കോവിഡ് കാലത്ത് വിവാദ ഗ്ലൗസ് ഇടപാട് നടത്തിയ കമ്പനിക്ക് തടഞ്ഞുവച്ചിരിക്കുന്ന തുകയുടെ ഒരു ഭാഗം വിട്ടുകൊടുക്കാന്‍ ഉന്നതതല നീക്കം നടന്നു; അഗ്രത ഏവിയോണ്‍ കമ്പനിക്കു വേണ്ടി ചരടു വലിച്ചത് ആര്? എന്തുകൊണ്ട് ഇത്തരം അഴിമതികള്‍ അന്വേഷിക്കുന്നില്ല? സംശയങ്ങള്‍ ചര്‍ച്ചയാക്കി വീണ്ടും തെളിവുകള്‍

Update: 2025-11-18 01:34 GMT

കോഴിക്കോട്: കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനുമായി (കെഎംഎസ്സിഎല്‍) കോവിഡ് കാലത്ത് വിവാദ ഗ്ലൗസ് ഇടപാട് നടത്തിയ കമ്പനിക്ക് തടഞ്ഞുവച്ചിരിക്കുന്ന തുകയുടെ ഒരു ഭാഗം വിട്ടുകൊടുക്കാന്‍ ഉന്നതതല നീക്കം നടന്നതിന്റെ രേഖകള്‍ പുറത്തുവരുമ്പോള്‍ ചര്‍ച്ചയാകുന്നത് അഴിമതിയുടെ സാന്നിധ്യം. എന്നാല്‍ ഇതൊന്നും വിജിലന്‍സ് അന്വേഷിക്കുന്നില്ലെന്ന ആരോപണം സജീവമാണ്. ഇത്തരം കേസുകള്‍ സര്‍ക്കാര്‍ തന്നെ അന്വേഷിക്കാനായി വിജിലന്‍സിന് നല്‍കേണ്ടതുണ്ട്.

അനധികൃത ഇറക്കുമതി എന്നു വിലയിരുത്തി, കിന്‍ഫ്ര വെയര്‍ഹൗസില്‍ സൂക്ഷിച്ചിരിക്കുന്ന 50 ലക്ഷം ഗ്ലൗസ് ജോടിക്ക് 7.84 രൂപ നിശ്ചയിച്ചു സ്റ്റോക്കിലെടുക്കാനാണു നീക്കം നടന്നത്. എന്നാല്‍ കാലാവധി കഴിയാറായ ഗ്ലൗസ് എടുക്കാനാവില്ലെന്ന പരിശോധനാ റിപ്പോര്‍ട്ട് പ്രകാരം ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു എന്നു വിവരാവകാശ നിയമപ്രകാരം പുറത്തു വന്ന രേഖകളിലാണ് ഇതുള്ളത്. മനോരമയില്‍ ജയന്‍ മേനോനാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

12.15 കോടി രൂപയുടെ ഗ്ലൗസ് വിതരണം ചെയ്ത അഗ്രത ഏവിയോണ്‍ കമ്പനിക്കു വ്യവസ്ഥകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് 6.07 കോടി രൂപയാണ് കെഎംഎസ്സിഎല്‍ തടഞ്ഞുവച്ചിരിക്കുന്നത്. തുക വിട്ടു കൊടുക്കാനുള്ള കമ്പനിയുടെ അപേക്ഷ പരിഗണിച്ച് വേണ്ട നടപടി സ്വീകരിക്കാന്‍ ഉന്നതതല നിര്‍ദേശം വന്നതിനെ തുടര്‍ന്നാണ്, കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പുണ്ടാക്കി തുകയുടെ ഒരു ഭാഗമെങ്കിലും കമ്പനിക്കു കൊടുക്കാനുള്ള നീക്കം നടന്നതെന്നാണ് റിപ്പോര്‍ട്ട്.

2021 മേയിലെ വിവാദ ഇടപാടിനു ശേഷം കെഎംഎസ്സിഎല്‍ ക്ഷണിച്ച ക്വട്ടേഷനില്‍ ലിബര്‍ട്ടിമെഡ് സപ്ലയേഴ്‌സ് എന്ന സ്ഥാപനമാണ് 7.84 രൂപയ്ക്കു ഗ്ലൗസ് വിതരണം ചെയ്യാന്‍ കരാര്‍ എടുത്തിരുന്നത്. ഇതേ വില നിശ്ചയിച്ച് കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പുണ്ടാക്കി, കേസ് പിന്‍വലിച്ചാല്‍ തുക നല്‍കാമെന്നായിരുന്നു ധാരണ. കമ്പനി ആദ്യം വിസമ്മതിച്ചെങ്കിലും നടപടികള്‍ ഇഴഞ്ഞു നീങ്ങിയതോടെ സമ്മതം അറിയിച്ചു. ഇതേ തുടര്‍ന്ന് കോര്‍പറേഷന്റെ എംപാനല്‍ഡ് ലാബായ ഐടിഎല്‍ പ്രൈവറ്റ് ലിമിറ്റഡ് ഗ്ലൗസിന്റെ സാംപിള്‍ പരിശോധിച്ചപ്പോഴാണു ഗുണനിലവാരം തീരെയില്ലെന്നു സ്ഥിരീകരിച്ചത്.

തടഞ്ഞുവച്ച 6.07 കോടി രൂപ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് അഗ്രത ഏവിയോണ്‍ എന്ന കമ്പനി നല്‍കിയ ഹര്‍ജിയില്‍ 2022 മാര്‍ച്ച് 25ന് ആണു ഹൈക്കോടതി ഉത്തരവുണ്ടായത്. ഹര്‍ജിക്കാരന്റെയും മെഡിക്കല്‍ കോര്‍പറേഷന്റെയും ഭാഗം കേട്ട് ഉചിതമായ തീരുമാനമെടുക്കണം എന്നായിരുന്നു ചീഫ് സെക്രട്ടറിക്കുള്ള നിര്‍ദേശം. അതുപ്രകാരമാണ് നിലവിലെ വിപണിവില നല്‍കാന്‍ ചീഫ് സെക്രട്ടറി നിര്‍ദേശിച്ചത്. അന്ന് വിപണിനിരക്ക് 2.90 രൂപയാണ്. ഈ നിരക്ക് നല്‍കിയാല്‍ ആകെ 1.45 കോടി രൂപയേ വരൂ. എന്നാല്‍, കമ്പനി ചോദിക്കുന്നത് ഗ്ലൗസ് ഒന്നിന് 12.15 രൂപ വീതം 6.07 കോടി രൂപയാണ്. ഈ തുക മുഴുവന്‍ വേണമെന്ന കമ്പനിയുടെ ആവശ്യം അംഗീകരിക്കാനുള്ള ചര്‍ച്ചകളാണു നടന്നത്.

ആശുപത്രികളില്‍ ഉപയോഗിക്കാത്ത, അനധികൃത ഇറക്കുമതിയെന്ന് ഒരുഘട്ടത്തില്‍ കോര്‍പറേഷന്‍ തന്നെ വിശേഷിപ്പിച്ച വിനൈല്‍ നൈട്രൈല്‍ ഗ്ലൗസ് ആണ് വന്‍വില നല്‍കി ഏറ്റെടുക്കാന്‍ നീക്കം നടന്നത്. കഴക്കൂട്ടം ആസ്ഥാനമായ കമ്പനിയുടെ പണം തടഞ്ഞുവയ്ക്കാനും ഓര്‍ഡര്‍ റദ്ദാക്കാനും കോര്‍പറേഷന്‍ ഫയലില്‍ രേഖപ്പെടുത്തിയ കാരണങ്ങളൊന്നും കോടതിയില്‍ കമ്പനിക്കെതിരെ ഉന്നയിക്കപ്പെട്ടില്ലെന്നതാണ് മറ്റൊരു വസ്തുത. എന്നാല്‍, കേസിന്റെ ന്യായാന്യായങ്ങളിലേക്കു കോടതി കടന്നിട്ടില്ലെന്നും ഇറക്കുമതിക്കായി സര്‍ക്കാര്‍തലത്തില്‍ തീരുമാനമെടുത്ത സ്ഥിതിക്കു പണം നല്‍കുന്ന കാര്യവും തീരുമാനിക്കാന്‍ നിര്‍ദേശിക്കുക മാത്രമാണു ചെയ്തതെന്നും കോര്‍പറേഷന്‍ അധികൃതര്‍ അന്ന് വാദിച്ചിരുന്നു.

ഗ്ലൗസ് ഇറക്കുമതിയിലെ അഴിമതി സാധ്യത ഓഡിറ്റ് റിപ്പോര്‍ട്ടിലും നിറഞ്ഞിരുന്നു നൈട്രൈല്‍ ഗ്ലൗസ് ഇറക്കുമതി ചെയ്തു നല്‍കാം എന്ന വാഗ്ദാനവുമായി മുന്നോട്ടു വന്ന അഗ്രത ഏവിയോണ്‍ കമ്പനിക്ക് 12.16 കോടി രൂപയ്ക്ക് ഒരു കോടി ഗ്ലൗസിന് ഓര്‍ഡര്‍ നല്‍കിയതും ചട്ടവിരുദ്ധമെന്നായിരുന്നു നിഗമനം. മുന്‍പരിചയമില്ല എന്നു സ്വയം സമ്മതിച്ച കമ്പനിയാണിത്. 41.60 ലക്ഷം ഗ്ലൗസ് മാത്രമാണവര്‍ എത്തിച്ചത്. മുന്‍കൂറായി കമ്പനിക്ക് നല്‍കിയ 50% തുകയായ 6.08 കോടി രൂപ.യില്‍ 1.02 കോടി രൂപ (8.40 ലക്ഷം ഗ്ലൗസിന്റെ വില) ഇനിയും തിരിച്ചു പിടിക്കാനുണ്ടെന്നും എജി കണ്ടെത്തിയിരുന്നു.

Similar News