കാന്‍ പൊലീസ് ചീഫ് ഓഫീസര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. സ്‌പോട് ബുക്കിങ്ങിന് പമ്പയിലേത് കൂടാതെ നിലയ്ക്കലില്‍ ഏഴ് കൗണ്ടറുകള്‍ കൂടി സ്ഥാപിക്കും. മരക്കൂട്ടത്തെയും ശരംകുത്തിയിലെയും ക്യൂ കോംപ്ലക്‌സുകള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ ശ്രമിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി.

ഒന്നരദിവസത്തിനിടെ ഒന്നരലക്ഷത്തോളം ഭക്തരാണ് സന്നിധാനത്ത് എത്തിയത്. കഴിഞ്ഞദിവസവും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. മണ്ഡലകാലത്തിന്റെ ആദ്യദിനംതന്നെ തീര്‍ഥാടകരെ വഴിനീളെ തടഞ്ഞിടുന്ന സാഹചര്യവുമുണ്ടായി. ശബരിമല സന്നിധാനത്ത് മരക്കൂട്ടംവരെ കാത്തിരിപ്പ് നീളുകയും എരുമേലിയിലെ പാര്‍ക്കിങ് മൈതാനങ്ങള്‍ നിറയുകയും ചെയ്തതോടെയാണ് യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. തിങ്കളാഴ്ച ഉച്ചവരെ അയ്യപ്പന്‍മാരെ ഇടത്താവളങ്ങളില്‍നിന്ന് ഘട്ടംഘട്ടമായാണ് വിട്ടത്.

പൊലീസിന്റെ നിയന്ത്രണം പാളിയതോടെ പതിനെട്ടാം പടിക്ക് മുന്‍പില്‍ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡും തീര്‍ത്ഥാടകര്‍ മറികടന്നിരിക്കുന്ന സ്ഥിതിഗതിയിലേക്ക് എത്തിയിരിക്കുകയാണ്. പതിനെട്ടാം പടിക്ക് താഴെ തിരക്ക് അനിയന്ത്രിതം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ദുരിതത്തിലാണ്. പമ്പയിലെ നടപ്പന്തലും നിറഞ്ഞുകവിഞ്ഞു. നിലയ്ക്കലില്‍ വൈകിട്ടോടെ 7 സ്‌പോട്ട് ബുക്കിങ് കൗണ്ടറുകള്‍ സ്ഥാപിക്കും.

സാധാരണ വലിയ തിരക്കുള്ള ദിവസങ്ങളില്‍ മാത്രം കാണുന്നത്ര ഞെരുക്കമായിരുന്നു വൃശ്ചികം ഒന്നിന് എരുമേലിയില്‍. തലേന്ന് രാത്രിതന്നെ അയ്യപ്പന്‍മാര്‍ ഇവിടെ എത്തി. വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇല്ലാതെ സ്പോട്ട് ബുക്കിങ്ങിനെ ആശ്രയിക്കാന്‍ നിരവധിപേര്‍ വന്നതാണ് തിരക്കേറാന്‍ ഒരു കാരണം. ക്യൂ പാലിക്കാതെ ഭക്തര്‍ തള്ളിക്കയറിയതോടെ സ്‌പോട്ട് ബുക്കിങ് കൗണ്ടറിലെ മേശ തകര്‍ന്നു. ബുക്കിങ് അരമണിക്കൂര്‍ നിര്‍ത്തിവെച്ചു. തിങ്കളാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. രാത്രിയിലും പലവട്ടം തിരക്ക് നിയന്ത്രണംവിട്ടു. ഇവിടെ മൂന്ന് സ്‌പോട്ട് ബുക്കിങ് കൗണ്ടറുകളുണ്ട്. ഭക്തര്‍ കാത്തുനില്‍ക്കുന്ന വേളയില്‍ തമിഴ്‌നാട്, ആന്ധ്രാ എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ ക്യൂതെറ്റിച്ച് ബഹളവുമായി എത്തിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ക്ഷേത്രാങ്കണത്തിലെ തിരക്ക് ഒഴിവാക്കാന്‍ ഇക്കുറി ദേവസ്വം വലിയമൈതാനത്തെ കെട്ടിടത്തില്‍ കടമുറികള്‍ ഒഴിവാക്കി ബുക്കിങ് സൗകര്യം ക്രമീകരിച്ചിരുന്നു. എന്നാല്‍, ഇന്റര്‍നെറ്റ് സൗകര്യം ഇല്ലാത്തതിനാല്‍ ക്ഷേത്രാങ്കണത്തില്‍ ദേവസ്വം ഓഫീസിനോട് ചേര്‍ന്നുള്ള ഹാളിലേക്ക് ബുക്കിങ് മാറ്റി. പ്രശ്നങ്ങളായതോടെ ഹാളിന് പുറത്തുണ്ടായിരുന്ന കേന്ദ്രം ഹാളിനുള്ളിലേക്ക് മാറ്റി. ഭക്തര്‍ക്ക് ഒറ്റവരിയായി ക്യൂ സംവിധാനം ഏര്‍പ്പെടുത്തി.

പൊന്‍കുന്നം, കൂരാലി, ഇളങ്ങുളം തുടങ്ങിയ ഇടത്താവളങ്ങളില്‍ അരമണിക്കൂര്‍ വീതമാണ് അയ്യപ്പന്‍മാരുടെ യാത്ര നിയന്ത്രിച്ച് നിര്‍ത്തിയത്. ഓരോ ബാച്ചായാണ് ഇവിടെനിന്ന് ഭക്തരെ വിട്ടത്. ആദ്യദിനംതന്നെ വഴിയില്‍ തടഞ്ഞിട്ടതില്‍ ഭക്തര്‍ക്ക് എതിര്‍പ്പുണ്ട്. എന്നാല്‍, എരുമേലിയില്‍ കുരുക്ക് തീവ്രമാകാതിരിക്കാനാണ് ക്രമീകരണമെന്നാണ് ഔദ്യോഗിക വിശദീകരണം. അതേസമയം, വെര്‍ച്വല്‍ക്യൂ പ്രകാരം 70,000 അയ്യപ്പന്‍മാര്‍ സന്നിധാനത്തേക്ക് വരുമെന്ന് അധികൃതര്‍ക്ക് അറിയാമായിരുന്നില്ലേ എന്നാണ് ഭക്തര്‍ ചോദിക്കുന്നത്.

Tags:    

Similar News